Tuesday, November 3, 2009

അപ്പോള്‍ പ്രായം ഷാരൂഖിനോടു പറഞ്ഞു


'ഞാന്‍ തോറ്റു'

ഇയാള്‍ ഇനിയൊരു വട്ടം കൂടി കാമ്പസില്‍ ചുറ്റിനടന്നാലും നൂറു വട്ടം കൂടി പ്രണയിച്ചാലും എത്ര തവണ മരം ചുറ്റിയാലും ആരും ഒരു കുറ്റവും പറയില്ല. ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി നാല്‍പത്തി നാലു വയസായിട്ടും ഷാരൂഖ് തുടരുന്നത് ഈ പയ്യന്‍സ് ഇമേജ് നില നില്‍ക്കുന്നതു കൊണ്ടു തന്നെയാണ്. ഒറ്റത്തവണ പോലും പ്ളാസ്റ്റിക് സര്‍ജറി ചെയ്യാതെയാണ് രൂപ ഭാവങ്ങളില്‍ ചുളിവുകളേതുമില്ലാതെ ബോളിവുഡിന്റെ കിംഗ് ഖാന്‍ നാല്‍പ്പത്തിനാലാം വയസിലേയ്ക്ക് പടി ചവിട്ടിയത്. തളരാതെ, കിതയ്ക്കാതെ വിജയങ്ങള്‍ കീഴടക്കിപ്പായുന്ന പിന്നിലായി കീഴടക്കാന്‍ പറ്റാതെ ഓടിത്തളര്‍ന്ന് പ്രായവുമുണ്ട്. തനിക്കിപ്പോഴും ഇരുപത്തഞ്ചു വയസു കഴിഞ്ഞതായേ തോന്നുന്നുള്ളൂവെന്നാണ് ഷാരൂഖ് പറയുന്നത്. ചെറുപ്പം നില നിര്‍ത്തുന്നത് പ്ളാസ്റ്റിക് സര്‍ജറി കൊണ്ടാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ നന്നായി ഉറങ്ങുന്ന ദിവസങ്ങളില്‍ കൂടുതല്‍ ചെറുപ്പമായും ഉറക്കമില്ലാത്ത ദിവസങ്ങളില്‍ പ്രയാക്കൂടുതല്‍ തോന്നിപ്പിക്കുന്ന പോലെയുമിരിക്കുമെന്നാണ് ഷാരൂഖ് പറയുന്നത്. ഇരുപത്തഞ്ചിന്റെ ചുറുചുറുക്ക് സിനിമയില്‍ മാത്രമല്ല വെള്ളിത്തിരയ്ക്കു പുറത്തും പ്രകടമാണ്. ഷാരൂഖ് എന്നാല്‍ പ്രേക്ഷര്‍ക്കും ആരാര്‍ധകര്‍ക്കും ജരാനരകള്‍ ബാധിക്കാത്ത പ്രീയ നടനാണ്. ഒരു ദശാബ്ദം പിന്നിട്ടിട്ടും മുംബയിലെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന സിനിമ തന്നെ പ്രേക്ഷകന്റെ താരത്തോടുള്ള ഇഷ്ടം വെളിവാക്കുന്നു. ബോളിവുഡില്‍ പ്രണയം ഫീല്‍ ചെയ്യണമെങ്കില്‍ അതില്‍ ഷാരൂഖ് വേണമെന്നും ജോഡിയായി കജോള്‍ ഉണ്ടാവണെമെന്നതും എഴുതപ്പെടാത്ത മറ്റൊരു സമവാക്യം. ഈ ജോഡികള്‍ ഒരുമിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നവെന്നത് എഴുതപ്പെട്ട സിനിമാ ചരിത്രം. ആദ്യ കാലങ്ങളില്‍ തിരഞ്ഞെടുപ്പുകളില്ലാതെ നെഗറ്റീവ് വേഷങ്ങള്‍ പോലും കൈകാര്യം ചെയ്തിരുന്ന ഷാരൂഖ് ബോളിവുഡിലെ താര രാജാവായ ശേഷം വേഷങ്ങളില്‍ വേണ്ടത്ര കൈയടക്കം കാണിച്ചു. സിനിമയ്ക്കകത്ത് ഷാരൂഖിന്റെ യൌവനത്തെ പിടിച്ചു നിര്‍ത്തിയതില്‍ പ്രധാന പങ്ക് കരണ്‍ ജോഹര്‍ എന്ന യുവസംവിധായകന് അവകാശപ്പെട്ടതാകുന്നു. ഇവരുടെ ഒത്തൊരുമിക്കല്‍ ഹിറ്റുളായി മാത്രം പുറത്തിറങ്ങിയതും അതു കൊണ്ടു തന്നെ. മാതാപിതാക്കളുടെ മരണശേഷം മുംബയില്‍ വണ്ടിയിറങ്ങിയ ഷാരൂഖിന്റെ സമ്പാദ്യം മനസു നിറയെ സ്വപ്നങ്ങളും ഗൌരിയോടുള്ള പ്രണയവും മാത്രമായിരുന്നു. അക്കാലത്ത് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയത്തില്‍ സജീവമായിരുന്ന ഷാരൂഖ് ഖാന്‍ ഫൌജിയിലെ കേണല്‍ അഭിമന്യു റായ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി. ഏറക്കാലം മിനിസ്ക്രീനില്‍ ഒതുങ്ങി നില്‍ക്കേണ്ടി വന്നെങ്കിലും വെള്ളിത്തിരയിലേക്കുള്ള ഗംഭീര അരങ്ങേറ്റും ഷാരൂഖിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1992ല്‍ ദീവാനയെന്ന ചലച്ചിത്രത്തില്‍ നിന്നും ആരാധകരുടെ ആരവങ്ങളിലേക്ക് നടന്നു കയറിയ ഷാരൂഖിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദീവാനയില്‍ തുടങ്ങി ഇടവിട്ടിടവിട്ട് അവസരങ്ങള്‍ തേടി വന്നു. ചമത്കാര്‍, രാജു ബന്‍ ഗയാ ജെന്റില്‍ മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വന്ന ധര്‍, ബാസിഗര്‍ എന്നീ ചിത്രങ്ങള്‍ ഷാരൂഖിന്ന് അവസരങ്ങളുടെ ചാകരക്കാലം തന്നെ സമ്മാനിച്ചു. അക്കാലത്ത് ഇമേജ് നോക്കാതെ നെഗറ്റീവ് വേഷങ്ങളിലും വിജയം തെളിയിച്ചതാണ് ഷാരൂഖിന്റെ വളര്‍ച്ചയ്ക്ക് വഴിമരുന്നായത്. ഇന്നും പ്രദര്‍ശനം തുടരുന്ന ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേംഗാ തന്നെ ഷാരൂഖിന്റെ അഭിനയമികവിന്റെ മകുടോദാഹരണം. ഈ ചിത്രത്തിനു ശേഷം വന്ന കുച്ച് കുച്ച് ഹോത്താഹേയും ഹിറ്റ് തന്നെ. അഭിനയമികവു തെളിയിച്ച ഷാരൂഖ് പിന്നെ നിര്‍മാണ രംഗത്തേക്ക് കടന്നു. ആദ്യം ജൂഹി ചൌളയുമായി ചേര്‍ന്നും പിന്നീട് സ്വന്തമായും രണ്ട് നിര്‍മാണ കമ്പനികള്‍ തുടങ്ങി. കഭി ഖുശി കഭി ഗം. ദേവദാസ്, ചല്‍തേ ചല്‍തേ, ഹം തുമാരെ ഹേ സനം, മേ ഹൂ നാ, ഡോണ്‍, രബ്നേ ബനാ ദി ജോഡി, ബില്ലു തുടങ്ങി അടുത്ത ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലേക്കും എത്തി വയസിനും വിശ്രമത്തിനും കീഴടങ്ങാതെ നില്‍ക്കുന്നു ബോളിവുഡിന്റെ കിംഗ് ഖാന്‍.


No comments: