Friday, April 1, 2016

അനന്തരം അടുക്കളയില്‍


അടുക്കി വെക്കാത്ത
ചില പുസ്തകങ്ങള്‍
ചിതറിക്കിടപ്പുണ്ട്
ചിതലരിക്കാതെ
ഓര്‍മയിലെ
അടുക്കളയലമാരയില്‍

ഒരു സമാഹാരത്തിലുമില്ലാതെ
ഒറ്റയ്ക്ക് ഓരം ചേര്‍ന്നു
കത്തിയ അടുപ്പുകളില്‍
എരിഞ്ഞതും പുളിച്ചതുമായി
ചില കവിതകളുമുണ്ടോര്‍മയില്‍

അതില്‍ മാത്രമാണ്
പുഴയറുതികളില്‍
പണ്ടു പണ്ട് ഒരു കടലെന്ന്
ഉപ്പുകുറുകിയ ഉഷ്ണത്തില്‍
ഉണക്കമീനുകള്‍
ഗദ്ഗദപ്പെടുന്നത്.
മഴയറുതികളില്‍
ഉള്ളിയും മുളകും
ഉപമയാകുന്നതും
വരണ്ടറുതികളില്‍
ചക്കക്കുരുവും മാങ്ങയും
അലങ്കാരമാകുന്നതും
ആ കവിതകളിലാണ്

ഒരു വാഴക്കൂമ്പും
താള് തകര തഴുതാമയും
കടം കൊണ്ട മോരും
കാച്ചിലും കാന്താരിയും
കടുകു പൊട്ടിച്ചാഘോഷിക്കാതെ
പ്രകാശിപ്പിച്ചതും
അവിടെ മാത്രമാണ്

ഒന്നും തൊട്ടു
നാവില്‍ വെക്കാതെ
എത്ര തുള്ളി കണ്ണീരെന്ന
കണക്കില്‍
ഉപ്പറിയുന്ന ഒരമ്മയും
അടുക്കളയിലയില്‍
മാത്രം എഴുതി വെച്ചിട്ടുള്ള
കവിതയാണ്.