Thursday, October 24, 2013

ഹൈക്കു കവിതകൾ

(1) ഒരോടക്കുഴല്‍ കൂട്ട് വെട്ടുന്നു
-------------------------------------

നിന്നധരത്തോട് ചേരുമ്പോള്‍ മാത്രം
എന്തേ കണ്ണാ, മുളങ്കാടുലഞ്ഞ പോലെ
പതിനാറായിരത്തെട്ട് രാഗങ്ങള്‍.

(2) വേനല്‍
------------

കാത്തിരുന്നേറെക്കഴിഞ്ഞിട്ടും
നിന്റെ കുടത്തില്‍ നിറയ്ക്കാന്‍
ഈ പുഴയ്‌ക്കൊരു തേങ്ങലേയുള്ളൂ.

(3) കാറ്റേ കാറ്റേ
---------------------

ഒരൊറ്റക്കമ്പി നമുക്കിടയില്‍
വലിഞ്ഞു മുറുകിയിട്ടും
മീട്ടുവാന്‍ മറന്നില്ലേ, ഗായത്രിവീണ.

(4) പിന്നില്‍
---------------

കാണാതെ പോയെന്നോ,
ഞാനൊരുപാട് പെയ്തിരുന്നു
നീ ചൂടിയ ചേമ്പിലമുകളില്‍.

(5) കല്ലുപെന്‍സിലെഴുതുന്നു
--------------------------------

മാഞ്ഞു പോയതൊരു
മഴയായിരുന്നെന്ന്
മഷിത്തണ്ടിന്റെ വിലാപം.

(6) പൂവിളി
-----------

തെച്ചിയും ചെമ്പകവും
ഓര്‍മകളുടെ ഫ്രെയിമില്‍
മുറ്റത്ത് ഒറ്റയ്‌ക്കൊരു തുമ്പ

(7) ഏദന്‍ താഴ്‌വരയില്‍
-----------------------

ഹവ്വാ, വിലക്കിന്റെ വള്ളി പൊട്ടിയ
നിമിഷത്തിലോ നിന്റെ ചുണ്ടില്‍
ആപ്പിള്‍ മധുരം ചുരത്തിയത്

(8) മീന്‍കാരി
----------

പെണ്ണേ, മുക്കുത്തിയില്‍ തട്ടി
നിന്റെ കണ്ണിലേക്ക്
കാല്‍ തെറ്റി വീണതോ കടല്‍

(9) മുല്ലപ്പൂങ്കല്ല്
--------------

ഇത്രനാള്‍ പഞ്ചാര മണലിന്‍
നെഞ്ചിലുറങ്ങിയിട്ടും
കടലേ നിനക്കിത്ര കയ്‌പ്പോ

(10) കണ്ണാടിയില്‍
---------------------

അത്രമേല്‍ നാണിച്ചിട്ടോ
ഗുല്‍മോഹര്‍,
നിനക്കിത്ര ചുവപ്പ്

(11) കുടയോട്
------------------

മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടല്‍ നനയാന്‍
നീ തന്നെ പെയ്യണം

(12) തിര
------------------------

കടലേ, കരിങ്കല്‍ച്ചുമരില്‍ നിന്റെ
രൗദ്രഭാവം പോലല്ല, ആര്‍ദ്രം അഗാധ
മാണമ്മ തന്‍ കണ്ണിലെ വേലിയേറ്റം.

(13) കൊച്ചിയില്‍
---------------------------

റാഫിയും സൈഗളും താളം പിടിക്കുമ്പോള്‍
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.

(14) ആമേന്‍
------------------

ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.

(15) പൂങ്കിനാവ്
-----------------------

വെയില്‍ ഉണക്കിയെടുത്ത അമ്മയുടെ നീലസാരിയില്‍
ഞാന്‍ കണ്ടത്രയുമുണ്ടോ, നീ നട്ടുനനച്ചതില്‍
പൂവിരിഞ്ഞതും പൂമ്പാറ്റ വന്നതും.


5 comments:

Neelima said...

ഹൈക്കു കവിതകൾ എല്ലാം നന്നായിരിക്കുന്നു.എങ്കിലും ഒന്നിനോടും,നാലിനോടും കൂടുതലിഷ്ട്ടം.

ajith kumar said...

SIMPLY FABULOUS

MONALIZA said...

നന്നായിട്ടുണ്ട് ഹൈക്കുസ് .....
വേര്‍ഡ്‌ വെരിഫികേഷന്‍ കൂടി മാറ്റിയാല്‍ ബ്ലോഗില്‍ കമെനെറ്റ് ചെയ്യുന്നത് എളുപ്പമാകുമായിരുന്നു .

kuzhimattom said...

നേരത്തെ പലപ്പോഴായി വായിച്ചവയാണ്
എങ്കിലും എല്ലാം ഒരുമിച്ചുവായിക്കുമ്പോള്‍
പുതുമയാര്‍ന്ന അനുഭവം....
എല്ലാം നന്നായിരിക്കുന്നു സെബീ
എഴുത്തു തുടരുക
ആശംസകള്‍.........

kamsan said...

മലയാളത്തിലെ ഹൈക്കു കവിതകളോടുതന്നെ വെറുപ്പായിരുന്നു ഇതുവരെ
ഇഷ്ടമായി എല്ലാം