Monday, December 7, 2009


അര്‍ദ്ധ രാത്രിയില്‍ നഗരത്തിലൂടെ നടന്ന ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നവരെയും ഉറങ്ങുന്നവരെയും കലഹിക്കുന്നവരെയും നാടോടികളെയും നിശാകുസുമങ്ങളെയും കണ്ടു. പക്ഷെ ഉറങ്ങാത്ത നഗരത്തിനായിഉറക്കമൊഴിയുന്ന കാക്കിയിട്ട ഒരു കാവലാളെപ്പോലും കണ്ടില്ല.
സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ രാത്രി കൊച്ചി നഗരത്തില്‍ വന്നൊളിച്ചിരുന്നാലും സിറ്റി പൊലീസ് അറിയില്ല. അറിയണമെങ്കില്‍ അമേരിക്കയില്‍ നിന്നും രാവിലെ പ്രസിഡന്റ് ബരാക് ഒബാമ വിളിച്ചു പറയണം. തഹാവൂര്‍ ഹുസൈന്‍ റാണയെന്ന കൊടും ഭീകരന്‍ എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ ഉണ്ടുറങ്ങി പോയത് നമ്മളറിഞ്ഞത് എഫ്.ബി.ഐ. കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയോട് പറഞ്ഞപ്പോഴാണ്. അല്ലാതെ അന്വേഷിച്ച് കണ്ടെത്തിയിട്ടൊന്നുമല്ല. കൊച്ചി നഗരത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെയും കടന്നു കൂടി എന്തു വേണമെങ്കിലും ആസൂത്രണം ചെയ്യാം. ഭീകരാക്രമണ ഭീഷണിയുടെയും ഒരു വര്‍ഷം മുന്‍പ് നടന്ന മുംബയ് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ കൊച്ചിയില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. നഗരത്തില്‍ വന്നു പോകുന്ന അന്യദേശക്കാരുടെ കൃത്യമായ കണക്കെടുപ്പ്, മുക്കിലും മൂലയിലും കര്‍ശന പരിശോധന, രാത്രി കാലങ്ങളില്‍ പെട്രോളിംഗ്... അതീവ ജാഗ്രതയുടെ പട്ടിക ഇങ്ങ നെ നീളുന്നു.സിറ്റി പൊലീസിന്റെ രാത്രി പട്രോളിങ്ങ് നേരില്‍ കണ്ടു കളയാമെന്ന് കരുതിയാണ് കഴിഞ്ഞ രാത്രി ഞങ്ങള്‍ എം.ജി റോഡില്‍ നിന്നും മറൈന്‍ ഡ്രിൈവിലേക്ക് നടന്നത്.

രാത്രി 11.55

എറണാകുളം മഹാരാജാസ് കോളജ് ഗ്രൌണ്ടിന് സമീപത്തെ ട്രാഫിക് സിഗ്നല്‍. സാധാരണ ദിവസങ്ങളില്‍ ഇവിടെ റോംഗ്സൈഡ് കയറിവരുന്നവരെയും ഹെല്‍മറ്റില്ലാത്തവരെയും പിടിക്കാന്‍ നില്‍ക്കുന്ന പൊലീസിന്റെ ജാഗ്രത ഒന്നു കാണേണ്ടതാണ്. അര്‍ദ്ധ രാത്രിയോടടുത്ത ഈ സമയത്ത് കൊച്ചിയുടെ കോണാട്ട് പ്ളേസ് എന്നു വിശേഷിപ്പിക്കാവുന്ന എം.ജി റോഡില്‍ ഇന്നലെ പൊലീസിന്റെ പൊടി പോലുമില്ലായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു നിന്നു. ഭീകരാക്രമണവും നുഴഞ്ഞു കയറ്റവും തടയാന്‍ ജാഗ്രതയിലായതു കൊണ്ടാവാം അപ്പോഴൊന്നും സിറ്റി പൊലീസ് എം.ജി റോഡിലേക്കെത്തി നോക്കിയതേയില്ല.

രാത്രി 12

ഗ്രൌണ്ടിന്റെ പരിസരത്തു നിന്നും ഹോസ്പിറ്റല്‍ റോഡ് വഴി ഞങ്ങള്‍ മുന്നോട്ട്. പഴയ ഡി.സി.സി ഓഫീസിനു മുന്നിലുള്ള ബസ് ഷെല്‍ട്ടറില്‍ നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നു. നഗരരാവിന്റെ മറവില്‍ നടക്കുന്ന നിരവധി കച്ചവടങ്ങളിലൊന്നാവാം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല. ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ഗ്യാസ് വിളക്കിന്റെ വെളിച്ചത്തില്‍ ഒരു കട്ടന്‍ കാപ്പി കുടിച്ച് തുടര്‍ന്ന യാത്ര സുഭാഷ് പാര്‍ക്കിന് മുന്നിലെത്തി. രാത്രി

12.25

സുഭാഷ് പാര്‍ക്കിന് കുറച്ചപ്പുറത്ത് എതിര്‍ വശത്തായി മഹാരാജാസ് കോളജും ഫൈന്‍ ആര്‍ട്സ് ഹാളിലേക്കുള്ള റോഡും ശാന്തം. പെട്ടെന്നാണ് പാര്‍ക്കിനുള്ളില്‍ നിന്നും പൊട്ടി മുളച്ചത് പോലെ ഒരു യുവാവ് മതില്‍ ചാടിക്കടന്ന് റോഡിലേക്കിറങ്ങിയത്. പുറത്ത് ഞങ്ങളെ കണ്ട് പരുങ്ങിയ യുവാവ് മേനക ഭാഗത്തേക്ക് ദ്രുതഗതിയില്‍ നടന്നു പോയി.

രാത്രി 12.35

സുഭാഷ് പാര്‍ക്കില്‍ നിന്ന് ജെട്ടി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിനുള്ളിലെ തകര്‍ന്ന റോഡിലൂടെ മുഖം മിനുക്കിയ പുതിയ ബോട്ട് ജെട്ടിയിലേക്ക്. വാച്ച് ടവറിലേക്കുള്ള പടികളില്‍ തണുപ്പു പുതച്ചുറങ്ങുന്നവര്‍ നിരവധി. സ്വകാര്യ ബോട്ടുകളിലെ ജീവനക്കാരോ നാടോടികളോ ആവാം. ഞങ്ങളുടെ സംസാരം കേട്ട് ഉറക്കം മുറിഞ്ഞ ഒരാളുടെ ശകാരം ഉച്ചത്തിലായപ്പോള്‍ ഞങ്ങള്‍ നേരെ മറൈന്‍ ഡ്രൈവിലേക്ക് വിട്ടു.

രാത്രി 1.10

മറൈന്‍ ഡ്രൈവിലെ മ്യൂസിക് വാക്വേയില്‍ ഇലയനക്കം പോലുമില്ല. ദൂരെ നിന്നു കേള്‍ക്കുന്ന കപ്പലുകളുടെ സൈറണ്‍ മാത്രം. ബോട്ട് ജെട്ടിവഴി ആര്‍ക്കും അനായാസേന മറൈന്‍ ഡ്രൈവിലേക്ക് കടക്കാം. മുന്നോട്ടു നടന്നു താജ് ഹോട്ടലിന്റെ പിന്നിലെത്തി. പകല്‍ സമയങ്ങളില്‍ ഷാഡോ പൊലീസും റോമിയോ പൊലീസും റോന്തു ചുറ്റുന്ന സ്ഥലമാണ്. രാത്രി കാക്കിയുടെ നിഴല്‍ പോലുമില്ല. പകല്‍ മരം ചുറ്റിയിരിക്കുന്ന കമിതാക്കളെ വിരട്ടാനും സിഗരറ്റ് വലിക്കുന്നവരെ പൊക്കാനും കാട്ടുന്നതിന്റെ പകുതി പരാക്രമം രാത്രി ഇങ്ങോട്ടൊന്നെത്തി നോക്കാന്‍ കാണിച്ചാല്‍ മതിയായിരുന്നു. കടലില്‍ നേവിയുടെ സുരക്ഷാ വലയം ഉണ്ടെന്നത് ശരി. പക്ഷേ മറ്റേതെങ്കിലും തീരത്ത് നിന്ന് ഒരു കൊതുമ്പ് വള്ളത്തിലൂടെയാണെങ്കിലും മറൈന്‍ഡ്രൈവിലെത്തുന്ന ഭീകരന് അനായസേന നഗരത്തിലേക്ക് കടക്കാം. മഴവില്‍ പാലത്തിലുറങ്ങുന്ന നാടോടികളെ ശല്യപ്പെടുത്താതെ പാലമിറങ്ങിയ ഞങ്ങള്‍ ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ളക്സിന്റെ സൈഡിലൂടെ മേനക റോഡിലെത്തി. രാത്രി 2.00

മേനകയില്‍ നിന്നും തിരികെ പ്രസ് ക്ളബ് റോഡ് വഴി ഷേണായിസ് ജംഗ്ഷനിലേക്ക്. കോണ്‍വെന്റ് ജംഗ്ഷനിലെത്തിയപ്പോള്‍ ഉറയ്ക്കാത്ത ചുവടുകളുമായി നീങ്ങുന്ന നാലഞ്ച് ചെറുപ്പക്കാര്‍. ഉച്ചത്തിലുള്ള സംസാരത്തില്‍ നിന്നും മലയാളികളല്ലെന്ന് വ്യക്തം. ഷേണായിസിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ അവര്‍ പരിസരം വീക്ഷിച്ച ശേഷം പതുക്കെ റോഡരുകില്‍ ഒതുങ്ങിക്കൂടി. കണ്ണില്‍ പെടാതെ ഞങ്ങള്‍ പിന്‍ വലിഞ്ഞ് നിന്നു. അവര്‍ വീണ്ടും മദ്യപിക്കാനുള്ള ചിട്ടവട്ടത്തിലാണ്. രാത്രിയില്‍ നടുറോഡിലുമാകാം വെള്ളമടി, കൊച്ചിയല്ലെ! ഞങ്ങള്‍ വീണ്ടും മുന്നോട്ട്.

പുലര്‍ച്ചെ 2.30

വീണ്ടും എം.ജി റോഡിലെത്തിയ ഞങ്ങള്‍ നേരെ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലേക്ക്. അംബേദ്കര്‍ സ്റ്റേഡിയം പിന്നിട്ട് സ്റ്റാന്‍ഡിലേക്കുള്ള റോഡിലേക്ക് തിരിയുന്നിടത്ത് രാത്രി ഇടപാട് കഴിഞ്ഞ് കൂടി നില്‍ക്കുന്ന കൊച്ചിയുടെ നിശാ കുസുമങ്ങള്‍. മുന്നോട്ട് നടക്കുമ്പോള്‍ നിയോണ്‍ വെളിച്ചത്തിനു താഴെ നിരന്നു കിടന്നുറങ്ങുന്ന ഭിക്ഷക്കാരുടെ നീണ്ട നിര. മണ്ഡല കാലമായതിനാല്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് പാതിരാ പിന്നിട്ടിട്ടും വെളിച്ചമണയാത്ത തട്ടുകടകളും അയ്യപ്പന്‍മാരുടെ തിരക്കും. ബസ്റ്റാന്‍ഡിന് മുന്‍ വശത്തും സാമാന്യം യാത്രക്കാര്‍ കാത്തിരിക്കുന്നുണ്ട്. വിശ്രമിക്കാനുള്ള ബഞ്ചുകളില്‍ ഉറക്കം തൂങ്ങിയിരിക്കുന്നവര്‍. ശബ്ദ സാന്നിധ്യമായി ഇടക്കിടെയുള്ള അനൌണ്‍സ്മെന്റും ഏതോ മദ്യപന്റെ നേരമ്പോക്കും മാത്രം. മുക്കാല്‍ മണിക്കൂറോളം ബസ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് ടീം ചുറ്റിക്കറങ്ങി. ഒരു പൊലീസ് വാഹനം പോലും നൈറ്റ് പെട്രോളിംഗിനായി ആ ഭാഗത്തേക്കെത്തിയില്ല. പലതവണ ബോംബ് ഭീഷണി ഉണ്ടായിട്ടുള്ള സ്ഥലമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ പലദേശങ്ങളില്‍ നിന്നുള്ളവര്‍ വന്നു പോകുന്ന ഇടവുമാണ്. സ്റ്റാന്‍ഡിനു ചുറ്റും ഒരു തവണ കൂടി വലം വച്ചെത്തിയ ഞങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായി മുന്‍വശത്തെ തൂണില്‍ പതിച്ച ഒരു ബോര്‍ഡ് കണ്ടു. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ശല്യമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വിളിക്കുവാനായി കൊടുത്തിരിക്കുന്ന തേവര വനിതാ പൊലീസ് സ്റ്റേഷനിലെ ഹെല്‍പ് ലൈന്‍ നമ്പര്‍. സമയം മൂന്നു മണിയോടടുക്കുന്നു. ഫോണ്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിളിച്ചു ചോദിക്കാന്‍ തോന്നി. പിന്നെ വേണ്ടന്നു വച്ചു. വനിതകള്‍ക്ക് വേണ്ടിയാണെങ്കിലും ആ നമ്പറിനൊപ്പം പൊലീസ് എന്നൊരു വാക്കെങ്കിലും കണ്ടല്ലോ... ഉറങ്ങാത്ത നഗരത്തിന് ഉറക്കൊമൊഴിച്ച് കാവലിരിക്കുന്നവര്‍ ഇന്നലെ ഇടയ്ക്കൊന്നു മയങ്ങിയതായിരിക്കും എന്നു ഞങ്ങള്‍ കരുതി. ഈ സമാധാനത്തോടെ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ കാക്കിയുടെ നിഴല്‍ പോലും കാണാത്ത നിരാശയില്‍ ഞങ്ങളും മടങ്ങി.

സിറ്റി പൊലീസിന്റെ ശ്രദ്ധയ്ക്ക് നാളെ ഞങ്ങള്‍ രവിപുരം വഴി തേവര ഭാഗത്തേക്കാണ്.


No comments: