Wednesday, October 30, 2013

കടല്‍പ്പാലം ഒരു തിരിച്ചുവരവല്ല

അപ്പോള്‍ മുതല്‍ കണ്ണാടിയില്‍
കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ
മുഖമായിരുന്നെനിക്ക്.

കാറ്റ് പിണങ്ങിയ പായ്മരങ്ങളും
ദിക്ക് തെറ്റിയ ദിശാസൂചികളും
കരയിലേക്കുള്ള ഭൂപടങ്ങളില്‍
പലകുറി തിരുത്തി വരഞ്ഞു.

വഴിക്കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ്
നീ വിരല്‍ച്ചൂണ്ടിക്കാണിച്ചു തന്ന
വിളക്ക് അന്നൊരുവട്ടം പോലും
ആകാശമുറ്റത്തേക്കിറങ്ങിയില്ല.

അത്രമേല്‍ നിനവുകള്‍ കൂട്ടിത്തുന്നിയ
പൊന്‍വല വീശിയല്ലേ നിനക്കായി
ഞാനാഴിയാഴങ്ങളില്‍ തിരഞ്ഞത്.

നിന്റെ മിഴിക്കോണുകളില്‍
തീരത്തോടെന്ന പോലെയും
കൊലുസിട്ട് കണങ്കാലുകളില്‍
ഇക്കിളിപോലെയും
പഞ്ചാരക്കവിളില്‍ പെരുവിരലെന്റെ
പേരെഴുതും നേരമൊരു കള്ളിത്തിര
വന്ന് മായ്ച്ചു പോകുന്നതും
കനിവില്‍ക്കണ്ടത്രനാള്‍
കാത്തിരുന്നല്ലേ കരയോടണഞ്ഞത്.

എന്നിട്ടുമെന്തേ പെണ്ണേ ഇപ്പോള്‍
ഞാന്‍ നിന്റെ കണ്ണിലൊളിപ്പിച്ച
കടലിത്രയ്ക്ക് തുളുമ്പാന്‍.
അത്രമേല്‍ അലതല്ലിയെന്നോ
അഴലിനാഴങ്ങള്‍ അലയാഴി പോലെ.


Thursday, October 24, 2013

ഹൈക്കു കവിതകൾ

(1) ഒരോടക്കുഴല്‍ കൂട്ട് വെട്ടുന്നു
-------------------------------------

നിന്നധരത്തോട് ചേരുമ്പോള്‍ മാത്രം
എന്തേ കണ്ണാ, മുളങ്കാടുലഞ്ഞ പോലെ
പതിനാറായിരത്തെട്ട് രാഗങ്ങള്‍.

(2) വേനല്‍
------------

കാത്തിരുന്നേറെക്കഴിഞ്ഞിട്ടും
നിന്റെ കുടത്തില്‍ നിറയ്ക്കാന്‍
ഈ പുഴയ്‌ക്കൊരു തേങ്ങലേയുള്ളൂ.

(3) കാറ്റേ കാറ്റേ
---------------------

ഒരൊറ്റക്കമ്പി നമുക്കിടയില്‍
വലിഞ്ഞു മുറുകിയിട്ടും
മീട്ടുവാന്‍ മറന്നില്ലേ, ഗായത്രിവീണ.

(4) പിന്നില്‍
---------------

കാണാതെ പോയെന്നോ,
ഞാനൊരുപാട് പെയ്തിരുന്നു
നീ ചൂടിയ ചേമ്പിലമുകളില്‍.

(5) കല്ലുപെന്‍സിലെഴുതുന്നു
--------------------------------

മാഞ്ഞു പോയതൊരു
മഴയായിരുന്നെന്ന്
മഷിത്തണ്ടിന്റെ വിലാപം.

(6) പൂവിളി
-----------

തെച്ചിയും ചെമ്പകവും
ഓര്‍മകളുടെ ഫ്രെയിമില്‍
മുറ്റത്ത് ഒറ്റയ്‌ക്കൊരു തുമ്പ

(7) ഏദന്‍ താഴ്‌വരയില്‍
-----------------------

ഹവ്വാ, വിലക്കിന്റെ വള്ളി പൊട്ടിയ
നിമിഷത്തിലോ നിന്റെ ചുണ്ടില്‍
ആപ്പിള്‍ മധുരം ചുരത്തിയത്

(8) മീന്‍കാരി
----------

പെണ്ണേ, മുക്കുത്തിയില്‍ തട്ടി
നിന്റെ കണ്ണിലേക്ക്
കാല്‍ തെറ്റി വീണതോ കടല്‍

(9) മുല്ലപ്പൂങ്കല്ല്
--------------

ഇത്രനാള്‍ പഞ്ചാര മണലിന്‍
നെഞ്ചിലുറങ്ങിയിട്ടും
കടലേ നിനക്കിത്ര കയ്‌പ്പോ

(10) കണ്ണാടിയില്‍
---------------------

അത്രമേല്‍ നാണിച്ചിട്ടോ
ഗുല്‍മോഹര്‍,
നിനക്കിത്ര ചുവപ്പ്

(11) കുടയോട്
------------------

മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടല്‍ നനയാന്‍
നീ തന്നെ പെയ്യണം

(12) തിര
------------------------

കടലേ, കരിങ്കല്‍ച്ചുമരില്‍ നിന്റെ
രൗദ്രഭാവം പോലല്ല, ആര്‍ദ്രം അഗാധ
മാണമ്മ തന്‍ കണ്ണിലെ വേലിയേറ്റം.

(13) കൊച്ചിയില്‍
---------------------------

റാഫിയും സൈഗളും താളം പിടിക്കുമ്പോള്‍
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.

(14) ആമേന്‍
------------------

ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.

(15) പൂങ്കിനാവ്
-----------------------

വെയില്‍ ഉണക്കിയെടുത്ത അമ്മയുടെ നീലസാരിയില്‍
ഞാന്‍ കണ്ടത്രയുമുണ്ടോ, നീ നട്ടുനനച്ചതില്‍
പൂവിരിഞ്ഞതും പൂമ്പാറ്റ വന്നതും.


Friday, October 18, 2013

വര

വളഞ്ഞിട്ടാവണം
പുഴപോലെ.
മഴവില്ല് പോലെ
മായാതിരിക്കണം.
മഴയെ
കുടത്തിനുള്ളില്‍
വരയ്‌ക്കണം.
പണ്ട് വിഴുങ്ങിയ
ചോപ്പ് ഗുളിക
പനിയായി
വരയ്‌ക്കണം.
പേടിച്ചതെല്ലാം
മൂങ്ങയുടെ
മുഖം പോലെ.
ഓര്‍മ്മകള്‍
മുത്തശ്ശിയുടെ
ചിരിപോലെ.
കടല്‍
അമ്മയുടെ
കണ്ണുപോലെ.
ആനയെ
വാലില്‍
തുടങ്ങണം.
അമ്പിളി
പാതിയില്‍
നിര്‍ത്തണം.
രാത്രികളെ
നേരം
വെളുപ്പിക്കണം.
വര
നേരെയെങ്കില്‍
ശരിയാകുന്നത്
തിരുത്തി
വരയ്‌ക്കണം.