Saturday, March 4, 2017

മുളകരയ്ക്കുന്ന താളത്തില്‍തലക്കറിയുടെ
കവടിപ്പിഞ്ഞാണത്തില്‍
വിരലുകള്‍ കുഴഞ്ഞിഴഞ്ഞ്
തുടങ്ങുമ്പോള്‍
നാക്കിന്റെ തുമ്പത്ത്
എരിവ് കയറ്റി വന്ന
കപ്പലുകള്‍ ചരക്കിറക്കി
പോയെന്നു തോന്നും.
മൂക്കിന്റെ തുമ്പില്‍
പാലം കടന്നെത്തുന്ന
കാറ്റ് മുളകുപാടത്തെ
വിളവെടുപ്പ് കാലം
അടയാളപ്പെടുത്തും.
പാടത്തു നിന്നും
കുളക്കോഴികള്‍
ചീനച്ചട്ടികള്‍ തിരഞ്ഞു
വരുന്ന സ്വപ്‌നത്തില്‍
തോട്ടിലേക്കൂര്‍ന്നു വീണ
കുരുമുളകു വള്ളികളില്‍
പിടിച്ച് കറിച്ചട്ടിയിലേക്ക്
തൊലിയുരിഞ്ഞിറങ്ങുന്ന
വരാലുകളെ കാണും.
ഓട്ടുരുളിയില്‍ വെളിച്ചെണ്ണ
വേലിയേറുമ്പോള്‍
കുളിക്കാനൊരുങ്ങുന്ന
പരല്‍മീനുകളെ കാണും
വറുത്തരകളുടെ
വിപ്ലവച്ചൂടിലാറാടി
പോത്തു പട്ടാളം
വരവറിയിക്കുമ്പോള്‍
തേങ്ങാക്കൊത്തിനോടൊട്ടി
വരട്ടിയ പോര്‍ക്ക്്
പ്രണയമറിയിക്കും
താളം പിടിക്കുന്ന
വിരലുകള്‍ക്ക്
ഒപ്പമെത്താനാകാതെ
രിമ് ജിം ഗിരെ സാവന്‍
തൊലഞ്ഞു
തൊലഞ്ഞ് പോകും.
ദാണ്ടെ,
ബോബ് മാര്‍ലി
വരമ്പേലിരുന്നു
ബീഡി വലിക്കും.
കുടിയേറ്റങ്ങളുടെ
മേശപ്പുറത്തവന്‍
മീഞ്ചാറില്‍ വിരല്‍ മുക്കി
ആകാശച്ചുവപ്പില്‍
ജലഗോവണിയിറങ്ങുന്ന
സൂര്യനെ വരയ്ക്കും.
പാട്ട് കേട്ടു കുലുങ്ങിയ
കുപ്പികളൊക്കെയും
മരുന്നോളം പോര
മരനീരെന്നുരഞ്ഞ്
മധുരം നിറച്ചു വെക്കും.
ഉത്തരം കറക്കുന്ന
കാഴ്ചകളില്‍ നിന്ന്
താഴോട്ടിറങ്ങി
നട്ടുച്ച വൃത്തത്തില്‍
താഴെ ഉറക്കമെന്ന
കവിതയെഴുതും.
ഷാപ്പിലെ ബെഞ്ചിലേക്കു
തല ചായ്ക്കുമ്പോഴെല്ലാം
ആടിയാടി മുളകരയ്ക്കുന്ന
താളത്തില്‍ ആരോ
താരാട്ടു പാടുന്നുണ്ട്.
Wednesday, December 28, 2016

കരച്ചില്‍ ഒരു വിളക്കാണ്


വീട്ടിലേക്കു കറന്റു വന്ന ദിവസം
തോട്ടിലേക്ക് ചാടാനാലോചിച്ച
ഒരു പാട്ട വിളക്കുണ്ടായിരുന്നു.

അപ്പനെക്കാത്ത് ഉമ്മറപ്പടിയില്‍
പെണ്ണേയെന്ന വിളിക്ക് കാതോര്‍ത്തു
കണ്ണടക്കാതിരുന്ന് കത്തുമ്പോള്‍
അമ്മേയെന്നു വിളിക്കണമെന്ന്
തോന്നിയിട്ടുണ്ട്.

