Sunday, September 21, 2008

മൂന്നു നിഴലുകള്‍ നിലാവ്‌ കാണുന്നു


നിലാവിനെക്കുറിച്ച്‌ ഒരു സ്വകാര്യം

നിലാവ്‌ വെറുമൊരു വെളിച്ചമല്ല

നിലാവ്‌ ഒരിരുളുമല്ല

അതിനു നിറമില്ലാത്ത നിറമാണ്‌.

നിലാവെന്നാല്‍ ഇരുളും വെളിച്ചവും ഇണചേരുന്നതുമല്ല.

അത്‌

ഇഷ്ടമുള്ള ആരെയോ

നിറമുള്ള ഉടുപ്പുകളെല്ലാം

തനിയെയഴിച്ചുവെച്ച പാടെ

ആദ്യമായി കാണുന്നതു പോലെയാണ്‌.

ഭൂതലത്തിന്നക്കരെ നിന്നും വരുന്ന

(സത്യത്തിന്റെ) ആ കാഴ്‌ച

കാണുന്നയാളെ ഒരു നിമിഷം

അങ്ങേലോകത്തേയ്‌ക്ക്‌

കെട്ടിയെടുക്കുന്നു.

അതുകൊണ്ട്‌

നിലാവ്‌

അക്കരയ്‌ക്കുള്ള

ഒരു പാലമാകുന്നു.

- കെ.പി ജയകുമാര്‍


മൂന്നു നിഴലുകള്‍ നിലാവ്‌ കാണുന്നു

നിലാവിനെക്കുറിച്ച്‌ തമ്മില്‍ തമ്മില്‍ പണ്ടൊക്കെ ഒരുപാട്‌ പറഞ്ഞിരുന്നു. പറഞ്ഞതൊക്കെയും നിലാവത്തിരുന്നിരുന്നായതു കൊണ്ട്‌ ഓര്‍മകളുടെ പാല്‍ വെളിച്ചത്തിനു മുകളില്‍ ഇനിയും മറവിയുടെ പാട കെട്ടിയിട്ടില്ല. എത്ര തന്നെ പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങള്‍ ഇടക്കെപ്പോഴൊക്കെയോ മുറിഞ്ഞു പോയിരുന്നുവെന്നു മാത്രം. എങ്കിലും തമ്മില്‍ കാണുമ്പോഴൊക്കെ ഇന്നു വരെ ആര്‍ക്കും ഉഷ്‌ണമുണ്ടാക്കാത്ത നിലാവെളിച്ചത്തിലിരുന്ന്‌ മതിയാവോളം പറഞ്ഞിരുന്നു. നിലാവില്‍ നിഴലുകള്‍ ചാഞ്ഞോ ചരിഞ്ഞോ എന്ന്‌ ആ കു്‌ന്നിന്‍ പുറത്തു നിന്നുള്ള മടക്കയാത്രയില്‍ പല വട്ടം തിരിഞ്ഞു നോക്കിയത്‌ പരസ്‌പരം അറിയിക്കാതെയായിരുന്നു. പക്ഷെ ഓരോ തിരിഞ്ഞു നോട്ടവും പരസ്‌പരം അറിയുന്നുമുണ്ടായിരുന്നു, അല്ലെങ്കില്‍ നിലാവറിയിച്ചു കൊണ്ടിരുന്നു. നിലാവിന്‌ സുഖമുള്ള ചൂടുണ്ടായത്‌ വാക്കിലും നോക്കിലും തീഷ്‌ണതയുള്ള അവന്റെ വരവുണ്ടാകുമ്പോള്‍ മാത്രം. അല്ലാത്തപ്പോള്‍ നിലാവ്‌ തിരകളില്ലാതെ ഇടക്കിടെ കരയിലേക്കിഴഞ്ഞെത്തുന്ന കടല്‍ പോലെ. വാക്കുകള്‍ ഇപ്പോള്‍ നോട്ടങ്ങള്‍ മാത്രമാണ്‌, നിലാവ്‌ കണ്ണിലും. വീണ്ടും നിലാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പറയാനുള്ളതെല്ലാം ബാക്കി വച്ചിരിക്കുന്നതിന്റെ വേദനയാണ്‌. ഇല്ല വാക്കുകള്‍ തിരിച്ചു വരിക തന്നെ ചെയ്യും, നിലാവില്‍ നിഴല്‍ കാണാന്‍ ഇനിയും കൈകള്‍ കോര്‍ത്തു പിടിച്ച്‌ ആ കുന്നുകള്‍ കയറണം, എന്നിട്ട്‌ പരസ്‌പരം പറയാതെ പിന്നിലേക്ക്‌ കള്ള നോട്ടം നോക്കണം, നിലാവില്‍ നിഴല്‍ കാണാന്‍. നിലാവിനെക്കുറിച്ച്‌ ഒരു സ്വകാര്യം പാല്‍വെളിച്ചത്തില്‍ കാച്ചിക്കുറിക്കിയെടുത്തു തന്നത്‌ പ്രീയപ്പെട്ട ജയനാണ്‌. ഒരു പക്ഷെ കുന്നിറങ്ങുമ്പോള്‍ ഞങ്ങളറിയാതെ നിഴല്‍ കാണാന്‍ തിരിഞ്ഞു നോക്കിയ അവനോടു നിലാവും പറഞ്ഞ സ്വകാര്യമായിരിക്കുമത്‌. ഇപ്പോള്‍ നിലാവിന്റെ നോട്ടം അവനെയാണല്ലോ ഏല്‍പിച്ചിരിക്കുന്നത്‌. അതു കൊണ്ടു തന്നെ ഞങ്ങള്‍ക്കുള്ളതു കൂടി അവനോടാണെന്നാണ്‌ പാതിയടച്ച ജാലകവിടവില്‍ കണ്ടപ്പോഴും നിലാവ്‌ മന്ത്രിച്ചത്‌. പിന്നെയുമെന്തോ പറയാന്‍ തുടങ്ങിയപ്പോഴാവണം ചീവീടുകള്‍ ജൈവ സിംഫണി തുടങ്ങിയത്‌.


1 comment:

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