Saturday, December 5, 2015

ജന്‍പഥ്



കിതപ്പുകള്‍ എന്തെന്ന്
അറിഞ്ഞിട്ടേയില്ലാത്ത
ഒരു പുതപ്പിനുള്ളില്‍
തണുത്തുറങ്ങുന്നു
മറ്റൊരു ഡല്‍ഹി

പാരതന്ത്ര്യത്തിലും
വിറച്ചിട്ടില്ല ചെങ്കോട്ട,
പാര്‍ലമെന്റിലുമുണ്ട്
താഴിട്ട വാതിലുകള്‍
സമരം കത്തിയ
തീ കാഞ്ഞ്
സമയം കളയുന്നു
ജന്ദര്‍മന്ദര്‍

ഇതിനും
അപ്പുറത്തെവിടെയോ
പണ്ടു പാതിരാവില്‍
പാരതന്ത്ര്യം പകല്‍വെളിച്ചം
മറന്ന സ്മരണയുണ്ട്
പ്രണയം പുതയ്ക്കും
കുടീരമുണ്ട്
അടക്കം പറയും
അന്തപ്പുരങ്ങളുണ്ട്
യുദ്ധം മറന്ന
കൊട്ടാരമുറ്റങ്ങളില്‍
കല്യാണ രാവിനു
കാവല്‍ നില്‍ക്കും
കുതിരയുണ്ട്

ഇവിടെയല്ലോ
പ്രാണന്‍
വെടിഞ്ഞൊരു യമുന
ശോകം കറുത്ത്
കരഞ്ഞൊഴുകുന്നു

മരിച്ചു പോകാനും
മതിയായിരിക്കുമ്പോഴാണ്
കുതിച്ചും കിതച്ചും
കരിമ്പുക തുപ്പിയ
പഴഞ്ചന്‍ വണ്ടികള്‍
കൂരകളായി മാറുന്നത്

ആറടിക്കു മീതെ
അടുങ്ങിക്കിടക്കുമ്പോള്‍
റൊട്ടി, ദാല്‍, സബ്ജി
എന്ന താളത്തില്‍
ഹൃദയമിടിക്കുന്നു
ഒരു പുക പലതായി
പകുത്ത ചുണ്ടുകളില്‍
ചുംബനങ്ങള്‍
മരിച്ചിരിക്കുന്നു

അഭയാര്‍ഥികളുടെ
സ്വപ്‌നങ്ങളിലെന്നും
മുറ്റത്തു നില്‍ക്കുന്ന
ചെമ്മരിയാടുകളാണ്

ഉണര്‍ന്നു
പോകാതിരിക്കാനാണ്
ഗുലാം അലിയോട്
പാടരുതെന്നു പറഞ്ഞത്

സത്രവാതിലുകള്‍ക്കപ്പുറം
മൗനം പുതച്ചിരിക്കുന്നു
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍.