Wednesday, December 28, 2016

കരച്ചില്‍ ഒരു വിളക്കാണ്


വീട്ടിലേക്കു കറന്റു വന്ന ദിവസം
തോട്ടിലേക്ക് ചാടാനാലോചിച്ച
ഒരു പാട്ട വിളക്കുണ്ടായിരുന്നു.

അപ്പനെക്കാത്ത് ഉമ്മറപ്പടിയില്‍
പെണ്ണേയെന്ന വിളിക്ക് കാതോര്‍ത്തു
കണ്ണടക്കാതിരുന്ന് കത്തുമ്പോള്‍
അമ്മേയെന്നു വിളിക്കണമെന്ന്
തോന്നിയിട്ടുണ്ട്.

ഒരുപാട് നേരം നോക്കിയിരുന്ന
ഒരു രാത്രിയിലാണ്
ഞാന്‍ നിന്റെ പകലല്ലെന്നും
എനിക്കു നിന്റെ സൂര്യനാകാന്‍
കഴിയില്ലെന്നും പറഞ്ഞൊഴിഞ്ഞത്.
ആരുമില്ലാതെയാകുന്ന നേരത്ത്
നോക്കുന്നിടത്തെല്ലാം ഇരുട്ടെന്നു
തോന്നുന്ന കാലത്ത്
ചുട്ടുപൊള്ളിക്കാതെ
കെട്ടിപ്പിടിക്കാമെന്നൊരടക്കവും
പറഞ്ഞിരുന്നു.

വീട്ടിലേക്ക് കറന്റു വന്ന ദിവസം
അമ്മയ്ക്കടുക്കളയിലെ
പുകയടുപ്പിലേക്കൊരാന്തല്‍
കുടഞ്ഞിട്ടിട്ടു കൊടുക്കാതെ
അപ്പന്റെ ബീഡിത്തുമ്പിലേക്കു
കനലെറിഞ്ഞു കൊടുക്കാതെ
അന്തിക്കത്താഴ പാത്രത്തനരികെ
വിശപ്പ് കെട്ടെണീക്കും വരെ
കൂട്ടിരിക്കാതെ
എല്ലാവരും ഉറങ്ങിയോന്ന്
ആഞ്ഞ് കത്തിത്തെളിഞ്ഞുറപ്പിക്കാതെ
ആരോടും മിണ്ടാതെ
കട്ടിലിനടിയില്‍ മൂലയിലൊതുങ്ങി
കെട്ട വിളക്കെന്നു സ്വയം പഴിച്ച്
ഉറങ്ങാതിരുന്നു കാണും.

ഇനിയുള്ള ഡിസംബറില്‍
മുറ്റത്തെ മൂവാണ്ടന്റെ മുകളറ്റത്ത്
ക്രിസ്മസിനായി കിളുത്ത കൊമ്പില്‍
ഒരു ചോപ്പ് നക്ഷത്രത്തിനുള്ളില്‍
കൂടു കൂട്ടാനാവില്ലെന്നോര്‍ത്തു
കരഞ്ഞു കാണും.
പുതുവര്‍ഷം പുലരും വരേക്കും
പള്ളി കഴിഞ്ഞെത്തുന്നത് കാത്ത്
കത്തിയെരിഞ്ഞു നിന്നതോര്‍ത്ത്
കണ്ണടച്ചു കാണും.

വീട്ടിലേക്ക് കറന്റു വന്ന ദിവസം
അകത്തു പോയുറങ്ങിയ
ഒരു വിളക്കുണ്ടായിരുന്നു
കരച്ചിലുകളെയിട്ടു വെക്കാന്‍
ഒരുതുള്ളിയെണ്ണ പോലും
ഉള്ളിലില്ലാതിരുന്നിട്ടും
എനിക്കും ചുറ്റും
എന്നുമിരുട്ടാകണേയെന്നു
കരഞ്ഞു പ്രാര്‍ഥിക്കാതെ
ള്ളിലെരിഞ്ഞു കത്തിയത്.

ഇരുട്ടിന്റെ ചിത്രവേലകളും
നിഴലിന്റെ ആഴങ്ങളും
ഇപ്പോള്‍ മണ്ണെണ്ണ മണക്കുന്ന
ഓര്‍മകള്‍ മാത്രമാണ്, എന്നിട്ടും
ചിത്രകഥകളിലെന്ന പോലെ
അത്ഭുത രാത്രികളുണ്ടാകാന്‍
ഓര്‍മയിലിടക്കിടെ
തുടച്ചെടുത്തിന്നും
തെളിച്ചു വെക്കാറുണ്ട്.



No comments: