Thursday, November 27, 2014

ആദം എന്ന മരംകൊത്തി ഏദനില്‍1.
ആപ്പിള്‍,
നിനക്കുമൊരു
മരമാകാമെങ്കില്‍
ഏറ്റവും കുറഞ്ഞത്
ഒരാല്‍മരമെങ്കിലും
ആകുമായിരുന്നു
അമ്മ.
എത്ര കെട്ടിപ്പിടിച്ചാലും
കൈകളെത്താത്ത വണ്ണം
ഒത്തിരി കിളിക്കൂടുള്ള
എല്ലാത്തരം പൂവും കായുമുള്ള
ഒരു വന്‍മരം.
ഏതു ബുദ്ധനും
ബോധമേകുന്നൊരു
ബോധിവൃഷം.
എല്ലാ വേനലുകള്‍ക്കും
മീതെ ചായുന്ന
മഴക്കാട്.
2.
ഇതിപ്പോ
ഇങ്ങനെ
ജനലിനും
വാതിലിനും
പുറത്തേക്കു
വളരുമ്പം
വെട്ടി വെട്ടി
വേരുകള്‍ ചടച്ചു ചടച്ച്
ഒരുമാതിരി
ചട്ടിയില്‍ നട്ട പോലെ.
അടിമുടി
വിലക്കിന്റെ
വള്ളികള്‍.
3.
ചോന്നിരിക്കണ കണ്ടില്ലേ
ഏദനില്‍
നിന്നാണു പോലും
ഫൂ,
വിലക്കിന്റെ
ആദ്യ വാക്ക്
വീട്ടു മുറ്റത്തു
കിളുക്കാത്ത
കിട്ടാക്കനി.Saturday, July 12, 2014

ഒരു ലെസ്.ബിയന്‍ കാട്താക്കോലുകളെ
കൂട്ടത്തോടെ വരച്ചിട്ടാണ്
വാക്കുകള്‍ കൊണ്ടു 
ഹൃദയം തുറക്കുന്നത്.
വീടുകളുടെ
ചിത്രം മായ്ച്ചു കളഞ്ഞ്
മഴയെ വരക്കാന്‍
തുടങ്ങിയപ്പോഴേക്കും
നമുക്കുള്ളിലെ കാടുകള്‍
വേലികളില്ലാതെ വളരുന്നു.
മതിലുകളുടെ
തുടര്‍ച്ചയില്‍ നിന്ന്
നിന്റെ കണ്ണുകളെ
പച്ചമരങ്ങള്‍ക്കിടയിലേക്കു
കരഞ്ഞു തീരാന്‍
പറഞ്ഞയക്കുന്നു.
എന്റെ ചെവികള്‍
ചിന്നംവിളികളോടൊപ്പം
കിളിയൊച്ചകള്‍
തേടിപ്പോകുന്നു.
തിളച്ചു മറിഞ്ഞ
നീലച്ചായത്തില്‍
ഉടലുകളെ
കടലായി വരക്കുന്നു.
ഉടുപ്പുകള്‍
കൊടുങ്കാറ്റിനു
കൂട്ടു പോകുന്നു.
എന്റെ ആകാശം
നിന്റെ ഭൂമിയിലേക്കു
ഉമ്മകള്‍ പെയ്യിക്കുന്നു.
ജനാലകളും
വാതിലുകളുമില്ലാത്ത
തുറന്ന ഇടങ്ങളിലേക്ക
പറന്നിറങ്ങി
നിന്റെ പകലുകളും
എന്റെ രാവുകളും
ചുറ്റിവരിഞ്ഞു
പൊരുതുന്നു.


Friday, June 20, 2014

ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്


അങ്ങോട്ടു പോകുമ്പോള്‍
എഞ്ചിനു തൊട്ടു പിന്നിലായി 
നെഞ്ചോടു ചേര്‍ത്തിട്ടെന്ന പോലെ. 
തിരിയെ മടങ്ങുമ്പോള്‍ 
കഷ്ടം തോന്നി കൂടെ കൂടെക്കൂട്ടിയ പോലെ
ഏറ്റവും ഒടുവിലായി
കുലുങ്ങാതെ കിലുങ്ങിക്കിലുങ്ങി
ഒരു തീവണ്ടിമുറി.

കിതപ്പോ നെടുവീര്‍പ്പോ എന്നറിയാതെ
ചീവീടുകളോ പുല്‍ച്ചാടിയോ
എന്നു പരസ്പരം നോക്കാതെ
സാരിയും സാല്‍വാറും ഒരേ അയയില്‍
അലക്കി വിരിച്ചതു പോലെയും
വാടിയ ചീരയും വാടാമല്ലിയുമായി
വൈകുന്നേരങ്ങളിലും നിലയ്ക്കാതെയോടുന്നു.

പുസ്തകം വായിക്കുന്നു, പൂക്കളം തുന്നുന്നു
ഉള്ളില്‍ കരയുന്നു, കണ്ണില്‍ ചിരിക്കുന്നു
നഖമുനകളിലെ ചായമിളക്കുന്നു.
കിനാവു കണ്ടും നിഴലുടുത്തും
ഒന്നും മിണ്ടാതെയുമടുങ്ങിയിരിക്കുമ്പോള്‍
സഞ്ചരിക്കുന്ന ചിത്രശാലയാകുന്നു തീവണ്ടിമുറി.

പട്ടുകീറുടുത്ത ഒരു ഹാര്‍മോണിയം
ഒരേ രാഗത്തില്‍ നിര്‍ത്താതെ മൂളുന്നു.
ഒരേ വിരല്‍ത്താളത്തില്‍
നിലയ്ക്കാതെ മുഴങ്ങുന്നു
ഒട്ടിയ വയര്‍ പോലെ ഒരു ഡോലക്.
നീട്ടിയ കൈകളില്‍ നോക്കാതിരിക്കാന്‍
പൂച്ചയുറക്കത്തിലേക്കു പാളം തെറ്റുന്ന കണ്ണുകള്‍.
വലിഞ്ഞു കേറുന്ന പാട്ടുകളിലൊന്നും
പാളം തെറ്റാതെയോടുന്നു ഒരു തീവണ്ടി മുറി.

ജനല്‍ച്ചില്ലുകളിലെ മഴ, വെയില്‍ക്കീറ്
പാളത്തിനപ്പുറം വയല്‍ക്കരെ
കുളക്കോഴിയെന്നൊരു തോന്നലും
പാലത്തിനടയിലെ പാവാട നീരാട്ടും
ആളില്ലാത്ത ലെവല്‍ക്രോസില്‍
അവനെപ്പോലൊരാള്‍ കൈലിയുടത്ത്
കാരിയറില്ലാത്ത സൈക്കിളില്‍ നിന്നതും
യൂണിഫോമിട്ടു റിബണ്‍ കെട്ടിയ പള്ളിക്കൂടവും
നാട്ടിടവഴികള്‍ പാളത്തില്‍ മുട്ടി നില്‍ക്കുന്നിടവും
നാളെയും കാണാമെന്ന മട്ടില്‍ നടുനിവര്‍ത്തി
പോകാനെഴുന്നേല്‍ക്കുന്നു.

അടുത്ത സ്‌റ്റേഷനില്‍ സന്ധ്യയോടടുക്കുമ്പോള്‍
നാളെ വീണ്ടും കാണാമെന്നൊരു വാക്കു പോലും
പറയാതെ പാട്ടിനു പോകുന്നു ഒരു പാട്ട്.
തിടുക്കത്തിലിറങ്ങി തിരിച്ചോട്ടങ്ങളില്‍
കാട്ടിലേക്കാരും കൂട്ടു പോകാനില്ലാതെ
റെയില്‍വേ സ്‌റ്റേഷനു പിന്നിലൊറ്റയ്ക്കു
നിന്ന മരത്തില്‍ നിന്നും ഒതുക്കത്തില്‍
രണ്ടു ചീവീടുകളെയെടുത്ത്
ചെവിയിലേക്കു ചേര്‍ത്തു വെക്കുന്നു,
നാളെ പുലരും വരേക്കും മറക്കാതിരിക്കാന്‍.


Monday, June 16, 2014

നഷ്ടങ്ങളിലെ ശിഷ്ടമായിരുന്നു പുറകിലത്തെ ബെഞ്ച്

പള്ളിക്കൂടം എന്നൊന്നും ആരുമാരും
വിളിക്കാതിരുന്നേറെ നൊന്തിട്ടാണ്
പുറകിലത്തെ ബെഞ്ചുകള്‍
പണ്ടത്തോളം മിണ്ടാതെയുമുരിയാടാതെയും
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു പറഞ്ഞ്
ഇത്രത്തോളം തരംതാണു പോയത്.

പണ്ടൊക്കെ വിതച്ചതിനിരട്ടി കൊയ്യുന്ന
പുഞ്ചപ്പാടങ്ങളായിരുന്നു പുറകിലത്തെ ബെഞ്ച്.
ഏഴു ബിയില്‍ ഈച്ച പോലുമറിയാതെ
പള്ളിപ്പറമ്പീന്നു വെട്ടിയ പാളേംകോടന്റെ
ഒരു മുഴുവന്‍ കൊല ഇരുത്തിപ്പഴുപ്പിച്ചിട്ടുണ്ട്.
വീടിറങ്ങിപ്പോരുന്ന കൊട്ടടയ്ക്കാ കശുവണ്ടി
കൊക്കോക്കുരു പിന്നെ കൈയിലൊതുങ്ങിയതിനെല്ലാം
സംഭരണ ശാലയായിരുന്നു പുറകിലത്തെ ബെഞ്ച്

ഇടത്തു നിന്നു നാലാമതിരുന്നവന്റെ മടിയില്‍
നാനയുടെ നടക്കു നിന്നിളക്കിയെടുത്ത്
നാലായി മടക്കിയ സില്‍ക്കിന്റെ പോസ്റ്റര്‍
പാതിമിഴിയടച്ച് നിവര്‍ന്നു നിന്നതും
പുറകിലത്തെ ബെഞ്ചിന്റെ പുതുറിലീസായിരുന്നു.

തെറ്റിപ്പിരിഞ്ഞും കണക്കു കൂട്ടലില്‍ പിഴച്ചതും
ഉത്തരക്കടലാസുകളിലെക്കാലവും
ചുവന്നവരകളോടൊട്ടിക്കിടന്നു
സയന്‍സ് പീരിയഡില്‍ ചെമ്പരത്തിപ്പൂ
രണ്ടായിപിളര്‍ന്ന്് അണ്ഡബീജങ്ങള്‍
അടയാളപ്പെടുത്തിയപ്പോ ഇതിലെന്തുപമയെന്ന്
ഇക്കിളിച്ചിരി വിരിഞ്ഞതുമവിടെ മാത്രം.
രാസമാറ്റങ്ങളിലെ അമഌശേഷിപ്പുകള്‍ക്കു
ചാരത്തിന്റെ വില പോലും കൊടുക്കാത്ത
ഒറ്റച്ചോദ്യം പോലും തേടിവരാത്ത
സുസ്ഥിരയിടമായിരുന്നു പുറകിലെ ബെഞ്ച്

കുടയെടുക്കാത്ത മഴക്കാലങ്ങളും
ചെമ്മണ്ണു പാത ഓടിക്കേറിയ വെള്ള ഷര്‍ട്ടുകളും
നനവുണങ്ങാത്ത നിക്കറുകള്‍ ഭൂപടം വരക്കുന്നതും
ഒരുണ്ണിയപ്പം അഞ്ചായ് പകുത്തതും
പുറകിലത്തെ ബെഞ്ചില്‍ മാത്രമായിരുന്നു.

രക്ഷാകര്‍ത്താ യോഗമെന്നെന്നു കൃത്യമായ്
തീയതി തിരക്കിത്തിരക്കിയുത്സാഹത്തോടെ
അച്ഛന്‍മാര്‍ മുടങ്ങാതെയെത്തിയിരുന്നത്
ബിന്ദുവിന്റെ അമ്മയെക്കാണാനെന്നു
കണ്ടു പിടിച്ചതും പുറകിലത്തെ ബെഞ്ചായിരുന്നു.

സുജിത്തും സുരേഖയും
ആഢ്യന്‍ കട്ടകളിലൊരുമിച്ചതും
തുന്നല്‍ ടീച്ചര്‍ തയ്യല്‍ മെഷീനിലിരിക്കുന്നതും
പാട്ട് ടീച്ചര്‍ ഓടക്കുഴല്‍ വായിക്കുന്നതും
കണക്കു സാറിന്റെ ലസാഗുവും
മലയാളം ടീച്ചറിന്റെ കനകച്ചിലങ്കയും
ഹെഡ്മാഷും ചൂരലും ഭീഷണിയായും
കോമ്പസ് മുനയാല്‍ വരച്ചു നിറച്ചപ്പോള്‍
ഉണ്ണിസാറിന്റെ മുറുക്കിച്ചുവന്ന ചുണ്ടുകള്‍ മാത്രം
സ്‌നേഹത്തിന്റെ സ്‌കെച്ചു പേനകൊണ്ടായിരുന്നു
പുറകിലത്തെ ബെഞ്ച് അന്നൊരു ചിത്രശാലയായിരുന്നു.

അമ്മിണിയേടത്തി റേഷന്‍ കടയിലേക്ക് പോകുന്നതും
മണികെട്ടിയ കാളയുമായി പരമേശ്വരന്‍ മടങ്ങുന്നതും
തലയില്‍ ജമന്തിക്കാടുമായി വാസന്തിയെന്ന വസന്തം
നെറ്റിയില്‍ കളമെഴുത്തുമായി കേശുക്കണിയാന്‍
ജഡകെട്ടിയൊതുക്കിയ ഉന്‍മാദ വേഗമായി ഗോപിയാശാന്‍
കൂട്ടമണിയടിക്കുന്നതിനു തൊട്ടുമുമ്പായി
നെഞ്ചിലേക്കു സ്ഥാനക്കയറ്റം കിട്ടിയ അടിപ്പാവാടകള്‍
കുളക്കടവിന്റെ പടികളിറങ്ങുന്നതും കാണുമ്പോള്‍
പുറകിലത്തെ ബെഞ്ച് സഞ്ചരിക്കാത്ത സിനിമാ കൊട്ടകയായി.

പ്രണയലേഖനങ്ങളുടെ മൊത്തക്കച്ചവടം
ആദ്യചുംബനങ്ങള്‍ പോലെ മധുരിച്ച ബീഡിപ്പുക
യുവജനോത്സവങ്ങളിലെ ലളിതഗാനങ്ങള്‍
തീന്‍മേശയിലെ ദുരന്തമെന്നൊരു നാടകം
ചിരട്ടമുലകളില്‍ ശകുന്തളയായി പ്രച്ഛന്നവേഷം
കവിതകളില്‍ കടലാസു കത്തുന്ന തീജ്വാലകള്‍
മഴയും പുഴയും മണലുടലുകളും വരഞ്ഞ ചിത്രം
മടല്‍ ബാറ്റില്‍ പലകുറി ബൗണ്ടറി കടന്ന ഒട്ടുപാല്‍ പന്ത്
പാഠങ്ങള്‍ നീന്തിക്കടന്ന പരീക്ഷണങ്ങളും
പിന്നെ വനജയോടും ഗിരിജയോടും പറയാന്‍ മറന്നതും
ഞങ്ങളോടൊപ്പം പുറകിലെ ബെഞ്ചിലിരുന്ന്
ഇപ്പോഴും എങ്ങോട്ടോക്കെയോ കൂട്ടു പോരുന്നുണ്ട്.

പുറകിലത്തെ ബെഞ്ചിന്റെ ആധാരം ഇപ്പോഴും കൈയിലുള്ളവര്‍
---------------------------------------------------------------------------------------------
മനീഷ്. ഇ.എസ്, ജയകുമാര്‍ കെ.പി, നൈജിന്‍ വര്‍ഗീസ്, അനില്‍ കുമാര്‍, ശ്രീരാജ്, സെബി മാത്യു


Friday, March 7, 2014

നിന്നു പെയ്യുന്നു, ഉടല്‍സമേതം ഒരു പാട്ട്അത്രയ്‌ക്കൊന്നും കറുക്കാതിരുന്നിട്ടും
നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു.
പൊടുന്നനെയാണ് സ്വപ്‌നത്തില്‍ വന്ന്
പഴയൊരു മര്‍ഫി റേഡിയോ 
പാടാന്‍ തുടങ്ങിയത്.

നിലാവ് തോറ്റു പോകുന്നൊരു പാട്ട്
ഒരു വാക്കു പോലും ചോദിക്കാതെ
കൂടെക്കേറി കിടന്നു.
രാഗങ്ങള്‍ കൊണ്ടു പൂണ്ടടക്കം പിടിക്കുന്നു
ജലതരംഗം പോലെ ഉടലാകെ നനയുന്നു
വലിഞ്ഞു മുറുകിയ ദൊതാരയില്‍ 
വിരലുകളോടുന്നു.
ഇണങ്ങിയൊരു തംബുരു പോലെ
തോളോടു ചേര്‍ത്തു വയ്ക്കുന്നു.
മുടിയഴികളില്‍ ശ്രുതി ചേര്‍ക്കുന്നു.
ഇടം ചെവിയുടെ പിന്നില്‍ തുടങ്ങി
മറുചെവി കടക്കുന്നൊരു പുല്ലാങ്കുഴല്‍ കാറ്റ്.
തിമിര്‍ത്തു പെയ്യുന്നു മേഘമല്‍ഹാര്‍
ചുട്ടു പൊള്ളുന്നു ദീപക് രാഗത്തില്‍.

വിളംബിത കാലത്തില്‍ ചായ തിളക്കുന്നു
അപ്പോഴടക്കളയിലെ കറന്റടുപ്പില്‍.
ഉച്ചത്തിലുച്ചത്തില്‍ മൂളിയിട്ടും
കുളിമുറി വിട്ടു പുറത്തിറങ്ങാന്‍ മടിച്ചൊരു 
പാട്ട് ഈറനുടുത്തു നില്‍ക്കുന്നു.
ഉണാരാം എന്നൊരു വാക്കില്‍ നിന്നു
പോകുന്നു സ്വപ്‌നത്തില്‍ വന്ന റേഡിയോ.
കൂടെക്കിടന്ന പാട്ട് ഒന്നു കൈവീശിപ്പോലും 
കാണിക്കാതെ എഴുന്നേറ്റു കൂടെപ്പോയി.

കിടക്കവിരിയില്‍ ഇപ്പോഴും കാണാം
അത്രമേല്‍ മധുരിച്ചൊരു പാട്ടിന്റെ
വരികള്‍ ചുളിവുകളായി.കാലാ പാനി
കൂട്ടം തെറ്റി
പുറപ്പെട്ടു വന്നൊരു കൂവല്‍
ചെവിയുടെ തൊട്ടുപിന്നാമ്പുറം വരെ
വന്നിട്ടു തിരിച്ചു പോകുന്നു.
അഭ്യാസിയെപ്പോലെ
മണല്‍ക്കാറ്റിന്റെ പൂഴിക്കടകന്‍.
മരുഭൂമികള്‍ ഉണ്ടാക്കിയത്
കണ്ടു നടക്കുന്നു
ദിക്കും ദിശാസൂചികളുമില്ലാതെ.

ഉറവകള്‍ തേടി ഉള്‍വലിഞ്ഞ
കിണറുകളുടെ മേലായിരിക്കുമോ
മീസാന്‍ കല്ലുകള്‍ പോലെ
ഈ മുള്‍ച്ചെടികള്‍.

ചക്രവാളത്തോളം പോയൊരാ
കടല്‍കുടിച്ചിട്ടും ഉഷ്‌ണേന
ശാന്തികിട്ടാത്ത മണലാഴിമേല്‍
കപ്പലുകള്‍ നടന്നു തീര്‍ക്കുന്നു
ജലമുറഞ്ഞൊരോര്‍മകള്‍
മുതുകില്‍ മാറാപ്പുമായി.

ഭൂപടങ്ങളുടെ അതിരുകളില്‍
നിന്നടര്‍ന്നു പോയെന്നൊരാ
തോന്നലിന്റെ നടുവില്‍
അക്ഷാംശ രേഖയില്‍
കാല്‍തട്ടി വീണിട്ടോ
മുഖം കുനിച്ചിരിക്കുന്നൊരുവന്‍
അടയാളങ്ങളില്‍ നിന്നിറങ്ങി
വന്നപോലെ.

അല്ല, ഇതടുക്കുന്തോറുമകലുന്ന
മറ്റൊരു മായാമരീചികയല്ല.
അത്രമേലടുത്താണ്,
ഒരുവന്‍ വിറയ്ക്കുന്ന കൈകളില്‍
പിടയ്ക്കുന്നൊരു ഹൃദയമെടുത്തു
തിന്നുന്നു, നിലവിളി കൊണ്ട്.

അറിയാതെയാണ്,
ഞെട്ടു പൊട്ടി വീണു പോകുന്നു
ഒരു ചോദ്യം.

എങ്ങനെയുണ്ട് ചങ്ങാതി ?

തേങ്ങലായിരുന്നിട്ടും
വെയില്‍ കൊണ്ടെഴുതിയ
പോലിരുന്നു മറുപടി.

ഒരുപാടു കാലം
സ്വന്തമായിരുന്നു.
എന്നിട്ടും കയ്പാണു മിത്രമേ,
കൊടും കയ്പ് !