Monday, June 13, 2016

മങ്ങിയൊരന്തി വെളിച്ചത്തില്‍


മരിച്ചടക്കു 
കഴിഞ്ഞ് മഴപെയ്യുന്ന
രാത്രിയില്‍ നിനക്ക്
കുന്തിരിക്കത്തിന്റെ
മണമായിരിക്കും
വിരല്‍മുട്ടുകളില്‍
ഉരുകി വീണ മെഴുക്
വേവിന്റെ വേദന
മറന്നു പോയിരിക്കും
മുടിയിഴകളില്‍ 
ചന്ദനത്തിരി
മണക്കുമായിരിക്കും
നിന്റെ കഴുത്തിനു ചുറ്റും 
കുടുക്കു വീണ പോലെ
കിടക്കും കരച്ചിലിനെ
അഴിച്ചെടുത്താല്‍
എന്റെ വിരലുകള്‍ 
വിറച്ചു പോകുമായിരിക്കും.

മരിച്ച വീടുകളിലെ 
പാട്ടുകാരി, 
നിനക്കിഷ്ടമല്ലാതിരുന്ന
പൂ റീത്തുകളിലെ
വാടാമല്ലിയും ജമന്തിയും
മഴ പെയ്യുമ്പോള്‍ 
വയലുകളിലേക്കെന്ന പോലെ
വിത്തുകളെറിയും
വെയില്‍ നിന്റെ കുഴിമാടത്തില്‍
കണ്ണുനീരുണക്കും
മഞ്ഞില്‍ മറയിലകള്‍
ഉറഞ്ഞുറഞ്ഞു പോകും
നിന്റെ നെറ്റിയില്‍
എന്റെയന്ത്യ ചുംബനത്തെ
ചിതലുകള്‍ പലതായി പിളര്‍ക്കും
നിന്റെ വെളുത്ത സാരിയില്‍
മണ്ണു കൊണ്ടവര്‍
മറവിയെന്നെഴുതിച്ചേര്‍ക്കും.

കാണാതെ പഠിച്ച 
വിലാപഗീതങ്ങളില്‍
നീയെത്ര കണ്ണീരൊഴുക്കി.
കയ്പു കുടിച്ച് 
ചിരിക്കോണിലെത്ര
കരച്ചിലിലുപ്പു വാറ്റി.
എന്നിട്ടും ആര്‍ദ്രമായി 
പാടിയതിലൊന്നു പോലും 
കണ്ണീരില്‍ നനയാതെ
വഴിപാട് വിലാപങ്ങളില്‍
മരവിച്ചു പോയല്ലോ.

നിന്റെ നെഞ്ചില്‍
തിരികെട്ടു നില്‍ക്കും
തേങ്ങലുകളെ നനച്ചിട്ടു
വെക്കുവാന്‍ ഇനിയെത്ര 
ഉമ്മകള്‍ പെയ്യണം
നീ പോകും ദിവസം
മരിച്ചടക്കു കഴിഞ്ഞ്
മഴപെയ്യുന്ന വീടിന്റെ
മുറ്റത്തിരുക്കുന്നു ഞാന്‍.
വെയില്‍ക്കീറു പോലെ
വെളുത്ത സാരി
തലയിലേക്കിട്ടു പാടുന്ന
നിന്നെ നോക്കി
നനഞ്ഞ ഈയല്‍ച്ചിറക്
ചൂടിയവളെന്നു
വിളിച്ചതോര്‍ക്കും.

നാളെ മഴ 
തോരുമായിരിക്കും
നീ നനച്ച
ചെമ്പരത്തി മൗനം
മുറിഞ്ഞ് പൂക്കും
നിന്റെയാടുകള്‍ക്ക്
പുല്ലരിഞ്ഞു കൊടുക്കണം
സന്ധ്യക്കു നിനക്കൊരു
മെഴുതിരി കൊളുത്തണം
പതിവായി നീ വരാറുള്ള 
വഴികളിലേക്കു വെറുതെ 
ടോര്‍ച്ചടിച്ചു നോക്കണം
അത്താഴം കഴിഞ്ഞ് 
ആകാശവാണി കേട്ട്
നിലാവ് കണ്ടു നമ്മളിരുന്ന
ഒറ്റയുമ്മറപ്പടിയില്‍
ഉറക്കം തൂങ്ങണം.


No comments: