Saturday, March 4, 2017

മുളകരയ്ക്കുന്ന താളത്തില്‍



തലക്കറിയുടെ
കവടിപ്പിഞ്ഞാണത്തില്‍
വിരലുകള്‍ കുഴഞ്ഞിഴഞ്ഞ്
തുടങ്ങുമ്പോള്‍
നാക്കിന്റെ തുമ്പത്ത്
എരിവ് കയറ്റി വന്ന
കപ്പലുകള്‍ ചരക്കിറക്കി
പോയെന്നു തോന്നും.
മൂക്കിന്റെ തുമ്പില്‍
പാലം കടന്നെത്തുന്ന
കാറ്റ് മുളകുപാടത്തെ
വിളവെടുപ്പ് കാലം
അടയാളപ്പെടുത്തും.
പാടത്തു നിന്നും
കുളക്കോഴികള്‍
ചീനച്ചട്ടികള്‍ തിരഞ്ഞു
വരുന്ന സ്വപ്‌നത്തില്‍
തോട്ടിലേക്കൂര്‍ന്നു വീണ
കുരുമുളകു വള്ളികളില്‍
പിടിച്ച് കറിച്ചട്ടിയിലേക്ക്
തൊലിയുരിഞ്ഞിറങ്ങുന്ന
വരാലുകളെ കാണും.
ഓട്ടുരുളിയില്‍ വെളിച്ചെണ്ണ
വേലിയേറുമ്പോള്‍
കുളിക്കാനൊരുങ്ങുന്ന
പരല്‍മീനുകളെ കാണും
വറുത്തരകളുടെ
വിപ്ലവച്ചൂടിലാറാടി
പോത്തു പട്ടാളം
വരവറിയിക്കുമ്പോള്‍
തേങ്ങാക്കൊത്തിനോടൊട്ടി
വരട്ടിയ പോര്‍ക്ക്്
പ്രണയമറിയിക്കും
താളം പിടിക്കുന്ന
വിരലുകള്‍ക്ക്
ഒപ്പമെത്താനാകാതെ
രിമ് ജിം ഗിരെ സാവന്‍
തൊലഞ്ഞു
തൊലഞ്ഞ് പോകും.
ദാണ്ടെ,
ബോബ് മാര്‍ലി
വരമ്പേലിരുന്നു
ബീഡി വലിക്കും.
കുടിയേറ്റങ്ങളുടെ
മേശപ്പുറത്തവന്‍
മീഞ്ചാറില്‍ വിരല്‍ മുക്കി
ആകാശച്ചുവപ്പില്‍
ജലഗോവണിയിറങ്ങുന്ന
സൂര്യനെ വരയ്ക്കും.
പാട്ട് കേട്ടു കുലുങ്ങിയ
കുപ്പികളൊക്കെയും
മരുന്നോളം പോര
മരനീരെന്നുരഞ്ഞ്
മധുരം നിറച്ചു വെക്കും.
ഉത്തരം കറക്കുന്ന
കാഴ്ചകളില്‍ നിന്ന്
താഴോട്ടിറങ്ങി
നട്ടുച്ച വൃത്തത്തില്‍
താഴെ ഉറക്കമെന്ന
കവിതയെഴുതും.
ഷാപ്പിലെ ബെഞ്ചിലേക്കു
തല ചായ്ക്കുമ്പോഴെല്ലാം
ആടിയാടി മുളകരയ്ക്കുന്ന
താളത്തില്‍ ആരോ
താരാട്ടു പാടുന്നുണ്ട്.