Sunday, September 21, 2008

മൂന്നു നിഴലുകള്‍ നിലാവ്‌ കാണുന്നു


നിലാവിനെക്കുറിച്ച്‌ ഒരു സ്വകാര്യം

നിലാവ്‌ വെറുമൊരു വെളിച്ചമല്ല

നിലാവ്‌ ഒരിരുളുമല്ല

അതിനു നിറമില്ലാത്ത നിറമാണ്‌.

നിലാവെന്നാല്‍ ഇരുളും വെളിച്ചവും ഇണചേരുന്നതുമല്ല.

അത്‌

ഇഷ്ടമുള്ള ആരെയോ

നിറമുള്ള ഉടുപ്പുകളെല്ലാം

തനിയെയഴിച്ചുവെച്ച പാടെ

ആദ്യമായി കാണുന്നതു പോലെയാണ്‌.

ഭൂതലത്തിന്നക്കരെ നിന്നും വരുന്ന

(സത്യത്തിന്റെ) ആ കാഴ്‌ച

കാണുന്നയാളെ ഒരു നിമിഷം

അങ്ങേലോകത്തേയ്‌ക്ക്‌

കെട്ടിയെടുക്കുന്നു.

അതുകൊണ്ട്‌

നിലാവ്‌

അക്കരയ്‌ക്കുള്ള

ഒരു പാലമാകുന്നു.

- കെ.പി ജയകുമാര്‍


മൂന്നു നിഴലുകള്‍ നിലാവ്‌ കാണുന്നു

നിലാവിനെക്കുറിച്ച്‌ തമ്മില്‍ തമ്മില്‍ പണ്ടൊക്കെ ഒരുപാട്‌ പറഞ്ഞിരുന്നു. പറഞ്ഞതൊക്കെയും നിലാവത്തിരുന്നിരുന്നായതു കൊണ്ട്‌ ഓര്‍മകളുടെ പാല്‍ വെളിച്ചത്തിനു മുകളില്‍ ഇനിയും മറവിയുടെ പാട കെട്ടിയിട്ടില്ല. എത്ര തന്നെ പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങള്‍ ഇടക്കെപ്പോഴൊക്കെയോ മുറിഞ്ഞു പോയിരുന്നുവെന്നു മാത്രം. എങ്കിലും തമ്മില്‍ കാണുമ്പോഴൊക്കെ ഇന്നു വരെ ആര്‍ക്കും ഉഷ്‌ണമുണ്ടാക്കാത്ത നിലാവെളിച്ചത്തിലിരുന്ന്‌ മതിയാവോളം പറഞ്ഞിരുന്നു. നിലാവില്‍ നിഴലുകള്‍ ചാഞ്ഞോ ചരിഞ്ഞോ എന്ന്‌ ആ കു്‌ന്നിന്‍ പുറത്തു നിന്നുള്ള മടക്കയാത്രയില്‍ പല വട്ടം തിരിഞ്ഞു നോക്കിയത്‌ പരസ്‌പരം അറിയിക്കാതെയായിരുന്നു. പക്ഷെ ഓരോ തിരിഞ്ഞു നോട്ടവും പരസ്‌പരം അറിയുന്നുമുണ്ടായിരുന്നു, അല്ലെങ്കില്‍ നിലാവറിയിച്ചു കൊണ്ടിരുന്നു. നിലാവിന്‌ സുഖമുള്ള ചൂടുണ്ടായത്‌ വാക്കിലും നോക്കിലും തീഷ്‌ണതയുള്ള അവന്റെ വരവുണ്ടാകുമ്പോള്‍ മാത്രം. അല്ലാത്തപ്പോള്‍ നിലാവ്‌ തിരകളില്ലാതെ ഇടക്കിടെ കരയിലേക്കിഴഞ്ഞെത്തുന്ന കടല്‍ പോലെ. വാക്കുകള്‍ ഇപ്പോള്‍ നോട്ടങ്ങള്‍ മാത്രമാണ്‌, നിലാവ്‌ കണ്ണിലും. വീണ്ടും നിലാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പറയാനുള്ളതെല്ലാം ബാക്കി വച്ചിരിക്കുന്നതിന്റെ വേദനയാണ്‌. ഇല്ല വാക്കുകള്‍ തിരിച്ചു വരിക തന്നെ ചെയ്യും, നിലാവില്‍ നിഴല്‍ കാണാന്‍ ഇനിയും കൈകള്‍ കോര്‍ത്തു പിടിച്ച്‌ ആ കുന്നുകള്‍ കയറണം, എന്നിട്ട്‌ പരസ്‌പരം പറയാതെ പിന്നിലേക്ക്‌ കള്ള നോട്ടം നോക്കണം, നിലാവില്‍ നിഴല്‍ കാണാന്‍. നിലാവിനെക്കുറിച്ച്‌ ഒരു സ്വകാര്യം പാല്‍വെളിച്ചത്തില്‍ കാച്ചിക്കുറിക്കിയെടുത്തു തന്നത്‌ പ്രീയപ്പെട്ട ജയനാണ്‌. ഒരു പക്ഷെ കുന്നിറങ്ങുമ്പോള്‍ ഞങ്ങളറിയാതെ നിഴല്‍ കാണാന്‍ തിരിഞ്ഞു നോക്കിയ അവനോടു നിലാവും പറഞ്ഞ സ്വകാര്യമായിരിക്കുമത്‌. ഇപ്പോള്‍ നിലാവിന്റെ നോട്ടം അവനെയാണല്ലോ ഏല്‍പിച്ചിരിക്കുന്നത്‌. അതു കൊണ്ടു തന്നെ ഞങ്ങള്‍ക്കുള്ളതു കൂടി അവനോടാണെന്നാണ്‌ പാതിയടച്ച ജാലകവിടവില്‍ കണ്ടപ്പോഴും നിലാവ്‌ മന്ത്രിച്ചത്‌. പിന്നെയുമെന്തോ പറയാന്‍ തുടങ്ങിയപ്പോഴാവണം ചീവീടുകള്‍ ജൈവ സിംഫണി തുടങ്ങിയത്‌.


Wednesday, September 17, 2008

ചില സ്വപ്‌ന വിചാരങ്ങള്‍


എന്നും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു കൂട്ടുകാര്‍. അതും ചുമ്മാ ഉറക്കത്തിനിടയ്‌ക്കു ആരും ക്ഷണിയ്‌ക്കാതെ വലിഞ്ഞു കയറി വരുന്ന സ്വപ്‌നങ്ങളായിരുന്നില്ല. മലയാളത്തില്‍ മേനോനെപ്പോലെയോ തമിഴില്‍ കമലഹാസനെപ്പോലെയോ തന്റെ സ്വപ്‌നങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ സാറ ആരുടെയും അനുവാദത്തിനു കാത്തു നില്‍ക്കാതെ ഒറ്റയ്‌ക്കങ്ങു നിര്‍വഹിച്ചു. സാറയുടെ വിളി കേള്‍ക്കാതെ ഒരിക്കല്‍ പോലും ഒരു സ്വപ്‌നം പോലും അവളെ തേടി വന്നിരുന്നില്ല. എന്നിട്ടും അവളുടെ ദുഖത്തിനു പറഞ്ഞാല്‍ മനസിലാവാത്ത രണ്ടു കാരണങ്ങളുണ്ടായിരുന്നു. രണ്ടു പേര്‍ മാത്രം എത്ര വിളിച്ചിട്ടും ഒരിക്കല്‍ പോലും അവളുടെ സ്വപ്‌നത്തിലേക്കു കടന്നു വന്നില്ല, കടലിനെയും സ്വന്തം നിഴലിനെയും സ്വപ്‌്‌നത്തില്‍ കാണുകയെന്നത്‌ എത്ര ശ്രമിച്ചിട്ടും സാറയ്‌ക്കു കഴിഞ്ഞിരുന്നില്ല. കടലാസു പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന ഇട വഴികളില്‍ പല വട്ടം തിരിഞ്ഞു നോക്കിയിട്ടും ഒരേയൊരു തവണ മാത്രം അതും അവ്യക്തമായാണ്‌ സാറ തന്റെ നിഴലിനെ കണ്ടത്‌. എത്ര വട്ടം വിളിച്ചിട്ടും പലതും പറഞ്ഞ്‌ പ്രലോഭിപ്പിച്ചെങ്കിലും സാറയുടെ സ്വപ്‌നത്തിലേക്കു കൂട്ടു വരാന്‍ നിഴല്‍ കൂട്ടാക്കിയില്ല. കടലാവട്ടെ വേലിയിറക്കമെന്ന പോലെ അവളെ എന്നും കളിപ്പിച്ചിരുന്നു. പണ്ടു പള്ളിക്കൂടത്തില്‍ നിന്നും ടൂറു പോയപ്പോള്‍ കണ്ട ശംഖു മുഖത്തിന്റെ നേരിയൊരോര്‍മയുണ്ടായിട്ടും തിരകളും അവളെ തിരിഞ്ഞു നോക്കാന്‍ തയാറായില്ല. എത്ര തവണ പകല്‍ സമയങ്ങളില്‍ ഇവരെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നതാണ്‌. എന്നിട്ടും ഇവറ്റയൊന്നു തിരിഞ്ഞു നോക്കുന്നില്ലല്ലോ. ഇനിയെന്തു പറഞ്ഞിട്ടെന്താ വരുമ്പോള്‍ കാണാം അത്ര തന്നെ. സ്വ്‌പ്‌നങ്ങള്‍ കഴിഞ്ഞാല്‍ സാറ അല്‍പമെങ്കിലും അടുപ്പിക്കുന്നത്‌ ഹരിദ്വാറില്‍ നിന്നും മടങ്ങാന്‍ കൂട്ടാക്കാത്ത രമേശ്‌ പണിക്കരെയും ആയുസിന്റെ പുസ്‌തകത്തില്‍ കാപ്പിച്ചെടികള്‍ക്കിടയിലൂടെ നടക്കുന്ന യോഹന്നാനെയുമാണ്‌. അവരോടും പറഞ്ഞു കടലും നിഴലും പിണങ്ങി നടക്കുന്ന കഥ. പക്ഷെ മുകുന്ദനോടും ബാലകൃഷണനോടും ചോദിയ്‌ക്കാതെ അവളെ സഹായിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ്‌ ഇരുവരും തെന്നിമാറിക്കളഞ്ഞു. ചുമ്മാ പട്ടയും കഞ്ചാവു മടിച്ചിരിക്കുന്ന അവന്‍മാരോടു പറഞ്ഞ തന്നെ പറഞ്ഞാല്‍ മതിയല്ലോ എന്നോര്‍ത്തു കൊണ്ടവള്‍ സ്വയം ആശ്വസിച്ചു. ആയുസിന്റെ പുസ്‌തകം ഒരിക്കല്‍ കൂടി വായിച്ച്‌ യോഹന്നാനെ കാപ്പിച്ചെടികള്‍ക്കിടയില്‍ അലയാന്‍ വിട്ടിട്ടാണ്‌ അ്‌ന്നും സാറ ഉറങ്ങാന്‍ കിടന്നത്‌. മയക്കം ഉറക്കത്തിലേക്കു തെന്നി വീണ നേരം തന്നെ ഒരു തിരയിളക്കവും നിഴലനക്കവും അവളുടെയുള്ളില്‍ മിന്നി. കണ്ണു തുറന്നാല്‍ കടലും നിഴലും വീണ്ടും പിണങ്ങിയാലെ എന്നോര്‍ത്തവള്‍ കുറച്ചു നേരം ഇമകള്‍ ഇറുക്കിയച്ചു തന്നെ കിടന്നു. എങ്കിലും കാഴ്‌ചയില്‍ എല്ലാവര്‍ക്കുമുണ്ടാകാറുള്ള അത്യാഗ്രഹം ജന്‍മസിദ്ധമായി അവള്‍ക്കും ഉണ്ടായിരുന്നെന്നു തന്നെ വേണം കരുതാന്‍. കടലിനെയും നിഴലിനെയും ഒന്നു വെളിച്ചത്തില്‍ കാണണമെന്നു തോന്നിയതു കൊണ്ടാവണം അവളുടെ കൈകള്‍ അറിയാതെ മേശപ്പുറത്തെ ടേബിള്‍ ലാമ്പിലേക്കു നീണ്ടു. വെളിച്ചം വീണ നിമിഷം രണ്ടു വിരലുകള്‍ വീര്‍ത്ത കവിളില്‍ തട്ടി കൂട്ടു വെട്ടിയ ശബ്ദമാണു കേട്ടത്‌. കഷ്ടം അവര്‍ പിന്നെയും പിണങ്ങി.മനസു കലങ്ങിയ സാറ അന്നാദ്യമായി കഴുത്തില്‍ കിടന്ന കൊന്ത ഊരി കട്ടില്‍ തലയ്‌ക്കല്‍ വച്ചു. എന്നിട്ട്‌ കാപ്പിത്തോട്ടത്തില്‍ അലയാന്‍ പോയ യോഹന്നാനെ വിളിച്ചു കൊണ്ടു വന്നു. പിന്നെയൊരു കഥയ്‌ക്കും തിരക്കഥയ്‌ക്കും അധികം നേരം വേണ്ടി വ്‌ന്നില്ല, സംഭാഷണം ചില ശബ്ദങ്ങളില്‍ മാത്രം ഒതുങ്ങിയതു കൊണ്ട്‌ എഴുതി വയ്‌ക്കേണ്ടി വന്നില്ല. സംവിധാനം മാത്രം അന്നാദ്യമായി സാറ മറ്റൊരാളുമായി പങ്കു വച്ചു.

Wednesday, September 10, 2008

പേടിക്കേണ്ട!


ഒരു മാറ്റത്തിനായി മൂന്നു വട്ടം കോഴി കൂവുന്നതു വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല, കണ്ണടച്ചു തുറക്കുന്ന നേരം മതി. പുലര്‍ച്ചയായെന്നു കരുതി നാളെ ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ തുറക്കുന്നത്‌ ഘോരാന്ധകാരത്തിലേയിരിക്കുമെന്ന പേടിച്ച നാളുകള്‍ക്ക്‌ അന്ത്യമായി. ശാന്തസമുദ്രങ്ങളുടെ അടിത്തട്ടില്‍ വിശ്രമിക്കുന്ന സുനാമി പോലെ പ്രപഞ്ചത്തെ വിഴുങ്ങും എന്ന പ്രചാരണങ്ങള്‍ക്കും അന്ത്യമായി. ആലിസിന്റെ അത്ഭുത ലോകത്തു നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശ്വസിപ്പിക്കുന്നവയാണ്‌. ജനീവയിലെ പരീക്ഷണശാലയില്‍ നടക്കുന്ന കണികാ പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടം വിജയിച്ചതോടെ എല്ലാ ആശങ്കകള്‍ക്കും വിരാമമായി. തുടക്കം മുതലെ ആശങ്കയും അത്ഭുതവും നിറഞ്ഞതായിരുന്നു കണികാ പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും. മനുഷ്യ നിര്‍മിത തമോ ഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമോ അതോ ശാസ്‌ത്ര ലോകത്തിന്റെ പുതിയൊരു വഴിത്തിരിവായി മാറുമോ എന്ന സംശയങ്ങള്‍ക്ക്‌ പൂര്‍ണമായി ഉത്തരം കണ്ടെത്തിയിട്ടില്ലെങ്കിലും ആശ്വസിക്കാന്‍ വഴിയുണ്ട്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായ ശാസ്‌ത്രലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷത്തിനാണ്‌ സെപ്‌റ്റംബര്‍ പത്തിന്‌ ഇന്ത്യന്‍സമയം 1.20ന്‌്‌ തുടക്കം കുറിച്ചത്‌. ലാകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചതോടെ ലോകമെങ്ങുമുള്ള ശാസ്‌ത്രകുതുകികള്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ ഓരോ നിമിഷത്തെയും വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു. പ്രപഞ്ചോത്‌പത്തിയെക്കുറിച്ച്‌ പഠിക്കാന്‍ ആറ്റങ്ങള്‍ ഉള്‍പ്പടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളുടെ സൃഷ്ടി മനസിലാക്കാന്‍ നടത്തുന്ന പരീക്ഷണം പക്ഷെ ഭൂമിയുടെ തന്നെ നാശത്തിനു വഴി വെയ്‌ക്കുമോ എന്നായിരുന്നു നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്ക. ഇത്‌ ഉണ്ടാക്കിയേക്കാവുന്ന തമോഗര്‍ത്തങ്ങള്‍ ഒരുപക്ഷെ ഭൂമിയെത്തന്നെ വിഴുങ്ങിയേക്കാം. അങ്ങനെ ഒരു ഭയത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ ശാസ്‌ത്രഞ്‌ജര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മഹാനാശത്തിലേക്കുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനുമാവില്ലന്നായിരുന്നു ഒരു വിഭാഗം വാദിച്ചിരുന്നത്‌.മള്‍ട്ടി മില്യണ്‍ ഡോളര്‍ ലാര്‍ജോ ഹാഡ്രോണ്‍ കൊളൈഡര്‍ തുറക്കാന്‍ പോകുന്നത്‌ ഗവേഷണത്തിന്റെ പുതിയൊരു ലോകമാണ്‌. ഇതു വരെയുള്ള നിര്‍വചനങ്ങളും സമവാക്യങ്ങളും മാറിമറിഞ്ഞേക്കാം. പുതിയ കണ്ടു പിടുത്തങ്ങളുടെ ഒു പടിവാതിലുമായേക്കാം ഈ പരീക്ഷണം. പരീക്ഷണം പ്രധാനമായും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രപഞ്ചത്തിലുള്ള മനുഷ്യനു അഞ്‌ജാതമായ കിരണങ്ങളെക്കുറിച്ചാണ്‌. ആല്‍ഫാ, ബീറ്റ, ഗാമ, എക്‌സ്‌റേ, കോസ്‌മിക്‌ എന്നീ കിരണങ്ങളെക്കുറിച്ചേ സാധാരണയായി നമുക്കറിവുള്ളൂ. മറ്റെന്തെല്ലാം കിരണങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്‌, ഈ പരീക്ഷണ സമയത്ത്‌ വിനാശകരമായ ഏതെങ്കിലും കിരണങ്ങള്‍ പരീക്ഷണശാലയില്‍ നിന്ന്‌ വെളിയില്‍ വന്നാല്‍ ലോകത്തിന്‌ ഭയക്കാന്‍ മാത്രം ഒന്നും സംഭവിക്കാനില്ലന്ന്‌ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ശാത്രജ്ഞര്‍ ആവര്‍ത്തിച്ചു പറയുന്നത്‌. പരീക്ഷണഫലമായി ബ്ലാക്ക്‌ഹോള്‍ രൂപം കൊള്ളും എന്നാണ്‌ പറയുന്നത്‌. പക്ഷെ ഈ തമോഗര്‍ത്തങ്ങള്‍ വളരെ ചെറുതും ഊര്‍ജം കുറഞ്ഞതുമായിരിക്കുമെന്നും ഭൂമിക്കടിയില്‍ നിന്നും രക്ഷപെടുന്നതിനു മുന്‍പ്‌ അവ ആവിയായി പോകുമെന്നും ശാസ്‌ത്രഞജര്‍ ആശ്വസിപ്പിക്കുന്നു. തമോഗര്‍ത്തങ്ങള്‍ ഏതിനെയും അതിനകത്തേക്കു ആകര്‍ഷിക്കുന്ന ഒന്നാണ്‌. ഇങ്ങനെ ആകര്‍ഷിച്ച്‌ അകത്താക്കുമ്പോഴാണ്‌ ഇവ ആവിയായി മറയുന്നത്‌. ഇത്തരം അനേകം തമോഗര്‍ത്തങ്ങള്‍ പരീക്ഷണശാലയില്‍ തന്നെ കൂട്ടിയോജിച്ച്‌ വളരെ വലിയ ഒന്നായി മാറിയാല്‍ അല്ലെങ്കില്‍ ചെറിയ തമോഗര്‍ത്തങ്ങള്‍ വലുതായാല്‍ എന്തായിരിക്കും സംഭവിക്കുക. ഭൂമി മുഴുവനായും, പ്രപഞ്ചം തന്നെ ആ തമോ ഗര്‍ത്തത്തിലേക്കു ഉള്‍വലിഞ്ഞു പോകാം എന്നുമുള്ള ആശങ്കകളാണ്‌ പ്രചരിച്ചിരുന്നത്‌. എന്നാല്‍ അതീവ ജാഗ്രതയോടെയാണ്‌ പരീക്ഷണത്തിന്റെ പ്രാഥമീക ഘട്ടം നടന്നത്‌. കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ്‌ പ്രോട്ടോണുകളുടെ ആദ്യധാര കടത്തിവിട്ടത്‌. മുന്‍പറഞ്ഞതിലും വേഗത അല്‍പം കുറയ്‌ക്കുകയും ചെയ്‌തു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രോട്ടോണ്‍ ധാരകളുടെ ഘടികാരദിശയിലുള്ള യാത്ര പൂര്‍ത്തിയായി. അതിശക്തിയായ പ്രോട്ടോണ്‍ധാരയുടെ നിന്ത്രണം നഷ്‌ടമായേക്കാവുന്നതാണ്‌ ഏറ്റവും വലിയ അപകടം. പക്ഷെ ഇതിന്റെ പ്രത്യാഘാതം പരീക്ഷണം നടക്കുന്ന തുരങ്കത്തില്‍ തന്നെ ഒതുങ്ങുമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ ഉറപ്പു പറയുന്നത്‌. ഇരുപതു വര്‍ഷം നീണ്ടു നിന്നേക്കാവുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന്റെ തന്നെ ഫലം അറിയാന്‍ രണ്ടു വര്‍ഷം കാത്തിരിക്കണം. പ്രപഞ്ചത്തിന്റെ നാലു ശതമാനം മാത്രമെ നമുക്കു ദൃശ്യമായുള്ളൂ ബാക്കി നൊണ്ണൂറ്റിയാറു ശതമാനവും അജ്ഞാതമാണ്‌. ഈ പറഞ്ഞ മാറ്റങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലോ ഒരു പക്ഷെ അനേകം വര്‍ഷങ്ങള്‍ കൊണ്ടും സംഭവിക്കാം. സ്വിറ്റ്‌സര്‍ലന്റിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ അണുഗവേഷണ സംഘടന(സേണ്‍)യാണ്‌ കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള കണികാ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്‌. ഫ്രാന്‍സ്‌-സ്വിറ്റ്‌സര്‍ലന്റ്‌ അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച ലാര്‍ജ്‌ ഹാഡ്രോണ്‍ കോളിഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിന്റെ ടണലിലാണ്‌ പരീക്ഷണം നടത്തുക. ടണലിലൂടെ വിപരീത ദിശയില്‍ പ്രകാശവേഗത്തിനടുത്തു സഞ്ചരിക്കുന്ന പ്രോട്ടോണുകളെ പരസ്‌പരം കൂട്ടിയിടിപ്പിച്ച്‌ ചിതറിക്കുകയും അതില്‍ നിന്നു പുറത്തുവരുന്നത്‌ എന്താണെന്നു പഠിക്കുകയുമാണ്‌ പരീക്ഷണത്തില്‍ ചെയ്യുക.27 കിലോമീറ്റര്‍ ചുറ്റളവുള്ള, ഇന്നോളമുള്ളതില്‍ വച്ചേറ്റവും വലിയ ഈ യന്ത്രം 10 വര്‍ഷം കൊണ്ടാണ്‌ നിര്‍മിച്ചത്‌. വൃത്താകൃതിയില്‍ സ്ഥാപിച്ച ഈ കൂറ്റന്‍ ടണലിനുമാത്രം നാലു ബില്യണ്‍ ഡോളറാണ്‌ ചെലവായത്‌. 32 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ ശാസ്‌ത്രജ്ഞരും ഡസന്‍കണക്കിന്‌ ഗവേഷണസ്ഥാപനങ്ങളും ചേര്‍ന്നാണ്‌ പരീക്ഷണം നടത്തുന്നത്‌. ഇന്നുവരെ നടത്താത്ത ഉയര്‍ന്ന ഊര്‍ജനിലയി ല്‍ സെക്കന്റില്‍ 6,000 ലക്ഷം കൂട്ടിയിടിയാണ്‌ ടണലിനുള്ളില്‍ അരങ്ങേറുക. ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഊഷ്‌മാവ്‌ സൂര്യന്റെ അകക്കാമ്പിലേതിനേക്കാള്‍ ഒരുലക്ഷം മടങ്ങ്‌ കൂടുതലായിരിക്കും.പരീക്ഷണം ഭൂമിയുടെ പൂര്‍ണ നാശത്തിലേക്കായിരിക്കും നയിക്കുകയെന്ന്‌ ഒരുവിഭാഗം ശാസ്‌ത്രജ്ഞര്‍ പറയുന്നു. അത്യുന്നത ഊഷ്‌മാവിലും ഊര്‍ജത്തിലും നടക്കുന്ന കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുന്ന ഊര്‍ജ പ്രതിഫലനം വന്‍ വിനാശത്തിനു കാരണമാവുമെന്നും സുനാമി, ഭൂകമ്പം, പ്രളയം തുടങ്ങിയവയ്‌ക്കും കാലാവസ്ഥയുടെ തകിടംമറിച്ചിലിനും ഭൂമി സാക്ഷ്യം വഹി ക്കുമെന്നും ജര്‍മന്‍ രസതന്ത്രജ്ഞന്‍ ഓട്ടോ റസ്‌ലര്‍ പറയുന്നു.