Monday, September 30, 2013

കടലിന്റെ കിനാവ് കാറ്റിനോട്

വെള്ളിയാഴ്ച, ഉച്ചവെയില്‍
കൂട്ട് വെട്ടുന്ന നേരം
കൊച്ചീക്കടലിന്റെ അങ്ങേയറ്റം
നാണം കൊണ്ട് ചുവന്ന് തുടുക്കും.
ഒരൊറ്റത്തോര്‍ത്തു പോലുമുടുക്കാതെ
സൂര്യന്‍ കടലിലേക്കെടുത്തു
ചാടാനൊരുങ്ങി നിക്കണ്.

പഞ്ചാരമണപ്പുറത്ത്
പട്ടങ്ങളാകാശത്തേക്ക്
കെട്ടുപൊട്ടിച്ചോടാന്‍
നൂലറ്റങ്ങളുടെ തുഞ്ചത്ത്
മദംപൊട്ടി നില്‍ക്കുന്നു.

പറന്നു പൊങ്ങിയ പട്ടങ്ങള്‍ക്ക്
താഴെ നങ്കൂരമിട്ടു പല നാടുകള്‍.
പട്ടം വെട്ടിത്തുന്നിയ പോലൊരു
പാവാടയിട്ട മുസരിപ്പെണ്ണ്.
പടക്കപ്പലിന്‍ നായകന്റെ
തലപ്പാവഴിഞ്ഞുലഞ്ഞ പോലെ
പഞ്ചാബി സാല്‍വാര്‍.
മുക്കാല്‍ കാലുറയിലൊരു ചീനക്കാരി
ചുണ്ടില്‍ തേനുള്ള പരന്ത്രീസ്
കാളപ്പോരിന്റെ കരുത്തുള്ള പറങ്കി
അരക്കെട്ടിലിത്തിരി നിക്കറിലമേരിക്കന്‍.
പര്‍ദകളും പരിവാരങ്ങളുമുണ്ട്
വാരിച്ചുറ്റിയ സാരിക്കോലങ്ങളുണ്ട്.
തോവാളയൊന്നാകെ തലയില്‍ ചൂടി
തമിഴ് പേശും തലൈവികളുണ്ട്.
കെട്ടഴിഞ്ഞ മട്ടാഞ്ചേരിയും
മൊഞ്ചത്തി മഞ്ചേരിയും
കൊഞ്ചിക്കുഴയുന്നു.

കാറ്റ് പിടിക്കുന്ന മരച്ചോട്ടിലെ
ചാരുബെഞ്ചിനപ്പുറം
റാഫിയും സൈഗളും താളം പിടിക്കുന്നു.
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.
പുറംകടലില്‍ കപ്പല്‍ കൂവുന്നുണ്ട്,
കരയില്‍ കപ്പലണ്ടിക്കാരനും.
കടല്‍ കണ്ട് നടക്കുമ്പോ കടിച്ച്
കണ്ണടയ്ക്കാന്‍ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും.

കടലിനക്കരെ ഒരുത്തി ചോപ്പുടുപ്പ് മാറ്റി
രാവാടയുടുക്കാനൊരുങ്ങിത്തുടങ്ങി.
പട്ടം വില്‍ക്കുന്ന കുട്ടി
പള്ളിക്കൂടം കഴിഞ്ഞ് വന്നിട്ടേയുള്ളൂ.
ഇന്നു വരേക്കും പറന്നിട്ടില്ലൊരു
പട്ടം പോലും അവന്റെ ആശകള്‍ക്ക് മീതെ.
കരയില്‍ കാറ്റ് തന്നെ തുണയ്ക്കണം പക്ഷേ,
കട്ടമരത്തിലേറി ഉപ്പ പുറംകടലിലാണ്.
ഉമ്മയുടെ കണ്ണിലെന്നും
കടല്‍ വേലിയിറങ്ങുന്നുണ്ട്
പട്ടം വില്‍ക്കുന്ന കുട്ടി
കാറ്റിനോടെന്ത് പ്രാര്‍ഥിക്കും.

അപ്പോള്‍ മാത്രം സീഗള്‍ ബാറില്‍ നിന്നും
നിലവെളിച്ചത്തിലേക്കിറങ്ങിയ ഒരു ഗസല്‍
അമരാവതിയുടെ വീഥിയളന്ന്
നാലുകാലില്‍ നീങ്ങുമ്പോളിങ്ങനെ പാടി.
ഇത്ര നാള്‍ പഞ്ചാരമണലിന്‍
നെഞ്ചിലുറങ്ങിയിട്ടും അത്രമേല്‍ സങ്കടം
കണ്ട് കണ്ടോ കടലേ നിനക്കിത്ര കണ്ണീരുപ്പ്.


1 comment:

priyan said...

സൂപ്പർ കവിത