Friday, April 23, 2010

ആരോടും പറയാതെ


മലയാള സിനിമാ ലോകത്ത് നിന്ന് ഓര്‍മകളുടെ പട്ടികയിലേക്ക് പൊടുന്നനേ നടന്നു പോയവരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി, നടന്‍ ശ്രീനാഥ്. ഉയര്‍ന്നു വന്ന നിരവധി ചോദ്യചിഹ്നങ്ങളുടെ മുന്നില്‍ ഒരു ആശ്ചര്യ ചിഹ്നം മാത്രം ബാക്കിയാക്കി ഉത്തരങ്ങളേതുമില്ലാതെ ഒരു നടന്‍ കൂടി ഇനി ഓര്‍മക്കുറിപ്പുകളില്‍ മാത്രം ജീവിക്കും. എണ്‍പതുകള്‍ തൊട്ട് ഇങ്ങോട്ട് മലയാളി കണ്ട പല സിനിമകളിലും സൌമ്യനായ ഒരു മനുഷ്യന്റെ മുഖമായിരുന്നു ശ്രീനാഥിന്. നായകനായാണ് തുടങ്ങിയതെങ്കിലും ഉപനായകന്റേതുള്‍പ്പടെ ചെറിയ വേഷങ്ങളില്‍ പോലും ശ്രീനാഥിന്റെ കഥാപാത്രങ്ങള്‍ മലയാളിയുടെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ശ്രീനാഥിന്റെ ഭാഗ്യം എന്തു കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങിയില്ല എന്നതിന് കൃത്യമായൊരുത്തരമില്ലെങ്കിലും അഭിനയ വഴികളില്‍ ഓര്‍മിച്ചിരിക്കാന്‍ മാത്രം ഒരു പിടി കഥാപാത്രങ്ങളെ സ്വന്തമാക്കിയാണ് അദ്ദേഹം സ്വയം മരണത്തെ വിളിച്ചു വരുത്തിയത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണു തുറന്ന് നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടോ തനിക്കു പാകപ്പെട്ട കഥാപാത്രങ്ങള്‍ തേടി വരാത്തതു കൊണ്ടോ ശ്രീനാഥ് ബിഗ്സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്ക് ചുവടുമാറ്റി. പക്ഷെ സിനിമയില്‍ കൈവിട്ടു പോയ ഭാഗ്യം സീരിയല്‍ രംഗത്ത് ശ്രീകുമാറിനോടൊപ്പം തന്നെ നിന്നു. നിരവധി സീരിയലുകളില്‍ ശ്രദ്ദേയമായ ക്യാരക്ടര്‍ വേഷങ്ങളിലെത്തിയ ശ്രീനാഥ് കുടുംബസദസുകളുടെ പ്രിയ നടനായി. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ നടന്നു കൊണ്ടിരിക്കുന്ന എന്റെ മാനസപുത്രി എന്ന സീരിയലില്‍ ശ്രീനാഥിന്റെ അച്ഛന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദ്രാസ് ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ പഠനത്തിനുശേഷം 1970 കളുടെ അവസാനം മലയാള ചലചിത്ര രംഗത്തെത്തിയ ശ്രീനാഥ് ആദ്യകാലങ്ങളില്‍ നായകവേഷങ്ങളില്‍ സജീവമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ കടന്നു വരവോടെ ഉപനായകവേഷങ്ങളിലും പ്രതിനായകവേഷങ്ങളിലേക്ക് ചുരുങ്ങി. ഏതാനും തമിഴ്ചിത്രങ്ങളിലും നായകനായിരുന്നു. കേരളാ കഫേയാണ് അവസാനമായി പുറത്തിറങ്ങിയ ശ്രീനാഥ് അഭിനയിച്ച ചിത്രം. ആദ്യകാലങ്ങളില്‍ ശ്രദ്ധേയമായ നായകവേഷങ്ങളും കഥാപാത്രങ്ങളുമാണ് ശ്രീനാഥിനെ തേടിയെത്തിയത്. ഭരതന്‍, മോഹന്‍, പത്മരാജന്‍, വേണുനാഗവള്ളി, ശ്യാമപ്രസാദ്, കെ. മധു തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൊക്കെ ശ്രീനാഥിന് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. എണ്‍പതുകളിലെ നായകന്‍ പിന്നീട് വന്ന നായകന്‍മാരുടെ തോളില്‍കൈയിട്ട് ഉപനായക വേഷങ്ങളില്‍ വന്നപ്പോഴും അവരുടെ നിഴലില്‍ മാത്രം നില്‍ക്കുന്ന വേഷങ്ങളിലെത്തിയപ്പോഴും ഒരിക്കല്‍ പോലും തിരിച്ചറിയപ്പെടാതെയിരുന്നിട്ടില്ല. കിരീടത്തിലെ മോഹന്‍ലാലിനെ നിര്‍ണായകഘട്ടത്തില്‍ സഹായിക്കാനെത്തുന്ന സുഹൃത്തും ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലെ ജോയി എന്ന മദ്യപാനിയുടെ വേഷവും ഈ തിരച്ചറിവുകള്‍ക്കുദാഹരണമാണ്. വേണുനാഗവള്ളിയുടെ സര്‍വകലാശാലയില്‍ ശ്രീനാഥ് അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രവും ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷിയിലെ ആദര്‍ശശാലിയായ രാഷ്ട്രീയക്കാരനെയും മറക്കാനാവില്ല. അല്പം പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദത്തിനുടമയായിരുന്നു. കാല്പനികമായ സ്വരം.സിനിമയില്‍ നിന്ന് വഴിമാറിയിട്ടും സീരിയലുകളിലൂടെ സജീവമായ ശ്രീനാഥ് നല്ലൊരു സിനിമാ പാരമ്പര്യം അവകാശപ്പെടാനുണ്ടായിട്ടും ഒരിക്കല്‍ പോലും വെള്ളിത്തിരയ്ക്ക് പുറത്തെ വിവാദങ്ങളിലോ സംഘടനകളുടെ വാഗ്വാദങ്ങളിലോ പങ്കാളിയായിട്ടില്ല. പല ചിത്രങ്ങളിലും തനിക്കൊപ്പം നായികയായി അഭിനയിച്ച പ്രശസ്ത നടി ശാന്തികൃഷ്ണയെയാണ് വിവാഹം കഴിച്ചത്. ഇത് ഞങ്ങളുടെ കഥ, മംഗളം നേരുന്നു തുടങ്ങിയവയായിരുന്നു ഇരുവരും ഒരുമിച്ച ആദ്യകാല ചിത്രങ്ങള്‍. രണ്ടു വര്‍ഷത്തെ പ്രണയജീവിതത്തിന് ശേഷം വിവാഹിതരായെങ്കിലും. ദാമ്പത്യബന്ധം വിജയമായിരുന്നില്ള. വര്‍ഷങ്ങള്‍ക്കുമുന്‍പ് ശാന്തികൃഷ്ണയുമായി വിവാഹമോചനം നേടി. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥിന് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. തികച്ചും അന്തര്‍മുഖനായിരുന്നു ശ്രീനാഥിന്റെ രൂപമാണ് പല സഹപ്രവര്‍ത്തകരുടെയും ഓര്‍മകളില്‍ ആദ്യം തെളിവരുന്നത്. സ്വകാര്യ ജീവിതത്തിന്റെ അസ്വസ്ഥതകള്‍ ശ്രീനാഥിനെ മരണത്തിലേക്കുള്ള വഴിയില്‍ കൂടുതല്‍ അടുപ്പിച്ചിരുന്നിരിക്കണം. അഭിനയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ മാത്രമുള്ള മറ്റൊരു ലോകത്ത് ശ്രീനാഥ് വേദനിപ്പിക്കുന്ന ഓര്‍മയാകുന്നു.


Friday, April 16, 2010

സൌന്ദര്യം തുളുമ്പുന്ന ഓര്‍മകള്‍


പഞ്ഞിമേഘങ്ങള്‍ക്ക് താഴെ കൂകിയാര്‍ത്തു വന്ന ഒരു വണ്ടിയില്‍ കന്നഡ നാട്ടില്‍ നിന്നും അവള്‍ മലയാളത്തിലേക്കെത്തി. സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാളസിനിമയില്‍ അരങ്ങേറിയ സൌന്ദര്യയെ പ്ളാറ്റ്ഫോമില്‍ കാത്തുനിന്ന യാത്രക്കാര്‍ മാത്രമല്ല തിയേറ്ററിലെത്തിയ പ്രേക്ഷകരും ശ്രദ്ധിച്ചു. അടുത്ത വര്‍ഷം തന്നെ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ ലാലിന്റെ നായിക ആമിനയായി എത്തിയപ്പോഴേക്കും സൌന്ദര്യ മലയാളിയുടെ നായിക സങ്കല്‍പങ്ങളിലെ സൌന്ദര്യത്തിടമ്പായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ വെള്ളിത്തിരയില്‍ പിന്നെയും അവസരങ്ങളോട് കൈ കോര്‍ക്കാന്‍ അനുവദിക്കാതെ മരണം ഒരു യന്ത്രപ്പറവയായി വന്ന് അവളെയും കൂട്ടിപ്പോയി. സൌന്ദര്യം തുളുമ്പുന്ന മുഖശ്രീയും കുറെ ഓര്‍മകളും ബാക്കിയാക്കി കടന്നുപോയ ഈ തെന്നിന്ത്യന്‍ താരസുന്ദരിയുടെ വേര്‍പാടിന് ആറുവയസ് തികയുന്നു. തെന്നിന്ത്യന്‍ താരമായിരുന്നെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായിരുന്നു സൌന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇന്നും ഒരു നൊമ്പരമായി, വേദനയായി സൌന്ദര്യയുടെ മുഖം ഓര്‍മയിലേക്കെത്തുന്നു. മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു പേരു പോലെ സൌന്ദര്യം തുളുമ്പുന്ന ആ മുഖവും അഭിനയ പാടവവും. മലയാളത്തില്‍ രണ്ടു ചിത്രങ്ങളിലേ അഭിനയിച്ചുള്ളുവെങ്കിലും സൌന്ദര്യയെ പ്രേക്ഷകര്‍ മലയാളി നായികയായിത്തന്നെ കരുതി സ്വീകരിച്ചു. കമല്‍ സംവിധാനം ചെയ്യാനിരുന്ന മുന്തിരിത്തോപ്പുകളുടെ അതിഥി എന്ന ചിത്രത്തില്‍ അഭിനിയിക്കാനിരിക്കെയാണ് സൌന്ദര്യയെ മരണം കവര്‍ന്നെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ബാംഗ്ളൂരിലുണ്ടായ ഒരു വിമാന അപടകത്തിലാണ് സൌന്ദര്യയെന്ന നടിയെ വെള്ളിത്തിരയ്ക്ക് നഷ്ടമാകുന്നത്. ബി.ജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ചെറുവിമാനം തകര്‍ന്ന് കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൌന്ദര്യയ്ക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്ധ്രാപ്രദേശിലെ കരിം നഗറിലേക്ക് പോവുകയായിരുന്ന വിമാനം ഏപ്രില്‍ 17ന് രാവിലെ 11.05-ന് പറന്നു പൊങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ സൌന്ദര്യയുടെ സഹോദരന്‍ അമര്‍നാഥും കൊല്ലപ്പെട്ടു. മരിക്കുന്ന സമയത്ത് തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും ശ്രദ്ധേയയായിരുന്നു സൌന്ദര്യ. ചലച്ചിത്ര എഴുത്തുകാരനും വ്യവസായിയുമായ കെ.എസ് സത്യനാരായണന്റെ മകളായി ബാംഗ്ളൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൌന്ദര്യയുടെ ജനനം. കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ് രഘുവിനെയാണ് സൌന്ദര്യ വിവാഹം കഴിച്ചത്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ സൌന്ദര്യ കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 12 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ നൂറോളം കഥാപാത്രങ്ങള്‍ക്ക് ജീവനേകി. 1992ല്‍ ഗന്ധര്‍വ എന്ന കന്നഡ ചിത്രത്തിലൂടെ വെള്ളത്തിരയില്‍ അരങ്ങേറിയ സൌന്ദര്യ എം.ബി.ബിസ് പഠനം ഉപേക്ഷിച്ചാണ് അഭിനയരംഗത്ത് സജീവമായത്. ആദ്യ ചിത്രം തന്നെ വന്‍ ഹിറ്റായി മാറിയതോടെ അഭിനയരംഗത്ത് സജീവമായ സൌന്ദര്യ അമിതാഭ് ബച്ചന്റെ നായികയായി അഭിനയിച്ച ബോളിവുഡ് ചിത്രം സൂര്യവംശവും തകര്‍പ്പന്‍ ഹിറ്റായിരുന്നു. അഭിനയത്തിനപ്പുറം സിനിമാ നിര്‍മാണരംഗത്തും കൈ വെച്ച സൌന്ദര്യ ഗീരീഷ് കാസറവള്ളിയുടെ സംവിധാനത്തില്‍ ദ്വീപ എന്ന ചിത്രം നിര്‍മിച്ചു. ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തെ തേടിയെത്തി.മണിച്ചിത്രത്താഴിന്റെ റീമേക്കായ ആപ്തമിത്ര ആയിരുന്നു കന്നഡയില്‍ സൌന്ദര്യയുടെ അവസാന ചിത്രം. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ ചിരഞ്ജീവി, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, രവിചന്ദ്രന്‍, വിഷ്ണു വര്‍ദ്ധന്‍ എന്നിവര്‍ക്കു പുറമെ ബിഗ്ബിയുടെ നായികയായും സൌന്ദര്യ വെള്ളിത്തിരയിലെത്തി. കോളിവുഡിന്റെ താരപ്രഭയില്‍ പത്തു വര്‍ഷം തിളങ്ങിയ ശേഷമാണ് സൌന്ദര്യ മല്ലുവുഡിലേക്കെത്തിയത്. വിരലില്‍ എണ്ണിയാല്‍ തീരുന്ന സിനിമകള്‍ മാത്രമേയുള്ളുവെങ്കിലും സൌന്ദര്യ ഇന്നും മലയാളിയുടെ മനസില്‍ ഒരു മധുരനൊമ്പരത്തിന്റെ ഓര്‍മയാണ്.


Wednesday, April 7, 2010

മധുരം ഗായതി ശ്രേയ


വിട പറയുകയാണോ

ചിരിയുടെ വെണ്‍പ്രാവുകള്‍

ഇരുളടയുകയാണോ

മിഴിയിണയുടെ കൂടുകള്‍...

പാട്ടു കേട്ടാല്‍ പറയുമോ ഇതൊരു ബംഗാളി പെണ്‍കുട്ടിയുടെ ശബ്ദമാണെന്ന്. മലയാളിയല്ലെങ്കിലും തന്റെ പാട്ടുകളിലെ മലയാളിത്തമാണ് ശ്രേയ ഘോഷാല്‍ എന്ന മറുനാടന്‍ പാട്ടുകാരിക്ക് ഇക്കുറി മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. സംഗീത സംവിധായകനായ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയ ബിഗ്ബിയിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തിന് ആദ്യമായി ശബ്ദം നല്‍കുന്നത്. ഒരു മലയാളിപ്പെണ്‍കുട്ടിയുടെ തനിമയോടെയുള്ള ശ്രേയയുടെ ആലാപന ശൈലി അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദ് അണിയിച്ചൊരുക്കിയ അടുത്ത ചിത്രത്തിലും ശ്രേയ പാടാനെത്തി. ഗോപീസുന്ദറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ഇത്തവണ ആലാപനം. ബനാറസ് എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ ഈണത്തില്‍ 'ചാന്ത് തൊട്ടില്ലേ..., മധുരം ഗായതി മീര...', തുടങ്ങിയ ഗാനങ്ങള്‍ മികച്ച ഹിറ്റുകളായി മാറി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ജോസ് വീണ്ടും വിരിയിച്ച നീലത്താമരയിലൂടെയാണ് ശ്രേയ വീണ്ടും മലയാളികളുടെ അനുരാഗ ഗായികയായി മാറിയത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ വിദ്യാസാഗറിന്റെ ഈണത്തില്‍ അനുരാഗ വിലോചിതയായി അതിലേറെ മോഹിതയായി ശ്രേയ പാടിയപ്പോള്‍ മലയാളിയുടെ ഇഷ്ട സ്വരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രേയയുടെ ജനനം. നാലാമത്തെ വയസു മുതല്‍ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ തുടങ്ങി. അമ്മയോടൊപ്പം ഹര്‍മോണിയത്തിലായിരുന്നു തുടക്കം. രാജസ്ഥാനിലെ കോട്ടായില്‍ നിന്നാണ് ശ്രേയ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സീ ടിവിയിലെ സരിഗമ എന്ന പരിപാടിയില്‍ വിജയിയായി. പ്രശസ്ത സംഗിത സംവിധായകനായിരുന്ന കല്യാണ്‍ജിയായിരുന്നു ഈ പരിപാടിയുടെ വിധികര്‍ത്താവ്. പിന്നീട് മുംബയിലേക്ക് താമസം മാറിയ ശ്രേയ അദ്ദേഹത്തിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സരിഗമയില്‍ രണ്ടാം തവണ പങ്കെടുക്കുമ്പോഴാണ് ശ്രേയ സംവിധായകനായ സംഞ്ജയ്ലീലാ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം തന്റെ ചിത്രമായ ദേവദാസില്‍ ശ്രേയയ്ക്ക് പാടാന്‍ അവസരം നല്‍കി. ഇസ്മയില്‍ ദര്‍ബാറിന്റെ സംഗീതത്തില്‍ ശ്രേയ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ആലപിച്ചത്. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നവാഗത ഗായികക്കുള്ള അവാര്‍ഡും ശ്രേയക്ക് ലഭിച്ചു. ബായിരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാല്‍ എന്ന ഗായികക്കു പുറകെ. എ.ആര്‍ റഹ്മാന്‍, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശര്‍മ, നദിം ശ്രവണ്‍, ഇളയ രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരുടെ സംഗിതത്തില്‍ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ ശേയയെ തേടിയെത്തി. ഇപ്പോഴിതാ മലയാളത്തിലും ശ്രേയ തന്നെ ഹിറ്റ്. ബംഗാളിയുടെ ആലാപനത്തില്‍ വീണ്ടും മലയാളിത്തമുള്ള ഈണങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാം.