Friday, November 26, 2010

ഒരു മരം തണലുമായി നടക്കുന്നു


എല്ലാരും പറേണു
ആശാന് പ്രാന്താണ്.
കണ്ടാല്‍ ചിരിക്കും
തെറിയില്‍ നനയാത്ത
ഒരു പാട്ടെങ്കിലും പാടും
കൈ കൊട്ടി വിളിക്കും
വണ്ടി വരുന്നുണ്ട്
വട്ടം ചാടാതെ പോണന്ന് പറയും

എല്ലാരും പറേണ് ആശാന് പ്രാന്താണ്
പള്ളിക്കൂടം വിട്ടവഴിയില്‍
കൂവിയാര്‍ത്ത കൂട്ടത്തിലേക്ക് തിരിഞ്ഞ്
കരിയിലക്കൂട്ടം കഴുവേറികള്‍
കടന്നു പോയേന്നേ പറഞ്ഞുള്ളു.
ഗൗരീശങ്കരം ഹോട്ടലിന്റെയും
സൂപ്പര്‍മാന്‍ ഓട്ടോയുടെയും
കണ്ണാടിച്ചില്ല് തകര്‍ത്ത കരിങ്കല്‍ ചീള്
ഒറ്റമുണ്ടിന്റെ മടിക്കുത്തില്‍
ചുമ്മാതിരുന്നതേയുള്ളൂ.

എല്ലാരും പറേണ് ആശാന് പ്രാന്താണ്
മുഴുവനായൊന്നും വേണ്ട
കൂട് കണക്കേ കിട്ടിയാലും
മഞ്ഞച്ചിരി മോഹനന്റെ മുറിബീഡി മതി
മീശയുടെ കലക്കച്ചായ അരഗഌസ്
ഉടുക്കാന്‍ ഒറ്റമുണ്ടിന്റെ പാതി

എല്ലാരും പറേണ് ആശാന് പ്രാന്താണ്
കുമാരിയെ കാണുമ്പോഴൊക്കെ മുണ്ടു പൊക്കും
ശവം കുളിക്ക്യേല്ലെന്ന് കുമാരി
കായിലും മായിലും പൂവിലും മുക്കി
ആശാന്‍ കുമാരിയെ പാടിയോടിക്കും

എല്ലാരും പറേണ് ആശാന് പ്രാന്താണ്
ഉണ്ണിമിശിഹാ പള്ളിക്കു മുന്നില്‍
ഗണപതിക്ക് തേങ്ങ
കുഞ്ഞിമായീന്റെ വാങ്കു വിളിക്ക്
മുട്ടുകുത്തും കൈകൂപ്പും
ദീപാരാധന നേരം മാത്രം
ഇങ്ക്വിലാബ് വിളിക്കും.

എല്ലാരും പറേണ് ആശാന് പ്രാന്താണ്
ആറേമുക്കാലിന്റെ സെന്റ്‌ജോര്‍ജിന്
കവലയിലിറങ്ങിയ കുമാരിയോട്
ആരും കേള്‍ക്കാതെ തെറിയില്‍ നനയ്ക്കാതെ
ആശാന്‍ പതിയെപ്പറഞ്ഞു
'സൂക്ഷിച്ച് പോണൂട്ടോ
പ്രാന്തന്‍മാരുടെ നാടാ...'



ഉള്ളില്‍


അഗ്നിയും വിഷവും സമം
കടലും കരയും ഓരോ കുമ്പിള്‍
ഭൂമിയും മാനവും കണ്‍നിറയെ
കണ്ണുനീരില്‍ ചാലിച്ച
ഒരു പുഞ്ചിരിയും
പാകത്തിന് ഭ്രാന്തും.

Monday, November 22, 2010

ഇപ്പോള്‍ പരിധിക്ക് പുറത്താണ്


എന്റെ ഇടുതു കൈയിലെ
ചെറുവിരലില്‍ എപ്പോള്‍
വേണേലും ഊരിപ്പോകാന്‍
പാകത്തിന് കിടപ്പുണ്ട്.
ഇനിയും മടങ്ങാതെ
ചുറ്റിവരിഞ്ഞ ഒരു സ്പര്‍ശം.

മോതിര വിരലിനെ സ്‌നേഹം
കൊണ്ട് ശ്വാസം മുട്ടിച്ച
ഒരുച്ച നേരത്താണ്
താഴത്തും തലയിലും
വയ്ക്കാതെ
ചെറു വിരലിലേക്കു മാറ്റിയത്.
കുളിമുറിയില്‍ സോപ്പുപതയുടെ
നീറ്റലില്‍ കണ്ണു
തിരുമ്മിയടക്കുമ്പോള്‍
ആകെ അങ്കലാപ്പാണ്.
വഴുതിയിറങ്ങി
പറയാതെ പോയാലോ.

നീലപ്പുതപ്പിനടിയില്‍
ഉറക്കത്തിനിടയില്‍ ഇടക്കിടെ
ഞെട്ടിയുണര്‍ന്ന് തപ്പി നോക്കാറുണ്ട്.
പേടി സ്വപ്നങ്ങള്‍ കണ്ട്
ശ്വാസം മുട്ടി മരിച്ചാലോ.

ഇന്നലെ ഒരു വന്‍മല മടിയില്‍
കിടത്തിയുറക്കാന്‍ വിളിച്ചപ്പോഴും.
കാട് കനിവുണ്ണാന്‍ തണലിലിരുത്തയപ്പോഴും
പിന്നെ, വിഷം കുടിച്ച് മയങ്ങി
മടങ്ങുമ്പോഴും മുറുകെ പിടിച്ചിരുന്നു.
എന്റെ ഇടതു കൈയിലെചെറുവിരലില്‍
ഇപ്പോഴുംചുറ്റി വളഞ്ഞ് കിടപ്പുണ്ട്.
വിട പറയാന്‍ മടിച്ച്
ഒരു സ്‌നേഹ സ്പര്‍ശം.

വാക്ക് ഒരു മരം


കുടയില്ലാക്കാലം
ഇലകള്‍ നിവര്‍ത്തിയ
പുള്ളിക്കുട.
ഇലയില്ലാക്കാലം
വെറുമൊരു കാഴ്ച.
ചിലപ്പോഴൊക്കെ
കരിയിലകള്‍ പുതപ്പിച്ച
കടലാസ് പൂക്കളേക്കാള്‍
കനം കുറഞ്ഞ ഒരോര്‍മ
കാറ്റു വീശാത്ത നേരങ്ങളില്‍
ഒരു പഴുത്ത ഇല പൊഴിഞ്ഞു
താഴെയെത്തുന്ന നേരം കൊണ്ട്
ചില്ലകള്‍ ഒരു കഥ പറയും.
ഒരു രാത്രി രണ്ടു നിഴലുകള്‍
ആലിംഗനത്തില്‍ നിന്നുണര്‍ന്നു
വഴി പിരിഞ്ഞു പോയ കഥ.
അങ്ങനെയങ്ങനെ
പറഞ്ഞു പറഞ്ഞ് ഒടുവില്‍
നിന്റെ വാക്കിന്റെ തുമ്പില്‍
ഒരു തൂങ്ങി മരണം.

Thursday, November 18, 2010

കുപ്പിവെള്ളം


ഒരിക്കല്‍ മാത്രം പുഴ
പുറകോട്ടൊഴുകും
വക്കു പൊട്ടിയതും
മുനയൊടിഞ്ഞതും
ചുക്കിച്ചുളിഞ്ഞതും
കെട്ടു വിട്ടതും
കൂടെപ്പോരും
കൈതക്കാട്ടിലെ
ഒളിഞ്ഞുനോട്ടവും
നീര്‍ക്കോലിപ്പേടിയും
മുങ്ങാംകുഴിക്കു മുന്നെ
ഒഴുകിയെത്തും.
മലവെള്ളപ്പാച്ചിലില്‍
അഴിഞ്ഞ മൂട് കീറിയ
ഒരു നിക്കറും
കയ്യിലൊതുങ്ങാതെ
കളിച്ചു ചാടിയ
അഞ്ഞൂറ്റൊന്നൂ സോപ്പും
കല്ലിലുടക്കി നിക്കും
കരയുന്ന കണ്ണു കാണാന്‍
വലിച്ചെറിഞ്ഞ
കണ്‍മഷിക്കുപ്പിയും വരും
ഈറന്‍ കുതിര്‍ന്ന
സില്‍ക്കിന്റെ പോസ്റ്റര്‍
നാലായി മടക്കിയത്
അര്‌യ്‌ക്കൊപ്പം വെള്ളത്തില്‍
നിവര്‍ന്നു നിക്കും
പണ്ട് പാലത്തിനടിയില്‍
വെച്ച് മീശവിറപ്പിച്ച വാള
കെട്ടു പൊട്ടിച്ചോണ്ടു പോയ
ചൂണ്ടയും വരും.
ഓടിക്കോ ഒരു പുഴ
പുറകോട്ട് വരുന്നുണ്ട്
കണ്ണുതുറിച്ചതും
തലയറ്റതും
വയറു വീര്‍ത്തതും
കാലില്‍ പിടിച്ചു വലിക്കും

Thursday, November 4, 2010

ആമേന്‍


ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു.
ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകള്‍
കുഴിമാടങ്ങളില്‍ ജമന്തിയും
ആസ്ട്രയും വാടാമല്ലിയും
കൊണ്ടു കനം വെപ്പിച്ചു.
വില കൊടുത്തു വാങ്ങിയ ഒരു ട്യൂബ് റോസ്
ഒപ്പീസിനു മുന്നേ വാടി.
പിന്നെയും ഓര്‍മകള്‍
ചന്ദനത്തിരിയായി പുകഞ്ഞും
മെഴുതിരിയായി എരിഞ്ഞും

ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.
നെറ്റിയിലൊരു കുരിശ്
തിടുക്കത്തിലൊരു തുള്ളി കണ്ണീര്‍
ഉരുകിയ മെഴുകുതുള്ളി വിരല്‍തുമ്പില്‍
വീണിട്ടും അതിനായി പാടു പെട്ടു.

ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമായിരുന്നു.
ആദ്യമൊക്കെ എപ്പോഴുമുണ്ടായിരുന്നു
പിന്നെ ഇടക്കൊക്കെയായി
ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലും.
നേരമില്ലാത്ത നേരത്താണെങ്കില്‍
വന്ന കാലെ നിക്കും, പിന്നെ തിരിഞ്ഞു നടക്കും

ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമാണ്
പെട്ടി നന്നായടക്കണമെന്ന്
പലവട്ടം ആരോ പറഞ്ഞതാണ്
സാരമില്ല ഇനി അടുത്ത വര്‍ഷമല്ലേ വരൂ.