Friday, April 16, 2010

സൌന്ദര്യം തുളുമ്പുന്ന ഓര്‍മകള്‍


പഞ്ഞിമേഘങ്ങള്‍ക്ക് താഴെ കൂകിയാര്‍ത്തു വന്ന ഒരു വണ്ടിയില്‍ കന്നഡ നാട്ടില്‍ നിന്നും അവള്‍ മലയാളത്തിലേക്കെത്തി. സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാളസിനിമയില്‍ അരങ്ങേറിയ സൌന്ദര്യയെ പ്ളാറ്റ്ഫോമില്‍ കാത്തുനിന്ന യാത്രക്കാര്‍ മാത്രമല്ല തിയേറ്ററിലെത്തിയ പ്രേക്ഷകരും ശ്രദ്ധിച്ചു. അടുത്ത വര്‍ഷം തന്നെ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ ലാലിന്റെ നായിക ആമിനയായി എത്തിയപ്പോഴേക്കും സൌന്ദര്യ മലയാളിയുടെ നായിക സങ്കല്‍പങ്ങളിലെ സൌന്ദര്യത്തിടമ്പായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ വെള്ളിത്തിരയില്‍ പിന്നെയും അവസരങ്ങളോട് കൈ കോര്‍ക്കാന്‍ അനുവദിക്കാതെ മരണം ഒരു യന്ത്രപ്പറവയായി വന്ന് അവളെയും കൂട്ടിപ്പോയി. സൌന്ദര്യം തുളുമ്പുന്ന മുഖശ്രീയും കുറെ ഓര്‍മകളും ബാക്കിയാക്കി കടന്നുപോയ ഈ തെന്നിന്ത്യന്‍ താരസുന്ദരിയുടെ വേര്‍പാടിന് ആറുവയസ് തികയുന്നു. തെന്നിന്ത്യന്‍ താരമായിരുന്നെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായിരുന്നു സൌന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇന്നും ഒരു നൊമ്പരമായി, വേദനയായി സൌന്ദര്യയുടെ മുഖം ഓര്‍മയിലേക്കെത്തുന്നു. മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു പേരു പോലെ സൌന്ദര്യം തുളുമ്പുന്ന ആ മുഖവും അഭിനയ പാടവവും. മലയാളത്തില്‍ രണ്ടു ചിത്രങ്ങളിലേ അഭിനയിച്ചുള്ളുവെങ്കിലും സൌന്ദര്യയെ പ്രേക്ഷകര്‍ മലയാളി നായികയായിത്തന്നെ കരുതി സ്വീകരിച്ചു. കമല്‍ സംവിധാനം ചെയ്യാനിരുന്ന മുന്തിരിത്തോപ്പുകളുടെ അതിഥി എന്ന ചിത്രത്തില്‍ അഭിനിയിക്കാനിരിക്കെയാണ് സൌന്ദര്യയെ മരണം കവര്‍ന്നെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ബാംഗ്ളൂരിലുണ്ടായ ഒരു വിമാന അപടകത്തിലാണ് സൌന്ദര്യയെന്ന നടിയെ വെള്ളിത്തിരയ്ക്ക് നഷ്ടമാകുന്നത്. ബി.ജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ചെറുവിമാനം തകര്‍ന്ന് കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൌന്ദര്യയ്ക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്ധ്രാപ്രദേശിലെ കരിം നഗറിലേക്ക് പോവുകയായിരുന്ന വിമാനം ഏപ്രില്‍ 17ന് രാവിലെ 11.05-ന് പറന്നു പൊങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ സൌന്ദര്യയുടെ സഹോദരന്‍ അമര്‍നാഥും കൊല്ലപ്പെട്ടു. മരിക്കുന്ന സമയത്ത് തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും ശ്രദ്ധേയയായിരുന്നു സൌന്ദര്യ. ചലച്ചിത്ര എഴുത്തുകാരനും വ്യവസായിയുമായ കെ.എസ് സത്യനാരായണന്റെ മകളായി ബാംഗ്ളൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൌന്ദര്യയുടെ ജനനം. കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ് രഘുവിനെയാണ് സൌന്ദര്യ വിവാഹം കഴിച്ചത്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ സൌന്ദര്യ കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 12 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ നൂറോളം കഥാപാത്രങ്ങള്‍ക്ക് ജീവനേകി. 1992ല്‍ ഗന്ധര്‍വ എന്ന കന്നഡ ചിത്രത്തിലൂടെ വെള്ളത്തിരയില്‍ അരങ്ങേറിയ സൌന്ദര്യ എം.ബി.ബിസ് പഠനം ഉപേക്ഷിച്ചാണ് അഭിനയരംഗത്ത് സജീവമായത്. ആദ്യ ചിത്രം തന്നെ വന്‍ ഹിറ്റായി മാറിയതോടെ അഭിനയരംഗത്ത് സജീവമായ സൌന്ദര്യ അമിതാഭ് ബച്ചന്റെ നായികയായി അഭിനയിച്ച ബോളിവുഡ് ചിത്രം സൂര്യവംശവും തകര്‍പ്പന്‍ ഹിറ്റായിരുന്നു. അഭിനയത്തിനപ്പുറം സിനിമാ നിര്‍മാണരംഗത്തും കൈ വെച്ച സൌന്ദര്യ ഗീരീഷ് കാസറവള്ളിയുടെ സംവിധാനത്തില്‍ ദ്വീപ എന്ന ചിത്രം നിര്‍മിച്ചു. ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തെ തേടിയെത്തി.മണിച്ചിത്രത്താഴിന്റെ റീമേക്കായ ആപ്തമിത്ര ആയിരുന്നു കന്നഡയില്‍ സൌന്ദര്യയുടെ അവസാന ചിത്രം. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ ചിരഞ്ജീവി, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, രവിചന്ദ്രന്‍, വിഷ്ണു വര്‍ദ്ധന്‍ എന്നിവര്‍ക്കു പുറമെ ബിഗ്ബിയുടെ നായികയായും സൌന്ദര്യ വെള്ളിത്തിരയിലെത്തി. കോളിവുഡിന്റെ താരപ്രഭയില്‍ പത്തു വര്‍ഷം തിളങ്ങിയ ശേഷമാണ് സൌന്ദര്യ മല്ലുവുഡിലേക്കെത്തിയത്. വിരലില്‍ എണ്ണിയാല്‍ തീരുന്ന സിനിമകള്‍ മാത്രമേയുള്ളുവെങ്കിലും സൌന്ദര്യ ഇന്നും മലയാളിയുടെ മനസില്‍ ഒരു മധുരനൊമ്പരത്തിന്റെ ഓര്‍മയാണ്.


No comments: