Wednesday, September 17, 2008

ചില സ്വപ്‌ന വിചാരങ്ങള്‍


എന്നും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു കൂട്ടുകാര്‍. അതും ചുമ്മാ ഉറക്കത്തിനിടയ്‌ക്കു ആരും ക്ഷണിയ്‌ക്കാതെ വലിഞ്ഞു കയറി വരുന്ന സ്വപ്‌നങ്ങളായിരുന്നില്ല. മലയാളത്തില്‍ മേനോനെപ്പോലെയോ തമിഴില്‍ കമലഹാസനെപ്പോലെയോ തന്റെ സ്വപ്‌നങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ സാറ ആരുടെയും അനുവാദത്തിനു കാത്തു നില്‍ക്കാതെ ഒറ്റയ്‌ക്കങ്ങു നിര്‍വഹിച്ചു. സാറയുടെ വിളി കേള്‍ക്കാതെ ഒരിക്കല്‍ പോലും ഒരു സ്വപ്‌നം പോലും അവളെ തേടി വന്നിരുന്നില്ല. എന്നിട്ടും അവളുടെ ദുഖത്തിനു പറഞ്ഞാല്‍ മനസിലാവാത്ത രണ്ടു കാരണങ്ങളുണ്ടായിരുന്നു. രണ്ടു പേര്‍ മാത്രം എത്ര വിളിച്ചിട്ടും ഒരിക്കല്‍ പോലും അവളുടെ സ്വപ്‌നത്തിലേക്കു കടന്നു വന്നില്ല, കടലിനെയും സ്വന്തം നിഴലിനെയും സ്വപ്‌്‌നത്തില്‍ കാണുകയെന്നത്‌ എത്ര ശ്രമിച്ചിട്ടും സാറയ്‌ക്കു കഴിഞ്ഞിരുന്നില്ല. കടലാസു പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന ഇട വഴികളില്‍ പല വട്ടം തിരിഞ്ഞു നോക്കിയിട്ടും ഒരേയൊരു തവണ മാത്രം അതും അവ്യക്തമായാണ്‌ സാറ തന്റെ നിഴലിനെ കണ്ടത്‌. എത്ര വട്ടം വിളിച്ചിട്ടും പലതും പറഞ്ഞ്‌ പ്രലോഭിപ്പിച്ചെങ്കിലും സാറയുടെ സ്വപ്‌നത്തിലേക്കു കൂട്ടു വരാന്‍ നിഴല്‍ കൂട്ടാക്കിയില്ല. കടലാവട്ടെ വേലിയിറക്കമെന്ന പോലെ അവളെ എന്നും കളിപ്പിച്ചിരുന്നു. പണ്ടു പള്ളിക്കൂടത്തില്‍ നിന്നും ടൂറു പോയപ്പോള്‍ കണ്ട ശംഖു മുഖത്തിന്റെ നേരിയൊരോര്‍മയുണ്ടായിട്ടും തിരകളും അവളെ തിരിഞ്ഞു നോക്കാന്‍ തയാറായില്ല. എത്ര തവണ പകല്‍ സമയങ്ങളില്‍ ഇവരെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നതാണ്‌. എന്നിട്ടും ഇവറ്റയൊന്നു തിരിഞ്ഞു നോക്കുന്നില്ലല്ലോ. ഇനിയെന്തു പറഞ്ഞിട്ടെന്താ വരുമ്പോള്‍ കാണാം അത്ര തന്നെ. സ്വ്‌പ്‌നങ്ങള്‍ കഴിഞ്ഞാല്‍ സാറ അല്‍പമെങ്കിലും അടുപ്പിക്കുന്നത്‌ ഹരിദ്വാറില്‍ നിന്നും മടങ്ങാന്‍ കൂട്ടാക്കാത്ത രമേശ്‌ പണിക്കരെയും ആയുസിന്റെ പുസ്‌തകത്തില്‍ കാപ്പിച്ചെടികള്‍ക്കിടയിലൂടെ നടക്കുന്ന യോഹന്നാനെയുമാണ്‌. അവരോടും പറഞ്ഞു കടലും നിഴലും പിണങ്ങി നടക്കുന്ന കഥ. പക്ഷെ മുകുന്ദനോടും ബാലകൃഷണനോടും ചോദിയ്‌ക്കാതെ അവളെ സഹായിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ്‌ ഇരുവരും തെന്നിമാറിക്കളഞ്ഞു. ചുമ്മാ പട്ടയും കഞ്ചാവു മടിച്ചിരിക്കുന്ന അവന്‍മാരോടു പറഞ്ഞ തന്നെ പറഞ്ഞാല്‍ മതിയല്ലോ എന്നോര്‍ത്തു കൊണ്ടവള്‍ സ്വയം ആശ്വസിച്ചു. ആയുസിന്റെ പുസ്‌തകം ഒരിക്കല്‍ കൂടി വായിച്ച്‌ യോഹന്നാനെ കാപ്പിച്ചെടികള്‍ക്കിടയില്‍ അലയാന്‍ വിട്ടിട്ടാണ്‌ അ്‌ന്നും സാറ ഉറങ്ങാന്‍ കിടന്നത്‌. മയക്കം ഉറക്കത്തിലേക്കു തെന്നി വീണ നേരം തന്നെ ഒരു തിരയിളക്കവും നിഴലനക്കവും അവളുടെയുള്ളില്‍ മിന്നി. കണ്ണു തുറന്നാല്‍ കടലും നിഴലും വീണ്ടും പിണങ്ങിയാലെ എന്നോര്‍ത്തവള്‍ കുറച്ചു നേരം ഇമകള്‍ ഇറുക്കിയച്ചു തന്നെ കിടന്നു. എങ്കിലും കാഴ്‌ചയില്‍ എല്ലാവര്‍ക്കുമുണ്ടാകാറുള്ള അത്യാഗ്രഹം ജന്‍മസിദ്ധമായി അവള്‍ക്കും ഉണ്ടായിരുന്നെന്നു തന്നെ വേണം കരുതാന്‍. കടലിനെയും നിഴലിനെയും ഒന്നു വെളിച്ചത്തില്‍ കാണണമെന്നു തോന്നിയതു കൊണ്ടാവണം അവളുടെ കൈകള്‍ അറിയാതെ മേശപ്പുറത്തെ ടേബിള്‍ ലാമ്പിലേക്കു നീണ്ടു. വെളിച്ചം വീണ നിമിഷം രണ്ടു വിരലുകള്‍ വീര്‍ത്ത കവിളില്‍ തട്ടി കൂട്ടു വെട്ടിയ ശബ്ദമാണു കേട്ടത്‌. കഷ്ടം അവര്‍ പിന്നെയും പിണങ്ങി.മനസു കലങ്ങിയ സാറ അന്നാദ്യമായി കഴുത്തില്‍ കിടന്ന കൊന്ത ഊരി കട്ടില്‍ തലയ്‌ക്കല്‍ വച്ചു. എന്നിട്ട്‌ കാപ്പിത്തോട്ടത്തില്‍ അലയാന്‍ പോയ യോഹന്നാനെ വിളിച്ചു കൊണ്ടു വന്നു. പിന്നെയൊരു കഥയ്‌ക്കും തിരക്കഥയ്‌ക്കും അധികം നേരം വേണ്ടി വ്‌ന്നില്ല, സംഭാഷണം ചില ശബ്ദങ്ങളില്‍ മാത്രം ഒതുങ്ങിയതു കൊണ്ട്‌ എഴുതി വയ്‌ക്കേണ്ടി വന്നില്ല. സംവിധാനം മാത്രം അന്നാദ്യമായി സാറ മറ്റൊരാളുമായി പങ്കു വച്ചു.

No comments: