Wednesday, December 23, 2009

ഓര്‍മകളുടെ കാലം... ശങ്കരേട്ടന് മുമ്പും ശേഷവും



ഒരു തത്സമയ സംപ്രേഷണത്തിനിടെ വാക്കുകള്‍ പെട്ടെന്ന് നിലച്ചു പോവുമെന്ന പറച്ചില്‍ അറം പറ്റിയോ. വാര്‍ത്തകളുടെ ട്രാക്കിലൂടെ വാക്കുകളുടെ ചൂളംവിളിയുമായി വന്ന ജീവന്് പാളം തെറ്റിയ പോലെ...പലരുടെയും ഓര്‍മകളുടെ ട്രാക്കില്‍ ശങ്കരേട്ടന്‍ കൂകിപ്പായുന്നതാണ് പിന്നീട് കണ്ടത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ അകാല നിര്യാണത്തിനുമപ്പുറം എല്ലാവര്‍ക്കും ഓര്‍മിക്കുവാനുണ്ടായിരുന്നത് ശങ്കരനാരായണന്‍ എന്ന അടുത്ത ചങ്ങാതിയെ ആയിരുന്നു. ഓര്‍മകളുടെ ഒടുവില്‍ കൊച്ചിയില്‍ നിന്നും ഇനി വാര്‍ത്തകളുമായി സി. ശങ്കരനാരായണന്‍ ഇല്ലെന്ന വാചകം എവിടെയോ കൊളുത്തി വലിച്ചു. മലയാളത്തിലെ മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മകളില്‍ ഇന്നലെ മുതല്‍ രണ്ടു കാലങ്ങളുണ്ട്. ശങ്കരനാരായണന്റെ വേര്‍പാടിന് മുന്‍പും പിന്‍പും. ജോലിയിലിരിക്കെ മരിച്ചാല്‍ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയോടൊപ്പം ഇരുപത് പോയിന്റ് ഹെഡിംഗില്‍ ചരമപ്പേജിന്റെ ഇടത്തേയറ്റത്ത് ഒന്നാമതായി ഇരിക്കാം. ഒരു പത്രപ്രവര്‍ത്തകന് കിട്ടാവുന്ന ഔദ്യോഗിക ബഹുമതി ഇതിലൊതുങ്ങും. കമ്പനി വക റീത്തിന്റെ കാര്യം മറന്നതല്ല. മറക്കാവുന്നതുമല്ല. ഓഫീസിലെ തൂപ്പുകാരന്‍ മുതല്‍് മേലധികാരി വരെയുള്ളവരുടെ അഞ്ചും പത്തും അതിലുണ്ടല്ലോ. പക്ഷെ ഓര്‍മകളും അനുശോചനങ്ങളും ഈ റീത്തിലെ പൂക്കള്‍ വാടുന്നതിനു മുന്നേ തീര്‍ന്നു പോകും. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഇന്നലെ ജയ്ഹിന്ദ് ചാനല്‍ കണ്ടവരെല്ലാം ശങ്കരേട്ടന്റെ മരണത്തില്‍ വേദനിച്ചിട്ടുണ്ട്. അവരില്‍ അദ്ദേഹത്തെ അറിയാവുന്നവരും ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരും ഉണ്ടാവും. ശങ്കരേട്ടന്റെ സഹ പ്രവര്‍ത്തകര്‍ ഓര്‍മകളുടെ ട്രാക്കില്‍ ഒരു മുഴം മുന്നെ ഓടി മാതൃക കാട്ടി. നെഞ്ചില്‍ കൈ വച്ച് പറയട്ടെ കേരളത്തിലെ മാധ്യമ സമൂഹം നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. കളങ്കമില്ലാത്ത സ്നേഹം മുതലക്കണ്ണീരില്‍ നനയ്ക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചതിന്. വെകിട്ട് വീണ്ടും ചാനലില്‍ ഓര്‍മകള്‍ നിറഞ്ഞു. വെളിപ്പെടുത്താതെ ഉള്ളില്‍ തോന്നിയ ഒരാഗ്രഹം അടുത്തിരുന്ന മാധ്യമപ്രവര്‍ത്തകനായ മറ്റൊരു സുഹൃത്ത് പറഞ്ഞപ്പോഴേ എനിയ്ക്കും തുറന്നു പറയാന്‍ തോന്നിയുള്ളൂ, എനിക്കും ഇതു പോലെ മരിക്കണമെന്ന്... ഓര്‍മകളില്‍ നിറയണമെന്ന്.എല്ലാ മരണങ്ങളും വാര്‍ത്തയാക്കുന്ന പിന്നെ അതിന്റെ പിന്നിലെ വാര്‍ത്തയെ തിരക്കിനടക്കുന്ന മാധ്യമപ്രവര്‍ത്തകനുള്ള യാത്രമൊഴി ഇത്ര ഭാവസാന്ദ്രമാവുന്നത് ആദ്യമായി തന്നെ. എല്ലാ സന്‍മനസിനും പ്രേരണയായത് ശങ്കരേട്ടന്‍ എന്ന മനുഷ്യന്റെ മുഖത്തെ ആ പുഞ്ചിരി തന്നെയാവണം. പല തവണ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. പക്ഷെ ഇതാണ് ശങ്കരനാരായണന്‍ എന്ന് തിരച്ചറിയുന്നത് മരണശേഷം ഇന്നലെ ചാനലുകളില്‍ വന്ന ഫോട്ടോ കണ്ടിട്ടാണ്. ഇപ്പോള്‍ ഓര്‍മിക്കുന്നു. കണ്ടപ്പോഴെല്ലാം ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നെന്ന്. തുടന്നും ഓര്‍മകള്‍ പങ്കുവെച്ചവരെല്ലാം ഒരു പോലെ പറഞ്ഞു, ചിരിക്കുന്ന ശങ്കരനാരായനെയേ അവരും കണ്ടിട്ടുള്ളൂവെന്ന്.



1 comment:

420 said...

ഒരു സബ്‌ എഡിറ്ററുടെ ജോലി എങ്ങനെയൊക്കെയാണെന്ന്‌ പഠിച്ചത്‌ ഇദ്ദേഹത്തിന്റെ മുന്നിലിരുന്നാണ്‌. 12 കൊല്ലംമുമ്പ്‌, മാതൃഭൂമിയുടെ തൃശൂര്‍ ഡെസ്‌കില്‍. ഇന്റേണ്‍ഷിപ്പ്‌ കാലം. ഏജന്‍സി ടേക്കുകള്‍ കീറിയെടുത്തു തരും. എഴുതിക്കൊടുക്കുന്നത്‌ വായിച്ചുനോക്കി അമര്‍ത്തിമൂളും. പോരെന്നു തോന്നുന്നിടത്ത്‌ അടിവരയിടും. പേജു ചെയ്യുന്നിടത്ത്‌ കൂടെ നിര്‍ത്തും. ഡെസ്‌കില്‍ അധികം സംസാരമില്ല. 20 വയസുമാത്രമുള്ള പേടികൊണ്ട്‌ മുഖത്തുനോക്കാത്തതിനാലുമാവാം. പുറത്തുവച്ചാണ്‌ ചോദ്യവും പറച്ചിലുമൊക്കെ. പിന്നെ കണ്ടിട്ടുള്ളത്‌ ടെലിവിഷന്‍ സ്‌ക്രീനിലാണ്‌.
തിങ്കളാഴ്‌ച രാത്രി അദ്ദേഹം അവസാന യാത്ര പോന്ന അതേ ട്രാക്കിലൂടെയാവണം ചൊവ്വാഴ്‌ച അതിരാവിലെ ഞാനും തിരുവനന്തപുരത്തുനിന്ന്‌ പോന്നത്‌- വാര്‍ത്തയുടെ ചൂടാറുംമുമ്പ്‌. അതറിഞ്ഞതും ട്രെയിനില്‍വച്ച്‌, കൊല്ലം കടന്ന്‌ അധികമാവുംമുമ്പ്‌. ജയ്‌ഹിന്ദിലെ സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ അതേവണ്ടിയില്‍ മുന്നിലെ കോച്ചിലുണ്ട്‌. വാര്‍ത്ത ശരിയാണ്‌, അത്‌ അദ്ദേഹംതന്നെ.
...മറക്കില്ല.