Wednesday, December 1, 2010

ചെമ്പരത്തി


ചെമ്പരത്തി

നീ ഒരു ചുവന്ന
ചെമ്പരത്തി
സയന്‍സ് ബുക്കില്‍
രണ്ടായിപ്പകുത്ത്
അണ്ഡവും ബീജവും
അടയാളപ്പെടുത്തിയ
പെന്‍സില്‍ ചിത്രം

നീ ഒരു ചുവന്ന
ചെമ്പരത്തി
പ്രത്യുത്പാദന പുസ്തകത്തിലെ
ആറാം പാഠം
അഞ്ചാം ക്ലാസിന്റെ
പിന്‍ബെഞ്ചിലെ ഇക്കിളിച്ചിരി
കോളനിപ്പിള്ളേരുടെ
വളര്‍ത്തുദോഷത്തിന്
കൈ വെള്ളയില്‍ സമ്മാനം

നീ ഒരു ചുവന്ന
ചെമ്പരത്തി
തണുപ്പിന്റെ താളി
തലയില്‍ വച്ചാല്‍
ഉറുമ്പരിക്കാത്ത പൂവ്
തോട്ടുവക്കില്‍ അലക്കുകല്ലിലെ
വഴുവഴുപ്പ്

നീ ഒരു ചുവന്ന
ചെമ്പരത്തി
എന്റെ മൂളയിലെ
മൂളുന്ന വണ്ട്
ചെവിക്കിടയിലെ
ഉന്‍മാദം.

Friday, November 26, 2010

ഒരു മരം തണലുമായി നടക്കുന്നു


എല്ലാരും പറേണു
ആശാന് പ്രാന്താണ്.
കണ്ടാല്‍ ചിരിക്കും
തെറിയില്‍ നനയാത്ത
ഒരു പാട്ടെങ്കിലും പാടും
കൈ കൊട്ടി വിളിക്കും
വണ്ടി വരുന്നുണ്ട്
വട്ടം ചാടാതെ പോണന്ന് പറയും

എല്ലാരും പറേണ് ആശാന് പ്രാന്താണ്
പള്ളിക്കൂടം വിട്ടവഴിയില്‍
കൂവിയാര്‍ത്ത കൂട്ടത്തിലേക്ക് തിരിഞ്ഞ്
കരിയിലക്കൂട്ടം കഴുവേറികള്‍
കടന്നു പോയേന്നേ പറഞ്ഞുള്ളു.
ഗൗരീശങ്കരം ഹോട്ടലിന്റെയും
സൂപ്പര്‍മാന്‍ ഓട്ടോയുടെയും
കണ്ണാടിച്ചില്ല് തകര്‍ത്ത കരിങ്കല്‍ ചീള്
ഒറ്റമുണ്ടിന്റെ മടിക്കുത്തില്‍
ചുമ്മാതിരുന്നതേയുള്ളൂ.

എല്ലാരും പറേണ് ആശാന് പ്രാന്താണ്
മുഴുവനായൊന്നും വേണ്ട
കൂട് കണക്കേ കിട്ടിയാലും
മഞ്ഞച്ചിരി മോഹനന്റെ മുറിബീഡി മതി
മീശയുടെ കലക്കച്ചായ അരഗഌസ്
ഉടുക്കാന്‍ ഒറ്റമുണ്ടിന്റെ പാതി

എല്ലാരും പറേണ് ആശാന് പ്രാന്താണ്
കുമാരിയെ കാണുമ്പോഴൊക്കെ മുണ്ടു പൊക്കും
ശവം കുളിക്ക്യേല്ലെന്ന് കുമാരി
കായിലും മായിലും പൂവിലും മുക്കി
ആശാന്‍ കുമാരിയെ പാടിയോടിക്കും

എല്ലാരും പറേണ് ആശാന് പ്രാന്താണ്
ഉണ്ണിമിശിഹാ പള്ളിക്കു മുന്നില്‍
ഗണപതിക്ക് തേങ്ങ
കുഞ്ഞിമായീന്റെ വാങ്കു വിളിക്ക്
മുട്ടുകുത്തും കൈകൂപ്പും
ദീപാരാധന നേരം മാത്രം
ഇങ്ക്വിലാബ് വിളിക്കും.

എല്ലാരും പറേണ് ആശാന് പ്രാന്താണ്
ആറേമുക്കാലിന്റെ സെന്റ്‌ജോര്‍ജിന്
കവലയിലിറങ്ങിയ കുമാരിയോട്
ആരും കേള്‍ക്കാതെ തെറിയില്‍ നനയ്ക്കാതെ
ആശാന്‍ പതിയെപ്പറഞ്ഞു
'സൂക്ഷിച്ച് പോണൂട്ടോ
പ്രാന്തന്‍മാരുടെ നാടാ...'



ഉള്ളില്‍


അഗ്നിയും വിഷവും സമം
കടലും കരയും ഓരോ കുമ്പിള്‍
ഭൂമിയും മാനവും കണ്‍നിറയെ
കണ്ണുനീരില്‍ ചാലിച്ച
ഒരു പുഞ്ചിരിയും
പാകത്തിന് ഭ്രാന്തും.

Monday, November 22, 2010

ഇപ്പോള്‍ പരിധിക്ക് പുറത്താണ്


എന്റെ ഇടുതു കൈയിലെ
ചെറുവിരലില്‍ എപ്പോള്‍
വേണേലും ഊരിപ്പോകാന്‍
പാകത്തിന് കിടപ്പുണ്ട്.
ഇനിയും മടങ്ങാതെ
ചുറ്റിവരിഞ്ഞ ഒരു സ്പര്‍ശം.

മോതിര വിരലിനെ സ്‌നേഹം
കൊണ്ട് ശ്വാസം മുട്ടിച്ച
ഒരുച്ച നേരത്താണ്
താഴത്തും തലയിലും
വയ്ക്കാതെ
ചെറു വിരലിലേക്കു മാറ്റിയത്.
കുളിമുറിയില്‍ സോപ്പുപതയുടെ
നീറ്റലില്‍ കണ്ണു
തിരുമ്മിയടക്കുമ്പോള്‍
ആകെ അങ്കലാപ്പാണ്.
വഴുതിയിറങ്ങി
പറയാതെ പോയാലോ.

നീലപ്പുതപ്പിനടിയില്‍
ഉറക്കത്തിനിടയില്‍ ഇടക്കിടെ
ഞെട്ടിയുണര്‍ന്ന് തപ്പി നോക്കാറുണ്ട്.
പേടി സ്വപ്നങ്ങള്‍ കണ്ട്
ശ്വാസം മുട്ടി മരിച്ചാലോ.

ഇന്നലെ ഒരു വന്‍മല മടിയില്‍
കിടത്തിയുറക്കാന്‍ വിളിച്ചപ്പോഴും.
കാട് കനിവുണ്ണാന്‍ തണലിലിരുത്തയപ്പോഴും
പിന്നെ, വിഷം കുടിച്ച് മയങ്ങി
മടങ്ങുമ്പോഴും മുറുകെ പിടിച്ചിരുന്നു.
എന്റെ ഇടതു കൈയിലെചെറുവിരലില്‍
ഇപ്പോഴുംചുറ്റി വളഞ്ഞ് കിടപ്പുണ്ട്.
വിട പറയാന്‍ മടിച്ച്
ഒരു സ്‌നേഹ സ്പര്‍ശം.

വാക്ക് ഒരു മരം


കുടയില്ലാക്കാലം
ഇലകള്‍ നിവര്‍ത്തിയ
പുള്ളിക്കുട.
ഇലയില്ലാക്കാലം
വെറുമൊരു കാഴ്ച.
ചിലപ്പോഴൊക്കെ
കരിയിലകള്‍ പുതപ്പിച്ച
കടലാസ് പൂക്കളേക്കാള്‍
കനം കുറഞ്ഞ ഒരോര്‍മ
കാറ്റു വീശാത്ത നേരങ്ങളില്‍
ഒരു പഴുത്ത ഇല പൊഴിഞ്ഞു
താഴെയെത്തുന്ന നേരം കൊണ്ട്
ചില്ലകള്‍ ഒരു കഥ പറയും.
ഒരു രാത്രി രണ്ടു നിഴലുകള്‍
ആലിംഗനത്തില്‍ നിന്നുണര്‍ന്നു
വഴി പിരിഞ്ഞു പോയ കഥ.
അങ്ങനെയങ്ങനെ
പറഞ്ഞു പറഞ്ഞ് ഒടുവില്‍
നിന്റെ വാക്കിന്റെ തുമ്പില്‍
ഒരു തൂങ്ങി മരണം.

Thursday, November 18, 2010

കുപ്പിവെള്ളം


ഒരിക്കല്‍ മാത്രം പുഴ
പുറകോട്ടൊഴുകും
വക്കു പൊട്ടിയതും
മുനയൊടിഞ്ഞതും
ചുക്കിച്ചുളിഞ്ഞതും
കെട്ടു വിട്ടതും
കൂടെപ്പോരും
കൈതക്കാട്ടിലെ
ഒളിഞ്ഞുനോട്ടവും
നീര്‍ക്കോലിപ്പേടിയും
മുങ്ങാംകുഴിക്കു മുന്നെ
ഒഴുകിയെത്തും.
മലവെള്ളപ്പാച്ചിലില്‍
അഴിഞ്ഞ മൂട് കീറിയ
ഒരു നിക്കറും
കയ്യിലൊതുങ്ങാതെ
കളിച്ചു ചാടിയ
അഞ്ഞൂറ്റൊന്നൂ സോപ്പും
കല്ലിലുടക്കി നിക്കും
കരയുന്ന കണ്ണു കാണാന്‍
വലിച്ചെറിഞ്ഞ
കണ്‍മഷിക്കുപ്പിയും വരും
ഈറന്‍ കുതിര്‍ന്ന
സില്‍ക്കിന്റെ പോസ്റ്റര്‍
നാലായി മടക്കിയത്
അര്‌യ്‌ക്കൊപ്പം വെള്ളത്തില്‍
നിവര്‍ന്നു നിക്കും
പണ്ട് പാലത്തിനടിയില്‍
വെച്ച് മീശവിറപ്പിച്ച വാള
കെട്ടു പൊട്ടിച്ചോണ്ടു പോയ
ചൂണ്ടയും വരും.
ഓടിക്കോ ഒരു പുഴ
പുറകോട്ട് വരുന്നുണ്ട്
കണ്ണുതുറിച്ചതും
തലയറ്റതും
വയറു വീര്‍ത്തതും
കാലില്‍ പിടിച്ചു വലിക്കും

Thursday, November 4, 2010

ആമേന്‍


ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു.
ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകള്‍
കുഴിമാടങ്ങളില്‍ ജമന്തിയും
ആസ്ട്രയും വാടാമല്ലിയും
കൊണ്ടു കനം വെപ്പിച്ചു.
വില കൊടുത്തു വാങ്ങിയ ഒരു ട്യൂബ് റോസ്
ഒപ്പീസിനു മുന്നേ വാടി.
പിന്നെയും ഓര്‍മകള്‍
ചന്ദനത്തിരിയായി പുകഞ്ഞും
മെഴുതിരിയായി എരിഞ്ഞും

ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.
നെറ്റിയിലൊരു കുരിശ്
തിടുക്കത്തിലൊരു തുള്ളി കണ്ണീര്‍
ഉരുകിയ മെഴുകുതുള്ളി വിരല്‍തുമ്പില്‍
വീണിട്ടും അതിനായി പാടു പെട്ടു.

ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമായിരുന്നു.
ആദ്യമൊക്കെ എപ്പോഴുമുണ്ടായിരുന്നു
പിന്നെ ഇടക്കൊക്കെയായി
ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലും.
നേരമില്ലാത്ത നേരത്താണെങ്കില്‍
വന്ന കാലെ നിക്കും, പിന്നെ തിരിഞ്ഞു നടക്കും

ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമാണ്
പെട്ടി നന്നായടക്കണമെന്ന്
പലവട്ടം ആരോ പറഞ്ഞതാണ്
സാരമില്ല ഇനി അടുത്ത വര്‍ഷമല്ലേ വരൂ.

Thursday, September 16, 2010

'കരച്ചില്‍ ഒരു ചെടിയാണ്'


"ദേ അവനൊരു കവിതയെഴുതിയെന്ന്." ആരോ ട്രെയിനിനു മുന്നില്‍ ചാടിയെന്നു പറയുന്ന പോലെ ഒരന്ധാളിപ്പ്! പക്ഷെ ഇതങ്ങനെയല്ല. അവര്‍ മൂന്ന് പേരുണ്ട്, വാക്കിന്റെ ചില്ലയില്‍ കവിതയുടെ നാരു കൊണ്ട് കൂടു കൂട്ടിയ മൂന്നു കൂട്ടുകാര്‍. അവരുടെ ഒറ്റപ്പുസ്തകം 'കരച്ചില്‍ ഒരു ചെടിയാണ്' ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് തലയോലപ്പറമ്പ് യു.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത കവിയും നിരൂപകനും അദ്ധ്യാപകനുമായ മനോജ് കുറൂര്‍ നോവലിസ്റ്റ് അന്‍വര്‍ അബ്ദുള്ളയ്ക്ക് നല്‍കിയാണ് മൂന്ന് കവികളുടെ ഒറ്റ സമാഹാരം പുറത്തിറക്കിയത്. അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ നൂറ്റമ്പതിലധികം അളുകള്‍ ഇരുന്നും നിന്നും കണ്ട ഒരു പുസ്ത പ്രകാശനച്ചടങ്ങ്. തലയോലപ്പറമ്പ് പോലെ ഒരു സ്ഥലത്ത് ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന് ഇത്രയും ആളുകളെ കണ്ടതിന്റെ അത്ഭുതം ചടങ്ങിനെത്തിയ വിശ്ഷ്ടാതിഥികളും മറച്ചു വെച്ചില്ല. ഉദ്ഘാടനം മുതല്‍ നന്ദിപ്രകാശനം വരെ എല്ലാവരും കാത്തു നിന്നു. ഒരിക്കല്‍ കൂടി യുവകവികളെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും മടങ്ങി. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ സഹപാഠികളാണ് ജയകുമാര്‍ കെ. പവിത്രനും സിബു സി.എമ്മും ടി സാജുവും. വര്‍ഷങ്ങള്‍ക്കു കലാലയത്തില്‍ നിന്ന് പിരിയാന്‍ നേരം ഓര്‍മക്കുറിപ്പില്‍ അവരും പതിവു തെറ്റിക്കാതെ ആത്മനൊമ്പരത്തിന്റെ വരികളെഴുതി അടിയൊലൊപ്പിട്ട് പിരിഞ്ഞു. നാളേറെക്കഴിഞ്ഞിട്ടും അതിലെ താളുകളില്‍ നിറം മങ്ങാതെ അക്ഷരങ്ങള്‍ മായാതെ നിന്നു. അവര്‍ക്കിടയില്‍ കവിതയുടെ നൂലിഴകളുണ്ടായിരുന്നു. വീണ്ടും ഒരുമിക്കുമ്പോള്‍ ഒറ്റക്കെട്ടാകാന്‍. അങ്ങനെയാണ് മൂന്നു യുവകവികളുടെ ഒറ്റപ്പുസ്തകം പിറക്കുന്നത്. ആലോചകളും ആശങ്കകളുമായി കാലം കടന്നു പോകാന്‍ കാത്തിരുന്നില്ല. മനോജ് മുളവുകാടെന്ന യുവ പ്രസാധകന്‍ അവരുടെ കവിതയെ അച്ചടിച്ചു പുസ്തമാക്കി. മൂന്നു പേരുടെ സ്വപ്നം ഒരു മരമായപ്പോള്‍ അവരതിന് കരച്ചില്‍ ഒരു ചെടിയെന്ന് പേരിട്ടു. കെട്ടിലും മട്ടിലും പുതുമയും വ്യത്യസ്തതയുമുള്ള ഒരു കവിതാ സമാഹാരം. ഉള്ളടക്കവും ഗംഭീരമെന്ന് അവതാരികയെഴുെതിയ പ്രശസ്ത കവി എസ്. ജോസഫ്.തലയോലപ്പറമ്പ് സ്വദേശിയാണ് സിബു. പാരലല്‍ കോളജ് അദ്ധ്യാപനത്തിനും ഏറെ നാളത്തെ പി.എസ്.സി പരീക്ഷണങ്ങള്‍ക്കും ശേഷം ഇപ്പോള്‍ മാഞ്ഞൂര്‍ പഞ്ചായത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍. കോതനെല്ലൂര്‍ സ്വദേശിയാണ് സാജു. എം.ജിയൂണിവേഴ്സിറ്റി സ്കൂള്‍ ലെറ്റേര്‍സില്‍ എം.ഫിലിനു ശേഷം ഇപ്പോള്‍ ബി.എഡ് ചെയ്യുന്നു. വടയാര്‍ തുറുവേലിക്കുന്ന് സ്വദേശിയായ ജയകുമാര്‍ ഇപ്പോള്‍ പി.എസ്.സി പരീക്ഷണങ്ങളോടൊപ്പം പെയിന്റിംഗ് തൊഴിലാളിയാണ്. ഡി.ബി കോളജിലെ പഠനകാലത്ത് മൂവരും കവിതയിലും നാടകത്തില്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു. ജയകുമാര്‍ എം.ജി യൂണിവേഴ്സിറ്റി നാടകോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാജു യൂണിവേഴ്സിറ്റി തലത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മൂവരുടെയും കവിതകള്‍ മൂന്നു ഭാഗങ്ങളിലായാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രനാളും നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെ നനവും മണവുമുള്ള ജീവിതഗന്ധിയായ കവിതകള്‍. ഒറ്റപ്പുസ്തകത്തിനുള്ളിലും ഈ കവികള്‍ വ്യത്യസ്ത ശൈലികള്‍ കൊണ്ട് വേറിട്ടു നില്‍ക്കുന്നു. കൊത്തങ്കല്ലുകളില്‍ നിന്ന് ഇറങ്ങി റേഷന്‍ കടയിലേക്കു പോയ ഒരുത്തി സാജുവിന്റെയും ഓട്ടോ ഒരു ഷെല്‍ഫും കുഞ്ഞുങ്ങള്‍ കുത്തി നിറച്ച പുസ്തകങ്ങളാവുന്ന സിബുവിന്റെയും പ്രണയത്തെക്കുറിച്ചു ചോദിച്ചാല്‍ ഉത്തരമില്ലാത്ത ഗൂഗിള്‍ ജയകുമാറിന്റെയും നിരീക്ഷണങ്ങളുടെയും അവതരണത്തിന്റെയും വ്യത്യസ്തതകലെ ചൂണ്ടിക്കാട്ടുന്നു. പ്രകാശനം കഴിഞ്ഞിട്ടും അവര്‍ മൂവരും ഈ പുസ്തകത്തെക്കുറിച്ച് ഗൌരവമായ ചര്‍ച്ചയിലാണ്. കവിതയുടെ വിപണനസാധ്യതയെക്കുറിച്ചോ വിമര്‍ശന ശരങ്ങളുടെ മൂര്‍ച്ചയെക്കുറിച്ചോ അല്ല, സ്വപ്നങ്ങള്‍ അച്ചടിമഷി പുരളാന്‍കടം വാങ്ങിയ കാശ് മടക്കി നല്‍കുന്നതിനെക്കുറിച്ച്.


Thursday, June 24, 2010



ഇന്നലത്തെ ഉറക്കത്തില്‍ നിന്ന് ഇന്ന് വൈകിയേ ഉണരൂ എന്ന് വാശി പിടിച്ച് കിടന്നൊരു ദിവസം. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം ഒമ്പതരയിലെത്തി വെളുപ്പിച്ചു. ലയണല്‍ മിര്‍ച്ചിയുടെ ഹെല്ലോ.. ഈസ് ഇറ്റ് മി, യു ലുക്കിംഗ് ഫോര്‍.... മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടാണ് കണ്ണു തുറന്നത്. ബി ആണ്. 'നീ വരുന്നില്ലേ?'. അപ്പോഴാണോര്‍ത്തത് നാളെ ഗോവയിലേക്കെത്താമെന്ന് വാക്കു കൊടുത്തതാണ്. കൊച്ചിയില്‍ നിന്ന് തൃശൂരേക്കൊരു സ്ഥലം മാറ്റം. ഇടയ്ക്കൊരാഴ്ച ഇടവേളയുണ്ട്. മൂന്നാലു ദിവസം ഒരുമിച്ച് കൂടാമെന്ന് നേരത്തെ പ്ളാന്‍ ചെയ്തതാണ്. കൊച്ചിയില്‍ നിന്നും രാമന്‍, സന്ദീപ്, സുകു, ദീപന്‍ ചങ്ങാതിമാരുടെ യാത്രയയപ്പുകള്‍ മൂന്നാലു ദിവസം അരങ്ങു തകര്‍ത്തപ്പോള്‍ ഗോവ ഹാങ് ഓവറിന് പിന്നില്‍ മറവിയിലൊളിച്ചു പോയതാണ്. ഇപ്പോള്‍ ബിയുടെ (ബിജുവെന്ന പേരിനെ ഒരു പാടു കാലത്തെ സ്നേഹം കെട്ടിപ്പിടിച്ച് ബി ആക്കി മാറ്റിയാതാണ്) വിളി വന്നപ്പോഴാണോര്‍ത്തത്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് ഒരു മണിയോടടുത്താല്‍ മംഗളയുണ്ട്. ഇപ്പോ എഴുന്നേറ്റ് പല്ലു തേച്ചു കുളിച്ചാല്‍ മംഗള പിടിക്കാം.
വേഗം തന്നെ ഫോണെടുത്ത് ബ്ളാക്കില്‍ ടിക്കറ്റ് തരപ്പെടുത്താറുള്ള രഘുവേട്ടനെ വിളിച്ചു. എന്തായാലും വാ നോക്കാം എന്നു പറഞ്ഞു. പിന്നെ യാത്ര വീട്ടില്‍ അവതരിപ്പിക്കാലായി പ്രശ്നം. ഗോവയിലേക്കാണെന്ന് പറഞ്ഞിറങ്ങിയില്‍ പൊട്ടലും ചീറ്റലും കേള്‍ക്കുമെന്നുറപ്പാണ്. വേളാങ്കണ്ണിക്കു പോകുവാണ് മൂന്ന് ദിവസം കഴിഞ്ഞേ വരൂ എന്ന് അമ്മയോടൊരു തട്ടു തട്ടി. മൊട്ടു സൂചി നിലത്തു വീണ കാര്യമാണമെങ്കിലും പണ്ടേ തന്നെ ആദ്യം നുണയേ പറയൂ എന്ന ശീലമുള്ളത് കൊണ്ട് തട്ടി മൂളിക്കാന്‍ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. തിരക്കിട്ട് ഒരു പാന്റും രണ്ട് ഷര്‍ട്ടും ബാഗില്‍ കുത്തി നിറച്ച് കുളിച്ചെന്നു വരുത്തി ബസ്റ്റോപ്പിലേക്ക് വച്ചടിച്ചു. പോകുന്ന വഴി ജയകുമാറിനെ കണ്ടു. അവനപ്പോ പണ്ട് പ്രാന്തു പിടിച്ചിരുന്നപ്പോ ഇറക്കാമെന്ന് പറഞ്ഞ ഒരു പുസ്തകത്തെക്കുറിച്ചുള്ള കാര്യം അത്യാവശ്യമായി അറിയണം. പിന്നെ പറയാം ഒരാഴ്ച കഴിയട്ടെ എന്നു പറഞ്ഞപ്പോള്‍ ലോകത്തെ ഏറ്റവും വലിയൊരു ബൂര്‍ഷ്വയോടു തോന്നാവുന്ന രൂക്ഷമായ ഒരു നോട്ടം നോക്കി. അവനെ പിന്നെക്കാണാം എന്നു വിചാരിച്ച് വന്ന വൈക്കം വണ്ടിയില്‍ ചാടിക്കയറി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിയപ്പോള്‍ കോഴിക്കോട് ഫാസ്റ്റ് മുക്കിയും മൂളിയും എറണാകുളം വഴി ഓടാന്‍ തയാറായി നില്‍ക്കുന്നു. ഒറ്റച്ചാട്ടത്തിന് വണ്ടിയുടെ അകത്തായി. കിട്ടിയ സീറ്റിലിരുന്നു. ടിക്കറ്റിന്റെ ഭാവിയെക്കുറിച്ചറിയാന്‍ വീണ്ടും രഘുവേട്ടനെ വിളിച്ചു. ഒരു രക്ഷയുമില്ലാട്ടോ. വരുമ്പോഴേ ഒരു ജനറല്‍ ടിക്കറ്റെടുത്തോ. എന്തേലും നടക്കുമോന്ന് നോക്കാം. ജനറല്‍ ടിക്കറ്റിലായാലും പോയേക്കാം എന്നു വിചാരിച്ചു ബസിനുള്ളില്‍ കയറിയാല്‍ പതിവുള്ള ഉറക്കത്തിലേക്ക് വീണു. പുത്തന്‍കാവിലെ ഒരു കിടിലന്‍ ഗട്ടറാണ് പിന്നെയുണര്‍ത്തിയത്. അപ്പോ തന്നെ ബിയെ വിളിച്ച് ഞാന്‍ രാവിലെ എത്തിയേക്കാം എന്നു പറഞ്ഞു. പള്ളിമുക്കിലിറങ്ങി സദനം റോഡു വഴി നേരെ സ്റ്റേഷനിലെത്തി. ഹാവൂ ആശ്വാസമായി. നീണ്ട ക്യൂ കാണാനില്ല. ഒരു ജനറല്‍ ടിക്കറ്റെടുത്തിട്ട് രഘുവേട്ടനെ വീണ്ടും വിളിച്ചു. പുള്ളി ഒരു ടൈപ്പാണ്. എവിടെ നിന്നാണ് വരുന്നതെന്ന് പറയാന്‍ പറ്റൂല. ഒരു പ്രത്യക്ഷപ്പെടാലാണ് പൊടുന്നനെ. ആളു പാഞ്ഞു വന്നു. ടിക്കറ്റ് രക്ഷയില്ല. വണ്ടിയെടുക്കുന്നതിന് മുമ്പ് ഏതേലും ടി.ടി.ഇ യെ കണ്ട് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തി. അയാള്‍ എല്ലാം ഏറ്റ മട്ടാണ്. രഘുവേട്ടന്‍ പൊടുന്നനെ മറഞ്ഞു. വണ്ടി അരമണിക്കൂര്‍ ലേറ്റാണ്. ഓടിപ്പോയാല്‍ ഒന്നരയടിച്ച് മടങ്ങിയെത്താം. ഭക്ഷണം ട്രെയിനില്‍ നിന്നാവാം. ഒന്നു തരിപ്പിക്കാതെയെങ്ങനാ വണ്ടിയിലോട്ട് കേറുന്നത്. ടിക്കറ്റൊക്കെ ഓക്കെയായി സാധാരണ യാത്രയാണെങ്കില്‍ ഒന്നരയുടെ എണ്ണം കൂട്ടാമായിരുന്നു. എന്തായാലും കിട്ടിയ നേരം കൊണ്ട് ഒന്ന് മിന്നിച്ച് തിരിച്ചെത്തി. വണ്ടി ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ പിടിച്ചിട്ടിട്ടുണ്ട്. ടിക്കറ്റിന്റെ കാര്യം ഓക്കെയാക്കിയ ഇഷ്ടനെ തപ്പിപ്പിടിച്ചു. ആള് വിളിച്ചോണ്ടു പോയി ടി.ടി.ഇ യെ പരിചയപ്പെടുത്തി തന്നു പിന്നെ മാറ്റി നിര്‍ത്തി ചെവിയോടടുപ്പിച്ച് ഒരു തുക കൊടുത്തേക്കണം എന്നു പറഞ്ഞു. പിന്നെ എനിക്കൊരു നൂറും എന്ന അല്‍പം ഒച്ചയിലും. എല്ലാം കൂടി തേര്‍ഡ് എ.സിക്കുള്ള കാശായി. എന്റെയൊപ്പം റിസര്‍വേഷന്‍ കിട്ടാത്ത മറ്റൊരു ഹതഭാഗ്യനും കിട്ടി രഹസ്യ ഉപദേശം. വണ്ടിയെടുത്തു ടി.ടിഇയുടെ ഒപ്പം എസ് നയന്‍ കോച്ചില്‍ കയറി. അങ്ങേരെ വിടാതെ പിടിച്ച മാതിരി ഒട്ടി നിന്നു. ഒടുവില്‍ എനിക്കും മറ്റേ ഹതഭാഗ്യനും എസ് ടെന്നില്‍ കാര്യം ഓകെയായി. രണ്ടാള്‍ക്കും തിവിം വരെയെ റിസര്‍വേഷനുള്ളു എനിക്കാണെങ്കില്‍ അവിടെയാണിറങ്ങേണ്ടത്. മറ്റേ ചങ്ങാതിക്ക് മുംബയ് വരെ പോണം. തിവിം എങ്കില്‍ തിവിം എന്നു പറഞ്ഞു ഞങ്ങള്‍ രണ്ടാളും പെട്ടെന്ന് കമ്പനിയായി. വണ്ടി ആലുവ കഴിഞ്ഞു. ഒന്നരയുടെ മിന്നിക്കല്‍ ഏറെ നേരം നീണ്ടു നിക്കുമെന്ന് തോന്നുന്നില്ല. ഇനിയെന്താ വഴിയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ തൃശൂരിലെ സജിമോനെ ഓര്‍മ വന്നത്. അവിടെ ഓഫീസാണെങ്കില്‍ റെയില്‍വേസ്റ്റേഷനോട് ചേര്‍ന്നാണ്. അവനെ വിളിച്ച് ഒരു കുപ്പി മരുന്നു വാങ്ങിത്തരുമോ യാത്രയിലാണ് വേറെ രക്ഷയില്ല എന്നറിയിച്ചതും ഇഷ്ടന്‍ സന്നദ്ധനായിക്കഴിഞ്ഞു. ഒരു പൈന്റ് വോഡ്കയും ഒരു വീക്ക്ലിയും ഗ്ളാസും വാങ്ങിക്കോ വരുമ്പോള്‍ കാശു തരാമെന്ന് പറഞ്ഞു. എന്റെ ഒപ്പമുള്ള ചങ്ങാതി നേവിക്കാരനാണ്. ഒരു വെടി പൊട്ടിക്കാനുള്ള മരുന്ന് പുള്ളിക്കാരന്റെ പെട്ടിയിലുണ്ടത്രെ. സ്നേഹപൂര്‍മുള്ള ക്ഷണം ഒരു സാദാ ട്രെയിന്‍ യാത്രക്കാരന്റെ മുന്‍കരുതലോടെ നിരസിച്ചു. തൃശൂരെത്തുമ്പോള്‍ എന്റെ നമ്പര്‍ വരുമെന്ന ധൈര്യവുമുണ്ട്. ഇക്കാര്യത്തില്‍ സജിമോന്‍ ചതിക്കില്ല. ഇക്കാര്യത്തിലെന്നല്ല ഒരു കാര്യത്തിലും അവന്‍ ചതിക്കില്ല, അതു വേറെ കാര്യം. ചാറ്റല്‍ മഴയില്‍ തുള്ളികള്‍ക്കിടയിലൂടെ മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് തൃശിവപേരൂരിന്റെ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക് നിരങ്ങിയെത്തി. എസ്.ടെന്‍ കമ്പാര്‍ട്ട് മെന്റ് തപ്പി സജിമോന്‍ ഓടി വരുന്നുണ്ട്. ജനലിലൂടെ കൈ പുറത്തേക്കിട്ട് വിളിച്ചു. പാവം ഓടിക്കിതച്ചാണ് വരുന്നത്. ജനാലക്കരികിലൂടെ അവന്‍ നീട്ടിയ കവറിന് പുറത്ത് ടു, പത്രാധിപര്‍ എന്നെഴുതിയിരിക്കുന്നു. ആരോ വാര്‍ത്ത ഓഫീസില്‍ എത്തിച്ച കവറിലാണ് ഇഷ്ടന്‍ കുപ്പിയുമായി വന്നിരിക്കുന്നത്. ഒപ്പം ഒരു ഡയലോഗും, ചേട്ടാ വീക്ക്ലി കിട്ടിയില്ല. ഞാനെഴുതിയ ഒരു നോവലുണ്ട് മതിയോ.... എന്റെ സീറ്റിന്റെ എതിരെ ഇരുന്ന ആഷ്പുഷ് ചേച്ചിയെ ഓര്‍ത്ത് തികട്ടി വന്ന തെറി വിഴുങ്ങി. സജിയോട് അടുത്താഴ്ച കാണാമെന്ന് യാത്ര പറഞ്ഞപ്പോഴേക്കും മംഗള മുന്നോട്ട്. ഒരാഴ്ച കഴിഞ്ഞാല്‍ സാംസ്കാരിക നഗരിയില്‍ ഞങ്ങള്‍ സപ്രവര്‍ത്തകരും സഹ മുറിയന്‍മാരുമാണ്. വണ്ട് തൃശൂര്‍ വിട്ടപ്പോള്‍ തന്നെ വൈറ്റ് മിസ്ചീഫുമായി കമ്പനിയായി. പാതിയാക്കി ബാഗില്‍ ഭദ്രമാക്കി വച്ചു. ശാപ്പാടടിച്ച് വൈകിട്ട് ആറു വരെ സുഖ മയക്കം. ഉറക്കവും ആലസ്യവും കഴിഞ്ഞ് നിവര്‍ന്നപ്പോള്‍ വണ്ടിയെവിടെയെത്തിയെന്നറിയാനാവാത്ത വിധം മഴയും ഇരുട്ടുമായി. പിന്നെ ഒന്നുമാലോചിച്ചില്ല. ബാക്കി വീര്യവും പിടിപ്പിച്ച് പാന്‍ട്രിയിലെ ചപ്പാത്തിയുമടിച്ച് അപ്പര്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറി. വെളുപ്പിന് നാലരയ്ക്ക് അലാം വച്ചു. ഇയര്‍ ഫോണില്‍ ബഹാരോം ഫൂല്‍ ബര്‍സാവോ.... നാലരയ്ക്ക് മൊബൈലില്‍ സുപ്രഭാതം മുഴങ്ങിയപ്പോഴാണ് കണ്ണു തുറക്കുന്നത്. ബര്‍ത്തില്‍ നിന്നും ചാടിയിറങ്ങി. മുഖം കഴുകി വാതില്‍ തുറന്ന് പുറത്തേക്ക് നോക്കി. വണ്ട് മഡ്ഗാവ് വിട്ടിട്ട് കുറച്ച് നേരമായി. തിവിമിനോടടുക്കുന്നു. ബാഗൊക്കെ ശരിയാക്കി തോളത്തിട്ട് വാതില്‍ക്കല്‍ വന്നു നിന്നു. വണ്ടി സ്റ്റേഷനോടടുക്കുമ്പോള്‍ കാണാം പ്ളാറ്റുഫോമില്‍ കൈയില്‍ ഹെല്‍മെറ്റും പിടിച്ച് ബി നില്‍പുണ്ട്. ഇനി നാലു നാള്‍ ഞങ്ങള്‍ ഗോവന്‍സ്. ബാക്കി ഫെനിയില്‍ ഉപ്പിട്ട് നാരങ്ങ പിഴിഞ്ഞ് പച്ചമൊളക് വട്ടം കീറിയിട്ട് ഹൌൌൌൌൌൌ എന്ന് ഒറ്റ വലിക്കടിച്ചിട്ടാവാം....


Friday, April 23, 2010

ആരോടും പറയാതെ


മലയാള സിനിമാ ലോകത്ത് നിന്ന് ഓര്‍മകളുടെ പട്ടികയിലേക്ക് പൊടുന്നനേ നടന്നു പോയവരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി, നടന്‍ ശ്രീനാഥ്. ഉയര്‍ന്നു വന്ന നിരവധി ചോദ്യചിഹ്നങ്ങളുടെ മുന്നില്‍ ഒരു ആശ്ചര്യ ചിഹ്നം മാത്രം ബാക്കിയാക്കി ഉത്തരങ്ങളേതുമില്ലാതെ ഒരു നടന്‍ കൂടി ഇനി ഓര്‍മക്കുറിപ്പുകളില്‍ മാത്രം ജീവിക്കും. എണ്‍പതുകള്‍ തൊട്ട് ഇങ്ങോട്ട് മലയാളി കണ്ട പല സിനിമകളിലും സൌമ്യനായ ഒരു മനുഷ്യന്റെ മുഖമായിരുന്നു ശ്രീനാഥിന്. നായകനായാണ് തുടങ്ങിയതെങ്കിലും ഉപനായകന്റേതുള്‍പ്പടെ ചെറിയ വേഷങ്ങളില്‍ പോലും ശ്രീനാഥിന്റെ കഥാപാത്രങ്ങള്‍ മലയാളിയുടെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ശ്രീനാഥിന്റെ ഭാഗ്യം എന്തു കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങിയില്ല എന്നതിന് കൃത്യമായൊരുത്തരമില്ലെങ്കിലും അഭിനയ വഴികളില്‍ ഓര്‍മിച്ചിരിക്കാന്‍ മാത്രം ഒരു പിടി കഥാപാത്രങ്ങളെ സ്വന്തമാക്കിയാണ് അദ്ദേഹം സ്വയം മരണത്തെ വിളിച്ചു വരുത്തിയത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണു തുറന്ന് നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടോ തനിക്കു പാകപ്പെട്ട കഥാപാത്രങ്ങള്‍ തേടി വരാത്തതു കൊണ്ടോ ശ്രീനാഥ് ബിഗ്സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്ക് ചുവടുമാറ്റി. പക്ഷെ സിനിമയില്‍ കൈവിട്ടു പോയ ഭാഗ്യം സീരിയല്‍ രംഗത്ത് ശ്രീകുമാറിനോടൊപ്പം തന്നെ നിന്നു. നിരവധി സീരിയലുകളില്‍ ശ്രദ്ദേയമായ ക്യാരക്ടര്‍ വേഷങ്ങളിലെത്തിയ ശ്രീനാഥ് കുടുംബസദസുകളുടെ പ്രിയ നടനായി. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ നടന്നു കൊണ്ടിരിക്കുന്ന എന്റെ മാനസപുത്രി എന്ന സീരിയലില്‍ ശ്രീനാഥിന്റെ അച്ഛന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദ്രാസ് ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ പഠനത്തിനുശേഷം 1970 കളുടെ അവസാനം മലയാള ചലചിത്ര രംഗത്തെത്തിയ ശ്രീനാഥ് ആദ്യകാലങ്ങളില്‍ നായകവേഷങ്ങളില്‍ സജീവമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ കടന്നു വരവോടെ ഉപനായകവേഷങ്ങളിലും പ്രതിനായകവേഷങ്ങളിലേക്ക് ചുരുങ്ങി. ഏതാനും തമിഴ്ചിത്രങ്ങളിലും നായകനായിരുന്നു. കേരളാ കഫേയാണ് അവസാനമായി പുറത്തിറങ്ങിയ ശ്രീനാഥ് അഭിനയിച്ച ചിത്രം. ആദ്യകാലങ്ങളില്‍ ശ്രദ്ധേയമായ നായകവേഷങ്ങളും കഥാപാത്രങ്ങളുമാണ് ശ്രീനാഥിനെ തേടിയെത്തിയത്. ഭരതന്‍, മോഹന്‍, പത്മരാജന്‍, വേണുനാഗവള്ളി, ശ്യാമപ്രസാദ്, കെ. മധു തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൊക്കെ ശ്രീനാഥിന് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. എണ്‍പതുകളിലെ നായകന്‍ പിന്നീട് വന്ന നായകന്‍മാരുടെ തോളില്‍കൈയിട്ട് ഉപനായക വേഷങ്ങളില്‍ വന്നപ്പോഴും അവരുടെ നിഴലില്‍ മാത്രം നില്‍ക്കുന്ന വേഷങ്ങളിലെത്തിയപ്പോഴും ഒരിക്കല്‍ പോലും തിരിച്ചറിയപ്പെടാതെയിരുന്നിട്ടില്ല. കിരീടത്തിലെ മോഹന്‍ലാലിനെ നിര്‍ണായകഘട്ടത്തില്‍ സഹായിക്കാനെത്തുന്ന സുഹൃത്തും ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലെ ജോയി എന്ന മദ്യപാനിയുടെ വേഷവും ഈ തിരച്ചറിവുകള്‍ക്കുദാഹരണമാണ്. വേണുനാഗവള്ളിയുടെ സര്‍വകലാശാലയില്‍ ശ്രീനാഥ് അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രവും ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷിയിലെ ആദര്‍ശശാലിയായ രാഷ്ട്രീയക്കാരനെയും മറക്കാനാവില്ല. അല്പം പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദത്തിനുടമയായിരുന്നു. കാല്പനികമായ സ്വരം.സിനിമയില്‍ നിന്ന് വഴിമാറിയിട്ടും സീരിയലുകളിലൂടെ സജീവമായ ശ്രീനാഥ് നല്ലൊരു സിനിമാ പാരമ്പര്യം അവകാശപ്പെടാനുണ്ടായിട്ടും ഒരിക്കല്‍ പോലും വെള്ളിത്തിരയ്ക്ക് പുറത്തെ വിവാദങ്ങളിലോ സംഘടനകളുടെ വാഗ്വാദങ്ങളിലോ പങ്കാളിയായിട്ടില്ല. പല ചിത്രങ്ങളിലും തനിക്കൊപ്പം നായികയായി അഭിനയിച്ച പ്രശസ്ത നടി ശാന്തികൃഷ്ണയെയാണ് വിവാഹം കഴിച്ചത്. ഇത് ഞങ്ങളുടെ കഥ, മംഗളം നേരുന്നു തുടങ്ങിയവയായിരുന്നു ഇരുവരും ഒരുമിച്ച ആദ്യകാല ചിത്രങ്ങള്‍. രണ്ടു വര്‍ഷത്തെ പ്രണയജീവിതത്തിന് ശേഷം വിവാഹിതരായെങ്കിലും. ദാമ്പത്യബന്ധം വിജയമായിരുന്നില്ള. വര്‍ഷങ്ങള്‍ക്കുമുന്‍പ് ശാന്തികൃഷ്ണയുമായി വിവാഹമോചനം നേടി. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥിന് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. തികച്ചും അന്തര്‍മുഖനായിരുന്നു ശ്രീനാഥിന്റെ രൂപമാണ് പല സഹപ്രവര്‍ത്തകരുടെയും ഓര്‍മകളില്‍ ആദ്യം തെളിവരുന്നത്. സ്വകാര്യ ജീവിതത്തിന്റെ അസ്വസ്ഥതകള്‍ ശ്രീനാഥിനെ മരണത്തിലേക്കുള്ള വഴിയില്‍ കൂടുതല്‍ അടുപ്പിച്ചിരുന്നിരിക്കണം. അഭിനയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ മാത്രമുള്ള മറ്റൊരു ലോകത്ത് ശ്രീനാഥ് വേദനിപ്പിക്കുന്ന ഓര്‍മയാകുന്നു.


Friday, April 16, 2010

സൌന്ദര്യം തുളുമ്പുന്ന ഓര്‍മകള്‍


പഞ്ഞിമേഘങ്ങള്‍ക്ക് താഴെ കൂകിയാര്‍ത്തു വന്ന ഒരു വണ്ടിയില്‍ കന്നഡ നാട്ടില്‍ നിന്നും അവള്‍ മലയാളത്തിലേക്കെത്തി. സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാളസിനിമയില്‍ അരങ്ങേറിയ സൌന്ദര്യയെ പ്ളാറ്റ്ഫോമില്‍ കാത്തുനിന്ന യാത്രക്കാര്‍ മാത്രമല്ല തിയേറ്ററിലെത്തിയ പ്രേക്ഷകരും ശ്രദ്ധിച്ചു. അടുത്ത വര്‍ഷം തന്നെ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ ലാലിന്റെ നായിക ആമിനയായി എത്തിയപ്പോഴേക്കും സൌന്ദര്യ മലയാളിയുടെ നായിക സങ്കല്‍പങ്ങളിലെ സൌന്ദര്യത്തിടമ്പായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ വെള്ളിത്തിരയില്‍ പിന്നെയും അവസരങ്ങളോട് കൈ കോര്‍ക്കാന്‍ അനുവദിക്കാതെ മരണം ഒരു യന്ത്രപ്പറവയായി വന്ന് അവളെയും കൂട്ടിപ്പോയി. സൌന്ദര്യം തുളുമ്പുന്ന മുഖശ്രീയും കുറെ ഓര്‍മകളും ബാക്കിയാക്കി കടന്നുപോയ ഈ തെന്നിന്ത്യന്‍ താരസുന്ദരിയുടെ വേര്‍പാടിന് ആറുവയസ് തികയുന്നു. തെന്നിന്ത്യന്‍ താരമായിരുന്നെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായിരുന്നു സൌന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇന്നും ഒരു നൊമ്പരമായി, വേദനയായി സൌന്ദര്യയുടെ മുഖം ഓര്‍മയിലേക്കെത്തുന്നു. മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു പേരു പോലെ സൌന്ദര്യം തുളുമ്പുന്ന ആ മുഖവും അഭിനയ പാടവവും. മലയാളത്തില്‍ രണ്ടു ചിത്രങ്ങളിലേ അഭിനയിച്ചുള്ളുവെങ്കിലും സൌന്ദര്യയെ പ്രേക്ഷകര്‍ മലയാളി നായികയായിത്തന്നെ കരുതി സ്വീകരിച്ചു. കമല്‍ സംവിധാനം ചെയ്യാനിരുന്ന മുന്തിരിത്തോപ്പുകളുടെ അതിഥി എന്ന ചിത്രത്തില്‍ അഭിനിയിക്കാനിരിക്കെയാണ് സൌന്ദര്യയെ മരണം കവര്‍ന്നെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ബാംഗ്ളൂരിലുണ്ടായ ഒരു വിമാന അപടകത്തിലാണ് സൌന്ദര്യയെന്ന നടിയെ വെള്ളിത്തിരയ്ക്ക് നഷ്ടമാകുന്നത്. ബി.ജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ചെറുവിമാനം തകര്‍ന്ന് കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൌന്ദര്യയ്ക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്ധ്രാപ്രദേശിലെ കരിം നഗറിലേക്ക് പോവുകയായിരുന്ന വിമാനം ഏപ്രില്‍ 17ന് രാവിലെ 11.05-ന് പറന്നു പൊങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ സൌന്ദര്യയുടെ സഹോദരന്‍ അമര്‍നാഥും കൊല്ലപ്പെട്ടു. മരിക്കുന്ന സമയത്ത് തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും ശ്രദ്ധേയയായിരുന്നു സൌന്ദര്യ. ചലച്ചിത്ര എഴുത്തുകാരനും വ്യവസായിയുമായ കെ.എസ് സത്യനാരായണന്റെ മകളായി ബാംഗ്ളൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൌന്ദര്യയുടെ ജനനം. കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ് രഘുവിനെയാണ് സൌന്ദര്യ വിവാഹം കഴിച്ചത്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ സൌന്ദര്യ കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 12 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ നൂറോളം കഥാപാത്രങ്ങള്‍ക്ക് ജീവനേകി. 1992ല്‍ ഗന്ധര്‍വ എന്ന കന്നഡ ചിത്രത്തിലൂടെ വെള്ളത്തിരയില്‍ അരങ്ങേറിയ സൌന്ദര്യ എം.ബി.ബിസ് പഠനം ഉപേക്ഷിച്ചാണ് അഭിനയരംഗത്ത് സജീവമായത്. ആദ്യ ചിത്രം തന്നെ വന്‍ ഹിറ്റായി മാറിയതോടെ അഭിനയരംഗത്ത് സജീവമായ സൌന്ദര്യ അമിതാഭ് ബച്ചന്റെ നായികയായി അഭിനയിച്ച ബോളിവുഡ് ചിത്രം സൂര്യവംശവും തകര്‍പ്പന്‍ ഹിറ്റായിരുന്നു. അഭിനയത്തിനപ്പുറം സിനിമാ നിര്‍മാണരംഗത്തും കൈ വെച്ച സൌന്ദര്യ ഗീരീഷ് കാസറവള്ളിയുടെ സംവിധാനത്തില്‍ ദ്വീപ എന്ന ചിത്രം നിര്‍മിച്ചു. ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തെ തേടിയെത്തി.മണിച്ചിത്രത്താഴിന്റെ റീമേക്കായ ആപ്തമിത്ര ആയിരുന്നു കന്നഡയില്‍ സൌന്ദര്യയുടെ അവസാന ചിത്രം. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ ചിരഞ്ജീവി, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, രവിചന്ദ്രന്‍, വിഷ്ണു വര്‍ദ്ധന്‍ എന്നിവര്‍ക്കു പുറമെ ബിഗ്ബിയുടെ നായികയായും സൌന്ദര്യ വെള്ളിത്തിരയിലെത്തി. കോളിവുഡിന്റെ താരപ്രഭയില്‍ പത്തു വര്‍ഷം തിളങ്ങിയ ശേഷമാണ് സൌന്ദര്യ മല്ലുവുഡിലേക്കെത്തിയത്. വിരലില്‍ എണ്ണിയാല്‍ തീരുന്ന സിനിമകള്‍ മാത്രമേയുള്ളുവെങ്കിലും സൌന്ദര്യ ഇന്നും മലയാളിയുടെ മനസില്‍ ഒരു മധുരനൊമ്പരത്തിന്റെ ഓര്‍മയാണ്.


Wednesday, April 7, 2010

മധുരം ഗായതി ശ്രേയ


വിട പറയുകയാണോ

ചിരിയുടെ വെണ്‍പ്രാവുകള്‍

ഇരുളടയുകയാണോ

മിഴിയിണയുടെ കൂടുകള്‍...

പാട്ടു കേട്ടാല്‍ പറയുമോ ഇതൊരു ബംഗാളി പെണ്‍കുട്ടിയുടെ ശബ്ദമാണെന്ന്. മലയാളിയല്ലെങ്കിലും തന്റെ പാട്ടുകളിലെ മലയാളിത്തമാണ് ശ്രേയ ഘോഷാല്‍ എന്ന മറുനാടന്‍ പാട്ടുകാരിക്ക് ഇക്കുറി മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. സംഗീത സംവിധായകനായ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയ ബിഗ്ബിയിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തിന് ആദ്യമായി ശബ്ദം നല്‍കുന്നത്. ഒരു മലയാളിപ്പെണ്‍കുട്ടിയുടെ തനിമയോടെയുള്ള ശ്രേയയുടെ ആലാപന ശൈലി അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദ് അണിയിച്ചൊരുക്കിയ അടുത്ത ചിത്രത്തിലും ശ്രേയ പാടാനെത്തി. ഗോപീസുന്ദറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ഇത്തവണ ആലാപനം. ബനാറസ് എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ ഈണത്തില്‍ 'ചാന്ത് തൊട്ടില്ലേ..., മധുരം ഗായതി മീര...', തുടങ്ങിയ ഗാനങ്ങള്‍ മികച്ച ഹിറ്റുകളായി മാറി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ജോസ് വീണ്ടും വിരിയിച്ച നീലത്താമരയിലൂടെയാണ് ശ്രേയ വീണ്ടും മലയാളികളുടെ അനുരാഗ ഗായികയായി മാറിയത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ വിദ്യാസാഗറിന്റെ ഈണത്തില്‍ അനുരാഗ വിലോചിതയായി അതിലേറെ മോഹിതയായി ശ്രേയ പാടിയപ്പോള്‍ മലയാളിയുടെ ഇഷ്ട സ്വരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രേയയുടെ ജനനം. നാലാമത്തെ വയസു മുതല്‍ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ തുടങ്ങി. അമ്മയോടൊപ്പം ഹര്‍മോണിയത്തിലായിരുന്നു തുടക്കം. രാജസ്ഥാനിലെ കോട്ടായില്‍ നിന്നാണ് ശ്രേയ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സീ ടിവിയിലെ സരിഗമ എന്ന പരിപാടിയില്‍ വിജയിയായി. പ്രശസ്ത സംഗിത സംവിധായകനായിരുന്ന കല്യാണ്‍ജിയായിരുന്നു ഈ പരിപാടിയുടെ വിധികര്‍ത്താവ്. പിന്നീട് മുംബയിലേക്ക് താമസം മാറിയ ശ്രേയ അദ്ദേഹത്തിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സരിഗമയില്‍ രണ്ടാം തവണ പങ്കെടുക്കുമ്പോഴാണ് ശ്രേയ സംവിധായകനായ സംഞ്ജയ്ലീലാ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം തന്റെ ചിത്രമായ ദേവദാസില്‍ ശ്രേയയ്ക്ക് പാടാന്‍ അവസരം നല്‍കി. ഇസ്മയില്‍ ദര്‍ബാറിന്റെ സംഗീതത്തില്‍ ശ്രേയ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ആലപിച്ചത്. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നവാഗത ഗായികക്കുള്ള അവാര്‍ഡും ശ്രേയക്ക് ലഭിച്ചു. ബായിരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാല്‍ എന്ന ഗായികക്കു പുറകെ. എ.ആര്‍ റഹ്മാന്‍, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശര്‍മ, നദിം ശ്രവണ്‍, ഇളയ രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരുടെ സംഗിതത്തില്‍ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ ശേയയെ തേടിയെത്തി. ഇപ്പോഴിതാ മലയാളത്തിലും ശ്രേയ തന്നെ ഹിറ്റ്. ബംഗാളിയുടെ ആലാപനത്തില്‍ വീണ്ടും മലയാളിത്തമുള്ള ഈണങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാം.


Friday, January 8, 2010

നിലത്തെഴുത്ത്‌: ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍

നിലത്തെഴുത്ത്‌: ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍

ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍


പറഞ്ഞു വരുമ്പോള്‍ ചില ദേശങ്ങളുടെ കഥകളില്‍ നിന്ന് ഒഴിച്ചു കൂടാനാവാത്ത ചില കഥപാത്രങ്ങള്‍. അത്രയ്ക്കിഷ്ടമുള്ളവര്‍ക്ക് വേണമെങ്കില്‍ നായികയെന്നും വിളിക്കാം. ഇവരുടെ പേരിനു മുന്നില്‍ വന്നു പെട്ടതു കൊണ്ട് മാത്രം പേരെടുത്ത ചില ദേശങ്ങള്‍ പോലുമുണ്ട്. കാക്കനാടന്റെ കുഞ്ഞമ്മപ്പാലം പോലെ. ബസ്റ്റോപ്പുകള്‍ കവലകള്‍ അങ്ങനെ പലതും പല നാടുകളിലായി ഇവരുടെ പാവന സ്മരണയ്ക്കു മുന്നില്‍ സ്വപ്നങ്ങള്‍ ഇക്കിളിയോടെ തല കുനിക്കും. ഇതിഹാസങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും ശേഷം എഴുതപ്പെട്ട താളുകളില്‍ ഇവരുടെ വേഷം കടും ചുവപ്പ് സാരിയും വാടിയ മുല്ലപ്പൂവും മുക്കു പണ്ടങ്ങളും വാരിപ്പൂശിയ പൌഡറും വട്ടപ്പൊട്ടും... അങ്ങനെ പോകുന്നു. ക്ഷമയും വിനയവും മായത്ത പുഞ്ചിരിയും... കരഞ്ഞു കണ്ടിട്ടേയില്ല. ഇവര്‍ ഭാഗ്യവതികള്‍, എന്തെന്നാല്‍ ഇവരെക്കുറിച്ച് കൂടുതലായി ആര്‍ക്കും ഒരു ചുക്കുമറിയില്ല. കുട്ടികളോട് അമിത വാത്സല്യമാണിവര്‍ക്ക്. പത്തിരുപത് വയസു വരെയൊക്കെ എവിടെ വച്ചു കണ്ടാലും കൊച്ചേ എന്നേ വിളിക്കൂ. ചിലപ്പോള്‍ പഠിത്തത്തെക്കുറിച്ചോ പൂട്ടിയ പീടകയുടെ പിന്നാമ്പുറത്തിരുന്ന് മുറിബീഡി വലിക്കുമ്പോള്‍ അമ്മയെ കാണുമ്പോള്‍ പറഞ്ഞേക്കാം എന്ന ഭീഷണിയോ മുഴക്കും. എന്നാലുംവലിയ കാര്യമാണ്. നമുക്കും അതു പോലൊക്കെ തന്നെ. കൌതുകത്തിന്റെ നാമ്പു മുളച്ചപ്പോള്‍ തന്നെ കിനാവിന്റെ പടി തുറന്നകത്ത് കയറ്റിയതാണ്. പിന്നെയീ 'കൊച്ചേ' വിളി കേള്‍ക്കുമ്പോളാണ് ഒരു മനം പിരട്ടല്‍. ചില്ലറപ്പേടിയുമുണ്ട്. പണ്ടൊരു സന്ധ്യയ്ക്ക് ചമഞ്ഞൊരുങ്ങി പോകുമ്പോള്‍ പിന്നില്‍ നിന്ന് വെടി ശബ്ദം മുഴക്കിയപ്പോള്‍ നിന്റമ്മേടെ..... എന്നു പ്രാസമൊപ്പിച്ച് പാടിക്കേള്‍പ്പിച്ച വരികള്‍ ഇന്നും കര്‍ണപുടത്തെ കമ്പനം കൊള്ളിക്കുന്നുണ്ട്. കാലം കടലാസു പൂ പോലെ പിന്നെയും കൊഴിഞ്ഞു. മൂക്കിനു താഴെ മീശ കിളര്‍ത്തപ്പോള്‍ നാടിനെയും നാട്ടാരെയും പേടിച്ചു കണ്ടാല്‍ മിണ്ടാതായി. അല്ലങ്കില്‍ തന്നെ മിണ്ടിയും പറഞ്ഞും ചുമ്മാ നേരം കളഞ്ഞാ മതിയോ. സംതിംഗ് വാക് എന്നു വച്ചാല്‍ വല്ലതും നടക്കണ്ടേ. പറഞ്ഞിട്ടു കാര്യമില്ല. നത്തിംഗ് വാക്... എന്നു വച്ചാല്‍ ഒന്നും നടന്നിട്ടില്ല. ചെറുവാല്യക്കാരുടെ ഓര്‍മകളില്‍ നിന്ന് ഹാലിയുടെ വാല്‍നക്ഷത്രം പോലെ പാഞ്ഞു പോയ പഴയൊരു വെളിച്ചത്തെ അരിച്ചെടുത്തത് പ്രിയ സ്നേഹിതന്‍ ജയകുമാറാണ്. അവന്‍ അതൊരു കവിതയായി കുറിച്ചു തന്നു. കുന്നും പുറത്തിരുന്ന് ഞങ്ങള്‍ കണ്ടതല്ലേ. പല തവണ ആ അശ്വമേധം ആരെയോ കാത്തു നില്‍ക്കുന്നതും പിന്നെ പാഞ്ഞു പോകുന്നതും. ഇപ്പോഴും കണ്ടാല്‍ ചിരിക്കും. ഇല്ല ഇപ്പഴും ആ ചിരിയില്‍ വരുന്നോ എന്ന ചോദ്യമല്ല. പഴയ വാത്സല്യം തന്നെ. ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നിത്യവസന്തങ്ങളുടെ കുളിരില്‍ മുങ്ങി... ജയകുമാറിന് ഒരാമുഖം... കുമാരിക്കും..
കുമാരിയുടെ കഥ - ഒരു വിലാപം
ഒന്ന്

എന്റെ കുമാരി,

പ്രണയദേവതേഞങ്ങള്‍ ഒരായിരം പേര്‍ വിശന്നു വന്നാലും

ഒരപ്പം കൊണ്ട് വിളമ്പിത്തരാന്‍ മടിയാത്തവളേ

വാഴ്ത്തപ്പെടാത്തവളേ

പഴയ വേദങ്ങളില്‍ എങ്ങനെയാണെന്നറിയില്ല

പക്ഷെ, പുതിയവയില്‍ നിനക്ക്

ലൈംഗിക തൊഴിലാളി എന്നു പേര്.

അറിവുമാനന്ദവും നീയെന്നറിഞ്ഞ്

നെറിയും നെറികേടും നീയെന്ന് വച്ച്

ഈശ്വര് അള്ളാ തേരീ നാം ജപിച്ച്

ഓരോ അത്താഴ പൂജയ്ക്കും

ഊഴമിട്ട് ഞങ്ങള്‍

നിന്റെ തിരുനട കയറി അങ്ങോട്ടു വന്നു

ചിലപ്പോള്‍ നീ ഇറങ്ങി ഇങ്ങോട്ടു പോന്നു.
രണ്ട്

എന്റെ കുമാരി

ഇടിവെട്ടുമ്പോള്‍

പൂരത്തിന്

ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറുമ്പോള്‍

മാലപ്പടക്കം പൊട്ടുമ്പോള്‍

വാണങ്ങള്‍ മേലോട്ടുയര്‍ന്ന്

നക്ഷത്രങ്ങള്‍ക്കയലത്ത് വച്ച്

പൊട്ടിത്തകര്‍ന്ന് വീഴുമ്പോള്‍

ഗര്‍ഭം കലക്കി തകരുമ്പോള്‍

എല്ലാം കഴിഞ്ഞ് ഒടുവില്‍ വെടിമരുന്ന്

മണക്കുമ്പോള്‍

ഭാവനാ സമ്പന്നരായ ഞങ്ങള്‍

നിന്നെയോര്‍ത്തു. പിന്നെ, നിന്നെ കാണുമ്പോള്‍

പേടിച്ച് പേടിച്ച് 'വെടി' എന്ന്

ഉറക്കെ അടക്കം പറഞ്ഞു

'ഠോ' എന്ന് ശബ്ദമുണ്ടാക്കി

മൂന്ന്

കുമാരീ

പണ്ടത്തെ ഞങ്ങടെ കിനാവിലെ

ശര്‍ക്കരയും തേങ്ങയും ഉള്ളില്‍ വച്ച

ഗോതമ്പിന്റയടേ,

ഇന്ന് പൊട്ടിയും ചീറ്റിയും

ചുമച്ചും കുരച്ചും

കിതച്ചും തുപ്പിയും

ഏന്തിവലിഞ്ഞ്

പകല്‍ വെട്ടങ്ങളില്‍ നീ നടക്കുമ്പോള്‍

ഒന്നു നോക്കുവാന്‍ നില്‍ക്കാതെ

മിണ്ടുവാന്‍ നില്‍ക്കാതെ

ഇടവഴിയിലേക്കിറങ്ങി നിന്ന്

മൂത്രമൊഴിക്കുകയാണ് ഞങ്ങള്‍.

നാല്

കുമാരി

ഞങ്ങടെ ലൈംഗികത്തൊഴിലാളീ

ഇവിടെക്കിടന്നിങ്ങനെ നീ

പൊട്ടിത്തീരാതിരിക്കാന്‍

ഫ്രീയായിട്ടൊരു മാര്‍ഗോപദേശം തരട്ടെ?

' ഒരു ലൈംഗിക മുതലാളിയുടെ ദയ

എന്നു കണ്ടാല്‍ മതിയാവും'-

എന്റെ കുമാരി

ആദ്യം നീ കോളീവുഡിലേക്ക് ചെല്ല്

പിന്നെ നീ ബോളീവുഡിലേക്ക് ചെല്ല്

ഒടുക്കം നീ ഹോളിവുഡിലേക്ക് ചെല്ല്

അവിടെ നാണം കളയണം

തുണിയുരിഞ്ഞ് നൃത്തമാടണം

അപ്പോള്‍ പുതിയൊരു താരമായി

ആകാശത്ത് നീ ഉദയം ചെയ്യും
അഞ്ച്

നക്ഷത്ര നടിയാകുമ്പോള്‍

പണവും പേരും വരുമ്പോള്‍

ആളകമ്പടിയുണ്ടാകും

അന്ന് നീ കോവളത്തെ

പഞ്ച നക്ഷത്രത്തില്‍ വരുമ്പോള്‍

'നക്ഷത്രവെടി' എന്ന്

ആള്‍ക്കൂട്ടത്തില്‍ നിന്ന് ഞാന്‍ വിളിച്ചാല്‍

കോപിക്കുമോ എന്റെ കുമാരി

അതോ

ഒരു വാണമായിരുന്നപ്പോള്‍

നക്ഷത്രങ്ങള്‍ക്കടുത്തു വരെ ചെന്ന്

പൊട്ടിത്തകര്‍ന്ന് തിരിച്ചു വന്ന

കാലമോര്‍മിക്കുമോ കുമാരി.

ആറ്

സോറി കുമാരി

ഇപ്പോഴാണോര്‍ത്തത്

നിന്റെയീ പരുക്കനിട്ട മുഖവും മുലയും

ചന്തിയുമൊന്നും

നേരത്തേ പറഞ്ഞ പരിപാടിക്ക് യോജിക്കില്ല.

അതു കൊണ്ട് വെറുതെ ആശിപ്പിച്ചതിന്

മാപ്പു തരിക നീ നിന്റെ തൊഴിലു തന്നെ

ചെയ്യുക തൊഴിലാളി

അല്ലെങ്കില്‍ തന്നെ

ശബ്ദതാരാവലിയില്‍

താരനടിയും താരവെടിയും തമ്മില്‍

ഒരുപാട് വ്യത്യാസങ്ങളുണ്ടത്രെ.