Wednesday, December 23, 2009

ഓര്‍മകളുടെ കാലം... ശങ്കരേട്ടന് മുമ്പും ശേഷവും



ഒരു തത്സമയ സംപ്രേഷണത്തിനിടെ വാക്കുകള്‍ പെട്ടെന്ന് നിലച്ചു പോവുമെന്ന പറച്ചില്‍ അറം പറ്റിയോ. വാര്‍ത്തകളുടെ ട്രാക്കിലൂടെ വാക്കുകളുടെ ചൂളംവിളിയുമായി വന്ന ജീവന്് പാളം തെറ്റിയ പോലെ...പലരുടെയും ഓര്‍മകളുടെ ട്രാക്കില്‍ ശങ്കരേട്ടന്‍ കൂകിപ്പായുന്നതാണ് പിന്നീട് കണ്ടത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ അകാല നിര്യാണത്തിനുമപ്പുറം എല്ലാവര്‍ക്കും ഓര്‍മിക്കുവാനുണ്ടായിരുന്നത് ശങ്കരനാരായണന്‍ എന്ന അടുത്ത ചങ്ങാതിയെ ആയിരുന്നു. ഓര്‍മകളുടെ ഒടുവില്‍ കൊച്ചിയില്‍ നിന്നും ഇനി വാര്‍ത്തകളുമായി സി. ശങ്കരനാരായണന്‍ ഇല്ലെന്ന വാചകം എവിടെയോ കൊളുത്തി വലിച്ചു. മലയാളത്തിലെ മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മകളില്‍ ഇന്നലെ മുതല്‍ രണ്ടു കാലങ്ങളുണ്ട്. ശങ്കരനാരായണന്റെ വേര്‍പാടിന് മുന്‍പും പിന്‍പും. ജോലിയിലിരിക്കെ മരിച്ചാല്‍ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയോടൊപ്പം ഇരുപത് പോയിന്റ് ഹെഡിംഗില്‍ ചരമപ്പേജിന്റെ ഇടത്തേയറ്റത്ത് ഒന്നാമതായി ഇരിക്കാം. ഒരു പത്രപ്രവര്‍ത്തകന് കിട്ടാവുന്ന ഔദ്യോഗിക ബഹുമതി ഇതിലൊതുങ്ങും. കമ്പനി വക റീത്തിന്റെ കാര്യം മറന്നതല്ല. മറക്കാവുന്നതുമല്ല. ഓഫീസിലെ തൂപ്പുകാരന്‍ മുതല്‍് മേലധികാരി വരെയുള്ളവരുടെ അഞ്ചും പത്തും അതിലുണ്ടല്ലോ. പക്ഷെ ഓര്‍മകളും അനുശോചനങ്ങളും ഈ റീത്തിലെ പൂക്കള്‍ വാടുന്നതിനു മുന്നേ തീര്‍ന്നു പോകും. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഇന്നലെ ജയ്ഹിന്ദ് ചാനല്‍ കണ്ടവരെല്ലാം ശങ്കരേട്ടന്റെ മരണത്തില്‍ വേദനിച്ചിട്ടുണ്ട്. അവരില്‍ അദ്ദേഹത്തെ അറിയാവുന്നവരും ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരും ഉണ്ടാവും. ശങ്കരേട്ടന്റെ സഹ പ്രവര്‍ത്തകര്‍ ഓര്‍മകളുടെ ട്രാക്കില്‍ ഒരു മുഴം മുന്നെ ഓടി മാതൃക കാട്ടി. നെഞ്ചില്‍ കൈ വച്ച് പറയട്ടെ കേരളത്തിലെ മാധ്യമ സമൂഹം നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. കളങ്കമില്ലാത്ത സ്നേഹം മുതലക്കണ്ണീരില്‍ നനയ്ക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചതിന്. വെകിട്ട് വീണ്ടും ചാനലില്‍ ഓര്‍മകള്‍ നിറഞ്ഞു. വെളിപ്പെടുത്താതെ ഉള്ളില്‍ തോന്നിയ ഒരാഗ്രഹം അടുത്തിരുന്ന മാധ്യമപ്രവര്‍ത്തകനായ മറ്റൊരു സുഹൃത്ത് പറഞ്ഞപ്പോഴേ എനിയ്ക്കും തുറന്നു പറയാന്‍ തോന്നിയുള്ളൂ, എനിക്കും ഇതു പോലെ മരിക്കണമെന്ന്... ഓര്‍മകളില്‍ നിറയണമെന്ന്.എല്ലാ മരണങ്ങളും വാര്‍ത്തയാക്കുന്ന പിന്നെ അതിന്റെ പിന്നിലെ വാര്‍ത്തയെ തിരക്കിനടക്കുന്ന മാധ്യമപ്രവര്‍ത്തകനുള്ള യാത്രമൊഴി ഇത്ര ഭാവസാന്ദ്രമാവുന്നത് ആദ്യമായി തന്നെ. എല്ലാ സന്‍മനസിനും പ്രേരണയായത് ശങ്കരേട്ടന്‍ എന്ന മനുഷ്യന്റെ മുഖത്തെ ആ പുഞ്ചിരി തന്നെയാവണം. പല തവണ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. പക്ഷെ ഇതാണ് ശങ്കരനാരായണന്‍ എന്ന് തിരച്ചറിയുന്നത് മരണശേഷം ഇന്നലെ ചാനലുകളില്‍ വന്ന ഫോട്ടോ കണ്ടിട്ടാണ്. ഇപ്പോള്‍ ഓര്‍മിക്കുന്നു. കണ്ടപ്പോഴെല്ലാം ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നെന്ന്. തുടന്നും ഓര്‍മകള്‍ പങ്കുവെച്ചവരെല്ലാം ഒരു പോലെ പറഞ്ഞു, ചിരിക്കുന്ന ശങ്കരനാരായനെയേ അവരും കണ്ടിട്ടുള്ളൂവെന്ന്.



Friday, December 11, 2009


പകലിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അറബിക്കടലിന്റെ റാണി രാവാടയുടുത്ത് മയങ്ങുന്നു. രാത്രി പകലാക്കി അദ്ധ്വാനിക്കുന്നവരെയും എല്ലാം മറന്നുറങ്ങുന്നവരെയും ഞങ്ങള്‍ കണ്ടു. പോകും വഴി തലയുയര്‍ത്തി നില്‍ക്കുന്ന കപ്പല്‍ശാലയും തേവരപ്പാലത്തില്‍ നിന്ന് വെളിച്ചത്തില്‍ കുളിച്ച് കടലില്‍ മയങ്ങുന്ന യുദ്ധകപ്പലുകളും കണ്ടു. പിന്നെ കണ്ടത്, ഉറങ്ങുന്ന ഒരു പൊലീസ് സ്റ്റേഷനും ഉറങ്ങാത്ത കാവല്‍ക്കാരെയും ...
എം.ജി. റോഡില്‍ കെ.പി.സി.സി. ജംഗ്ഷനില്‍ നിന്നും തേവര ഭാഗത്തേക്കായിരുന്നു കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ യാത്ര. പരിസരവും കാഴ്ചകളും ആദ്യ ദിനത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്തം. അതിശയം തന്നെ, ജംഗ്ഷനിലേ ട്രാഫിക് സിഗ്നലില്‍ നിന്നും തേവര ഭാഗത്തേക്ക് നടന്നു തുടങ്ങിയതും ഞങ്ങളുടെ മുന്നില്‍ പൊലീസ് ഫ്ളയിംഗ് സ്ക്വാഡിന്റെ ജീപ്പ്. സമയം

രാത്രി 12.20

ക്യാമറാ ബാഗും സ്റ്റാന്‍ഡുമെല്ലാം തൂക്കി നടക്കുന്ന ഞങ്ങളുടെയരികില്‍ അവര്‍ ജീപ്പ് നിര്‍ത്തി. നഗരത്തിന്റെ രാത്രി ജീവിതം കാണാനിറങ്ങിയതാണ് പിന്‍ സീറ്റിലിരുന്ന ഒരു പൊലീസുകാരന്‍ പരിചയഭാവം കാണിച്ചത് തുണയായി.

രാത്രി 12.40

ജോസ് ജംഗ്ഷനിലെത്തി. പകല്‍ ഇവിടെ നിന്നാല്‍ പൊടിയും പുകയും വാഹനങ്ങളുടെ ഇരമ്പവും കൊണ്ട് മനസും ശരീരവും തളര്‍ന്ന് പോകും. തിരക്കുകളൊഴിഞ്ഞ് രാവാടയുടുത്ത് വിശ്രമിക്കുന്ന എം.ജി റോഡ് ഇപ്പോള്‍ എത്ര ശാന്തം. പെട്രോള്‍ പമ്പിന് മുന്നിലുള്ള കൂറ്റന്‍ ആര്‍ച്ചില്‍ തുറമുഖത്തേക്കുള്ള ദൂരം എട്ട് കിലോമീറ്റര്‍ എന്നു കാണാം. കുറച്ചപ്പുറത്ത് പുതിയൊരു മൊബൈല്‍ കമ്പനിയുടെ കൂറ്റന്‍ പരസ്യ ചിത്രം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കുറേപ്പേര്‍. പകല്‍ത്തിരക്കില്‍ ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു ജോലി അവര്‍ രാത്രിയിലേക്ക് നീക്കിവച്ചിരിക്കുന്നു.

12.50

കയര്‍ ബോര്‍ഡിന്റെ മുന്നിലുള്ള ബസ് ഷെല്‍ട്ടറില്‍ ജോലിക്കാളെയാവശ്യമുണ്ടെന്നുള്ള പരസ്യം തൂക്കാന്‍ ശ്രമിക്കുന്ന രണ്ടു യുവാക്കള്‍. പരസ്യം കണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഷിപ്പ്യാര്‍ഡില്‍ നിന്നുള്ള ഒരു കൂറ്റന്‍ കണ്ടെയ്നര്‍ ഞങ്ങളെ കടന്നു പോയി.

1.00

പള്ളിമുക്കിലെ തട്ടുകടയില്‍ തിരക്കൊഴിഞ്ഞു തുടങ്ങി. ഇനി ഒരു കട്ടനടിച്ചിട്ടാവാം മുന്നോട്ടുള്ള യാത്ര എന്നു കരുതി. പാത്രങ്ങളെല്ലാമടുക്കി വച്ച് കച്ചവടം അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. കാപ്പി കുടിച്ചിരിക്കെ വളഞ്ഞമ്പലത്തു നിന്നു വന്ന ഒരു പൊലീസ് ജീപ്പ് എതിര്‍ വശത്തുള്ള കടയുടെ മുന്നില്‍ നിര്‍ത്തി. കടയ്ക്കു മുന്നില്‍ മൂന്നാലു പേര്‍ കിടന്നുറങ്ങുന്നുണ്ട്. പൊലീസ് അവരെ വിളിച്ചുണര്‍ത്തി. ഞങ്ങളും അടുത്തേക്ക് ചെന്നു. ഞങ്ങള്‍ക്കു നേരെ ചോദ്യമുയരുംമുന്നെ സ്വയം പരിചയപ്പെടുത്തി. കടയുടെ മുന്നില്‍ കിടന്നുറങ്ങിയിരുന്നവരില്‍ രണ്ടു പേര്‍ വൃദ്ധന്‍ മാരാണ്. മറ്റേയാള്‍ ഒരു ചെറുപ്പക്കാരനും. വൃദ്ധന്‍മാരെ പൊലീസ് ജീപ്പില്‍ കയറ്റി. ചെറുപ്പക്കാരന്റെ കാല് നിലത്തുറയ്ക്കുന്നില്ല. അല്‍പം ബലം പിടിക്കേണ്ടി വന്നെങ്കിലും അയാളും ജീപ്പിനുള്ളില്‍. നഗരത്തില്‍ റിപ്പര്‍ കൊലപാതകള്‍ അടിത്തിടെ കൂടി വരുന്നു. കൊല്ലപ്പെട്ടവര്‍ മുഴുവന്‍ ഇതു പോലെ കടകളുടെ മുന്നില്‍ കിടന്നുറങ്ങിയവരാണ്. കൂട്ടത്തിലൊരു പൊലീസുകാരന്റെ വിശദീകരണം. പക്ഷേ ഇപ്പോള്‍ പിടിച്ചു കൊണ്ടു പോകുന്നവരെ നാളെ എന്തു ചെയ്യുമെന്ന് ചോദിച്ചാല്‍ മറുപടി ചിരിയിലൊതുങ്ങും. അവര്‍ വീണ്ടും ഈ കടത്തിണ്ണയില്‍ തന്നെ വരുമെന്ന മറുപടി ആ ചിരിയിലുണ്ട്.

1.40

ഞങ്ങള്‍ ഇപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേരെ എതിര്‍ വശത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍. പൊലീസ് കഴിഞ്ഞാല്‍ കൊച്ചിയില്‍ കാക്കിയിട്ടവരില്‍ പ്രധാനികള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ. 24 മണിക്കൂര്‍ ഡ്യൂട്ടി നോക്കുന്നവരാണ് ഈ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍. പലരുടെയും ഓട്ടോ സ്വന്തമല്ല. വാടകയ്ക്കെടുത്ത് ഓടിക്കുന്നവരാണധികവും. കൊച്ചി സ്വദേശികളും ഇവരില്‍ കുറവ്. ചേര്‍ത്തല, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണധികവും. ചേര്‍ത്തല സ്വദേശി സഹദേവന്‍ 25 വര്‍ഷമായി ഇവിടെ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ ഇപ്പോള്‍ അക്രമങ്ങള്‍ കുറവാണെന്ന് ഇദ്ദേഹം പറയുന്നു. നേരത്തെ രാത്രി പത്തു മണി കഴിഞ്ഞാല്‍ പല സ്ഥലങ്ങളിലേക്കും ഓട്ടം പോകാന്‍ മടിയായിരുന്നു. ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു. രാവേറെയായലും ഓട്ടം പോകാന്‍ ആര്‍ക്കും മടിയില്ല. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ സിറ്റി പൊലീസിന് നല്‍കുന്നു. അതു പോലെ തന്നെ എം.ജി റോഡില്‍ ഏറ്റവും കൂടുതല്‍ മോഷണവും പിടിച്ചു പറിയും നടന്നിരുന്ന സ്ഥലമായിരുന്ന പള്ളിമുക്ക് മുതല്‍ തേവരപ്പാലം വരെയുള്ള ഭാഗം. ഇപ്പോള്‍ ഇതൊക്കെ വളരെ മാറിപ്പോയിരിക്കുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ച് യാത്രക്കാരെ കാത്തിരിക്കുമ്പോഴും സഹിക്കാന്‍ പറ്റാത്തതായി ഒന്നേയുള്ളൂവെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കൊതുകു കടി. കൊച്ചിയുടെ അഭിമാന ചിഹ്നമായി കൊതുകിനെ പ്രഖ്യാപിക്കമെന്നാണ് തേവര സ്വദേശി ഷുക്കൂര്‍ പറഞ്ഞത്. കൊതുകിനെ തുരത്താനുള്ള നഗരസഭയുടെ ഫോഗിംഗ് വെറും കളിപ്പിക്കല്‍ പരിപാടിയാണത്രെ. മാലിന്യമുക്ത നഗരത്തിനുള്ള പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിക്കു പോയ മേയറുടെ തൊലിക്കട്ടി അപാരം തന്നെയെന്നാണ് ചേര്‍ത്തലക്കാരന്‍ ഷാജി പറഞ്ഞത്. മടങ്ങി വരുമ്പോള്‍ കാണാമെന്ന് പറഞ്ഞ് ഓട്ടോച്ചേട്ടന്‍മാരെ വിട്ട് മുന്നോട്ട്....

2.40

ഞങ്ങള്‍ രവിപുരത്തെത്തി. റോഡില്‍ നിന്നും അല്‍പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൌണ്ടറിനുള്ളില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മൂടിപ്പുതച്ചിരിക്കുന്നു. കൊതുകുകടി ഭയന്നാവും. ആ ഇരിപ്പു കണ്ടാല്‍ ചില്ലു കൂടിനുള്ളിലെ ഏതോ വിശുദ്ധ രൂപം പോലുണ്ട്. ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് വെളിച്ചത്തിന്റെ പരിധി മറികടന്ന് ആ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നു. റോഡിന് നടുവില്‍ ക്യാമറ സ്റ്റാന്റ് ഉറപ്പിച്ച് തുടരെയുള്ള ഷോട്ടുകള്‍. ഇനിയും നിന്നാല്‍ കൊതുക് കൊത്തിപ്പറക്കുമെന്ന് തോന്നിയപ്പോള്‍ വീണ്ടും മുന്നോട്ട്.ഇവിടം മുതല്‍ കപ്പല്‍ ശാലയുടെ പ്രവേശനകവാടത്തിന് കുറച്ചു മുന്‍പ് വരെ മറ്റ് സ്ഥലങ്ങളിലെ പോലെ അത്ര വെളിച്ചമില്ല. കപ്പല്‍ ശാലയുടെ മുന്നില്‍ ഞങ്ങള്‍ അല്‍പം ജാഗ്രതയിലായി. തന്ത്ര പ്രധാന മേഖലയാണ് ക്യാമറ പുറത്തെടുക്കരുതെന്ന് ലീഗല്‍ കറസ്പോണ്ടന്റ് പറഞ്ഞു. കവാടത്തിന്റെ മുന്നിലെത്തയപ്പോഴല്ലേ, കാവല്‍ പോയിട്ട് ഒരീച്ച പോലുമില്ല. അതീവ സുരക്ഷാമേഖലയെന്ന് രണ്ടുമൂന്നിടത്ത് ബോര്‍ഡുകള്‍ കണ്ടു. കുറച്ചപ്പുറത്ത് സൌത്ത് പൊലീസ് സ്റ്റേഷന്‍. വീണ്ടും മുന്നോട്ട്.

2.45

ഞങ്ങള്‍ ഇപ്പോള്‍ സൌത്ത് പൊലീസ്റ്റേഷന്റെ നേരെ എതിര്‍ വശത്ത്. സ്റ്റേഷന് മുന്നില്‍ റിസപ്ഷന്‍ എന്നെഴുതിയ ക്യാബിനുള്ളില്‍ ഒരു വനിതാ പൊലീസുണ്ട്.

2.50

ഇനിയല്‍പ്പം സൂക്ഷിക്കണം. തേവരപ്പാലം മുതല്‍ നേവിയുടെ നിരീക്ഷമുണ്ട്. പൊലീസ് ബീറ്റും കര്‍ശനമായിരിക്കും. കുറച്ചു നടന്നപ്പോള്‍ തന്നെ കണ്ടു അടുത്തുള്ള പെട്ടിക്കടയുടെ മുന്നില്‍ രണ്ട് കാക്കിക്കാര്‍ കട്ടനടിക്കുന്നു. അവരെ കടന്നു മുന്നോട്ടു പോയാല്‍ കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കിട കൊടുക്കേണ്ടി വരുമെന്ന് കരുതി ഞങ്ങളും ഓരോ ചായയെപ്പറ്റി ആലോചിച്ചു. ചായ കുടി കഴിഞ്ഞ് ബൈക്കില്‍ പെട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ തേവരപ്പാലം കടന്ന് മുന്നോട്ടു പോയി. ഫോട്ടോഗ്രാഫര്‍ തിടുക്കം കൂട്ടിത്തുടങ്ങി വേഗം, അവര്‍ തിരികെയെത്തുന്നതിനു മുന്‍പ് പാലത്തില്‍ നിന്നുള്ള രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തണം.

3.00

ഞങ്ങള്‍ തേവരപ്പാലത്തിന്റെ കൈവരിയില്‍ ചാരി ആ സുന്ദരകാഴ്ചയിലേക്ക് മിഴി തുറന്നു. മറുകരയില്‍ നാവികസേനാ ആസ്ഥാനത്ത് രണ്ട് യുദ്ധക്കപ്പലുകള്‍ അടിമുടി ദീപാലംകൃതമായി കിടക്കുന്നു. വെളിച്ചത്തിന്റെ ഒരു കൂമ്പാരം ഒഴുകി വന്നത് പോലെ. ദൂരെ വേറെയും കപ്പലുകളും ചെറു നൌകകളും കിടക്കുന്നുണ്ട്. ദീപപ്രസാദിന്റെ ക്യാമറ ആ സുന്ദര ദൃശ്യങ്ങള്‍ പകര്‍ത്തി. 'അധികം വേണ്ട കേട്ടോ, യുദ്ധക്കപ്പലാണേ. തലയ്ക്കു മുകളിലൂടെ നേവിയുടെ ഹെലികോപ്ടര്‍ പാഞ്ഞു പോകുന്നു.അര മണിക്കൂറോളം ഞങ്ങള്‍ പാലത്തില്‍ ചിലവഴിച്ച് മടങ്ങി. കൊച്ചിയുടെ ഏറ്റവും തന്ത്രപ്രധാന മേഖലയാണിവിടം മുന്‍പേ പോയ രണ്ട് പൊലീസുകാരെയും സൌത്ത് സ്റ്റേഷനുമൊഴിച്ചാല്‍ സുരക്ഷ വട്ടപ്പൂജ്യം. 3.30

ഞങ്ങളുടെ തിരിയെനടത്തം മെഡിക്കല്‍ ട്രസ്റ്റിന് മുന്നിലെ ഓട്ടോച്ചേട്ടന്‍മാരുടെയടുത്തെത്തി. അങ്ങോട്ടു പോയപ്പോള്‍ കണ്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ സമയം വരെ ഒരു ഓട്ടം കിട്ടിയത്. ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.സമയം

3.55


ഒരു കത്തി കിട്ടിയെങ്കില്‍...

ജോസ് ജംഗ്ഷനിലെത്തിയ ഞങ്ങള്‍ ഡര്‍ബാര്‍ഹാളിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ ബി.ടി.എച്ചിന് മുന്നില്‍ ബൈക്കിലെത്തിയ പൊലീസുകാര്‍ ഒരു മിനി ലോറി തടഞ്ഞിട്ടിരിക്കുന്നു. കരിക്കുമായി വന്ന വണ്ടിയാണ്. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ കരിക്കു വണ്ടി വിട്ടു പോയി. പൊലീസുകാരുടെ കൈയില്‍ ഓരോ കരിക്കുകള്‍. ലോട്ടസ് ക്ളബിന്റെ അവിടെ നന്നും ബൈക്കില്‍ വന്നയാളെ പൊലീസ് കൈകാട്ടി നിര്‍ത്തി. ഹെല്‍മറ്റായിരിക്കും വില്ലന്‍ എന്നാണ് ഞങ്ങള്‍ കരുതിയത്. സംസാരം വ്യക്തമായി കേള്‍ക്കാം. എവിടെ പോകുന്നു ഈ സമയത്ത്. മറുപടിക്ക് മുന്‍പ് ബൈക്കുകാരനോട് അടുത്ത ചോദ്യം. വണ്ടിയില്‍ കത്തിയുണ്ടോ? പാവം അയാള്‍ പരിഭ്രമത്തോടെ, ''സാര്‍, ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ കിടക്കുവാണ് ഞാന്‍ അവിടെ പോയി വരുവാ. വൈപ്പിനിലാ വീട്.'' പൊലീസുകാരന്‍ ശബ്ദം താഴ്ത്തി ' അതിനല്ലെടോ, ഈ കരിക്കൊന്നു മുറിക്കാനാ, ഉം പൊയ്ക്കോ. പകച്ചു പോയ ബൈക്കുകാരന്‍ ഹെല്‍മറ്റ് കൈയില്‍ തന്നെ തൂക്കിയിട്ട് മുന്നോട്ട് പോയി. ഞങ്ങള്‍ ശബ്ദം കേള്‍പ്പിക്കാതെ അവിടെ തന്നെ നിന്നു. തൊട്ടു പുറകെ വന്ന ഓട്ടോ തടഞ്ഞു നിര്‍ത്തിയായിരുന്നു നൈറ്റ് പട്രോളിംഗിന്റെ അടുത്ത കത്തിച്ചോദ്യം. അയ്യോ സാറേ ഞാന്‍ ഓട്ടത്തിലാ. പിന്നില്‍ യത്രക്കാരുണ്ടായിരുന്നത് കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഏറ്റു വാങ്ങാതെ അയാള്‍ വിട്ടു പോയി. ഒടുവില്‍ കൈയില്‍ കിട്ടിയ മുഴുവന്‍ കരിക്കുമായി പൊലീസും.

പുലര്‍ച്ചെ 4.20

നൈറ്റ് വാക്കില്‍ തുടങ്ങി മോര്‍ണിംഗ് വാക്കിലെത്തിയ ഞങ്ങളുടെ സഞ്ചാരം ഈ കത്തി വേഷങ്ങളെ കണ്ട് നിര്‍ത്തുന്നു.


Monday, December 7, 2009


അര്‍ദ്ധ രാത്രിയില്‍ നഗരത്തിലൂടെ നടന്ന ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നവരെയും ഉറങ്ങുന്നവരെയും കലഹിക്കുന്നവരെയും നാടോടികളെയും നിശാകുസുമങ്ങളെയും കണ്ടു. പക്ഷെ ഉറങ്ങാത്ത നഗരത്തിനായിഉറക്കമൊഴിയുന്ന കാക്കിയിട്ട ഒരു കാവലാളെപ്പോലും കണ്ടില്ല.
സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ രാത്രി കൊച്ചി നഗരത്തില്‍ വന്നൊളിച്ചിരുന്നാലും സിറ്റി പൊലീസ് അറിയില്ല. അറിയണമെങ്കില്‍ അമേരിക്കയില്‍ നിന്നും രാവിലെ പ്രസിഡന്റ് ബരാക് ഒബാമ വിളിച്ചു പറയണം. തഹാവൂര്‍ ഹുസൈന്‍ റാണയെന്ന കൊടും ഭീകരന്‍ എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ ഉണ്ടുറങ്ങി പോയത് നമ്മളറിഞ്ഞത് എഫ്.ബി.ഐ. കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയോട് പറഞ്ഞപ്പോഴാണ്. അല്ലാതെ അന്വേഷിച്ച് കണ്ടെത്തിയിട്ടൊന്നുമല്ല. കൊച്ചി നഗരത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെയും കടന്നു കൂടി എന്തു വേണമെങ്കിലും ആസൂത്രണം ചെയ്യാം. ഭീകരാക്രമണ ഭീഷണിയുടെയും ഒരു വര്‍ഷം മുന്‍പ് നടന്ന മുംബയ് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ കൊച്ചിയില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. നഗരത്തില്‍ വന്നു പോകുന്ന അന്യദേശക്കാരുടെ കൃത്യമായ കണക്കെടുപ്പ്, മുക്കിലും മൂലയിലും കര്‍ശന പരിശോധന, രാത്രി കാലങ്ങളില്‍ പെട്രോളിംഗ്... അതീവ ജാഗ്രതയുടെ പട്ടിക ഇങ്ങ നെ നീളുന്നു.സിറ്റി പൊലീസിന്റെ രാത്രി പട്രോളിങ്ങ് നേരില്‍ കണ്ടു കളയാമെന്ന് കരുതിയാണ് കഴിഞ്ഞ രാത്രി ഞങ്ങള്‍ എം.ജി റോഡില്‍ നിന്നും മറൈന്‍ ഡ്രിൈവിലേക്ക് നടന്നത്.

രാത്രി 11.55

എറണാകുളം മഹാരാജാസ് കോളജ് ഗ്രൌണ്ടിന് സമീപത്തെ ട്രാഫിക് സിഗ്നല്‍. സാധാരണ ദിവസങ്ങളില്‍ ഇവിടെ റോംഗ്സൈഡ് കയറിവരുന്നവരെയും ഹെല്‍മറ്റില്ലാത്തവരെയും പിടിക്കാന്‍ നില്‍ക്കുന്ന പൊലീസിന്റെ ജാഗ്രത ഒന്നു കാണേണ്ടതാണ്. അര്‍ദ്ധ രാത്രിയോടടുത്ത ഈ സമയത്ത് കൊച്ചിയുടെ കോണാട്ട് പ്ളേസ് എന്നു വിശേഷിപ്പിക്കാവുന്ന എം.ജി റോഡില്‍ ഇന്നലെ പൊലീസിന്റെ പൊടി പോലുമില്ലായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു നിന്നു. ഭീകരാക്രമണവും നുഴഞ്ഞു കയറ്റവും തടയാന്‍ ജാഗ്രതയിലായതു കൊണ്ടാവാം അപ്പോഴൊന്നും സിറ്റി പൊലീസ് എം.ജി റോഡിലേക്കെത്തി നോക്കിയതേയില്ല.

രാത്രി 12

ഗ്രൌണ്ടിന്റെ പരിസരത്തു നിന്നും ഹോസ്പിറ്റല്‍ റോഡ് വഴി ഞങ്ങള്‍ മുന്നോട്ട്. പഴയ ഡി.സി.സി ഓഫീസിനു മുന്നിലുള്ള ബസ് ഷെല്‍ട്ടറില്‍ നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നു. നഗരരാവിന്റെ മറവില്‍ നടക്കുന്ന നിരവധി കച്ചവടങ്ങളിലൊന്നാവാം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല. ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ഗ്യാസ് വിളക്കിന്റെ വെളിച്ചത്തില്‍ ഒരു കട്ടന്‍ കാപ്പി കുടിച്ച് തുടര്‍ന്ന യാത്ര സുഭാഷ് പാര്‍ക്കിന് മുന്നിലെത്തി. രാത്രി

12.25

സുഭാഷ് പാര്‍ക്കിന് കുറച്ചപ്പുറത്ത് എതിര്‍ വശത്തായി മഹാരാജാസ് കോളജും ഫൈന്‍ ആര്‍ട്സ് ഹാളിലേക്കുള്ള റോഡും ശാന്തം. പെട്ടെന്നാണ് പാര്‍ക്കിനുള്ളില്‍ നിന്നും പൊട്ടി മുളച്ചത് പോലെ ഒരു യുവാവ് മതില്‍ ചാടിക്കടന്ന് റോഡിലേക്കിറങ്ങിയത്. പുറത്ത് ഞങ്ങളെ കണ്ട് പരുങ്ങിയ യുവാവ് മേനക ഭാഗത്തേക്ക് ദ്രുതഗതിയില്‍ നടന്നു പോയി.

രാത്രി 12.35

സുഭാഷ് പാര്‍ക്കില്‍ നിന്ന് ജെട്ടി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിനുള്ളിലെ തകര്‍ന്ന റോഡിലൂടെ മുഖം മിനുക്കിയ പുതിയ ബോട്ട് ജെട്ടിയിലേക്ക്. വാച്ച് ടവറിലേക്കുള്ള പടികളില്‍ തണുപ്പു പുതച്ചുറങ്ങുന്നവര്‍ നിരവധി. സ്വകാര്യ ബോട്ടുകളിലെ ജീവനക്കാരോ നാടോടികളോ ആവാം. ഞങ്ങളുടെ സംസാരം കേട്ട് ഉറക്കം മുറിഞ്ഞ ഒരാളുടെ ശകാരം ഉച്ചത്തിലായപ്പോള്‍ ഞങ്ങള്‍ നേരെ മറൈന്‍ ഡ്രൈവിലേക്ക് വിട്ടു.

രാത്രി 1.10

മറൈന്‍ ഡ്രൈവിലെ മ്യൂസിക് വാക്വേയില്‍ ഇലയനക്കം പോലുമില്ല. ദൂരെ നിന്നു കേള്‍ക്കുന്ന കപ്പലുകളുടെ സൈറണ്‍ മാത്രം. ബോട്ട് ജെട്ടിവഴി ആര്‍ക്കും അനായാസേന മറൈന്‍ ഡ്രൈവിലേക്ക് കടക്കാം. മുന്നോട്ടു നടന്നു താജ് ഹോട്ടലിന്റെ പിന്നിലെത്തി. പകല്‍ സമയങ്ങളില്‍ ഷാഡോ പൊലീസും റോമിയോ പൊലീസും റോന്തു ചുറ്റുന്ന സ്ഥലമാണ്. രാത്രി കാക്കിയുടെ നിഴല്‍ പോലുമില്ല. പകല്‍ മരം ചുറ്റിയിരിക്കുന്ന കമിതാക്കളെ വിരട്ടാനും സിഗരറ്റ് വലിക്കുന്നവരെ പൊക്കാനും കാട്ടുന്നതിന്റെ പകുതി പരാക്രമം രാത്രി ഇങ്ങോട്ടൊന്നെത്തി നോക്കാന്‍ കാണിച്ചാല്‍ മതിയായിരുന്നു. കടലില്‍ നേവിയുടെ സുരക്ഷാ വലയം ഉണ്ടെന്നത് ശരി. പക്ഷേ മറ്റേതെങ്കിലും തീരത്ത് നിന്ന് ഒരു കൊതുമ്പ് വള്ളത്തിലൂടെയാണെങ്കിലും മറൈന്‍ഡ്രൈവിലെത്തുന്ന ഭീകരന് അനായസേന നഗരത്തിലേക്ക് കടക്കാം. മഴവില്‍ പാലത്തിലുറങ്ങുന്ന നാടോടികളെ ശല്യപ്പെടുത്താതെ പാലമിറങ്ങിയ ഞങ്ങള്‍ ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ളക്സിന്റെ സൈഡിലൂടെ മേനക റോഡിലെത്തി. രാത്രി 2.00

മേനകയില്‍ നിന്നും തിരികെ പ്രസ് ക്ളബ് റോഡ് വഴി ഷേണായിസ് ജംഗ്ഷനിലേക്ക്. കോണ്‍വെന്റ് ജംഗ്ഷനിലെത്തിയപ്പോള്‍ ഉറയ്ക്കാത്ത ചുവടുകളുമായി നീങ്ങുന്ന നാലഞ്ച് ചെറുപ്പക്കാര്‍. ഉച്ചത്തിലുള്ള സംസാരത്തില്‍ നിന്നും മലയാളികളല്ലെന്ന് വ്യക്തം. ഷേണായിസിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ അവര്‍ പരിസരം വീക്ഷിച്ച ശേഷം പതുക്കെ റോഡരുകില്‍ ഒതുങ്ങിക്കൂടി. കണ്ണില്‍ പെടാതെ ഞങ്ങള്‍ പിന്‍ വലിഞ്ഞ് നിന്നു. അവര്‍ വീണ്ടും മദ്യപിക്കാനുള്ള ചിട്ടവട്ടത്തിലാണ്. രാത്രിയില്‍ നടുറോഡിലുമാകാം വെള്ളമടി, കൊച്ചിയല്ലെ! ഞങ്ങള്‍ വീണ്ടും മുന്നോട്ട്.

പുലര്‍ച്ചെ 2.30

വീണ്ടും എം.ജി റോഡിലെത്തിയ ഞങ്ങള്‍ നേരെ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലേക്ക്. അംബേദ്കര്‍ സ്റ്റേഡിയം പിന്നിട്ട് സ്റ്റാന്‍ഡിലേക്കുള്ള റോഡിലേക്ക് തിരിയുന്നിടത്ത് രാത്രി ഇടപാട് കഴിഞ്ഞ് കൂടി നില്‍ക്കുന്ന കൊച്ചിയുടെ നിശാ കുസുമങ്ങള്‍. മുന്നോട്ട് നടക്കുമ്പോള്‍ നിയോണ്‍ വെളിച്ചത്തിനു താഴെ നിരന്നു കിടന്നുറങ്ങുന്ന ഭിക്ഷക്കാരുടെ നീണ്ട നിര. മണ്ഡല കാലമായതിനാല്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് പാതിരാ പിന്നിട്ടിട്ടും വെളിച്ചമണയാത്ത തട്ടുകടകളും അയ്യപ്പന്‍മാരുടെ തിരക്കും. ബസ്റ്റാന്‍ഡിന് മുന്‍ വശത്തും സാമാന്യം യാത്രക്കാര്‍ കാത്തിരിക്കുന്നുണ്ട്. വിശ്രമിക്കാനുള്ള ബഞ്ചുകളില്‍ ഉറക്കം തൂങ്ങിയിരിക്കുന്നവര്‍. ശബ്ദ സാന്നിധ്യമായി ഇടക്കിടെയുള്ള അനൌണ്‍സ്മെന്റും ഏതോ മദ്യപന്റെ നേരമ്പോക്കും മാത്രം. മുക്കാല്‍ മണിക്കൂറോളം ബസ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് ടീം ചുറ്റിക്കറങ്ങി. ഒരു പൊലീസ് വാഹനം പോലും നൈറ്റ് പെട്രോളിംഗിനായി ആ ഭാഗത്തേക്കെത്തിയില്ല. പലതവണ ബോംബ് ഭീഷണി ഉണ്ടായിട്ടുള്ള സ്ഥലമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ പലദേശങ്ങളില്‍ നിന്നുള്ളവര്‍ വന്നു പോകുന്ന ഇടവുമാണ്. സ്റ്റാന്‍ഡിനു ചുറ്റും ഒരു തവണ കൂടി വലം വച്ചെത്തിയ ഞങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായി മുന്‍വശത്തെ തൂണില്‍ പതിച്ച ഒരു ബോര്‍ഡ് കണ്ടു. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ശല്യമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വിളിക്കുവാനായി കൊടുത്തിരിക്കുന്ന തേവര വനിതാ പൊലീസ് സ്റ്റേഷനിലെ ഹെല്‍പ് ലൈന്‍ നമ്പര്‍. സമയം മൂന്നു മണിയോടടുക്കുന്നു. ഫോണ്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിളിച്ചു ചോദിക്കാന്‍ തോന്നി. പിന്നെ വേണ്ടന്നു വച്ചു. വനിതകള്‍ക്ക് വേണ്ടിയാണെങ്കിലും ആ നമ്പറിനൊപ്പം പൊലീസ് എന്നൊരു വാക്കെങ്കിലും കണ്ടല്ലോ... ഉറങ്ങാത്ത നഗരത്തിന് ഉറക്കൊമൊഴിച്ച് കാവലിരിക്കുന്നവര്‍ ഇന്നലെ ഇടയ്ക്കൊന്നു മയങ്ങിയതായിരിക്കും എന്നു ഞങ്ങള്‍ കരുതി. ഈ സമാധാനത്തോടെ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ കാക്കിയുടെ നിഴല്‍ പോലും കാണാത്ത നിരാശയില്‍ ഞങ്ങളും മടങ്ങി.

സിറ്റി പൊലീസിന്റെ ശ്രദ്ധയ്ക്ക് നാളെ ഞങ്ങള്‍ രവിപുരം വഴി തേവര ഭാഗത്തേക്കാണ്.