Friday, October 30, 2009

ഇന്ദിരയെ ഓര്‍ക്കുമ്പോള്‍


1984 ഒക്ടോബര്‍ 31, പുലര്‍ച്ചെ 9 ഒമ്പതു മണിയോടെ ചരിത്രം കറുപ്പു പുതയ്ക്കാന്‍ പോകുന്ന നിമിഷങ്ങളിലേക്ക് ഇന്ദിരാ പ്രിയദര്‍ശിനി ഓറഞ്ച് സാരിയുടുത്തിറങ്ങിയത്. സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത് സിങ്ങിന്റെ റിവോള്‍വറിലും കോണ്‍സ്റ്റബിള്‍ സത്വന്ത് സിങ്ങിന്റെ സ്റ്റെന്‍ ഗണ്ണിലും ഇന്ദിരയെ കാത്ത് പതിനാറ് വെടിയുണ്ടകള്‍. ഇന്ത്യയുടെ ഗതിമാറ്റിയ നാല്‍പത് നിമിഷങ്ങള്‍. തീ തുപ്പിയ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ ഇന്ദിരയുടെ നെഞ്ചിലും വയറിലും തുളഞ്ഞു കയറി. സൈറന്‍ മുഴക്കി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലേക്ക് പാഞ്ഞ കാറിനുള്ളില്‍ മരുമകള്‍ സോണിയ ഗാന്ധിയുടെ മടിയില്‍ കിടന്ന ഇന്ദിരയില്‍ നിന്നും അവസാന ശ്വാസം വിട്ടു പിരിഞ്ഞു. ഒരേയൊരു ഇന്ദിര ഗാന്ധി, ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ മറ്റൊരു വനിത ഇതു വരെ ഉണ്ടായിട്ടില്ല. രക്ത സാക്ഷിത്വത്തിന്റെ കാല്‍ നൂറ്റാണ്ട് തിയകയുമ്പോഴും ഇന്ദിരയെന്ന പേര് ഉച്ചരിക്കുമ്പോള്‍ ആദരവും ബഹുമാനവും അറിയാതെ കടന്നുവരും.
ഉരുക്കു വനിത
മരണം നിഴല്‍ പോലെ പിന്നാലെയുണ്ടെന്നറിയാമായിരുന്നിട്ടും തനിയ്ക്ക് മരിക്കാന്‍ ഭയമില്ലെന്ന് പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞ് ഇന്ദിരാ പ്രിയദര്‍ശിനിയെ മരണം കവര്‍ന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയും ഉരുക്കു വനിതയുമായിരുന്ന ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. അധികാരത്തിന്റെ പുരുഷ ലക്ഷണങ്ങള്‍ തിരുത്തിക്കുറിച്ച് എല്ലാവിധ വിശേഷണങ്ങളുടെയും സീമയ്ക്കു പുറത്തു നിന്ന ഇന്ദിരയുടെ കാലഘട്ടം ചരിത്രത്തില്‍ സമാനതകളില്ലാതെ തെളിഞ്ഞു കിടക്കുന്നു. രണ്ടു ദശാബ്ദക്കാലം ഇന്ത്യയുടെ അധികാരം കൈപ്പിടിയിലമര്‍ത്തിയ ഇന്ദിര കാറ്റും കോളും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും ഭരണയന്ത്രത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലൊതുക്കി. അപകടകരമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അവര്‍ക്ക് അതിനുള്ള വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍
1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാറാണ് ഇന്ദിരയുടെ മരണത്തിനു വഴിയൊരുക്കിയത്. സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ച സിക്ക് തീവ്രവാദികളെ നേരിടാനായി നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന് ഇന്ദിര അനുമതി നല്‍കുമ്പോള്‍ പഞ്ചാബ് വിഘടനവാദത്തെ എതിര്‍ക്കുന്നതിനുള്ള മറ്റെല്ലാ വഴികളും അടഞ്ഞിരുന്നു. 83സൈനികരും 492 സിവിലിയന്‍മാരും കൊല്ലപ്പെട്ട ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ലോകത്താകമാനമുള്ള സിക്കുകാരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി. തീവ്രവാദത്തിനു നേതൃത്വം നല്‍കിയ ഭിന്ദ്രന്‍വാലയുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടെങ്കിലും സുവര്‍ണക്ഷേത്രം സൈന്യം കൈയടക്കിയെന്ന വാര്‍ത്ത സിക്കുകാരെയായകെ ചൊടിപ്പിച്ചു. നിരവധി സിക്കുകാര്‍ സൈന്യത്തില്‍ നിന്നും പിരിഞ്ഞു പോവുക വരെ ചെയ്തു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിനായി ദിന്ദ്രന്‍വാലയെ പഞ്ചാബില്‍ വളര്‍ത്തിയത് ഇന്ദിരയായിരുന്നു. ഭസ്മാസുരന് വരം നല്‍കിയതു പോലെയായിരുന്നു ഇതെന്നത് ചരിത്രപാഠം.
അനുഭവങ്ങളുടെ ബാല്യം
1917 നവംബര്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി ജനിച്ച ഇന്ദിര പിച്ചവച്ചതും വളര്‍ന്നതും സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ട നാളുകളിലായിരുന്നു. കടുത്ത ഏകാന്തത നിറഞ്ഞ ബാല്യകാലം തന്നെയാവണം ഇന്ദിരയുടെ മനസിന് വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉരുക്കു ചട്ടയണിയിച്ചതും. ചെറുപ്പം തൊട്ടേ രാഷ്ട്രീയം നിറഞ്ഞ അന്തരീക്ഷത്തില്‍ വളര്‍ന്ന ഇന്ദിരയുടെ ജീവിതവും അതേ വഴിക്കു തന്നെ ചലിച്ചു തുടങ്ങി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമര രംഗത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അണി നിരത്തി 'വാനര സേന' രൂപീകരിച്ചു. മുതിര്‍ന്ന രാഷ്ട്രീയക്കാരെ പോലെ തന്നെ ഇന്ദിരയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളുമായി വാനരസേനയും സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി. സ്കൂള്‍ ബാഗുകളില്‍ നേതാക്കള്‍ക്കുള്ള ലഘുലേകള്‍ ഒളിപ്പിച്ചു കടത്തിയിരുന്നതും വാനരസേനയിലെ അംഗങ്ങളാണ്.ഇംഗ്ളണ്ടിലെ സോമര്‍വെല്ലി കോളജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ സ്വാതന്ത്യ്രസമരാനുകൂല സംഘടനയായ ഇന്ത്യാലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അവിടെ നിന്നും മടങ്ങും വരെ സ്വാതന്ത്യ്രസമരത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു കൊണ്ടിരുന്നു. പതിനെട്ടു വയസായപ്പോഴേക്കും അമ്മയെ നഷ്ടപ്പെട്ട ഇന്ദിരയുടെ പിന്നീടുള്ള ജീവിതത്തിലെ നിറസാന്നിധ്യം അച്ഛന്‍ നെഹ്റുവായിരുന്നു. ഇക്കാലത്ത് അദ്ദേഹവുമായി അവര്‍ നടത്തിയിരുന്ന നീണ്ട കത്തിടപാടുകള്‍ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പുസ്തകമായി. അക്കാലത്തെ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ നേര്‍രേഖകള്‍ കൂടിയാണ് ഈ കത്തുകള്‍.
കുടുംബം
ബ്രിട്ടനില്‍ വെച്ചാണ് ഇന്ദിരാഗാന്ധി പാഴ്സിയായ ഫിറോസ് ഗാന്ധിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 1942ല്‍ അച്ഛന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്ദിര ഫിറോസ് ഗാന്ധിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചു. അതിനോടകം തന്നെ സ്വാതന്ത്യ്രസമരത്തില്‍ സജീവമായിരുന്ന ഫിറോസുമൊരുമിച്ചാണ് ഇന്ദിര ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തത്. ഇന്ദിരയ്ക്കും ഫിറോസ് ഗാന്ധിക്കും രണ്ടു മക്കളായിരുന്നു. അടിയന്തരവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധി ചരിത്രവിചാരണ നേരിടുന്നത് സഞ്ജയിഗാന്ധിയുടെ ചെയ്തികളുടെ പേരിലാണ്. നിര്‍ബ്ബന്ധിത വന്ധ്യകരണത്തിലൂടെയും ഡല്‍ഹിയിലെ ചേരിനിവാസികളുടെ നെഞ്ചിലൂടെ നിര്‍ഭയം ബുള്‍ഡോസറുരുട്ടിയും സഞ്ജയ് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ ഇന്ദിരയുടെ യശസ്സിനുമേല്‍ കുറച്ചൊന്നുമല്ല കരിപുരട്ടിയത്. ഒടുവില്‍ സഞ്ജയ് വിമാനാപകടത്തില്‍ മരിച്ചതിന്റെ ദുഃഖവും ഇന്ദിരയ്ക്ക് താങ്ങേണ്ടിവന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഇന്ദിരയുണ്ടാവും, ശക്തനായ പിതാവിന്റെ അതിശക്തയായ മകളായി. ബംഗ്ളാദേശിന്റെ പിറവിയിലൂടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും ഭാഗധേയം മാറ്റിയ ധീരവനിതയായി.


1 comment:

മൂവന്തി said...

oru ശരിക്കും ഒരു ധീരവനിത. പലതും ഓര്‍മ്മിച്ചെടുക്കാന്‍ സഹായിച്ചു.