Sunday, November 8, 2009

ഇരട്ടകളുടെ ഗ്രാമം


ഒരു സിംഗിള്‍ ബെല്ലടിച്ചു നിര്‍ത്തിയ വണ്ടിയില്‍ നിന്നും ആദ്യമായി കൊടിഞ്ഞിയിലേക്കു കാലെടുത്തു കുത്തുന്നവന്റെ കണ്ണ് തള്ളും. പിന്നെ തലയില്‍ കൈ വയ്ക്കും. "ദൈവമേ ഇതെന്താ ഇരട്ടകളുടെ സംസ്ഥാന സമ്മേളനമോ."? ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നു വച്ചാല്‍ ഒറ്റയ്ക്കു വരുന്ന ആരെയെങ്കിലും കാണണ്ടെ. നോക്കുന്നിടത്തെല്ലാം വലുതും ചെറുതുമായി ഇരട്ടകളോടിരട്ടകള്‍ തന്നെ. കൊടിഞ്ഞിയുടെ വഴികളിലൂടെ ഇരട്ടകള്‍ നടക്കുവാന്‍ തുടങ്ങിയത് മൂന്ന് തലമുറകള്‍ മുന്‍പാണ്. പിന്നെയും കാലം കുറെ കഴിഞ്ഞപ്പോള്‍ ഇരട്ടകളെ തട്ടിയിട്ടു നടക്കാന്‍ വയ്യെന്നായി. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. വൈദ്യശാസ്ത്രവും തലപുകഞ്ഞു ചിന്തിക്കുന്നു. കൊടിഞ്ഞിയില്‍ മാത്രം ഇത്രയധികം ഇരട്ടകളെങ്ങനെയുണ്ടായി. മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമം ഇന്നറിയപ്പെടുന്നതു തന്നെ ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നാണ്. കൊടിഞ്ഞിയിലെ ഏതു വഴികളിലൂടെ നടന്നാലും രണ്ട് ഇരട്ടകളെ കാണാം. ചെറുതും വലുതുമായി 220 ഇരട്ടകളാണ് ഈ ഗ്രാമത്തിലുള്ളത്. അതു കൊണ്ട് തന്നെ കൊടിഞ്ഞിയുടെ ഖ്യാതി കടലും കടന്ന് അങ്ങ് പാശ്ചാത്യ നാടുകളിലും വാര്‍ത്തയായിരിക്കുകയാണ്. ഡെയ്ലി മെയില്‍, ദി ടെലിഗ്രാഫ് തുടങ്ങി ഒട്ടേറെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇരട്ടക്കുട്ടികളുടെ ഗ്രാമത്തെ വാര്‍ത്തയാക്കിക്കഴിഞ്ഞു. ഇരട്ടകളുടെ എണ്ണത്തില്‍ ലോകത്താകമാനമുള്ള ശരാശരിക്കണക്കെടുക്കുകയാണെങ്കില്‍ ഇതിന്റെ ആറിരട്ടിയാണ് കൊടിഞ്ഞിയിലെ ഇരട്ടകളുടെ എണ്ണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം 60 ജോഡി ഇരട്ടക്കുട്ടികളാണ് ഈ ഗ്രാമത്തില്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 15 ജോഡി ഇരട്ടക്കുട്ടികള്‍ ജനിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കൊടിഞ്ഞിയിലെ ഇരട്ടകളുടെ എണ്ണം ഇരട്ടിയിലധികമായിട്ടുണ്ടെന്നാണ് ഇവിടത്തെ ഡോക്ടറായ ശ്രീബിജു കൃഷ്ണന്‍ പറയുന്നത്. വൈദ്യശാസ്ത്രം ഇവിടത്തെ ഇരട്ടകളെ വളരെ ഗൌരവത്തോടെയാണ് സമീപിക്കുന്നതെന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവരെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ഡോക്ടര്‍ ശ്രീബിജു പറയുന്നത്. ജനിതകമായ പിന്‍തുടര്‍ച്ചയാണ് ഇരട്ടകളുട നിലയ്ക്കാത്ത വരവിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജനന നിരക്കിന് 1000 ല്‍ 45 പേര്‍ എന്നതാണ് ഇവിടത്തെ ഇരട്ടകളുടെ അനുപാതം. ഏഷ്യയില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ 1000 ല്‍ നാലാണ് ഇരട്ടകളുടെ ജനനസാധ്യത എന്നിരിക്കെയാണ് കൊടിഞ്ഞിയിലെ ഇരട്ടകള്‍ ഒരു ഘോഷയാത്ര പോലെ പോകുന്നത്. സാധാരണയായി കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന ദമ്പതികള്‍ക്കാണ് ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യതയേറുന്നത്. കൊടിഞ്ഞിയിലാണെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവമേയില്ല. ഇരട്ടകളുടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള എല്ലാ പ്രസവങ്ങളും സ്വാഭാവികം തന്നെ. ഇരട്ടകള്‍ക്കായി കൊടിഞ്ഞിയില്‍ ട്വിന്‍സ് ആന്റ് കിന്‍സ് അസോസിയേഷനുമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ രൂപം കൊടുത്ത സംഘടനയുടെ പ്രസിഡണ്ട് ഭാസ്കരന് രണ്ടാണ്‍കുട്ടികള്‍, സംശയിക്കേണ്ട ഇരട്ടകള്‍ തന്നെ.


No comments: