Thursday, June 2, 2016

മാനത്തു കണ്ണിആകാശമേ കേള്‍ക്കയെന്നു നീ
ഭൂമിയേ ചെവി തരില്ലെന്നു ഞാന്‍
--------------------------------------------------------
നീ പിണങ്ങി പിണങ്ങി
കറുപ്പിച്ച ഒരു രാത്രിയില്‍
കയറേണി പോലൊരു
കിനാവിന്റ കൈപിടിച്ചു
ഞാനാകാശത്തിലേക്കു
കയറിച്ചെല്ലും
നിന്റെ ജനാലക്കു നേരെ
ഒരമ്പിളിമാമനെ ചിരിയില്‍
മുക്കി വരയ്ക്കും
ആലിപ്പഴങ്ങള്‍ കിലുങ്ങും
മരം കുലക്കി
നിന്റെ മുറ്റം നിറയ്ക്കും
നക്ഷത്രക്കുട്ടന്‍മാരെ
മിന്നിമിന്നിച്ച് നിന്റെ
ഉറക്കം കെടുത്തും
ഇടിമിന്നലുകള്‍
ഇറുകെപ്പുണരുന്ന കണ്ട്
നിനക്കിക്കിളിയാകും
ഇടിമുഴക്കി നിന്റെ
പറമ്പതിരുകളില്‍
കുട വിടരുന്ന പോലെ
കൂണുകള്‍ കിളുപ്പിക്കും
കൈയെത്തും ദൂരെ
നീലം മുക്കി
നീ അലക്കി വിരിച്ച
ആകാശത്തുണ്ടുകളില്‍
മഴ കുലുക്കിയൊഴിക്കും
മഴവില്ലു പൊട്ടിച്ച്
നിന്റെ കൈത്തണ്ടപ്പാകത്തില്‍
കുപ്പിവളകള്‍ പണിയും
മഴ, മഞ്ഞ്, നിലാവ്,
വെയില്‍ പാത്രങ്ങളെല്ലാം
നിന്റെ പുരപ്പുറത്തേക്കു
ചെരിച്ചു പിടിക്കും
വേലിക്കപ്പുറം തോട്ടില്‍
മാനത്തുകണ്ണികള്‍
കലപില കൂട്ടും
പരല്‍മീന്‍ നീന്തും
പാതിരാപ്പാടത്ത്
മിന്നാമിനുങ്ങുകളുടെ
നിലാക്കൂട്ടം വെയില്‍ വിരിക്കും
കുറ്റിയും കൊളുത്തും വിട്ടു
നിന്റെ ജനല്‍വാതിലുകള്‍
കെട്ടുപൊട്ടിച്ചു കാറ്റിനൊപ്പം
പോകുമെന്നൊരു നേരം
പുതപ്പു കുടഞ്ഞെറിഞ്ഞ്
ആകാശമേ കേള്‍ക്കയെന്ന്
നീയാര്‍ത്തു വിളിക്കും
ഭൂമിയേ ചെവി തരില്ലെന്ന്
ഞാന്‍ കണ്ണടച്ചു കാട്ടും.
പിന്നെയും പിന്നെയും
മേലോട്ടു മേലോട്ടു
കയറിപ്പോകുന്ന പോലെ
നിനക്കു തോന്നും
പിന്നെപ്പിന്നെ പിണക്കം
പെയ്തു തോരുമെന്ന നേരം
നീ കണ്ണു തിരുമ്മുമ്പോള്‍
കട്ടില്‍ തലക്കല്‍
എന്തൊരാകാശമെന്ന മട്ടില്‍
തലയും തുവര്‍ത്തി
ഞാന്‍ നില്‍ക്കും
നിന്റെ കാല്‍ച്ചുവട്ടില്‍
ചൂരല്‍ കുട്ടകള്‍ നിറയെ
ആലിപ്പഴങ്ങളിലിട്ടു വെച്ച
ഒരു നൂറുമ്മകളും.No comments: