Friday, June 3, 2016

ആ കറുത്ത കരിമണ്ണുപാടം



ഒന്നിനുമല്ല,
മരിക്കുന്നതിനു മുന്‍പ്
ഒരെണ്ണം കൈപ്പറ്റി
ചില്ലിട്ടു വെക്കാന്‍
വേണ്ടി മാത്രം.
സാര്‍, ഒരു ജനന
സര്‍ട്ടിഫിക്കറ്റ് വേണം.

ഇനിയും മരിച്ചില്ലേ
എന്ന ചോദ്യം പോലെ
മേശകള്‍ക്കു പിന്നില്‍
മൂന്നു തലകള്‍
ഒരുമിച്ചുയര്‍ന്ന്
ഇതെന്തെന്ന മട്ടില്‍
തുറിച്ചു നോക്കുന്നു

ചോദ്യത്തില്‍ ഒന്നാമന്‍
തുടങ്ങുന്നു, പേരെന്താ
വളരെ പതുക്കെ
ബര്‍ണാഡ് ഷായെന്നു
കേള്‍ക്കുന്നു.
ങേ, എന്ന മട്ടില്‍ രണ്ടാമന്‍
അപ്പന്റെ പേരെന്താ
എബ്രഹാം ലിങ്കണെന്നു
ഇച്ചിരെ കൂടെ ഒച്ചയില്‍
ഇതെന്താണെന്ന മട്ടില്‍ മൂന്നാമന്‍
അപ്പാപ്പന്റെ പേരെന്താ
രബീന്ദ്ര നാഥെന്നു
പിന്നെയുമുച്ചത്തില്‍.
പിന്നെ ഉയരുമൊച്ചകളില്‍
അലിയും, അക്ബറും ഔസേപ്പും
അലക്‌സാണ്ടറും നെപ്പോളിയനും
അശോകനും ബുദ്ധനും
കടന്നു പോകുന്നു.

അവരാകെയുലഞ്ഞ്
കസേരകളില്‍
താനേ കുടഞ്ഞിരിക്കുന്നു
ആ അപ്പാപ്പന്റെ അപ്പന്‍
ആ അപ്പന്റെ അപ്പാപ്പന്‍
അങ്ങനെ ചോദിച്ചു ചോദിച്ച്
പേരില്ലാതാകുന്ന ഒരിടം വരെ
കൊണ്ടു ചെന്നെത്തിച്ച്
വംശാവലികളിലെത്ര തിരഞ്ഞിട്ടും
ഒരു കണ്ടനെയോ കോരനെയോ
ചാമനെയോ ചോതിയേയോ
കാണാനില്ലെന്നു കണ്ട്
തളര്‍ന്നു പിന്നെയും
കസേരകളിലേക്കമരുന്നു

അടിമുടി നോക്കുന്നു
പഠിപ്പിന്റെ അളവെടുക്കുന്നു
അതെന്തിനിത്രയുമെന്ന്
ആശങ്കപ്പെടുന്നു
തൊലിനിറം കറുപ്പു
തന്നെയല്ലേയെന്നു
കണ്ണുകളാഴ്ത്തി നോക്കുന്നു
കാലിലെ ചെരുപ്പില്‍ നോക്കുന്നു
കാല്‍ശറായി നോക്കുന്നു
കുപ്പായം നോക്കുന്നു
മുള്ളു കൊണ്ടെന്നു പോലെ
കണ്ണില്‍ കണ്ണില്‍ നോക്കുന്നു

ഒന്നാമന്‍ എഴുതുന്നു
രണ്ടാമന്‍ നോക്കുന്നു
മൂന്നാമന്‍ ശെരിവെക്കുന്നു
വെച്ചു നീട്ടുന്നു
കറുപ്പില്‍ വെളുപ്പോ
വെളിപ്പില്‍ കറുപ്പോ
എന്നു തിരിച്ചറിയാത്ത വിധം
ഇതില്‍ ജനിച്ചു ഇതില്‍
മരിച്ചാല്‍ മതിയെന്നൊരെണ്ണം
ഒരുജാതി സര്‍ട്ടിഫിക്കറ്റ്.

ഇതൊക്കെയിപ്പോഴും
ഇങ്ങനെയെന്നു കരുതി
തിരികെയിറങ്ങുമ്പോള്‍
ആ മൂന്നുപേരുടെയും
അമ്മയൊന്നായിരിക്കും
എന്നു വെറുതെയോര്‍ക്കുന്നു
അവര്‍ കുടിച്ച
മുലപ്പാലോര്‍ക്കുന്നു
അതിനെന്തു
കയ്പായിരിക്കുമെന്നോര്‍ക്കുന്നു
നാവിന്‍ തുമ്പിലെ
കട്ടക്കയ്പിനെ നന്നാറിയിട്ട
നാരങ്ങാ സര്‍ബത്തിലിട്ടു വെക്കുന്നു.

അപ്പോള്‍ കറുത്ത നട്ടുച്ച
പിന്നെയും വെയില്‍ പെയ്യിക്കുന്നു
ഇതെന്തു ലോകമെന്നോര്‍ത്തു
കറുത്ത കരിമ്പിന്‍ പാടം
മുറിച്ചു കടക്കവേ
കുടിച്ച മുലപ്പാലിന്റെ
മധുരം മണക്കുന്നു
കേട്ടു മറന്നൊരു താരാട്ട്
കാരിരുമ്പിലകളില്‍
താളം പിടിക്കുന്നു
പണ്ടെങ്ങോ കാല്‍ നനച്ച
ചേറിന്റെ ചൂര് കാറ്റ്
മൂക്കിന്‍ തുമ്പിലെത്തിക്കുന്നു
അപ്പന്റെ വിയര്‍പ്പുപ്പ്
നാവിലിറ്റിക്കുന്നു
അപ്പാപ്പന്റെ മുറുക്കാന്‍
വരമ്പത്തു പൂക്കളം വരയ്ക്കുന്നു

ആ കറുത്ത കരിമണ്ണുപാടം
വെയില്‍ വിരിച്ച് കാറ്റിനൊപ്പം
ആര്‍ത്തു പാടുന്നു
നീ പിറന്നതല്ലേ,
പിറന്നാളുണ്ടതല്ലേ
പിന്നെന്തിനാണാ
പുല്ലു വിലയില്ലാത്ത
കടലാസു ചീട്ടെന്ന്.



No comments: