Saturday, July 12, 2014

ഒരു ലെസ്.ബിയന്‍ കാട്



താക്കോലുകളെ
കൂട്ടത്തോടെ വരച്ചിട്ടാണ്
വാക്കുകള്‍ കൊണ്ടു 
ഹൃദയം തുറക്കുന്നത്.
വീടുകളുടെ
ചിത്രം മായ്ച്ചു കളഞ്ഞ്
മഴയെ വരക്കാന്‍
തുടങ്ങിയപ്പോഴേക്കും
നമുക്കുള്ളിലെ കാടുകള്‍
വേലികളില്ലാതെ വളരുന്നു.
മതിലുകളുടെ
തുടര്‍ച്ചയില്‍ നിന്ന്
നിന്റെ കണ്ണുകളെ
പച്ചമരങ്ങള്‍ക്കിടയിലേക്കു
കരഞ്ഞു തീരാന്‍
പറഞ്ഞയക്കുന്നു.
എന്റെ ചെവികള്‍
ചിന്നംവിളികളോടൊപ്പം
കിളിയൊച്ചകള്‍
തേടിപ്പോകുന്നു.
തിളച്ചു മറിഞ്ഞ
നീലച്ചായത്തില്‍
ഉടലുകളെ
കടലായി വരക്കുന്നു.
ഉടുപ്പുകള്‍
കൊടുങ്കാറ്റിനു
കൂട്ടു പോകുന്നു.
എന്റെ ആകാശം
നിന്റെ ഭൂമിയിലേക്കു
ഉമ്മകള്‍ പെയ്യിക്കുന്നു.
ജനാലകളും
വാതിലുകളുമില്ലാത്ത
തുറന്ന ഇടങ്ങളിലേക്ക
പറന്നിറങ്ങി
നിന്റെ പകലുകളും
എന്റെ രാവുകളും
ചുറ്റിവരിഞ്ഞു
പൊരുതുന്നു.