Friday, November 13, 2009

ഓര്‍മകളില്‍ ജയന്‍


ജയന്‍ കാലെടുത്തു വെച്ചതും മലയാള സിനിമയിമയില്‍ അതു വരെയുണ്ടായിരുന്ന പുരുഷസങ്കല്‍പങ്ങളുടെ മസിലളവുകള്‍ മാറ്റിയെഴുതപ്പെട്ടു. നായക സങ്കല്‍പങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ചാണ് എഴുപതുകളില്‍ ജയന്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. ഉപനായകനായും നായകനായും വില്ലനായും മിന്നുന്ന പ്രകടനം കാഴ്ച വച്ച ജയന്‍ പകര്‍ന്നാടിയ ഓരോ വേഷങ്ങളിലും തന്റെ കൈയൊപ്പ് ചാര്‍ത്തി. സിനിമയെയും ജീവിതത്തെയും വേറിട്ടു കാണാന്‍ ഒരിക്കലും ജയനു കഴിയുമായിരുന്നില്ല. അഭിനയത്തിന്റെ നാടകീയതയും സിനിമയുടെ നിറങ്ങളും സാഹസികതയുമെല്ലാം കൂടിച്ചേര്‍ന്ന ഒരു വ്യത്യസ്ത തിരക്കഥ തന്നെയായിരുന്നു ജയന്റെ ജീവിതവും. പുരുഷ സൌന്ദര്യത്തിന്റെ സര്‍വലക്ഷണങ്ങളും നിറഞ്ഞു നിന്ന ജയന്റെ സാന്നിധ്യം ഇല്ലാതായിട്ട് നവംബര്‍ പതിനാറിന് ഇരുപത്തൊമ്പത് വര്‍ഷം തികയുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും ജയന്റെ മസിലും എല്‍വിസ് ബെല്‍ബോട്ടവും നീട്ടിയ ഡയലോഗും മലയാളി മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നു. താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ശൈലിയും പൌരുഷവും നല്‍കിയ ജയന്‍ അവയ്ക്ക് പൂര്‍ണത വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയായിരുന്നു. അതു തന്നെയായിരുന്നു ഈ അതുല്യനടന്റെ ഗുണവും ദോഷവും. പൂര്‍ണതയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച് ആറു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വെന്നിക്കൊടി പാറിച്ച ജയന്‍ അതേ പൂര്‍ണതയ്ക്ക് വേണ്ടി ജീവനും ത്യജിച്ചു. 1938 ല്‍ കൊല്ലത്ത് കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായാണ് ജയന്റെ ജനനം. വിദ്യാഭ്യാസത്തിനു ശേഷം നാവികസേനയില്‍ ചേര്‍ന്ന ജയന്‍ ചെറുപ്പത്തിലേ കൈമുതലായിക്കിട്ടിയ അഭിനയകല അവിടെയും സജീവമാക്കി. ഒടുവില്‍ പതിനാറു വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് കയറി. ശാപമോക്ഷത്തില്‍ ഷീലയുടെ വിവാഹ സദസിലെ ഗായകനായി അഭിനയരംഗത്തേക്ക് കടന്ന ജയന്‍ മലയാള സിനിമയില്‍ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുകയായിരുന്നു. പഞ്ചമിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായുള്ള അഭിനയമാണ് വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ജയന്റെ റെയ്ഞ്ച് വ്യക്തമാക്കിയ വേഷം. ആരോഗ്യവും സൌന്ദര്യവും തുളുമ്പുന്ന ശരീരം കൊണ്ടും പ്രൌഢ ഗംഭീരമായ ശബ്ദം കൊണ്ടും അതു വരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പ്പങ്ങളെ ജയന്‍ തിരുത്തിയെഴുതി. പഞ്ചമിക്കു ശേഷം മറ്റൊരു കര്‍ണന്‍, ജയിക്കാനായി ജനിച്ചവന്‍, അടവുകള്‍ 18, സൂത്രക്കാരി, ആനപ്പാച്ചന്‍, രതിമന്‍മഥന്‍, കാത്തിരുന്ന നിമിഷം, ഇതാ ഒരു മനുഷ്യന്‍, രണ്ടു ലോകം, ഈ മനോഹര തീരം, ആശിര്‍വാദം തുടങ്ങി കൈ നിറയെ ചിത്രങ്ങള്‍. പ്രേം നസീര്‍, വിന്‍സെന്റ് തുടങ്ങിയ നായകനടന്‍മാരോടൊപ്പം വില്ലനായി അഭിനയിച്ചിരുന്ന ജയന്‍ നായക വേഷത്തിലേക്ക് ചുവടുമാറ്റുന്നത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഭിക്ഷാംദേഹി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തച്ചോളി അമ്പുവിലെ ഇരട്ട വേഷം കൂടിയായപ്പോള്‍ ജയന്‍ മുന്‍നിര നായകനടന്‍മാരുടെ പട്ടികയിലിടം പിടിച്ചു. ഹരിഹരന്റെ ശരപഞ്ജരം, ഐ.വി ശശിയുടെ ചിത്രങ്ങളായ അങ്ങാടി, കാന്തവലയം, മീന്‍ തുടങ്ങിയ ചിത്രങ്ങള്‍ ജയനെ മലയാളത്തിലെ തിരക്കുള്ള നടനാക്കി. അങ്ങാടി അക്കാലത്തെ ബ്ളോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ ജയന്‍ യുഗം തന്നെയായിരുന്നു. തീനാളം, നായാട്ട്, മൂര്‍ഖന്‍, മനുഷ്യമൃഗം, ആവേശം, കരിമ്പന, ഇടിമുഴക്കം, അങ്കക്കുറി, ശക്തി, ശത്രു സംഹാരം, ഇരുമ്പഴികള്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപക്കി, അനുപല്ലവി, ചുവന്ന ചിറകുകള്‍, ഇവിടെ കാറ്റിനു സുഗന്ധം, മോചനം, സായുജ്യം... അങ്ങനെ നീളുന്ന ജയനെന്ന പ്രതിഭയുടെ തിളക്കം. ജയനെ ഏറെ പ്രശസ്തനാക്കിയത് കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലെ രാജശേഖരന്‍ എന്ന കഥാപാത്രമാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം ജയന്റെ ആരാധകര്‍ ഉത്സവമാക്കി മാറ്റി. കുതിരക്കാരന്റെ വേഷത്തിലെത്തിയ ജയന്‍ ഈ സിനിമയിലൂടെയാണ് പുരുഷസങ്കല്‍പത്തിന്റെ പുതിയ മസിലളവുകള്‍ വെള്ളിത്തിരയില്‍ കാണിച്ചത്.സാഹസിക രംഗങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ അതിയായ ആത്മവിശ്വാസമുണ്ടായിരുന്ന നടനായിരുന്നു ജയന്‍. അതിസാഹസിക രംഗങ്ങളില്‍ പോലും സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ഡ്യൂപ്പുകളെ പൂര്‍ണമായും ഒഴിവാക്കി. ഈ ആവേശം തന്നെയാണ് ജയനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടക്ക് സുകുമാരന്‍ ഓടിക്കുന്ന മോട്ടോര്‍ സൈക്കിളിന് പിന്നില്‍ നിന്ന് മുകളില്‍ പറക്കുന്ന ഹെലികോപ്ടറിന്റെ ലാന്റിംഗ് സ്റ്റെപ്പില്‍ പിടിച്ച് അഭിനയിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടര്‍ നിലത്തിടിച്ചാണ് ജയന്റെ മരണം. സാഹസികതയും കരുത്തും ഒത്തിണങ്ങിയ ആ അഭിനയ പ്രതിഭയുടെ ജീവിതം അസ്തമിച്ചിട്ട് ഇരുപത്തൊമ്പത് വര്‍ഷം തികയുമ്പോഴും ആ സിംഹാസനം ഇന്നും ഒഴിഞ്ഞി കിടക്കുന്നു, മറ്റൊരു പകരക്കാരനില്ലാതെ.


No comments: