Saturday, December 5, 2015

ജന്‍പഥ്കിതപ്പുകള്‍ എന്തെന്ന്
അറിഞ്ഞിട്ടേയില്ലാത്ത
ഒരു പുതപ്പിനുള്ളില്‍
തണുത്തുറങ്ങുന്നു
മറ്റൊരു ഡല്‍ഹി

പാരതന്ത്ര്യത്തിലും
വിറച്ചിട്ടില്ല ചെങ്കോട്ട,
പാര്‍ലമെന്റിലുമുണ്ട്
താഴിട്ട വാതിലുകള്‍
സമരം കത്തിയ
തീ കാഞ്ഞ്
സമയം കളയുന്നു
ജന്ദര്‍മന്ദര്‍

ഇതിനും
അപ്പുറത്തെവിടെയോ
പണ്ടു പാതിരാവില്‍
പാരതന്ത്ര്യം പകല്‍വെളിച്ചം
മറന്ന സ്മരണയുണ്ട്
പ്രണയം പുതയ്ക്കും
കുടീരമുണ്ട്
അടക്കം പറയും
അന്തപ്പുരങ്ങളുണ്ട്
യുദ്ധം മറന്ന
കൊട്ടാരമുറ്റങ്ങളില്‍
കല്യാണ രാവിനു
കാവല്‍ നില്‍ക്കും
കുതിരയുണ്ട്

ഇവിടെയല്ലോ
പ്രാണന്‍
വെടിഞ്ഞൊരു യമുന
ശോകം കറുത്ത്
കരഞ്ഞൊഴുകുന്നു

മരിച്ചു പോകാനും
മതിയായിരിക്കുമ്പോഴാണ്
കുതിച്ചും കിതച്ചും
കരിമ്പുക തുപ്പിയ
പഴഞ്ചന്‍ വണ്ടികള്‍
കൂരകളായി മാറുന്നത്

ആറടിക്കു മീതെ
അടുങ്ങിക്കിടക്കുമ്പോള്‍
റൊട്ടി, ദാല്‍, സബ്ജി
എന്ന താളത്തില്‍
ഹൃദയമിടിക്കുന്നു
ഒരു പുക പലതായി
പകുത്ത ചുണ്ടുകളില്‍
ചുംബനങ്ങള്‍
മരിച്ചിരിക്കുന്നു

അഭയാര്‍ഥികളുടെ
സ്വപ്‌നങ്ങളിലെന്നും
മുറ്റത്തു നില്‍ക്കുന്ന
ചെമ്മരിയാടുകളാണ്

ഉണര്‍ന്നു
പോകാതിരിക്കാനാണ്
ഗുലാം അലിയോട്
പാടരുതെന്നു പറഞ്ഞത്

സത്രവാതിലുകള്‍ക്കപ്പുറം
മൗനം പുതച്ചിരിക്കുന്നു
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍.Thursday, November 12, 2015


എന്ന
ഒറ്റക്ഷരം
മതിയെനിക്ക്.
ഒന്നു
നീട്ടി വിളിച്ചാല്‍
തുമ്പിയും നീട്ടി
കാടിറങ്ങി വരുന്ന
കൊമ്പനാകും.

എന്നു മാത്രം
മതിയെനിക്ക്
ഒത്തിരി നീട്ടാതെ
ഒന്നുമറിയില്ലെന്നു
നിന്നോടു പറയാന്‍

എന്നു കൂടി
വേണമെനിക്ക്
ഒന്നുമറിഞ്ഞില്ലെന്നു
നീ പറയുമ്പോള്‍
ആഴത്തില്‍
നിലവിളിക്കാന്‍

എന്നൊന്നില്ലെങ്കില്‍
ആരെന്ന ചോദ്യത്തിന്
അവസാനമെന്ന
ഉത്തരമെങ്ങനെയാകും.


Wednesday, October 21, 2015

ഗസല്‍, മുനയുള്ള ഒരു മൂര്‍ച്ഛയല്ല


പാടുക സാഹിബ് 
അകലങ്ങളിലേക്കെത്ര
പ്രകാശവര്‍ഷങ്ങളുണ്ടാകിലും.
വിലക്കുകള്‍ പൊത്തിയ
കാതുകളെങ്കിലും 
അലിയും ഞാനോര്‍മകളില്‍
ഇലമറക്കിപ്പുറം
മരം പെയ്യുന്ന നേരങ്ങൡ

വിലക്കിന്റെ വേലികെട്ടിയ
കൂടാരങ്ങള്‍ക്കു മീതെ
ഒരു തുണ്ടു മേഘം 
തോരാതെ പെയ്യുന്നു,
ഗുലാം അലി പാടുന്നു.
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍

ഇന്നലെകളില്‍ 
അതിരുകളില്ലാതിരിക്കെ
അലിഞ്ഞു പോയൊരീണങ്ങളില്‍
ഓര്‍ത്തു വെയ്ക്കുന്നു
മധുരിത ഗാനങ്ങളെല്ലാം

ഒരു ഗാനം പോലും
ഓര്‍മയില്‍ സൂക്ഷിക്കാനാവാത്ത
പകലുകള്‍ മരുഭൂമികള്‍ക്കു 
വഴിമാറുന്നു
മുള്‍ച്ചെടികള്‍ പോലും
പൂക്കാന്‍ മറക്കുന്നു
മണല്‍ക്കാറ്റ് കണ്ണു പൊത്തുന്നു

കനവുകളില്‍ കരിമഷിയെഴുതുന്നു
ഉടലുറഞ്ഞ രൂപങ്ങള്‍
ഉലയില്‍ വെന്ത കണ്ണുകള്‍ 
ഉടവാളേന്തിയ കൈകള്‍
കരിന്തേളുകള്‍ കരിങ്കാള സര്‍പ്പങ്ങള്‍
കറുത്ത ചക്രവാളങ്ങനെയെല്ലാമെല്ലാം
ജീവനൊഴികെ മറ്റെന്തും
വരച്ചു ചേര്‍ക്കുവാനൊക്കുന്നു
ഒറ്റവാക്കിലും മുനയിലുമൊതുക്കുന്നു
ഒടുവില്‍ ഒരു കറുത്ത ഭൂപടത്തില്‍
പുല്ലു തിന്നുന്ന പശു.

കേഴുന്ന കാലം വരും
പാടുക സാഹിബ്
വിലക്കിന്റെ വള്ളികളില്‍
ആ പുഷ്പരാഗങ്ങള്‍
ഒരു പൂക്കാലം കൂടി നിറയ്ക്കട്ടെ. 


Saturday, March 28, 2015

a city, a poeam and the foot ball
ഒരു ജെട്ടി, ഒരു മേനക

എന്റെ കൂട്ടുകാരീ,
നിന്റെ പിറന്നാള്‍ തലേന്നു
നക്ഷത്രങ്ങള്‍ നാണിച്ചു 
താഴേക്കു നോക്കുന്ന
ഒരു കൊച്ചു മൂക്കുത്തി
വാങ്ങിത്തരും ഞാന്‍
കൊലുസിന്റെ കിലുക്കമുള്ള
ജിമിക്കികള്‍ നിന്റെ
കാതുകളില്‍ ചിരിക്കുന്നതു
കേള്‍ക്കാന്‍ വേണ്ടി മാത്രം.
അന്നു വൈകുന്നേരം
ചിരിച്ചു പുഷ്പിച്ച
ഗുല്‍മോഹറുകള്‍ക്കു താഴെ
മറൈന്‍ ഡ്രൈവിലൂടെ
കപ്പലണ്ടി തിന്നു നടക്കും നമ്മള്‍
കാവ്യാ മാധവനു നിന്നേക്കാള്‍
പ്രായം തോന്നുമെന്നു കളി പറയും.
നിന്റെ തലയില്‍ നഫീസാ അലിയുടെ
വെള്ളിമുടികള്‍ പടിഞ്ഞാറു നോക്കി പറക്കും.
കൊച്ചിക്കായല്‍ കടന്നു നമ്മള്‍
ഫോര്‍ട്ടു കൊച്ചിക്കു
സന്ധ്യ കാണാന്‍ പോകും.
കടല്‍ കയറിയിറങ്ങുന്ന കരയില്‍
നിന്നു മാനത്തേക്കു ഒരു ചുവന്ന
പട്ടം പറത്തി വിടും.
ദൂരെ പൊട്ടു പോലെ കാണുന്ന
കപ്പലുകള്‍ക്കെല്ലാം
ടൈറ്റാനിക്കെന്നു പേരിടും.
തിരിച്ചു പോരുന്ന ബസിലിരിക്കുമ്പോള്‍
നീ ഒരു ജെട്ടി, ഞാനൊരു മേനക.*
വെണ്ടുരുത്തിപ്പാലം കടക്കുമ്പോള്‍
ചുംബന സമരത്തിന്റെ
പോസ്റ്റര്‍ ആടു തിന്നുന്നത്
ഞാന്‍ കാണിച്ചു തരും.
എന്റെ നില്‍പുസമരം
വിജയത്തിന്റെ വക്കിലത്തെുമ്പോള്‍
നീ അവളെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങും.
കേട്ടില്ലെന്നു വെച്ചാലും നീ
പിന്നെയും പിന്നെയും ചോദിക്കും.
അപ്പോഴാണു നക്ഷത്രങ്ങള്‍ നാണിക്കുമെന്നു
കരുതിയ മുക്കുത്തിയില്‍
എന്റെ ദ്വീപുകളുടെ ഭൂപടം കാണുന്നത്.
-----------------------------------------------------------------
* എറണാകുളത്തെ രണ്ട് ബസ്റ്റോപ്പുകള്‍ frown emoticon