Friday, March 7, 2014

നിന്നു പെയ്യുന്നു, ഉടല്‍സമേതം ഒരു പാട്ട്അത്രയ്‌ക്കൊന്നും കറുക്കാതിരുന്നിട്ടും
നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു.
പൊടുന്നനെയാണ് സ്വപ്‌നത്തില്‍ വന്ന്
പഴയൊരു മര്‍ഫി റേഡിയോ 
പാടാന്‍ തുടങ്ങിയത്.

നിലാവ് തോറ്റു പോകുന്നൊരു പാട്ട്
ഒരു വാക്കു പോലും ചോദിക്കാതെ
കൂടെക്കേറി കിടന്നു.
രാഗങ്ങള്‍ കൊണ്ടു പൂണ്ടടക്കം പിടിക്കുന്നു
ജലതരംഗം പോലെ ഉടലാകെ നനയുന്നു
വലിഞ്ഞു മുറുകിയ ദൊതാരയില്‍ 
വിരലുകളോടുന്നു.
ഇണങ്ങിയൊരു തംബുരു പോലെ
തോളോടു ചേര്‍ത്തു വയ്ക്കുന്നു.
മുടിയഴികളില്‍ ശ്രുതി ചേര്‍ക്കുന്നു.
ഇടം ചെവിയുടെ പിന്നില്‍ തുടങ്ങി
മറുചെവി കടക്കുന്നൊരു പുല്ലാങ്കുഴല്‍ കാറ്റ്.
തിമിര്‍ത്തു പെയ്യുന്നു മേഘമല്‍ഹാര്‍
ചുട്ടു പൊള്ളുന്നു ദീപക് രാഗത്തില്‍.

വിളംബിത കാലത്തില്‍ ചായ തിളക്കുന്നു
അപ്പോഴടക്കളയിലെ കറന്റടുപ്പില്‍.
ഉച്ചത്തിലുച്ചത്തില്‍ മൂളിയിട്ടും
കുളിമുറി വിട്ടു പുറത്തിറങ്ങാന്‍ മടിച്ചൊരു 
പാട്ട് ഈറനുടുത്തു നില്‍ക്കുന്നു.
ഉണാരാം എന്നൊരു വാക്കില്‍ നിന്നു
പോകുന്നു സ്വപ്‌നത്തില്‍ വന്ന റേഡിയോ.
കൂടെക്കിടന്ന പാട്ട് ഒന്നു കൈവീശിപ്പോലും 
കാണിക്കാതെ എഴുന്നേറ്റു കൂടെപ്പോയി.

കിടക്കവിരിയില്‍ ഇപ്പോഴും കാണാം
അത്രമേല്‍ മധുരിച്ചൊരു പാട്ടിന്റെ
വരികള്‍ ചുളിവുകളായി.No comments: