Thursday, August 28, 2008

അനന്തരം അവന്‍ പുഞ്ചിരിച്ചു


ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും മരക്കുരിശില്‍ തോളിലേറ്റിയ യേശുവിന്റെ മുഖം ആദ്യം പതിഞ്ഞത്‌ ഭക്തയായ വേറോണിക്കയുടെ തൂവാലയിലായിരുന്നു. വേദനയുടെ ആഴങ്ങളിലും തനിയ്‌ക്കു വേണ്ടി വിലപിക്കുന്ന ജറുസലേം പുത്രിമാരെ ആശ്വസിപ്പിച്ചു കൊണ്ട്‌ ഗാഗുല്‍ത്താ മലയിലേക്കു നീങ്ങിയ മനുഷ്യപുത്രന്റെ നിണമണിഞ്ഞ മുഖം അവള്‍ സ്വന്തം തുവാലയില്‍ ഒപ്പിയെടുത്തു. പിന്നീട്‌ ജീവിത യാഥാര്‍ഥ്യങ്ങളുടെ നൊമ്പരം പേറുന്ന ഓരോ മനുഷ്യന്റെയും മനസില്‍ മായാതെ പതിഞ്ഞ ചിത്രമായി അത്‌. മനുഷ്യന്റെ ദൈന്യത ഏറ്റു വാങ്ങുന്ന, അവന്‌ സാന്ത്വനം പകരുന്ന ഒരു മുഖമായിരുന്നു അത്‌. എന്നാല്‍ ചിരിക്കുന്നക്രിസ്‌തു തീര്‍ത്തും നമുക്ക്‌ അപരിചിതമാണെന്നു തന്നെ പറയാം. എത്രയോ കാലങ്ങളില്‍ എത്രയോ നാടുകളില്‍ ക്രിസ്‌തുവിന്റെ മുഖം വരകളിലും വര്‍ണങ്ങളിലും പകര്‍ന്നിരിക്കുന്നു. അവിടെയൊന്നും ആ മുഖത്ത്‌ ഒരു പുഞ്ചിരി കണ്ടെത്താനായില്ലെന്നു തന്നെ കരുതാം. സ്‌നേഹത്തെക്കുറിച്ച്‌ ഇത്രയേറെ തീവ്രമായി സംസാരിക്കുകയും ഇത്രയേറെ അനുയായികളെ നേടുകയും ചെയ്‌ത ക്രിസ്‌തു ഏറെ സന്തോഷവാനായിരുന്നു എന്നു തന്നെയാണ്‌ റാസി റൊസാരിയോ എന്ന ചിത്രകാരന്റെ ഭാഷ്യം. അതു കൊണ്ടു തന്നെയാണ്‌ റാസിയുടെ മനസില്‍ പതിഞ്ഞ പുഞ്ചിരിക്കുന്ന ക്രിസ്‌തു വരകളിലേക്കു പടര്‍ന്നത്‌. മനസില്‍ പതിഞ്ഞ ഈ ദൃ ശ്യം വാക്കുകളേക്കാളധികം വരകളിലേക്കു പടര്‍ത്താനും ചിത്രകാരനെ പ്രേരിപ്പിച്ചതും ഈ തിരിച്ചറിവുകള്‍ തന്നെയാവണം. എങ്കിലും ചുരുങ്ങിയ വാക്കുകളില്‍ റാസി ചിത്രത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്‌. `ചിരിക്കുന്ന യേശുവിന്റെ ചിത്രത്തിലേക്കു നോക്കുന്ന ഒരാള്‍ക്ക്‌ ആ സന്തോഷവും സമാധാനവും പകര്‍ന്നു ലഭിക്കണമെന്ന്‌ ഞാനാഗ്രഹിക്കുന്നു, പശ്ചാത്തലത്തിലെ പച്ചനിറം ആ കാഴ്‌്‌ചകളെ തണുപ്പിക്കുക തന്നെ ചെയ്യും.`ഒടുവില്‍ ചിത്രകാരന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ` ദുഖവും ദുരിതവും പേറുന്നവര്‍ക്ക്‌ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ എന്നു ചൊദിച്ചു കൊണ്ട്‌ തന്നെ നോക്കി ചിരിക്കുന്ന ക്രിസ്‌തു വലിയ ഒരാശ്വാസമായിരിക്കും.`ലാഫിംഗ്‌ ക്രൈസ്റ്റ്‌ എന്നു പേരിട്ടിരിക്കുന്ന റാസിയുടെ ചിത്രപ്രര്‍ശനം നാളെ പാലാരിവട്ടം ലെ മാര്‍സില്‍ ആരംഭികും. ചിത്ര വില്‍പനയ്‌ക്ക്‌ ഒരു സ്ഥിരം വേദിയാണ്‌ ഇവിടെ തുറക്കുന്നത്‌. 120 വ്യത്യസ്‌ത ചിത്രങ്ങളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇറ്റാലിയന്‍ ഫ്രെയിമുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങള്‍ 50 മുതല്‍ 5000 വരയെുള്ള നിരക്കുകളില്‍ ലഭ്യമാണ്‌. ആര്‍ട്ട്‌ ഗാലറികളുടെ അതിര്‍ത്തികളും കടന്ന്‌ ചിത്രങ്ങള്‍ സാധാരണക്കാരിലേക്കെത്തണമെന്ന്‌ ആഗ്രഹിക്കുന്ന റാസി ചിത്രങ്ങളുടെ പ്രത്യേക വര്‍ഗീകരണങ്ങളെയും മറികടക്കാന്‍ ആഗ്രഹിക്കുന്നു.ചിത്രകല ജനകീയമാക്കാനും ചിത്രങ്ങള്‍ ചെറിയ വിലയ്‌ക്കു ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ്‌ റാസി. അതു കൊണ്ടു തന്നെയാണ്‌ തന്റെ ചിത്രങ്ങള്‍ ജനകീയമായ സ്ഥലങ്ങളിലേക്ക്‌ കടന്നു ചെല്ലണമെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നത്‌. ഷോപ്പിംഗ്‌ മാളുകളിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ചിത്രങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ആശയവും ഏറെ വ്യത്യസ്‌തത പുലര്‍ത്തുന്നു. ആസ്വാദകരെ ആര്‍ട്ട്‌ ഗാലറികളിലേക്കു ക്ഷണിക്കാതെ അവര്‍ സ്ഥിരമായി എത്തുന്ന ഇടങ്ങളിലേക്ക്‌ ചിത്രങ്ങളെ എത്തിക്കണം എന്ന ആശയമാണിതിന്റെ പിന്നില്‍.


No comments: