Saturday, October 4, 2008

ഗുല്‍മോഹര്‍ പൂക്കുമ്പോള്‍


പൂക്കുന്ന കാലത്ത്‌ ഇലകളെ മറയ്‌ക്കുന്ന ചുവപ്പാണ്‌ ഗുല്‍മോഹറിന്‌, പച്ചയുടെ കാഴ്‌ചകളെ മറയ്‌ക്കുന്ന തീഷ്‌ണമായ ചുവപ്പ്‌. ഗുല്‍മോഹര്‍ ഓര്‍മയിലെ പൂക്കാലമാണ്‌, കാത്തിരിപ്പിന്റെ നിഴലാണ്‌. അഭിനിവേശത്തിന്റെ ചുവപ്പാണ്‌. എങ്കിലും ഇല പൊഴിയും കാലം ഉണങ്ങിയ ചില്ലകള്‍ മാത്രമാകുന്നു.

വിപ്ലവകാരിയുടെ വര്‍ത്തമാനകാലത്തില്‍ നിന്നാണ്‌ ഗുല്‍മോഹറിന്റെ തുടക്കം. ഭൂതകാലത്തില്‍ ഗുല്‍മോഹറെന്ന പേര്‌ മറയാക്കിയ ഇന്ദുചൂഡന്‍ ഇന്ന്‌്‌ ഭര്‍ത്താവും രണ്ടു കുട്ടികളുടെ പിതാവും സ്‌കൂള്‍ അദ്ധ്യാപകനുമാണ്‌. ഇന്നയാളുടെ മുടിയിഴകളിലും മീശരോമങ്ങളിലും നര വീണു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, പക്ഷെ മനസ്‌ ഇപ്പോഴും പഴയ സംഘം ചേരലുകളുടെ ചേരത്തിളപ്പില്‍ നിന്നും പിടി വിട്ടിട്ടില്ലെന്ന്‌ തിരിച്ചറിയാന്‍ കഴിയുന്നത്‌ അയാളുടെ ഇടപെടലുകളില്‍ നിന്നാണ്‌. വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സഹചാരിയായിരുന്ന ചങ്ങാതിയുടെ അവിചാരിത സന്ദര്‍ശനത്തില്‍ നിന്നാണ്‌ ഇന്ദുചൂഡന്‍ പഴയകാലത്തേക്കു മടങ്ങുന്നത്‌. ഓര്‍മകളിലൂടെയുള്ള ആ സഞ്ചാരത്തിലൂടെയാണ്‌ ഗുല്‍മോഹര്‍ എന്ന സിനിമയുടെ ആഖ്യാനം തുടരുന്നത്‌. തുടക്കത്തില്‍ നല്ലൊരു പിതാവും അലിവും സ്‌നേഹവുമുള്ള അധ്യാപകനുമായി കാണുന്ന ഇന്ദുചൂഡന്റെ ഭൂതകാലത്തിലേക്കുള്ള ഭാവമാറ്റത്തിലാണ്‌ ഗുല്‍മോഹര്‍ എന്ന സിനിമ. ഈ ഭാവമാറ്റത്തിലാണ്‌ നെഞ്ചുവിരിച്ച്‌ കനലിലൂടെ നടന്നിരുന്ന ഒരു ഭൂതകാലം അയാള്‍ക്കുണ്ടായിരുന്നെന്ന്‌ നാം മനസിലാക്കുന്നത്‌.

വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്തിരുന്ന്‌ ആ ഇടിമുഴക്കങ്ങളെ ഞെട്ടലില്ലാതെ ശ്രവിക്കാന്‍ കഴിയുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘം ചേരലും ഈ ഭൂതകാലത്തിലുണ്ട്‌. അനീതിയ്‌ക്കും അസമത്വത്തിനും എതിരായുള്ള അവരുടെ തുറന്ന ഇടപെടലുകളും ഗുല്‍മോഹറിലുണ്ട്‌. ഒരു കോളജ്‌ അധ്യാപകനായ ഇന്ദുചൂഡനും ഈ ഇടപെടലുകളില്‍ നേതൃത്വം വഹിക്കുകയും ശക്തമായ സന്നിധ്യമായിത്തീരുകയും ചെയ്യുന്നു. പ്രസ്ഥാനത്തിന്റെ നിര്‍ദേശപ്രകാരം വളരെ പ്രധാനപ്പെട്ടൊരു ദൗത്യത്തിനായി ആദിവാസി ഊരിലേക്കു എത്തിച്ചേരുമ്പോളാണ്‌ ഇന്ദുചൂഡന്‍ ഗുല്‍മോഹര്‍ എന്നപേരു സ്വീകരിക്കുന്നത്‌, ഒളിപ്പോരാളികളുടെ തന്ത്രം. മറ്റ്‌ സംഘാങ്ങള്‍ക്കും ഇതുപോലെ വിചിത്രമായ പേരുകളുണ്ട്‌.

ആദിവാസികളെ അടിച്ചമര്‍ത്തി ചൂഷണംചെയ്‌ത്‌ അവരുടെ സ്‌ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ചാക്കോമുതലാളിയെന്ന വര്‍ഗശത്രുവിനെ നേരിടാനാണ്‌ ഇന്ദുചൂഡനും സംഘവും ഇവിടെയെത്തുന്നത്‌. പക്ഷെ അവരുടെ ലക്ഷ്യം പിഴച്ചു പോകുന്നു, ആസൂത്രിതമായ നീക്കങ്ങളെങ്കിലും അവര്‍ വകവരുത്തുന്നത്‌ ശത്രുവിനു പകരം മറ്റൊരാളെയാണ്‌. എഴുപതുകളില്‍ സജീവമായിരുന്ന നക്‌സല്‍ പ്രസ്ഥാനം പില്‍ക്കാലത്ത്‌ എങ്ങനെ തകര്‍ച്ചയുടെ വക്കിലേക്കു നീങ്ങി എന്നതിനു ഒരു സൂചനയായി ഈ സംഭവത്തെ വിലയിരുത്താം. നക്‌സലിസം എന്നു കേള്‍ക്കുമ്പോള്‍ ഇന്ന്‌ മനസില്‍ സ്വാഭാവികമായുണ്ടാകുന്ന എല്ലാ കാല്‍പനീക പരിവേഷങ്ങളും ഗുല്‍മോഹറിന്റെ കഥയിലുണ്ട്‌. ഋതുഭേദങ്ങളറിയാതെ പൂത്ത ഗുല്‍മോഹറിനു താഴെ കാത്തിരിക്കുന്ന പാവം പെണ്‍കുട്ടി ആ കാല്‍പനീകത്വത്തിന്റെ ഭാഗമാണ്‌. വളരെ ശക്തവും ആശയങ്ങളും സൗമ്യമായ അവതരണവും ഗുല്‍മോഹറിന്റെ തിരക്കഥയില്‍ ഒരു പോലെ കാണുവാന്‍ കഴിയും. ഒപ്പം ഒരു വിപ്ലവകാരിയുടെ ജീവിതത്തിലെ ചുവടുമാറ്റങ്ങളും. ഈ ചുവടുമാറ്റങ്ങളെയും പരിമിതികളെയും തിരക്കഥയുടെ പോരായ്‌്‌മ എന്നു വിലയിരുത്താനാവില്ലെങ്കില്‍ കൂടി ചില അപൂര്‍ണതകളുണ്ടെന്നെങ്കിലും പറയാതെ വയ്യ.

പൊതു സമൂഹമോ പുതു തലമുറയോ മറന്നു തുടങ്ങിയ ഒര പ്രസ്ഥാനത്തെയോ പ്രവര്‍ത്തനങ്ങളെയോ ബോധമണ്ഡലത്തിലേക്കെത്തിക്കുന്നു എന്നതു തന്നെ ഗുല്‍മോഹറിന്റെ നേട്ടമായി കാണവുന്നതാണ്‌. പക്ഷെ വിപ്ലവം കാലഹരണപ്പെടാനുള്ള കാരണങ്ങളും വിപ്ലകാരിയുടെ പശ്ചാത്താപങ്ങളും കടന്നു വരുന്നത്‌ തിരക്കഥയില്‍ ബോധപൂര്‍വമായി സംഭവിച്ചതാണെന്നു പറയാന്‍ വയ്യ. ഇതില്‍ ഞാന്‍ പെട്ടു പോയതല്ല, ഇതെന്റെ തീരുമാനമായിരുന്നു എന്നു പ്രസ്ഥാനത്തിലേക്കുള്ള കടന്നു വരവിനെക്കുറിച്ച്‌ പോലീസുദ്യോഗസ്ഥനോടു ദാര്‍ഷ്‌ഠ്യത്തോടെ പറയുന്ന ഇന്ദുചൂഡന്‌ ജയില്‍ ജീവിതം ഏകാന്തതയുടെയും പാപബോധത്തിന്റെയുമായിത്തീരുന്നു. അനുഭവങ്ങളുടെ ഉലയില്‍ സ്വയം ഉരുകി പാകപ്പെട്ട ആ വിപ്ലകാരിയ്‌ക്ക്‌ ഒടുവില്‍ ആശ്വാസത്തോടെ ശിഷ്ട ജീവിതത്തിലേക്കു കടക്കുവാന്‍ തുണയാകുന്നത്‌ ഒര വിധവയുടെ പൊയ്‌ക്കോളൂ കര്‍ത്താവ്‌ നിങ്ങളെ രക്ഷിക്കും എന്ന വാക്കുകളാണ്‌. അതു പോലെ തന്നെ വിപ്ലവംപോലെ പ്രണയം തീവ്രമാക്കാന്‍ കഴിയാത്ത ഒരു നായകനെ സിനിമയെന്ന മാധ്യമത്തില്‍ തീര്‍ത്തും നിര്‍വികാരതയോടെയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. നിങ്ങളുടെ അസാന്നിധ്യം എന്റെ കുടുംബജീവിതം ഭദ്രമാക്കും എന്നൊരാള്‍ പറയുന്നിടത്ത്‌ ഇന്ദചൂഡന്‍ എന്ന കാമുകന്റെ പ്രതീക്ഷകളും കാത്തിരിപ്പുകളും ഇല്ലതാവുന്നു. ഒപ്പം സഹവാസം കൊണ്ടു കാമുകയായിത്തീര്‍ന്ന ഒരു പെണ്‍കുട്ടികളുടെ വികാരങ്ങളും നെടുവീര്‍പ്പുകളും തിരശീലയ്‌ക്കു പിന്നിലാവുന്നു. ഇനിയും സാധാരണക്കാരനായ പ്രേക്ഷകനു മുന്നില്‍ ഗുല്‍മോഹറില്‍ ഒരുപാടു ചോദ്യചിഹ്നങ്ങളുണ്ട്‌. ഇന്ദുചൂഡന്റെ കുടുംബജീവിതത്തിലേക്കുള്ള ചുവടുമാറ്റം എങ്ങിനെ എവിടെ തുടങ്ങുന്നു എന്ന ദൃശ്യങ്ങളുടെയോ സൂചനകളുടെയോ അഭാവം മറ്റൊരു സ്‌ത്രീകഥാപാത്രത്തെ ചിത്രത്തില്‍ തമസ്‌കരിക്കുന്നു. സാമൂഹിക ജീവിതത്തില്‍ വീണ്ടും സ്വാസ്ഥ്യം കെടുമ്പോള്‍ അയാള്‍ വീണ്ടും പഴയ ഗുല്‍മോഹറിലേക്കു പരകായപ്രവേശം നടത്തുന്നു. ഇവിടെ സ്വാഭാവികത എന്നു പറയാവുന്നത്‌ ഗുല്‍മോഹര്‍ രണ്ടാം വിപ്ലവത്തിന്‌ അല്ലെങ്കില്‍ ഉന്‍മൂലനത്തിനിറങ്ങുമ്പോള്‍ അത്‌ ഇന്ന്‌ നിത്യം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന തിന്‍മകള്‍ക്കും അനീതികള്‍ക്കും എതിരായാണെന്നുള്ളതാണ്‌. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഗുല്‍മോഹര്‍ ഒരു വിജയം തന്നെയാണ്‌. തിരക്കഥാകൃത്ത്‌, സംവിധായകന്‍ എന്ന നിലയില്‍ നിന്നും നടനിലേക്ക്‌ ഒട്ടും ദൂരമില്ലെന്ന്‌ രഞ്‌ജിത്‌ തെളിയിച്ചു കഴിഞ്ഞു. ഗുല്‍മോഹര്‍ എന്ന കഥാപാത്രത്തിനാവശ്യമുള്ളതെല്ലാം ഈ നടന്റെ എടുപ്പിലും നടപ്പിലും ശബ്ദത്തില്‍ പോലുമുണ്ട്‌. ഏതാനും സീനുകളില്‍ വന്ന മീര വാസുദേവ്‌ ചാക്കോമുതലാളിയായി വേഷമിട്ട രാജാമണി, കിരിയാത്തനായി വേഷമിട്ട ഐ.എം വിജയന്‍ എന്നിവരും കഥാപാത്രങ്ങള്‍ക്കനുയോജ്യര്‍ തന്നെ. ഇടവേളയ്‌ക്കു ശേഷമുള്ള സംഗീത സംവിധായകന്‍ ജോണ്‍സന്റെ തിരിച്ചു വരവു കൂടിയാണ്‌ ഗുല്‍മോഹര്‍.

തിരക്കഥയും സംവിധാനവും സ്വപ്‌നം കാണുന്ന മലയാളി പെണ്‍ക്കുട്ടികള്‍ക്ക്‌ മാതൃകയായി മാറിയ ദീദി ദാമോദരന്‍ പ്രശസ്‌ത തിരക്കഥാകൃത്ത്‌ ടി. ദാമോദരന്റെ മകളാണ്‌. ഗുല്‍മോഹറിനു തിരക്കഥയെഴുത്തിയാണ്‌ ദീദി തന്റെ സിനിമാ ജീവിതത്തിനു തുടക്കമിടുന്നത്‌. ഒരു സ്‌ത്രീ എഴുത്തുന്ന ആദ്യ തിരക്കഥ എന്ന നിലയില്‍ഏറെ ചര്‍ച്ച ചെയപ്പെട്ട ചിത്രമാണ്‌ ഗുല്‍ മോഹര്‍. ദീദിയുടെ ആദ്യ തിരക്കഥ തന്നെ വിപ്ലവത്തിന്റെ കഥയുമായിട്ടാണ്‌ വന്നത്‌. മികച്ച തിരക്കഥയുടെ അഭാവം അനുഭവിക്കുന്ന മലയാള സിനിമയില്‍ ദീദിയുടെ വരവ്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ വേദിയായേക്കും.