Monday, May 27, 2013

പുഴയെന്ന തുറന്ന പുസ്തകത്തില്‍ മഴയുടെ കലണ്ടര്‍

പുഴയെന്ന തുറന്ന പുസ്തകത്തില്‍
മഴയുടെ കലണ്ടര്‍



മഴയുടെ തീയതികളില്‍
ജലമുറഞ്ഞതിലും നീരാവിയുടെ
മുകള്‍ സഞ്ചാരങ്ങളിലും മാത്രം
വിശ്വസിച്ച് പഴയ സമവാക്യങ്ങളെ
പുണര്‍ന്ന് നില്‍ക്കുന്നവരോട്.
മഴയുടെ ചോദ്യങ്ങള്‍ക്ക് മേലെ
കുട നിവര്‍ത്തുന്ന ശീലങ്ങളോട്.
മഴയെന്നെഴുതിയതും
നനഞ്ഞു കുതിര്‍ന്ന്
പ്രണയസന്ദേശങ്ങളടര്‍ന്ന് പോയ
താമരയിലകളോടും
കണ്ണീര് കാണാതെ തണ്ണീരില്‍
അഴലിനെയൊഴുക്കിയ മീനുകളോടും*
അരയിലരഞ്ഞാണം കെട്ടിയ
ഒരു പുഴ ഇപ്പോള്‍ പറയുന്നു,
മഴ നീളമുള്ള വിരലുകള്‍ കൊണ്ടാരാള്‍
കടലാഴങ്ങളില്‍ തൊട്ട് വരഞ്ഞ
സ്ഫടിക ചിത്രമെന്ന്.

ചിലപ്പോഴൊക്കെ
ആകാശച്ചെരിവുകളിലും
തുറന്നിട്ട ജാലകങ്ങളിലും
ഇടവഴിയിലും ഇലച്ചാര്‍ത്തുകളിലും
കണ്ടു പോയതൊക്കെ വെറും
പകര്‍ത്തിയെഴുത്തുകളാണെന്ന്
ഇതു വരെ പെയ്തതിലൊന്നും
വെറുതെ നനഞ്ഞുവെന്നല്ലാതെ
മനസിനും മരങ്ങള്‍ക്കും
ഒരു പങ്കുമില്ലെന്ന്.

അടഞ്ഞ വാതിലുകള്‍ക്കപ്പുറം
രാത്രിമഴയെ കേട്ടിരുന്നതും
ചോര്‍ച്ചപ്പുരയിലൂടെ അമ്മയുടെ
ഓട്ടപ്പാത്രങ്ങളില്‍ നിറഞ്ഞതും
പിന്നെ പകല്‍ ഇറച്ചാര്‍ത്തുകളില്‍
അടരാന്‍ മടിച്ചുനില്‍ക്കെ
കണ്ണിലുടക്കിയതും
വായിച്ചു മറക്കാന്‍
കടലാസുതോണിയിലെഴുതി
ഒഴുക്കിവിട്ട കഥകളത്രേ.

ഇനിയെങ്കിലും മാറ്റിക്കൂടെ
പുഴ കടലില്‍ കൊണ്ടിട്ടെന്നും
പിന്നെ കാര്‍മേഘങ്ങള്‍
കവര്‍ന്നെടുത്തെന്നും
പറഞ്ഞു പറഞ്ഞുറഞ്ഞു പോയ
ആ പഴയ ശിലാലിഖിതത്തെ.



Monday, May 20, 2013

പുനരധിവാസം ഒരിടത്തരം ഉത്തരാധുനികതയാണ്


പുനരധിവാസം  

ഒരിടത്തരം ഉത്തരാധുനികതയാണ്

1

ആശാനും ഗോപിയുമടക്കം
ഒരുപാടു പേരുണ്ട്
അരങ്ങിലല്ല, നിരത്തില്‍.
ചുട്ടി കുത്താതെ ചായം തേക്കാതെ
പക്കമേളങ്ങളുടെ അകമ്പടിയില്ലാതെ
കത്തി വേഷങ്ങളിലേക്കോടിക്കയറിയവര്‍.
ആണികളിളകിയ കുളമ്പുകള്‍
കുടഞ്ഞെറിഞ്ഞ് കടിഞ്ഞാണ്‍ പൊട്ടി
ദിക്കും ദിശയുമില്ലാതെ സമയസൂചികളുടെ
കറക്കത്തിനച്ചുതണ്ടാവാതെ
ചേക്കേറുവാനൊരു ചില്ലയുടെ ഭാരമില്ലാതെ
എല്ലാ പകലിരവുകളിലും
ഉത്സവഘോഷങ്ങള്‍ക്ക് കൊടിയേറ്റിയവര്‍.

2

കുരിശടിക്കു താഴെ ഒരു പകല്‍ മുഴുവന്‍
മെഴുതിരി പോലെ തോമാസുകുട്ടി.
പണ്ടൊരു പെരുന്നാളോര്‍മ്മയില്‍
തുരുമ്പിച്ച ക്‌ളാരിനെറ്റിന്റെ അറ്റത്ത് അലോഷി.
ഇടത്തും വലത്തും പറഞ്ഞ് പണ്ട് കാടിറങ്ങിയ
ഓര്‍മകളിലെ തോട്ടിയും വടിയും കൈവിടാതെ
ആനത്തഴമ്പ് തഴുകി പാപ്പാനച്യുതന്‍.
പിന്നൊരാള്‍ സി.ഐ.ഡി, മറ്റൊരാള്‍ ഭായി.
പാണ്ടിലോറികളുടെ പാച്ചിലിരമ്പങ്ങളില്‍
കാതു പൊത്തിയും വഴിയൊഴിഞ്ഞും
ഒറ്റക്കീറിലുടുമുണ്ടുടുത്തും
ജഡ താടികളില്‍ കാലം
കടന്നല്‍ക്കൂട് കെട്ടിയും
എങ്ങോട്ടേക്കെന്നില്ലാതെ പുറപ്പെട്ട്
പിറ്റേന്ന് പകലും ഇവിടെ നിന്ന്
തന്നെ പുറപ്പെടാനൊരുങ്ങിയും
കാരുണ്യച്ചായകള്‍ക്കും കനിവ് കത്തിച്ച
ബീഡികള്‍ക്കും കൈ കൂപ്പി നിന്നവര്‍,
നാടിന്റെ ഉന്‍മാദപ്പെരുക്കങ്ങള്‍.
വെയിലും മഴയുമേറ്റ് ഒരു തെരുവിനെ
ഉറക്കത്തിലേക്കാണ്ടു പോകാതെ
കൈ പിടിച്ചു നടത്തിയവര്‍.

3

പൊടുന്നനെ ഒരു നാള്‍
പുനരധിവാസമെന്ന പുറംകടലില്‍
ഒറ്റപ്പെട്ടു പോകുന്നു.
കണ്ടാലുടനെ വണ്ടിയില്‍ കയറ്റുന്നു
ജട താടികളില്‍ മുണ്ഡനപര്‍വ്വം
പൈപ്പ് വെള്ളത്തിലെ കുളി കഴിഞ്ഞ്
പാകമാകാത്ത ഒരു കാരുണ്യക്കുപ്പായം
നിരതെറ്റിയ ബട്ടണുകളില്‍ അയഞ്ഞു തൂങ്ങും.
മരുന്ന് കഴിക്കും മരവിച്ചിരിക്കും.

4

പിന്നെയുമെത്ര വണ്ടികളങ്ങോട്ടുമിങ്ങോട്ടും.
ഇപ്പഴീ നിരത്തുകളുറങ്ങിയ പോലെ
അതികാലേ ആറരയ്ക്കുള്ള ഫാസ്റ്റിന്
കാത്തു നിക്കുമ്പം കാണാം
കൈകളാഞ്ഞു വീശി
കുട്ടിബനിയനുള്ളില്‍ കുടവയര്‍ കുലുക്കി
പ്രമേഹ സമ്മര്‍ദ്ദങ്ങളെ വിയര്‍പ്പിലൊഴുക്കി
വെള്ളഷൂസിനുള്ളിലേറിവരും പുലര്‍കാല നടത്തക്കാര്‍.
ഓര്‍മിപ്പിക്കുന്നുണ്ട് പുഞ്ചിരിയോടെ
ആ പഴയ കത്തിവേഷക്കാരെ.