ഒരുപാട് നേരം നോക്കിയിരുന്ന
ഒരു രാത്രിയിലാണ്
ഞാന്‍ നിന്റെ പകലല്ലെന്നും
എനിക്കു നിന്റെ സൂര്യനാകാന്‍
കഴിയില്ലെന്നും പറഞ്ഞൊഴിഞ്ഞത്.
ആരുമില്ലാതെയാകുന്ന നേരത്ത്
നോക്കുന്നിടത്തെല്ലാം ഇരുട്ടെന്നു
തോന്നുന്ന കാലത്ത്
ചുട്ടുപൊള്ളിക്കാതെ
കെട്ടിപ്പിടിക്കാമെന്നൊരടക്കവും
പറഞ്ഞിരുന്നു.

വീട്ടിലേക്ക് കറന്റു വന്ന ദിവസം
അമ്മയ്ക്കടുക്കളയിലെ
പുകയടുപ്പിലേക്കൊരാന്തല്‍
കുടഞ്ഞിട്ടിട്ടു കൊടുക്കാതെ
അപ്പന്റെ ബീഡിത്തുമ്പിലേക്കു
കനലെറിഞ്ഞു കൊടുക്കാതെ
അന്തിക്കത്താഴ പാത്രത്തനരികെ
വിശപ്പ് കെട്ടെണീക്കും വരെ
കൂട്ടിരിക്കാതെ
എല്ലാവരും ഉറങ്ങിയോന്ന്
ആഞ്ഞ് കത്തിത്തെളിഞ്ഞുറപ്പിക്കാതെ
ആരോടും മിണ്ടാതെ
കട്ടിലിനടിയില്‍ മൂലയിലൊതുങ്ങി
കെട്ട വിളക്കെന്നു സ്വയം പഴിച്ച്
ഉറങ്ങാതിരുന്നു കാണും.

ഇനിയുള്ള ഡിസംബറില്‍
മുറ്റത്തെ മൂവാണ്ടന്റെ മുകളറ്റത്ത്
ക്രിസ്മസിനായി കിളുത്ത കൊമ്പില്‍
ഒരു ചോപ്പ് നക്ഷത്രത്തിനുള്ളില്‍
കൂടു കൂട്ടാനാവില്ലെന്നോര്‍ത്തു
കരഞ്ഞു കാണും.
പുതുവര്‍ഷം പുലരും വരേക്കും
പള്ളി കഴിഞ്ഞെത്തുന്നത് കാത്ത്
കത്തിയെരിഞ്ഞു നിന്നതോര്‍ത്ത്
കണ്ണടച്ചു കാണും.

വീട്ടിലേക്ക് കറന്റു വന്ന ദിവസം
അകത്തു പോയുറങ്ങിയ
ഒരു വിളക്കുണ്ടായിരുന്നു
കരച്ചിലുകളെയിട്ടു വെക്കാന്‍
ഒരുതുള്ളിയെണ്ണ പോലും
ഉള്ളിലില്ലാതിരുന്നിട്ടും
എനിക്കും ചുറ്റും
എന്നുമിരുട്ടാകണേയെന്നു
കരഞ്ഞു പ്രാര്‍ഥിക്കാതെ
ള്ളിലെരിഞ്ഞു കത്തിയത്.

ഇരുട്ടിന്റെ ചിത്രവേലകളും
നിഴലിന്റെ ആഴങ്ങളും
ഇപ്പോള്‍ മണ്ണെണ്ണ മണക്കുന്ന
ഓര്‍മകള്‍ മാത്രമാണ്, എന്നിട്ടും
ചിത്രകഥകളിലെന്ന പോലെ
അത്ഭുത രാത്രികളുണ്ടാകാന്‍
ഓര്‍മയിലിടക്കിടെ
തുടച്ചെടുത്തിന്നും
തെളിച്ചു വെക്കാറുണ്ട്.Thursday, July 21, 2016

എന്റവളേ, എന്റെ പൊന്നവളേ


എന്റവളേ
നീ വല്ലതും 
അറിയാറൊണ്ടോ
ഞാനിടക്കിടെയാ
കബറിന്റെ വാതില്‍
തുറന്നെത്തി നോക്കാറുണ്ട്
സെമിത്തേരി മതിലിന്റെ
മോളീക്കോടെ
വരമ്പിനപ്പുറം
കണ്ണുപായിക്കുമ്പം
നീ വിയര്‍ത്തൊലിച്ചു
മുറ്റമടിക്കുന്നു
മീഞ്ചട്ടി കഴുകി
തോട്ടിലേക്കൊഴിക്കുന്നു
മുണ്ട് മാടിക്കുത്തി
തുണിയലക്കുന്നു
അടുക്കളത്തിണ്ണയില്‍
ആടിയാടി മുളകരയ്ക്കുന്നു
മുട്ടുകാലില്‍ നെഞ്ചു
കുത്തിപ്പൊക്കി
ഓലമെടയുന്നു
മൂവന്തിക്കു മറപ്പെരക്കുള്ളില്‍
മുടിയഴിച്ചിട്ടു കുടം കമിഴ്ത്തുന്നു
എന്റെ പൊന്നവളേ
നിനക്കന്നു പനിച്ചു
വിറയ്ക്കുമെന്നും
കമ്പിളിക്കു കീഴെ
കെടക്കുമ്പോഴൊരു
കട്ടനിട്ടോണ്ടു വന്ന്
കെട്ടിപ്പിടിക്കാമെന്നും
വെട്ടി വിയര്‍ക്കാമെന്നും
ഞാനൊത്തിരി മോഹിച്ചിരുന്നു
എന്റവളേ
നീ വന്നു മെഴുകുതിരി
കത്തിചേച്ചു പോണ
ഞായറാഴ്ചകളെയോര്‍ത്ത്
ഞാനൊത്തിരി
ശനിയാഴ്ചകളില്‍
കബറിന്റെ കല്ലിളക്കി
വെച്ചിട്ടൊണ്ട്
നീ നടക്കുമ്പോ
ഇപ്പോഴും എന്നാ
കുലുക്കമാണെന്നോര്‍ക്കുമ്പോ
എന്റെ കൂട്ടിപ്പിടിച്ച കൈകളില്‍
പാപികളായ രണ്ട് കല്ലുകളിരുന്ന്
ഒരഞ്ഞൊരഞ്ഞ് ഇവിടൊക്കെ
തീപിടിക്കാറുണ്ട്.


Sunday, June 26, 2016

ഓര്‍മയില്‍ ഇല്ലാത്ത ഒരിടം


നീ
കണ്ടുപിടിക്കുന്ന
ഇടങ്ങളില്‍ മാത്രം
ഒളിച്ചിരുന്ന
സാറ്റുകളി.
നിന്നെ
കെട്ടിപ്പിടിക്കാന്‍
കൊതിച്ചുള്ള
കണ്ണുകെട്ടിക്കളി.
തൊട്ടു മുട്ടിയിരിക്കാന്‍
കണ്ണന്‍ ചിരട്ടകളില്‍
കഞ്ഞിയും കറിയും
വെന്തു വിളമ്പിയ
അടുക്കളക്കളി.
കടലെന്നു
കാണിക്കാന്‍
കടലാസു വള്ളം
പുഴയെന്നു
പുഞ്ചിരിക്കാന്‍
തുമ്പപ്പൂ താറാവും
പിന്നെ
മഴവില്ലൊടിച്ചതും
കുപ്പിവള കൊണ്ടു
മുറിഞ്ഞു
കരഞ്ഞെന്നു
കാണിക്കാന്‍
നിന്റെ കണ്‍മഷി
കലങ്ങിയതും
കാര്യമില്ലാക്കളികള്‍
ഒത്തിരി കളിച്ചു
കടലാസുമാലയിട്ട
നമ്മുടെ
കല്യാണക്കളിയും
കഴിഞ്ഞെത്ര
പെട്ടെന്നാണു
കളിവീടുറങ്ങിയതും
കിളികളൊക്കെ
പറന്നു പോയതും.
മുറ്റത്തിനപ്പുറം
ചെമ്പരത്തിയും
മുള്ളുവേലിയും
കടന്ന്
ഒറ്റയ്‌ക്കൊരാള്‍
നീ പറയാതെ
പോയ വാക്കും
കടിച്ചെറിഞ്ഞ
കണ്ണിമാങ്ങയും
കിളിര്‍ത്തു
മാന്തോപ്പായി
പടര്‍ന്ന് ഉമ്മകള്‍
പൂക്കുന്നതും
മാമ്പഴം
പെയ്യുന്നതും
തെരഞ്ഞു
തെരഞ്ഞിക്കളി
തീര്‍ന്നു
പോകുന്നിടത്തേക്കു
പോയി മറയുന്നു.


Friday, June 24, 2016

ലൂസിയ നിനക്കെന്തു പറ്റി


ഉച്ച വെയിലാണ്,
നമ്മള്‍ പാലം 
നടന്നിറങ്ങി വരുന്നു
താഴെ അടുക്കിയിട്ട
ആനവണ്ടികളില്‍
നമുക്കുള്ളതൊന്ന്
കിടപ്പുണ്ടാകുമെന്നുറപ്പിച്ച്
പിരിവെട്ടിയ പോലിടത്തോട്ടു
തിരിഞ്ഞൊന്നു നോക്കവേ

നിരത്തിയിട്ട
ഓട്ടോകള്‍ക്കു പിന്നില്‍
പതിവുകാരിഷ്ടക്കാരില്ലാതെ
കരഞ്ഞു കണ്‍മഷി
കലങ്ങിയ പോലെ
വെയില്‍ വാറ്റിയ
വെളിച്ചങ്ങളില്ലാതെ
പൊട്ടു മാഞ്ഞ നെറ്റിയില്‍
തട്ടം വലിച്ചിട്ട്
പഴയ ഞാനേയല്ലെന്ന
മട്ടിലെന്റെ ലൂസിയ,
എന്തൊരു നില്‍പ്പാണിത്.

നഷ്ടപ്രതാപത്തിന്റെ
നിറംമങ്ങിച്ചുളിഞ്ഞ
രാവാട ചുറ്റി
ശിഷ്ടകാലം
കുടിച്ചുപ്പ് വാറ്റി
കുപ്പിവളക്കൈയില്‍
പച്ചകുത്തിച്ചത്ത
കടുംപച്ച രാത്രികളെ
കിനാവുകളില്‍
ഉറക്കിക്കിടത്തവേ
ചൂടിയ പൂ വാടിയ മണം
കാറ്റ് കൊണ്ടു പോകവേ
എന്റെ ലൂസിയ
നിനക്കെന്തു തോന്നി.

എത്ര ദാഹക്കോപ്പകളില്‍
നീ പകര്‍ന്നൊഴിച്ച
യുദ്ധ സമാധാനങ്ങള്‍
എത്ര കണ്ണിലെരിവിറ്റിച്ച്
നീയെഴുതിയ
വറ്റല്‍മുളകിന്‍ നീറ്റല്‍
എത്ര നീരാട്ടിനോര്‍മകള്‍
പടിക്കല്ലില്‍ പായല്‍ വഴുക്കിയിട്ടും
വീഴാതെ പിടിച്ചു നിര്‍ത്തുന്നു
പാവത്തുങ്ങളുടെ
യുവറാണി,
ഞങ്ങടെ ലൂസിയ.

നിനക്കെന്തു പറ്റി,
ചഷകങ്ങളില്‍ വിരലുകള്‍
കെട്ടിപ്പിടിച്ചൊച്ച വെക്കാത്ത
രാത്രികള്‍ നിന്നെ
അത്രമേലനാഥമാക്കിയെന്നോ
കടലാസുകള്‍ക്കു പകരാതെ
നിന്നെ കേള്‍പ്പിച്ച കവിതകള്‍
ശ്വാസം പിടിച്ചൊറ്റവരി കഥകള്‍
ഗര്‍ഭഗേഹം തകര്‍ത്ത ഗീര്‍വാണങ്ങള്‍
നിരാശ നീറ്റിയ കുമ്പസാരങ്ങള്‍
പോര്‍വിളികള്‍ ഒത്തു തീര്‍പ്പുകള്‍
വിലപറഞ്ഞുറപ്പിക്കും രാത്രിക്കണക്കുകള്‍
അവാസന തുള്ളിയില്‍
അമഌ മണത്ത് വഴുതിവീണു
പൊട്ടിച്ചിരിക്കും ചില്ലു ഗ്ലാസുകള്‍
എല്ലാം നിലച്ചു നിലച്ച്
നിലത്തു വീണിഴഞ്ഞു പോയി
ലൂസിയ നിനക്കിതെന്തു പറ്റി

അടുത്ത വണ്ടിക്ക്
അവള്‍ വരേക്കും വരെ
നിന്റെ മടിയില്‍
തലചായ്ച്ചുറങ്ങാതിരുന്ന
എത്ര ഉച്ചനേരങ്ങളില്‍
നെറുകിലൊരു മറുകു
പോലുമ്മവെച്ചു തണുപ്പിച്ച്
കിതപ്പാറ്റിയുഷ്ണത്തെ
ഉഷ്‌ണേന ശാന്തിയെന്നോതി
തിളപ്പിച്ചു വെച്ചവളേ
ലൂസിയാ
നിനക്കിതെന്തു പറ്റി.

ഉച്ച വെയിലാണ്
നമുക്കൊരേ പോലെ
മനം പിരട്ടുന്നു
പഴയ സന്ധ്യകള്‍
പുളിച്ചു തികട്ടുന്നു
പാതിരാത്രികളിലേക്ക്
ആരോ വലിച്ചിറക്കുന്നു
ലൂസിയ വിളിക്കുന്നു.

* എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനടുത്തിപ്പോള്‍ ബീയര്‍ മാത്രമുള്ളവള്‍.... ഓര്‍മകളില്‍ പൂട്ടിയ ബാറാണവള്‍, ലൂസിയ.


പനിക്കുള്ള കത്തുകള്‍


എഴുതി
വച്ചിട്ടുണ്ടെരെണ്ണം
പറയാനിരുന്നതും
പറയാതെ മറന്നതും
കുനുകുനയെഴുതി
കുത്തിനിറച്ചത്.
പിന്നെ നാലായി മടക്കി
നനുത്ത കടലാസില്‍
ചോന്ന മഷിയാല്‍
നടുവേ വരഞ്ഞൊരെണ്ണം.
അവിടെയുമിവിടെയും
എല്ലാവര്‍ക്കും
സുഖമുള്ളതൊരെണ്ണം
ഓര്‍മ്മക്കിടക്കയില്‍
ഉച്ചമയക്കത്തിലുണ്ട്.
പാതിയില്‍ നിര്‍ത്തി
പറയാന്‍ മറന്നു
തൊണ്ടയിലുടക്കി
ചുക്കിച്ചുളിഞ്ഞൊരെണ്ണം
തലയിണച്ചോട്ടിലുണ്ട്.
മുന്നറിയിപ്പില്ലാതെ
മരിച്ചറിയിപ്പായി വന്നത്
പെട്ടിയിലടച്ചു വച്ചിട്ടുണ്ട്.
മറന്നേക്കാന്‍ പറഞ്ഞ്
ഒറ്റവാക്കിലൊതുക്കിയത്
മുള്ളില്‍ കോര്‍ത്തു വച്ചിട്ടുണ്ട്.
സ്‌നേഹത്തോടെ
സ്വന്തമെന്നു പറഞ്ഞ്
ഒപ്പിട്ടു നിര്‍ത്തിയൊരെണ്ണം
ഉടുപ്പിന്റെ പോക്കറ്റിലുണ്ട്.
ചോദിച്ചു ചോദിച്ചു
വഴി തെറ്റാതെ
പെരുമഴ നഞ്ഞു വന്ന്
ഈറനുണങ്ങാതെ
ഓര്‍മ്മക്കോലായുടെ
ഉമ്മറത്തിരിപ്പുണ്ട്
പൊട്ടിച്ചു വായിച്ചാല്‍
മുത്തുപൊഴിയുമൊരു
ഉമ്മക്കത്ത്.
ജനലരുകിലേക്കു
ചാഞ്ഞു തൊട്ടുരുമ്മിയ
പൂപ്പരുത്തിച്ചില്ല മഴ
കുടഞ്ഞെറിയുമ്പോള്‍
നീയെന്റെ
കമ്പിളിപ്പുതപ്പില്‍
പനിക്കുള്ള കത്തുകള്‍
തുന്നുകയായിരിക്കും.
ഒരേ സൂചികൊണ്ട്
പല നൂലുകളില്‍
ഇലകള്‍ മഞ്ഞ,
പൂക്കള്‍ പച്ച.
മുറിവുകളുടെ
താഴ്‌വര,
പൂമ്പാറ്റകളുടെ
ഖബര്‍.


Monday, June 13, 2016

മങ്ങിയൊരന്തി വെളിച്ചത്തില്‍


മരിച്ചടക്കു 
കഴിഞ്ഞ് മഴപെയ്യുന്ന
രാത്രിയില്‍ നിനക്ക്
കുന്തിരിക്കത്തിന്റെ
മണമായിരിക്കും
വിരല്‍മുട്ടുകളില്‍
ഉരുകി വീണ മെഴുക്
വേവിന്റെ വേദന
മറന്നു പോയിരിക്കും
മുടിയിഴകളില്‍ 
ചന്ദനത്തിരി
മണക്കുമായിരിക്കും
നിന്റെ കഴുത്തിനു ചുറ്റും 
കുടുക്കു വീണ പോലെ
കിടക്കും കരച്ചിലിനെ
അഴിച്ചെടുത്താല്‍
എന്റെ വിരലുകള്‍ 
വിറച്ചു പോകുമായിരിക്കും.

മരിച്ച വീടുകളിലെ 
പാട്ടുകാരി, 
നിനക്കിഷ്ടമല്ലാതിരുന്ന
പൂ റീത്തുകളിലെ
വാടാമല്ലിയും ജമന്തിയും
മഴ പെയ്യുമ്പോള്‍ 
വയലുകളിലേക്കെന്ന പോലെ
വിത്തുകളെറിയും
വെയില്‍ നിന്റെ കുഴിമാടത്തില്‍
കണ്ണുനീരുണക്കും
മഞ്ഞില്‍ മറയിലകള്‍
ഉറഞ്ഞുറഞ്ഞു പോകും
നിന്റെ നെറ്റിയില്‍
എന്റെയന്ത്യ ചുംബനത്തെ
ചിതലുകള്‍ പലതായി പിളര്‍ക്കും
നിന്റെ വെളുത്ത സാരിയില്‍
മണ്ണു കൊണ്ടവര്‍
മറവിയെന്നെഴുതിച്ചേര്‍ക്കും.

കാണാതെ പഠിച്ച 
വിലാപഗീതങ്ങളില്‍
നീയെത്ര കണ്ണീരൊഴുക്കി.
കയ്പു കുടിച്ച് 
ചിരിക്കോണിലെത്ര
കരച്ചിലിലുപ്പു വാറ്റി.
എന്നിട്ടും ആര്‍ദ്രമായി 
പാടിയതിലൊന്നു പോലും 
കണ്ണീരില്‍ നനയാതെ
വഴിപാട് വിലാപങ്ങളില്‍
മരവിച്ചു പോയല്ലോ.

നിന്റെ നെഞ്ചില്‍
തിരികെട്ടു നില്‍ക്കും
തേങ്ങലുകളെ നനച്ചിട്ടു
വെക്കുവാന്‍ ഇനിയെത്ര 
ഉമ്മകള്‍ പെയ്യണം
നീ പോകും ദിവസം
മരിച്ചടക്കു കഴിഞ്ഞ്
മഴപെയ്യുന്ന വീടിന്റെ
മുറ്റത്തിരുക്കുന്നു ഞാന്‍.
വെയില്‍ക്കീറു പോലെ
വെളുത്ത സാരി
തലയിലേക്കിട്ടു പാടുന്ന
നിന്നെ നോക്കി
നനഞ്ഞ ഈയല്‍ച്ചിറക്
ചൂടിയവളെന്നു
വിളിച്ചതോര്‍ക്കും.

നാളെ മഴ 
തോരുമായിരിക്കും
നീ നനച്ച
ചെമ്പരത്തി മൗനം
മുറിഞ്ഞ് പൂക്കും
നിന്റെയാടുകള്‍ക്ക്
പുല്ലരിഞ്ഞു കൊടുക്കണം
സന്ധ്യക്കു നിനക്കൊരു
മെഴുതിരി കൊളുത്തണം
പതിവായി നീ വരാറുള്ള 
വഴികളിലേക്കു വെറുതെ 
ടോര്‍ച്ചടിച്ചു നോക്കണം
അത്താഴം കഴിഞ്ഞ് 
ആകാശവാണി കേട്ട്
നിലാവ് കണ്ടു നമ്മളിരുന്ന
ഒറ്റയുമ്മറപ്പടിയില്‍
ഉറക്കം തൂങ്ങണം.