Monday, November 23, 2009

കൊച്ചരിപ്പല്ലു കാട്ടി ഗോലി ചിരിക്കുന്നു




തീമഴ പോലെ പെയ്യുന്ന വെടിയുണ്ടകള്‍ക്ക് നടുവിലേക്കാണ് അവള്‍ ജനിച്ചു വീണത്. അതു കൊണ്ടുതന്നെ എന്തു പേരു ചൊല്ലി വിളിക്കണമെന്ന് അച്ഛനുമമ്മയ്ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവളെ ഗോലിയെന്നു വിളിച്ചു. ഹിന്ദിയില്‍ ഗോലി എന്നാല്‍ വെടിയുണ്ട. അവളുടെ ജന്‍മദിനം ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായവും മുംബയുടെ മനസില്‍ നടുക്കത്തിന്റെ ഓര്‍മയുമുണര്‍ത്തുന്ന നവംബര്‍ 26നായിരുന്നു. ഇന്ത്യയുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച മുംബയ് ആക്രണത്തിന് ഒരു വയസ് തികയുന്നു. മുംബയ് കാമാ ആശുപത്രിയില്‍ ഭീകരര്‍ മരണം വിതച്ചു പാഞ്ഞു നടന്ന അന്നാണ് ഗോലി ചവാന്റെ ജനനം. പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബും കൂട്ടാളിയും വെടിയുണ്ടകള്‍ പായിച്ച് കാമാ ആശുപത്രിയുടെ ലേബര്‍ വാര്‍ഡിലേക്ക് കടന്നു. കഴിയുന്നത്ര ആളുകളെ വക വരുത്തണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. പുതിയ ലോകത്തിലേക്ക് കണ്ണു തുറക്കുന്നതേയുള്ളു അപ്പോള്‍ ഗോലി ചവാന്‍. താരാട്ടിന് പകരം അവളുടെ ചെവിയില്‍ ആദ്യം പതിച്ചത് വെടിയൊച്ചകളും നിലവിളികളുമാണ്. ആശുപത്രി ജീവനക്കാരുടെയും അമ്മ വിജു ചവാന്റെയും നിശ്ചയദാര്‍ഢ്യം ഒന്നു മാത്രമാണ് ഈ കുരുന്നിന്റെ ജിവന്‍ രക്ഷിച്ചത്. തേജസ്വിനി എന്ന് മറ്റൊരു പേരുണ്ടെങ്കിലും അവളെ ഗോലിയെന്നേ വിളിക്കൂവെന്ന് അച്ഛനമ്മമാര്‍ പറയുന്നു. അജ്മല്‍ കസബ് ജീവനോടെ പിടിയിലായി. ആശുപത്രിയില്‍ വെടിയുതിര്‍ന്ന കൂട്ടാളിയെ ഏറ്റുമുട്ടലില്‍ എന്‍. എസ്. ജിക്കാര്‍ വധിച്ചു.


ആ കറുത്ത രാത്രി


ഗോലിയുടെ അച്ഛന്‍ ശ്യാമു ലക്ഷ്മണ്‍ ചവാന്‍ മുംബയിലെ തുറമുഖ ജീവനക്കാരനാണ്. ഭാര്യ വിജു രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അതൊരു പെണ്‍കുഞ്ഞായിരിക്കും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു കുടുംബാംഗങ്ങള്‍. കഴിഞ്ഞ നവംബര്‍ 26ന് രാത്രി എട്ടു മണിയായപ്പോള്‍ വിജുവിന് പ്രസവവേദന തുടങ്ങി. ഉടന്‍ തന്നെ ശ്യാമു ഭാര്യയെ നേരെ കാമാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി 8.30 ആയപ്പോള്‍ അവര്‍ ആശുപത്രിയിലെത്തി. വിജുവിനെ ലേബര്‍ വാര്‍ഡില്‍ അഡ്മിറ്റാക്കിയ ശേഷം ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നുകള്‍ വാങ്ങാനായി ശ്യാമു പുറത്തേക്കിറങ്ങി. താഴത്തെ നിലയില്‍ ഫാര്‍മസിയുടെ അരികിലെത്തിയ ശ്യാമു പരിഭ്രാന്തരായി ഓടുന്ന ആളുകളെയാണ് കണ്ടത്. ആശുപത്രി ഗാര്‍ഡ് നിലത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും ശ്യാമു പ്രസവവാര്‍ഡിലേക്കോടിയെത്തി. അപ്പോഴേക്കും ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്ന വിവരം പരന്നു കഴിഞ്ഞു. വെടിയുതിര്‍ത്തു കൊണ്ട് കസബും കൂട്ടാളിയും ലേബര്‍ റൂമിന് തൊട്ടു പുറത്തെത്തി. വാതിലിനു പുറത്ത് വിജു മരണം ഉറപ്പിച്ചു. പ്രസവ വേദന കൊണ്ട് പുളഞ്ഞെങ്കിലും അവള്‍ ഒരു നിവിളി പോലും കേള്‍പ്പിക്കാതെ ആ നിമിഷം ഗോലിയെ പ്രസവിച്ചു. ഉടന്‍ തന്നെ നഴ്സുമാര്‍ വിജുവിനെയും കുട്ടിയെയും താഴെ ബെഡിനടിയിലേക്ക് മാറ്റി. മുറിക്കു പുറത്ത് വെടിയുതിര്‍ത്തു കൊണ്ട് അപ്പോഴും ഭീകരര്‍ പാഞ്ഞു നടന്നു. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ രഘുനാഥ് പരബിന്റെ ധൈര്യവും ആത്മാര്‍ഥതയുമാണ് ആ വാര്‍ഡിലുണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിച്ചത്. പരിഭ്രാന്തരാവാതെ എല്ലാവരോടും നിലത്തിറങ്ങിക്കിടക്കാന്‍ നിര്‍ദേശിച്ച പ്രണബ് അവിടെയുണ്ടായിരുന്ന തകര ബെഡ് വാര്‍ഡിന്റെ ജനലുകളിലും വാതിലുകളിലും ചാരി വച്ചു. നാലു മണിക്കൂറിന് ശേഷമാണ് അന്തരീക്ഷം ഏറെക്കുറെ സാധാരണ നിലയിലായത്. ഏറെ വൈകാതെ തങ്ങളുടെ കുഞ്ഞുമായി വിജുവും ശ്യാമുവും ആശുപത്രി വിട്ടു. ശ്യാമുവിനും ഭാര്യ വിജു ചവാനും ഗോലിയെക്കൂടാതെ ആറുവയസുകാരനായ ഒരു മകന്‍ കൂടിയുണ്ട്. ഗോലിക്ക് ഒരു വയസ് തികയുന്ന ദിവസം അടുത്തപ്പോള്‍ തങ്ങളുടെ നന്ദി അറിയിച്ചു കൊണ്ട് അവര്‍ അന്നു തങ്ങളെ രക്ഷിച്ച ആശുപത്രി ജീവനക്കാരന്‍ പരബിന് ഒരു കത്തെഴുതി. കര്‍ണാടകയില്‍ നിന്നും മുംബയിലേക്ക് കുടിയേറിയ ചവാന്‍ കുടുംബം കന്നഡയിലെഴുതിയ കത്ത് ഹിന്ദി മാത്രം അറിയാവുന്ന പ്രണബിന് വായിക്കാനാവുമായിരുന്നില്ല. പിന്നീടേതോ സുഹൃത്തുക്കളാണ് വായിച്ച് പരിഭാഷപ്പെടുത്തി കൊടുത്തത്. തനിക്കു കിട്ടിയൊരു സ്വര്‍ണമെഡല്‍ പോലെയാണ്് ഈ കത്തെന്നാണ് പരബ് പറയുന്നത്.ശ്യാമുവും വിജുവും മകളുടെ പിറന്നാളാഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.


No comments: