Friday, June 24, 2016

ലൂസിയ നിനക്കെന്തു പറ്റി


ഉച്ച വെയിലാണ്,
നമ്മള്‍ പാലം 
നടന്നിറങ്ങി വരുന്നു
താഴെ അടുക്കിയിട്ട
ആനവണ്ടികളില്‍
നമുക്കുള്ളതൊന്ന്
കിടപ്പുണ്ടാകുമെന്നുറപ്പിച്ച്
പിരിവെട്ടിയ പോലിടത്തോട്ടു
തിരിഞ്ഞൊന്നു നോക്കവേ

നിരത്തിയിട്ട
ഓട്ടോകള്‍ക്കു പിന്നില്‍
പതിവുകാരിഷ്ടക്കാരില്ലാതെ
കരഞ്ഞു കണ്‍മഷി
കലങ്ങിയ പോലെ
വെയില്‍ വാറ്റിയ
വെളിച്ചങ്ങളില്ലാതെ
പൊട്ടു മാഞ്ഞ നെറ്റിയില്‍
തട്ടം വലിച്ചിട്ട്
പഴയ ഞാനേയല്ലെന്ന
മട്ടിലെന്റെ ലൂസിയ,
എന്തൊരു നില്‍പ്പാണിത്.

നഷ്ടപ്രതാപത്തിന്റെ
നിറംമങ്ങിച്ചുളിഞ്ഞ
രാവാട ചുറ്റി
ശിഷ്ടകാലം
കുടിച്ചുപ്പ് വാറ്റി
കുപ്പിവളക്കൈയില്‍
പച്ചകുത്തിച്ചത്ത
കടുംപച്ച രാത്രികളെ
കിനാവുകളില്‍
ഉറക്കിക്കിടത്തവേ
ചൂടിയ പൂ വാടിയ മണം
കാറ്റ് കൊണ്ടു പോകവേ
എന്റെ ലൂസിയ
നിനക്കെന്തു തോന്നി.

എത്ര ദാഹക്കോപ്പകളില്‍
നീ പകര്‍ന്നൊഴിച്ച
യുദ്ധ സമാധാനങ്ങള്‍
എത്ര കണ്ണിലെരിവിറ്റിച്ച്
നീയെഴുതിയ
വറ്റല്‍മുളകിന്‍ നീറ്റല്‍
എത്ര നീരാട്ടിനോര്‍മകള്‍
പടിക്കല്ലില്‍ പായല്‍ വഴുക്കിയിട്ടും
വീഴാതെ പിടിച്ചു നിര്‍ത്തുന്നു
പാവത്തുങ്ങളുടെ
യുവറാണി,
ഞങ്ങടെ ലൂസിയ.

നിനക്കെന്തു പറ്റി,
ചഷകങ്ങളില്‍ വിരലുകള്‍
കെട്ടിപ്പിടിച്ചൊച്ച വെക്കാത്ത
രാത്രികള്‍ നിന്നെ
അത്രമേലനാഥമാക്കിയെന്നോ
കടലാസുകള്‍ക്കു പകരാതെ
നിന്നെ കേള്‍പ്പിച്ച കവിതകള്‍
ശ്വാസം പിടിച്ചൊറ്റവരി കഥകള്‍
ഗര്‍ഭഗേഹം തകര്‍ത്ത ഗീര്‍വാണങ്ങള്‍
നിരാശ നീറ്റിയ കുമ്പസാരങ്ങള്‍
പോര്‍വിളികള്‍ ഒത്തു തീര്‍പ്പുകള്‍
വിലപറഞ്ഞുറപ്പിക്കും രാത്രിക്കണക്കുകള്‍
അവാസന തുള്ളിയില്‍
അമഌ മണത്ത് വഴുതിവീണു
പൊട്ടിച്ചിരിക്കും ചില്ലു ഗ്ലാസുകള്‍
എല്ലാം നിലച്ചു നിലച്ച്
നിലത്തു വീണിഴഞ്ഞു പോയി
ലൂസിയ നിനക്കിതെന്തു പറ്റി

അടുത്ത വണ്ടിക്ക്
അവള്‍ വരേക്കും വരെ
നിന്റെ മടിയില്‍
തലചായ്ച്ചുറങ്ങാതിരുന്ന
എത്ര ഉച്ചനേരങ്ങളില്‍
നെറുകിലൊരു മറുകു
പോലുമ്മവെച്ചു തണുപ്പിച്ച്
കിതപ്പാറ്റിയുഷ്ണത്തെ
ഉഷ്‌ണേന ശാന്തിയെന്നോതി
തിളപ്പിച്ചു വെച്ചവളേ
ലൂസിയാ
നിനക്കിതെന്തു പറ്റി.

ഉച്ച വെയിലാണ്
നമുക്കൊരേ പോലെ
മനം പിരട്ടുന്നു
പഴയ സന്ധ്യകള്‍
പുളിച്ചു തികട്ടുന്നു
പാതിരാത്രികളിലേക്ക്
ആരോ വലിച്ചിറക്കുന്നു
ലൂസിയ വിളിക്കുന്നു.

* എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനടുത്തിപ്പോള്‍ ബീയര്‍ മാത്രമുള്ളവള്‍.... ഓര്‍മകളില്‍ പൂട്ടിയ ബാറാണവള്‍, ലൂസിയ.


No comments: