Wednesday, November 11, 2009

അമ്മ മനസ്
ജീവിതവും വൈദ്യശാസ്ത്രവും പല വട്ടം വിലക്കി. പക്ഷെ വിധിക്കു മുന്നില്‍ കീഴടങ്ങാന്‍ അവള്‍ തയാറായില്ല. രണ്ടടി മാത്രം ഉയരമുള്ള സ്റ്റേസി ഹെറാള്‍ഡ് അഞ്ചടി ഒമ്പതിഞ്ച് ഉയരമുള്ള വില്‍ എന്ന സുന്ദരനെ പ്രണയിച്ചു. വിധിയോടുള്ള ആദ്യത്തെ വെല്ലുവിളി. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവര്‍ വിവാഹിതരായി. ഏതൊരു സ്ത്രീയെയും പോലെ താരാട്ടു പാടുവാനും താലോലിക്കുവാനും അവളുടെ മനസും കൊതിച്ചു. പക്ഷെ അവള്‍ക്കതിനു കഴിയില്ലെന്നായിരുന്നു വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്ത്. സ്വന്തം മാതാപിതാക്കളും ഡോക്ടര്‍മാരും അവളുടെ ആഗ്രഹത്തെ മുളയിലെ നുള്ളാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അവിടെയും അവള്‍ തോറ്റില്ല. പൊക്കമില്ലാത്ത ശരീരത്തിലെ അമ്മമനസിന്റെ വലുപ്പം അവള്‍ തെളിയിച്ചു, ഒന്നല്ല മൂന്നു വട്ടം. അടുത്ത നാലാഴ്ചക്കുള്ളില്‍ 35 കാരിയായ സ്റ്റേസി തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കും. അമേരിക്കയിലെ കെന്‍ടക്കിയിലെ ഡ്രൈറിഡ്ജ് സ്വദേശിയാണ് സ്റ്റേസി ഹെറാള്‍ഡ്. ജനനവൈകല്യം മൂലം ശാരീരിക വളര്‍ച്ച മുരടിച്ചു പോയ സ്റ്റേസിക്ക് രണ്ടടി നാലിഞ്ചേ ഉയരമുള്ളൂ. പരസഹായമില്ലാതെ സ്വാകര്യ ജീവിതത്തിലെ പല കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല. വീല്‍ചെയറിലാണ് വീടിനകത്തും സഞ്ചാരം. ഉയരത്തോടൊപ്പം മുരടിച്ചു പോയ സ്റ്റേസിയുടെ പ്രതീക്ഷകള്‍ക്ക് ഇതോടെ ഭര്‍ത്താവ് വില്ലാണ് ജീവന്‍ നല്‍കിയത്. ഒരു കുഞ്ഞിനെപ്പോലെ സ്റ്റേസിയെ പരിചരിക്കുന്ന വില്ലിന് അവളുടെ ഒരാഗ്രത്തിനു നേര്‍ക്കും മുഖം തിരിക്കാനായില്ല. ഒടുവില്‍ അവളുടെ ആഗ്രഹം സഫലമായി. സ്റ്റേസി ഗര്‍ഭിണിയായി. സ്റ്റേസി ഗര്‍ഭിണിയായപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ വിലക്കിയതാണ്. അവള്‍ മരിച്ചു പോകുമെന്ന് വരെ അവര്‍ പറഞ്ഞു. സ്വന്തം അമ്മ പോലും തടഞ്ഞിട്ടും തന്റെ ആഗ്രഹത്തിനും ഭര്‍ത്താവിന്റെ പിന്തുണയ്ക്കും ഒപ്പം തന്നെ സ്റ്റേസി ഉറച്ചു നിന്നു. 2006ല്‍ സ്റ്റേസി ആദ്യത്തെ കുഞ്ഞിന് ജന്‍മം നല്‍കി, കാതറി. ശസ്ത്രക്രിയയിലൂടെയാണ് ആദ്യ കുട്ടി കാതറിയുടെ ജനനം. ഡോക്ടര്‍മാരും ബന്ധുക്കളും അമ്പരന്നു. സ്റ്റേസിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടു വളയ്ക്കാന്‍ എന്നിട്ടും വിധി തയാറായില്ല. ആദ്യത്തെ കുട്ടിക്കും സ്റ്റേസിയെപ്പോലെ തന്നെ വളര്‍ച്ചക്കുറവുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം സ്റ്റേസി വീണ്ടും ഗര്‍ഭിണിയായി. ഭര്‍ത്താവൊഴികെ മറ്റെല്ലാവരും അവളെ കുറ്റപ്പെടുത്തി. ഭാഗ്യം പരീക്ഷിക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. രണ്ടാമത്തെ ഗര്‍ഭകാലം സ്റ്റേസിക്കു കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. വയര്‍ വളരെ വലുതായിരുന്നതിനാല്‍ അവള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാതെ കട്ടിലില്‍ തന്നെ കഴിയേണ്ടി വന്നു. വീല്‍ചെയറില്‍ നിന്ന് കട്ടിലിലേക്കു ഇറങ്ങുമ്പോള്‍ നിലത്തേക്ക് വീണ് കൈയൊടിഞ്ഞു. രണ്ടാമത്തെ കുഞ്ഞിന്റെ ആരോഗ്യത്തിനായി ശസ്ത്രക്രിയ ഒഴിവാക്കാനും കഴിയുന്നിടത്തോളം അമ്മയുടെ ഉദരത്തില്‍ തന്നെ കുഞ്ഞുവളരാനും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. അങ്ങനെ രണ്ടാമത്തെ മകള്‍ മഖായ പിറന്നു. ഉയരത്തിന്റെ കാര്യത്തില്‍ അവള്‍ ഇപ്പോള്‍ അമ്മയെക്കാള്‍ വലിയ കുട്ടിയാണ്. തന്റെ രണ്ടു മക്കളും മറ്റുള്ളവര്‍ക്ക് അതിശയമാണെങ്കിലും ദൈവത്തിന്റെ സമ്മാനമാണെന്നാണ് സ്റ്റേസി പറയുന്നത്. മൂന്നാമത്തേത് ആണ്‍കുട്ടിയാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. എന്തായാലും കഷ്ടതയും കണ്ണീരും നിറഞ്ഞ ഗര്‍ഭകാലം നാലാം തവണ വേണ്ടെന്ന തീരുമാനത്തിലാണ് സ്റ്റേസിയും വില്ലും. ലോകത്തിലെ ഏറ്റവും ചെറിയ അമ്മയെന്ന റെക്കോഡിനുടമയാണ് സ്റ്റേസി ഹെറാള്‍ഡ്.


5 comments:

വികടശിരോമണി said...

ഹാവൂ!ഇപ്പൊഴെങ്കിലും നല്ലബുദ്ധി തോന്നീലോ,നന്നായി.

sebimathew said...

nalla budhi arkku thonniyenna vikadan parayunathu

വികടശിരോമണി said...

എന്തായാലും കഷ്ടതയും കണ്ണീരും നിറഞ്ഞ ഗര്‍ഭകാലം നാലാം തവണ വേണ്ടെന്ന തീരുമാനത്തിലാണ് സ്റ്റേസിയും വില്ലും....

ഇതു കണ്ടു പറഞ്ഞതാണേ:)

sebimathew said...

ellarum avanavante anandam kandethanula vazhikalil alle vikada

ലതി said...

അമ്മ മനസ്സ്, നല്ല മനസ്സ്.നന്ദി, ഈപോസ്റ്റിന്.