Monday, September 30, 2013

കടലിന്റെ കിനാവ് കാറ്റിനോട്

വെള്ളിയാഴ്ച, ഉച്ചവെയില്‍
കൂട്ട് വെട്ടുന്ന നേരം
കൊച്ചീക്കടലിന്റെ അങ്ങേയറ്റം
നാണം കൊണ്ട് ചുവന്ന് തുടുക്കും.
ഒരൊറ്റത്തോര്‍ത്തു പോലുമുടുക്കാതെ
സൂര്യന്‍ കടലിലേക്കെടുത്തു
ചാടാനൊരുങ്ങി നിക്കണ്.

പഞ്ചാരമണപ്പുറത്ത്
പട്ടങ്ങളാകാശത്തേക്ക്
കെട്ടുപൊട്ടിച്ചോടാന്‍
നൂലറ്റങ്ങളുടെ തുഞ്ചത്ത്
മദംപൊട്ടി നില്‍ക്കുന്നു.

പറന്നു പൊങ്ങിയ പട്ടങ്ങള്‍ക്ക്
താഴെ നങ്കൂരമിട്ടു പല നാടുകള്‍.
പട്ടം വെട്ടിത്തുന്നിയ പോലൊരു
പാവാടയിട്ട മുസരിപ്പെണ്ണ്.
പടക്കപ്പലിന്‍ നായകന്റെ
തലപ്പാവഴിഞ്ഞുലഞ്ഞ പോലെ
പഞ്ചാബി സാല്‍വാര്‍.
മുക്കാല്‍ കാലുറയിലൊരു ചീനക്കാരി
ചുണ്ടില്‍ തേനുള്ള പരന്ത്രീസ്
കാളപ്പോരിന്റെ കരുത്തുള്ള പറങ്കി
അരക്കെട്ടിലിത്തിരി നിക്കറിലമേരിക്കന്‍.
പര്‍ദകളും പരിവാരങ്ങളുമുണ്ട്
വാരിച്ചുറ്റിയ സാരിക്കോലങ്ങളുണ്ട്.
തോവാളയൊന്നാകെ തലയില്‍ ചൂടി
തമിഴ് പേശും തലൈവികളുണ്ട്.
കെട്ടഴിഞ്ഞ മട്ടാഞ്ചേരിയും
മൊഞ്ചത്തി മഞ്ചേരിയും
കൊഞ്ചിക്കുഴയുന്നു.

കാറ്റ് പിടിക്കുന്ന മരച്ചോട്ടിലെ
ചാരുബെഞ്ചിനപ്പുറം
റാഫിയും സൈഗളും താളം പിടിക്കുന്നു.
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.
പുറംകടലില്‍ കപ്പല്‍ കൂവുന്നുണ്ട്,
കരയില്‍ കപ്പലണ്ടിക്കാരനും.
കടല്‍ കണ്ട് നടക്കുമ്പോ കടിച്ച്
കണ്ണടയ്ക്കാന്‍ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും.

കടലിനക്കരെ ഒരുത്തി ചോപ്പുടുപ്പ് മാറ്റി
രാവാടയുടുക്കാനൊരുങ്ങിത്തുടങ്ങി.
പട്ടം വില്‍ക്കുന്ന കുട്ടി
പള്ളിക്കൂടം കഴിഞ്ഞ് വന്നിട്ടേയുള്ളൂ.
ഇന്നു വരേക്കും പറന്നിട്ടില്ലൊരു
പട്ടം പോലും അവന്റെ ആശകള്‍ക്ക് മീതെ.
കരയില്‍ കാറ്റ് തന്നെ തുണയ്ക്കണം പക്ഷേ,
കട്ടമരത്തിലേറി ഉപ്പ പുറംകടലിലാണ്.
ഉമ്മയുടെ കണ്ണിലെന്നും
കടല്‍ വേലിയിറങ്ങുന്നുണ്ട്
പട്ടം വില്‍ക്കുന്ന കുട്ടി
കാറ്റിനോടെന്ത് പ്രാര്‍ഥിക്കും.

അപ്പോള്‍ മാത്രം സീഗള്‍ ബാറില്‍ നിന്നും
നിലവെളിച്ചത്തിലേക്കിറങ്ങിയ ഒരു ഗസല്‍
അമരാവതിയുടെ വീഥിയളന്ന്
നാലുകാലില്‍ നീങ്ങുമ്പോളിങ്ങനെ പാടി.
ഇത്ര നാള്‍ പഞ്ചാരമണലിന്‍
നെഞ്ചിലുറങ്ങിയിട്ടും അത്രമേല്‍ സങ്കടം
കണ്ട് കണ്ടോ കടലേ നിനക്കിത്ര കണ്ണീരുപ്പ്.


Thursday, September 26, 2013

കല്ലലമാരയിലെ ചില്ലുഭരണികളില്‍

കടല്‍ കണ്ട്
കൈക്കുമ്പിളില്‍
കണ്ണീരു നിറച്ച്
കരയിലൊരു പിടി
കരിമണ്ണു കുഴച്ച്
കരിനിഴലാലൊരു
കുടപിടിച്ചു.

കണ്ടപ്പോഴൊരു
കറുത്ത കഥ പറഞ്ഞു.
കനലായെരിഞ്ഞതും
കടലായുറഞ്ഞതും
ഉപ്പിലുറച്ചതും
ഉലയില്‍ വെന്തതും
ഉടല്‍ പിരിഞ്ഞതും
ഉണരാന്‍ വൈകിയതും
ഉയിരറ്റു പോയതും.

തിരയിലലിഞ്ഞതും
തിരനോക്കി മറഞ്ഞതും
തിരിയെ വരില്ലെന്നുറപ്പിച്ചു.

ഹാ, കടലമ്മേ
കള്ളീ കണ്ടോ
ഇനി ഞാന്‍
വന്നു പോകുമ്പോള്‍
വലയിട്ടു കൊണ്ടു പോരും
നീ കട്ടെടുത്തിട്ട്
ഉപ്പിലിട്ടു
വച്ചതൊക്കെയും.അക്കല്‍ദാമയില്‍ നിന്ന് ഒരു കുപ്പായം

കുഴപ്പങ്ങളുടെ
കൂടാരമാണ്
ഈ വെള്ള ഷര്‍ട്ട്.
ഒന്നേ ഇടാനൊക്കൂ
പെട്ടെന്ന് മുഷിയും.
ഉള്ളിലെ
വിയര്‍പ്പൊഴുക്കങ്ങള്‍
ഉളുപ്പില്ലാതെ പുറത്തേക്ക്
കാണിക്കും.

കൈയ്യില്ലാത്ത ബനിയന്‍
നാണമില്ലാതെ
നിഴല്‍പാടായി
ഒളിഞ്ഞു നോക്കും.
അലക്കി വെളുപ്പിച്ചാല്‍
എനിക്കും നിനക്കും
ഇടയിലൊരു
വിരല്‍പ്പാടകലമുണ്ടാക്കും.

പെണ്ണുടുപ്പുകളുടെ
അരികത്തായി
അയകളില്‍
ആടിയുലഞ്ഞതും
അഴിഞ്ഞാടിയതും
നിളയില്‍ നീരാടിയതും
നീലയില്‍ മുങ്ങിയതും
നൂലിഴകളിലൂടെ
തോര്‍ന്നു പോകും

ചെറിയൊരു മഴ മതി
പോക്കറ്റിലെ പൊട്ടിയ
വളകളും പണയച്ചീട്ടും
തെളിഞ്ഞു വരും.
ഈ വെള്ള ഷര്‍ട്ടിനൊരു
കുഴപ്പമുണ്ട്
ഒരുമ്മ പോലും
ഒളിച്ചു വയ്ക്കാനറിയില്ല.
കൂടെക്കിടന്നാല്‍
കെട്ടിപ്പിടിച്ചാല്‍
വീട്ടില്‍ ചെന്ന്
പറഞ്ഞു കൊടുക്കും.


പാതി മാഞ്ഞ പാട്ടു നീ

പുറത്തേക്ക് മാത്രം
തുറക്കുന്ന ഒരു ജനാല.
കാറ്റാടി കുടഞ്ഞെറിഞ്ഞ
ചരടുപൊട്ടിയ കാറ്റിനെ
ചുരുട്ടി അകത്തേക്കിട്ടു.
കൈത പൂത്തതും
ശവം നാറിയതും
കുളിമുറി വിട്ടു
പുറത്തു ചാടിയ
ചന്ദ്രികാ മണവും
മൂളിപ്പറന്നു വന്ന പാട്ടും
മുറിയില്‍ കിടന്നു
വട്ടം ചുറ്റിച്ചുറ്റി
മുക്കുത്തിക്കല്ലില്‍
കാല്‍തട്ടി വീണ്
മുഖം മുറിഞ്ഞു.

എത്ര പതുക്കെയായാലും
തുറക്കുമ്പോള്‍
ഉച്ചത്തില്‍ കരഞ്ഞു.
ഇരുട്ട് വീഴുമ്പോള്‍
വിളിക്കാതെ വരുന്ന
മൂങ്ങാപ്പേടിക്കു മുന്നില്‍
കൊട്ടിയടച്ചു.
നില തെറ്റിയ
നിലവിളിയും
പാതിരാപ്പൂമണവും
പനിച്ചൂടും
വെള്ളിടി വെട്ടവും
കമ്പിളി പുതച്ച്
കാത്ത് കാത്തിരുന്ന്
കളിചിരി പറഞ്ഞ്
നേരം വെളുപ്പിച്ചു.

പ്രായം തികഞ്ഞെന്ന്
പറഞ്ഞാ കേക്കൂല
ഒന്നു കൂവുമ്പോളേക്കും
കുറ്റിയും കൊളുത്തും
തെറിപ്പിച്ച്
മലക്കെ തുറക്കാന്‍
തെറിച്ചു നിക്കുവാ
പതിനേഴു കഴിഞ്ഞിട്ടും
പാവാടയിടാത്ത
ഈ തൊട്ടാവാടി.

ഒക്കത്തിരുന്നു
മടുത്തപ്പോള്‍
പിണക്കം പറഞ്ഞ്
താഴെയിറങ്ങി
ഇപ്പോഴും പാട്ടു
കേട്ടുറങ്ങുന്നുണ്ട്.


കൊച്ചിക്കായലിലെ ടൈറ്റാനിക് അഥവാ പൊന്നാനിയില്‍ ഒരു താജ്മഹല്‍

-------------------------------------------------------------------------------
(ഒത്തിരി മൊഹബത്ത് തോന്നിയ ഒരു സിനിമയെ കെട്ടിപ്പിടിച്ചൊരുമ്മ)
--------------------------------------------------------------------------------

റസൂലേ,
നീ ഇപ്പോഴും
കടലാഴങ്ങളില്‍
കണ്ണുതുറന്ന്
അന്നയെ തെരയുവാണോ
മുങ്ങാങ്കുഴിക്കിടയില്‍
ഒരു വെള്ളിമീന്‍ പോലെ
അവള്‍ തെളിഞ്ഞു
വരുമെന്നാണോ
ഇത്രനാളും
ഒരു ചൂണ്ടക്കൊളുത്തിലും
കുരുങ്ങാതെ
നെഞ്ചിലേക്ക് പിന്നെയും
തല ചായ്ക്കുമെന്നാണോ
കുളിച്ചു മടങ്ങും വഴി
ആപ്പിള്‍ കവിളിലിനിയുമൊരുമ്മ
ബാക്കിയെന്നാണോ.

റസൂലേ,
പൊന്നാനിക്കടപ്പുറത്ത്
കരളു പറിഞ്ഞ്
പാട്ടു പാടാനൊരൊഴിവുണ്ട്
പെരുമീനുദിക്കണ നേരം വരെ
ചുമ്മാ നെഞ്ചു പൊട്ടി തേങ്ങിയാ മതി
അല്ലെങ്കി നീ കൊച്ചീലോട്ട് വാ
ക്വട്ടേഷന് ആളെക്കൂട്ടുന്നുണ്ട്
ക്‌ളോസ് റേഞ്ചില്‍
ഇരയുടെ പിടച്ചില്‍ കണ്ട്
കൈ നിറയെ കാശു വാരാം

റസൂലേ, എന്റെ മുത്തേ
എന്നിട്ടും നീയെന്തിനാ
ഈ ചാകരക്കോളു മാത്രം
കിനാവ് കാണുന്നവര്‍ക്കൊപ്പം
ഒരു അന്നയെ മാത്രം
തിരഞ്ഞ് ഇങ്ങനെ.


Friday, September 20, 2013

ഗാഗുല്‍ത്താ മുകളില്‍ നിന്നും

ഗാഗുല്‍ത്താ മുകളില്‍ നിന്നും
-------------------------------------

മുട്ടിപ്പായും മുട്ടിലിരുന്നും
മെഴുതിരി കത്തിച്ചും
കണ്ണീരൊഴുക്കിയും ഞങ്ങള്‍
പ്രാര്‍ഥിച്ച് പ്രാര്‍ത്ഥിച്ചല്ലേ
നീയിങ്ങനെ പനപോലെ വളന്നത്.
തോളത്ത് കേറ്റിയും നടുവ് കുനിച്ചും
ശ്വാസം മുട്ടിയും ഞങ്ങളിങ്ങനെ
ചൊമന്ന് ചൊമന്നല്ലേ
നീയങ്ങനെ നിവര്‍ന്നു നിക്കണത്.
കാല്‍ച്ചോട്ടിലെ കാണിക്കപ്പെട്ടീല്
ഞങ്ങളങ്ങനെ എണ്ണിയെണ്ണിയിട്ടല്ലേ
നീയിങ്ങനെ തടിച്ച് വീര്‍ത്തത്.
ഗാഗുല്‍ത്തായില് കെടന്ന്
നെന്റെ ബാക്കിയുള്ളോര് കല്ലും മുള്ളും
ചവിട്ടണ്ടാന്ന് കരുതിയല്ലേ
ഞങ്ങള് കൊണ്ടോന്ന് നാലാള്
കൂടുന്നിടത്തും നടുക്കവലേലും
നാലുകാലോലയ്ക്ക് നടുവില്‍ നാട്ടിയത്.
കെട്ടു പൊട്ടിച്ചോടി പോവാണ്ടിരിക്കാന്‍
കുടുക്കിട്ട് കഴുത്തിലും തൂക്കിയില്ലേ.
ആണിപ്പാടഞ്ചെണ്ണം അടയാളം പോലും
കാണിക്കാതെ മായിച്ചു കളഞ്ഞില്ലേ.
ചോര പൊടിഞ്ഞോടുത്തൊക്കെ
വച്ചു കെട്ടി പൊന്നു പൊതിഞ്ഞ്
ചില്ലു കൂട്ടിലിരുത്തീലേ.
ആണ്ടോടാണ്ട് മേളപ്പെരുക്കത്തിനൊപ്പം
മുത്തുക്കൊട ചൂടിച്ച് മൂവന്തി നേരത്ത്
തോളത്തെടുത്ത് നഗരി കാണിച്ചില്ലേ.
ഇതുകൊണ്ടൊന്നും പുന്നാരം പോരാഞ്ഞ്
പെറ്റ തള്ളേനേം പെണ്ണുമ്പിള്ളേനേം അവളു
പെറ്റതുങ്ങളേം നെന്റെ പേരിട്ടു വിളിച്ചില്ലേ.
എന്നിട്ടിപ്പോഴും നെന്റെ കണ്ണ് മാനത്ത്
മൂന്നാംനാളിട്ടേച്ച് പോയവനേം
നോക്കിത്തന്നെയാണല്ലേ.
അതുകൊണ്ടൊക്കെയാരിക്കും
അന്ന് കപ്യാരങ്ങനെ പ്രാര്‍ഥിച്ചത്.
കര്‍ത്താവേ കട്ടിലേലാരുന്നേ
പെട്ടു പോയേനേന്ന് !