Friday, October 30, 2009

ഇന്ദിരയെ ഓര്‍ക്കുമ്പോള്‍


1984 ഒക്ടോബര്‍ 31, പുലര്‍ച്ചെ 9 ഒമ്പതു മണിയോടെ ചരിത്രം കറുപ്പു പുതയ്ക്കാന്‍ പോകുന്ന നിമിഷങ്ങളിലേക്ക് ഇന്ദിരാ പ്രിയദര്‍ശിനി ഓറഞ്ച് സാരിയുടുത്തിറങ്ങിയത്. സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത് സിങ്ങിന്റെ റിവോള്‍വറിലും കോണ്‍സ്റ്റബിള്‍ സത്വന്ത് സിങ്ങിന്റെ സ്റ്റെന്‍ ഗണ്ണിലും ഇന്ദിരയെ കാത്ത് പതിനാറ് വെടിയുണ്ടകള്‍. ഇന്ത്യയുടെ ഗതിമാറ്റിയ നാല്‍പത് നിമിഷങ്ങള്‍. തീ തുപ്പിയ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ ഇന്ദിരയുടെ നെഞ്ചിലും വയറിലും തുളഞ്ഞു കയറി. സൈറന്‍ മുഴക്കി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലേക്ക് പാഞ്ഞ കാറിനുള്ളില്‍ മരുമകള്‍ സോണിയ ഗാന്ധിയുടെ മടിയില്‍ കിടന്ന ഇന്ദിരയില്‍ നിന്നും അവസാന ശ്വാസം വിട്ടു പിരിഞ്ഞു. ഒരേയൊരു ഇന്ദിര ഗാന്ധി, ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ മറ്റൊരു വനിത ഇതു വരെ ഉണ്ടായിട്ടില്ല. രക്ത സാക്ഷിത്വത്തിന്റെ കാല്‍ നൂറ്റാണ്ട് തിയകയുമ്പോഴും ഇന്ദിരയെന്ന പേര് ഉച്ചരിക്കുമ്പോള്‍ ആദരവും ബഹുമാനവും അറിയാതെ കടന്നുവരും.
ഉരുക്കു വനിത
മരണം നിഴല്‍ പോലെ പിന്നാലെയുണ്ടെന്നറിയാമായിരുന്നിട്ടും തനിയ്ക്ക് മരിക്കാന്‍ ഭയമില്ലെന്ന് പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞ് ഇന്ദിരാ പ്രിയദര്‍ശിനിയെ മരണം കവര്‍ന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയും ഉരുക്കു വനിതയുമായിരുന്ന ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. അധികാരത്തിന്റെ പുരുഷ ലക്ഷണങ്ങള്‍ തിരുത്തിക്കുറിച്ച് എല്ലാവിധ വിശേഷണങ്ങളുടെയും സീമയ്ക്കു പുറത്തു നിന്ന ഇന്ദിരയുടെ കാലഘട്ടം ചരിത്രത്തില്‍ സമാനതകളില്ലാതെ തെളിഞ്ഞു കിടക്കുന്നു. രണ്ടു ദശാബ്ദക്കാലം ഇന്ത്യയുടെ അധികാരം കൈപ്പിടിയിലമര്‍ത്തിയ ഇന്ദിര കാറ്റും കോളും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും ഭരണയന്ത്രത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലൊതുക്കി. അപകടകരമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അവര്‍ക്ക് അതിനുള്ള വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍
1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാറാണ് ഇന്ദിരയുടെ മരണത്തിനു വഴിയൊരുക്കിയത്. സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ച സിക്ക് തീവ്രവാദികളെ നേരിടാനായി നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന് ഇന്ദിര അനുമതി നല്‍കുമ്പോള്‍ പഞ്ചാബ് വിഘടനവാദത്തെ എതിര്‍ക്കുന്നതിനുള്ള മറ്റെല്ലാ വഴികളും അടഞ്ഞിരുന്നു. 83സൈനികരും 492 സിവിലിയന്‍മാരും കൊല്ലപ്പെട്ട ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ലോകത്താകമാനമുള്ള സിക്കുകാരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി. തീവ്രവാദത്തിനു നേതൃത്വം നല്‍കിയ ഭിന്ദ്രന്‍വാലയുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടെങ്കിലും സുവര്‍ണക്ഷേത്രം സൈന്യം കൈയടക്കിയെന്ന വാര്‍ത്ത സിക്കുകാരെയായകെ ചൊടിപ്പിച്ചു. നിരവധി സിക്കുകാര്‍ സൈന്യത്തില്‍ നിന്നും പിരിഞ്ഞു പോവുക വരെ ചെയ്തു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിനായി ദിന്ദ്രന്‍വാലയെ പഞ്ചാബില്‍ വളര്‍ത്തിയത് ഇന്ദിരയായിരുന്നു. ഭസ്മാസുരന് വരം നല്‍കിയതു പോലെയായിരുന്നു ഇതെന്നത് ചരിത്രപാഠം.
അനുഭവങ്ങളുടെ ബാല്യം
1917 നവംബര്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി ജനിച്ച ഇന്ദിര പിച്ചവച്ചതും വളര്‍ന്നതും സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ട നാളുകളിലായിരുന്നു. കടുത്ത ഏകാന്തത നിറഞ്ഞ ബാല്യകാലം തന്നെയാവണം ഇന്ദിരയുടെ മനസിന് വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉരുക്കു ചട്ടയണിയിച്ചതും. ചെറുപ്പം തൊട്ടേ രാഷ്ട്രീയം നിറഞ്ഞ അന്തരീക്ഷത്തില്‍ വളര്‍ന്ന ഇന്ദിരയുടെ ജീവിതവും അതേ വഴിക്കു തന്നെ ചലിച്ചു തുടങ്ങി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമര രംഗത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അണി നിരത്തി 'വാനര സേന' രൂപീകരിച്ചു. മുതിര്‍ന്ന രാഷ്ട്രീയക്കാരെ പോലെ തന്നെ ഇന്ദിരയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളുമായി വാനരസേനയും സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി. സ്കൂള്‍ ബാഗുകളില്‍ നേതാക്കള്‍ക്കുള്ള ലഘുലേകള്‍ ഒളിപ്പിച്ചു കടത്തിയിരുന്നതും വാനരസേനയിലെ അംഗങ്ങളാണ്.ഇംഗ്ളണ്ടിലെ സോമര്‍വെല്ലി കോളജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ സ്വാതന്ത്യ്രസമരാനുകൂല സംഘടനയായ ഇന്ത്യാലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അവിടെ നിന്നും മടങ്ങും വരെ സ്വാതന്ത്യ്രസമരത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു കൊണ്ടിരുന്നു. പതിനെട്ടു വയസായപ്പോഴേക്കും അമ്മയെ നഷ്ടപ്പെട്ട ഇന്ദിരയുടെ പിന്നീടുള്ള ജീവിതത്തിലെ നിറസാന്നിധ്യം അച്ഛന്‍ നെഹ്റുവായിരുന്നു. ഇക്കാലത്ത് അദ്ദേഹവുമായി അവര്‍ നടത്തിയിരുന്ന നീണ്ട കത്തിടപാടുകള്‍ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പുസ്തകമായി. അക്കാലത്തെ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ നേര്‍രേഖകള്‍ കൂടിയാണ് ഈ കത്തുകള്‍.
കുടുംബം
ബ്രിട്ടനില്‍ വെച്ചാണ് ഇന്ദിരാഗാന്ധി പാഴ്സിയായ ഫിറോസ് ഗാന്ധിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 1942ല്‍ അച്ഛന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്ദിര ഫിറോസ് ഗാന്ധിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചു. അതിനോടകം തന്നെ സ്വാതന്ത്യ്രസമരത്തില്‍ സജീവമായിരുന്ന ഫിറോസുമൊരുമിച്ചാണ് ഇന്ദിര ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തത്. ഇന്ദിരയ്ക്കും ഫിറോസ് ഗാന്ധിക്കും രണ്ടു മക്കളായിരുന്നു. അടിയന്തരവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധി ചരിത്രവിചാരണ നേരിടുന്നത് സഞ്ജയിഗാന്ധിയുടെ ചെയ്തികളുടെ പേരിലാണ്. നിര്‍ബ്ബന്ധിത വന്ധ്യകരണത്തിലൂടെയും ഡല്‍ഹിയിലെ ചേരിനിവാസികളുടെ നെഞ്ചിലൂടെ നിര്‍ഭയം ബുള്‍ഡോസറുരുട്ടിയും സഞ്ജയ് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ ഇന്ദിരയുടെ യശസ്സിനുമേല്‍ കുറച്ചൊന്നുമല്ല കരിപുരട്ടിയത്. ഒടുവില്‍ സഞ്ജയ് വിമാനാപകടത്തില്‍ മരിച്ചതിന്റെ ദുഃഖവും ഇന്ദിരയ്ക്ക് താങ്ങേണ്ടിവന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഇന്ദിരയുണ്ടാവും, ശക്തനായ പിതാവിന്റെ അതിശക്തയായ മകളായി. ബംഗ്ളാദേശിന്റെ പിറവിയിലൂടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും ഭാഗധേയം മാറ്റിയ ധീരവനിതയായി.


Friday, October 23, 2009

കടലാസ് പൂവിന്റെ വസന്തം


അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡല്‍ഹിയിലെ റീഗല്‍ സിനിമാ ഹാളില്‍ ഒരു സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദായിരുന്നു മുഖ്യാതിഥി. സിനിമ തുടങ്ങി ഏറെക്കഴിയും മുമ്പേ അദ്ദേഹം ഹാളിനു പുറത്തേക്ക് നടന്നു. പ്രേക്ഷകരുടെ ഇടയില്‍ നിന്നും നിലയ്ക്കാതെ കൂക്കിവിളികള്‍. തിരശ്ശീലയ്ക്കു നേരെ കൂര്‍ത്ത കല്ലുകളും ചെരിപ്പുകളും ചീറിപ്പാഞ്ഞു. തിരസ്കരണത്തിന്റെ മുള്ളുകള്‍ സംവിധായകന്‍ ഗുരുദത്തിന്റെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. കാഗസ് കെ ഫൂല്‍ എന്ന കാലം തെറ്റി വിരിഞ്ഞ കടലാസു പൂവിനെ അമ്പതുകളിലെ സിനിമാ പ്രേക്ഷകര്‍ ഇങ്ങനെയായിരുന്നു സ്വീകരിച്ചത്. പിന്നീട് അതിന്റെ പരിമളം പരന്നു തുടങ്ങിയപ്പോഴേക്കും നട്ടു നനച്ചു വളര്‍ത്തിയവന്‍ നീണ്ട നിദ്രയ്ക്കു കീഴടങ്ങി. ഗുരുദത്തിന്റെ കാഗസ് കെ ഫൂല്‍ എന്ന ലോകോത്തര ക്ളാസിക്കിന് ഈ ഒക്ടോബറില്‍ അമ്പതു വയസു തികഞ്ഞിരിക്കുന്നു. 1959 ല്‍ ഇറങ്ങിയ കാഗസ് കെ ഫൂലിനെ പ്രേക്ഷകര്‍ നിര്‍ദാക്ഷണ്യം തിരസ്കരിച്ചു. കാലനുസൃതമല്ലാത്ത പ്രമേയവുമായി അമ്പതുകളുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു മുന്നില്‍ അന്നത്തെ പ്രേക്ഷകര്‍ കണ്ണടച്ചു. പ്യാസ എന്ന ചിത്രം വിജയിച്ചതിന്റെ ചുവടു പിടിച്ചാണ് ഗുരുദത്ത് കാഗസ് കെ ഫൂല്‍ ഒരുക്കുന്നത്. അമ്പതുകളുടെ ഒടുവില്‍ വരണ്ട മണ്ണില്‍ വീണു കരിഞ്ഞു പോയെങ്കിലും എണ്‍പതുകളുടെ വസന്തത്തില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തു തളിര്‍ക്കുന്നത് കാണാന്‍ ഗുരുദത്ത് ജീവിതം ബാക്കി വെച്ചില്ല. തന്റെ കടലാസു പുഷ്പം കരിഞ്ഞു വീണ ഒക്ടോബര്‍ മാസം കിടപ്പു മുറിയില്‍ മദ്യത്തില്‍ അമിതമായി ഉറക്കഗുളികകള്‍ കലര്‍ത്തി മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. 1984ല്‍ ജപ്പാനിലും ഫ്രന്‍സിലും വീണ്ടും റിലീസായ ചിത്രം കാണാന്‍ സിനിമാ പ്രേമികള്‍ ഇടിച്ചു കയറി. ലോകോത്തര ക്ളാസിക്കുകള്‍ സിനിമാ ലോകത്തിനു സമ്മാനിച്ച മഹാരഥന്‍മാരുടെ പട്ടികയിലേക്ക് ഗുരുദത്തും നടന്നു കയറി. കാഗസ് കെ ഫൂല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. ഫ്ളാഷ്ബാക്കില്‍ കഥപറയുന്ന കാഗസ് കെ ഫൂല്‍ സുരേഷ് സിന്‍ഹയെന്ന സിനിമാ സംവിധായകന്റെ കഥയാണ്. ഭാര്യ ബീന ധനികരായ വീട്ടുകാര്‍ സിനിമാ ജീവിതത്തെ സമൂഹത്തില്‍ തീരെ വിലമതിക്കാനാവാത്ത ഒന്നായാണ് കണ്ടിരുന്നത്. തന്റെ മകള്‍ പമ്മിയെ ഒരു ബോര്‍ഡിംഗ് സ്കൂളിലയക്കാനുള്ള നീക്കത്തെ സുരേഷ് ശക്തമായെതിര്‍ക്കുന്നു. അതോടെ അയാളുടെ കൂടുംബാന്തരീക്ഷം കൂടുതല്‍ കാലുഷ്യമാകുന്നു. മഴയുള്ളൊരു രാത്രിയിലാണ് സുരേഷ് ശാന്തിയുമായി കണ്ടുമുട്ടുന്നത്. അയാള്‍ തന്റെ കോട്ട് അവള്‍ക്ക് നല്‍കുന്നു. പിന്നീട് ഈ കോട്ട് മടക്കി നല്‍കാനായി സിനിമാ സ്റ്റുഡിയോയിലെത്തുന്ന ശാന്തി അപ്രതീക്ഷതമായി ക്യാമറയില്‍ പതിയുന്നു. സുരേഷിലെ സംവിധായകന്‍ അവളുടെ ചലനങ്ങളില്‍ ഒര നല്ല നടിയെ തിരിച്ചറിയുന്നു. തന്റെ ദേവദാസ് സിനിമയില്‍ പാരോ എന്ന കഥാപാത്രമായി അവളെ തിരഞ്ഞെടുക്കുന്നു. ക്രമേണ നടയെന്ന നിലയില്‍ ശാന്തി പേരെടുക്കുകയും സുരേഷുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. എന്നാല്‍ സുരേഷിന്റെ മകള്‍ പമ്മി ശാന്തിയോട് തന്റ അച്ഛന്റെ ജീവിതത്തില്‍ നിന്ന് വഴിമാറമെന്നാവശ്യപ്പെടുന്നു. തന്റെ കരിയര്‍ ഉപേക്ഷിക്കുന്ന ശാന്തി ദൂരെയൊരു ഗ്രാമത്തില്‍ ഒരു സ്കൂള്‍ ടീച്ചറുടെ ജോലി നേടി പോകുന്നു. ശാന്തിയുടെ വേര്‍പാട് സുരേഷിനെ മദ്യപാനിയാക്കി മാറ്റി. എന്നാല്‍ മുന്‍പ് ഏര്‍പ്പെട്ടിരുന്ന ചില കരാറുകള്‍ മൂലം ശാന്തി സിനിമയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാവുന്നു. ശന്തി സിനിമയില്‍ വീണ്ടും സജീവമാവുമ്പോഴേക്കും സുരേഷ് അവളില്‍ നിന്നും സിനിമയില്‍ നിന്നും ഏറെ ദൂരം പോയിരുന്നു. ചിത്രത്തിന്റെ അവസാന സീനില്‍ സുരേഷ് സിന്‍ഹ തന്റെ കഴിഞ്ഞുപോയ നല്ല കാലങ്ങളെയോര്‍ത്ത് ആളൊഴിഞ്ഞ സ്റ്റുഡിയോയില്‍ സംവിധായകന്റെ കസേരയിലിരുന്നു മരിക്കുന്നു. ചിത്രത്തില്‍ സുരേഷ് സിന്‍ഹയായി ഗുരുദത്തും ശാന്തിയായി വഹീദാ റഹ്മാനും വേഷമിടുന്നു. ബേബി നാസ്, മഹമ്മൂദ്, ജോണിവാക്കര്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിച്ചു. ഇത്തരമൊരു കഥയെ സ്വീകരിക്കാന്‍ അമ്പതുകളുടെ ഒടുവിലുണ്ടായിരുന്നു പ്രേക്ഷകമനസുകള്‍ പാകപ്പെട്ടിരുന്നില്ലെന്നു തന്നെ പറയാം. വിനോദമെന്ന സിനിമയുടെ അത്ഭുതങ്ങള്‍ അറിഞ്ഞു തീരുന്നതിനും മുന്നെ ഗഹനമായൊരു ഇതിവൃത്തമോര്‍ത്തു തലപുകയ്ക്കാന്‍ അന്നത്തെ പ്രേക്ഷകനു കഴിയുമായിരുന്നില്ല. ലളിതമായ കഥാപശ്ചാത്തലങ്ങളില്‍ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെയൊപ്പം കഥാചലനം മന്ദഗതിയിലായ കാഗസ് കെ ഫൂലിന് പിടിച്ചു നില്‍ക്കാനായില്ല. വിനോദത്തിനു വേണ്ടി സിനിമയുടെ സ്വഭാവിക സമവാക്യം തികയ്ക്കാന്‍ ഇടയ്ക്കിടെ തിരുകിക്കയറ്റിയ ഹാസ്യരംങ്ങള്‍ വേണ്ട വിധം ഏറ്റുമില്ല. കാഗസ് കെ ഫൂല്‍ മുറിവുകള്‍ നിറഞ്ഞതാണെന്നും വളരെ മന്ദഗതിയിലുള്ളതും പ്രേക്ഷകന്റെ തലയ്ക്കുമുകളിലൂടെ പോകുന്നതുമായ ചിത്രമാണെന്ന് ഒരു അഭിമുഖത്തില്‍ ഗുരുദത്ത് തുറന്ന് സമ്മതിച്ചിരുന്നു. പക്ഷെ ഗുരുദത്ത് പ്രതീക്ഷിച്ച പ്രേക്ഷകന്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എണ്‍പതുകളില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തപ്പോള്‍ അത് മികച്ച് പത്ത് ഹിന്ദി സിനിമകളുടെ ശാഖയില്‍ പരിമളം പടര്‍ത്തി വേറിട്ടു നിന്നു. ചിത്രത്തില്‍ കെയ്ഫി അസ്മിയുടെ വരികള്‍ക്ക് ജീവന്‍ പകര്‍ന്നത് എസ്.ഡി ബര്‍മനാണ്. വി.കെ മൂര്‍ത്തിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ഒരു പാട്ടു സീനില്‍ രണ്ട് ചെറിയ കണ്ണാടികളുുപയോഗിച്ചാണ് അദ്ദേഹം സൂര്യപ്രാകാശത്തിന്റെ വലിയൊരു സാന്നിധ്യം ദൃശ്യമാക്കിയത്. ഈ സീന്‍ അദ്ദേഹത്തിന് 1959ലെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. കാഗസ് കെ ഫൂല്‍ ഗുരുദത്തിന്റെ ആത്മകഥാംശമുള്ള സിനിമയാണെന്ന് പലരും പറഞ്ഞിരുന്നു. ഈ സിനിമയെടുക്കുന്ന കാലത്താണ് ഭാര്യാ ഗീതാദത്തുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ ഉലച്ചില്‍ വീഴുന്നതും നടി വഹാദാ റഹ്മാനുമായി അടുപ്പത്തിലാവുന്നതും. ചിത്രത്തിലെ നായകന്റെ ഏകാന്തതയിലുള്ള അന്ത്യത്തിനും ഗുരുദത്തിന്റെ മരണത്തിനും ഏറെ സാമ്യതകളുമുണ്ടായിരുന്നു. എന്നാല്‍ കാഗസ് കെ ഫൂല്‍ ഗുരുദത്ത് ഗുരുതുല്യനായി കണ്ടിരുന്ന ഗ്യാന്‍ മുഖര്‍ജിയുടെ കഥയാണെന്നും. ഗുരുദത്തിന്റെ പ്യാസ് എന്ന ചിത്രം സമര്‍പ്പിച്ചിരിക്കുന്നതും ഗ്യാന്‍ മുഖര്‍ജിയ്ക്കാണ്.


Saturday, October 10, 2009

ഹമേം തുംസെ പ്യാര്‍ കിത്ന...


സാഗരം എത്ര ചാരെയാണ്, എന്നിട്ടും എത്ര തവണ കേട്ടാലും ആ ഗാനങ്ങള്‍ പിനെയും മനസ്സില്‍ വല്ലാത്ത ദാഹം ഉണ്ടാക്കുന്നു. കിഷോര്‍ദായുടെ പട്ട്ടുകള്‍ അങ്ങനെയാണ് എത്ര കേട്ടാലും മതി വരില്ല. എത്ര തവണ ആ വരികള്‍ ഒഴുകി എത്തിയാലും അറിയാതെ നമ്മള്‍ മൂളിപ്പോവും ഫിര്‍ ഭി മേരാ മന്‍ പ്യാസ...വേര്‍പാടിന് 22 വര്ഷം പൂര്‍ത്തിയാവുമ്പോള്‍ നാം പിന്നെയും പിന്നെയും അറിയാതെ മൂളുന്നു ഹമേം തുംസെ പ്യാര്‍ കിത്ന...


Thursday, October 1, 2009

ഹൃദയരാഗം


കഭി കഭി മേരെ ദില്‍ മേ ...

അതെ, ഒരിക്കല്‍ മാത്രം കേട്ടാല്‍ മതി. പിന്നെ ഹൃദയത്തില്‍ നിന്ന് ഇടയ്ക്കിടെ കേള്‍ക്കാം ആ വാനംബ്ബാടിയുടെ പാട്ടുകള്‍. ആര് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാ രംഗത്ത് പടി വളര്‍ന്ന ആ വാനംബ്ബാടിയുടെ പേര് ലത്‌ മങ്കേഷ്കര്‍. 80 വയസു കഴിഞ്ഞിട്ടും ഇന്നും ഭാരതത്തിനു മാത്രം സ്വന്തമായ ആ സ്വരമാധുരി കാതുകളിളുടെ ഹൃദയത്തിലെക്കൊഴുകിയെതുന്നു. മുല്ല വള്ളിയും തേന്മാവും പോലെ ലതാജിയും സംഗീതവും ആര് പതിറ്റാണ്ടുകളായി പുണര്‍ന്നു നില്‍ക്കുന്നു. ഇന്ത്യന്‍ സിനിമാ സംഗീതത്തിനു ഇത്രയേറെ സംഭാവന നല്‍കിയ മറ്റൊരു പ്രതിഭ വേറെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെയാണ് ഭാരത സബ്ദത്ത്തെ തേടി പരമോന്നത ബഹുമതിയായ ഭാരതരത്നം എത്തിയതും. അത്ഭുതത്തോടെ നോക്കി നിന്നവരും ആരാധകരും ഇത് വരെയുള്ള ലതായുഗത്തില്‍ നിറഞ്ഞു നിന്നിരുന്നു. ലതാജിയുടെ ഒരു വരിയെങ്കിലും മൂളാത്തവരില്ല . അത് കൊണ്ട് തന്നെയാണ് ടൈം മാഗസിന്‍ അവരെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് ഒരിക്കല്‍ വിശേഷ്പ്പിച്ചത്. ലോകമെങ്ങുമുള്ള ആരാധകര് ഭാരതത്തിന്റെ വാനംബാടിക്കു പിറന്നാള്‍ ആശംസ നേരുമ്പോള്‍ അവര്‍ മുംബയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളില്‍ ഒതുങ്ങിക്കൂടി. 1942 ലാണ് ലതാജി ആദ്യമായി പിന്നണി പാടുന്നത്. ആപ്കി സെ മേം ആയിരുന്നു ആദ്യ ചിത്രം. 1950 ഓടെ അനില്‍ ബിശ്വാസ്,ശങ്കര്‍ ജയ്കിഷാന്‍, സലില്‍ ചൌധരി, എസ്.ഡി. ബര്‍മന്‍ തുടങ്ങിയവരുടെ സംഗീതത്തില്‍ ലതാജി നിരവധി ഹിറ്റുകള്‍ക്ക് ജീവന്‍ നല്‍കി. ഓസ്കാര്‍ ജേതാവ് എ.ആര്‍. രഹ്മാനു വേണ്ടിയും ലതാജി ഹിറ്റ് പാട്ടുകള്‍ പടി. ഹേമന്ദ് കുമാറിന്റെ സംഗീതത്തില്‍ കഹി ദീപ ചലേ ആയെ എന്ന ഗാനം ലതാജിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്‌ നേടിക്കൊടുത്തു. ജീവസുറ്റ ആ ശബ്ദധാരയ്ക്ക് പുറമേ ചില മറാത്തി ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനവും ലതാജി നിര്‍വഹിച്ചു. ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. പദ്മഭൂഷന്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഈ അനുഗ്രഹീത ഗായികയെ തേടിയെത്തിയിട്ടുണ്ട്.