Friday, June 24, 2016

പനിക്കുള്ള കത്തുകള്‍


എഴുതി
വച്ചിട്ടുണ്ടെരെണ്ണം
പറയാനിരുന്നതും
പറയാതെ മറന്നതും
കുനുകുനയെഴുതി
കുത്തിനിറച്ചത്.
പിന്നെ നാലായി മടക്കി
നനുത്ത കടലാസില്‍
ചോന്ന മഷിയാല്‍
നടുവേ വരഞ്ഞൊരെണ്ണം.
അവിടെയുമിവിടെയും
എല്ലാവര്‍ക്കും
സുഖമുള്ളതൊരെണ്ണം
ഓര്‍മ്മക്കിടക്കയില്‍
ഉച്ചമയക്കത്തിലുണ്ട്.
പാതിയില്‍ നിര്‍ത്തി
പറയാന്‍ മറന്നു
തൊണ്ടയിലുടക്കി
ചുക്കിച്ചുളിഞ്ഞൊരെണ്ണം
തലയിണച്ചോട്ടിലുണ്ട്.
മുന്നറിയിപ്പില്ലാതെ
മരിച്ചറിയിപ്പായി വന്നത്
പെട്ടിയിലടച്ചു വച്ചിട്ടുണ്ട്.
മറന്നേക്കാന്‍ പറഞ്ഞ്
ഒറ്റവാക്കിലൊതുക്കിയത്
മുള്ളില്‍ കോര്‍ത്തു വച്ചിട്ടുണ്ട്.
സ്‌നേഹത്തോടെ
സ്വന്തമെന്നു പറഞ്ഞ്
ഒപ്പിട്ടു നിര്‍ത്തിയൊരെണ്ണം
ഉടുപ്പിന്റെ പോക്കറ്റിലുണ്ട്.
ചോദിച്ചു ചോദിച്ചു
വഴി തെറ്റാതെ
പെരുമഴ നഞ്ഞു വന്ന്
ഈറനുണങ്ങാതെ
ഓര്‍മ്മക്കോലായുടെ
ഉമ്മറത്തിരിപ്പുണ്ട്
പൊട്ടിച്ചു വായിച്ചാല്‍
മുത്തുപൊഴിയുമൊരു
ഉമ്മക്കത്ത്.
ജനലരുകിലേക്കു
ചാഞ്ഞു തൊട്ടുരുമ്മിയ
പൂപ്പരുത്തിച്ചില്ല മഴ
കുടഞ്ഞെറിയുമ്പോള്‍
നീയെന്റെ
കമ്പിളിപ്പുതപ്പില്‍
പനിക്കുള്ള കത്തുകള്‍
തുന്നുകയായിരിക്കും.
ഒരേ സൂചികൊണ്ട്
പല നൂലുകളില്‍
ഇലകള്‍ മഞ്ഞ,
പൂക്കള്‍ പച്ച.
മുറിവുകളുടെ
താഴ്‌വര,
പൂമ്പാറ്റകളുടെ
ഖബര്‍.


Monday, June 13, 2016

മങ്ങിയൊരന്തി വെളിച്ചത്തില്‍


മരിച്ചടക്കു 
കഴിഞ്ഞ് മഴപെയ്യുന്ന
രാത്രിയില്‍ നിനക്ക്
കുന്തിരിക്കത്തിന്റെ
മണമായിരിക്കും
വിരല്‍മുട്ടുകളില്‍
ഉരുകി വീണ മെഴുക്
വേവിന്റെ വേദന
മറന്നു പോയിരിക്കും
മുടിയിഴകളില്‍ 
ചന്ദനത്തിരി
മണക്കുമായിരിക്കും
നിന്റെ കഴുത്തിനു ചുറ്റും 
കുടുക്കു വീണ പോലെ
കിടക്കും കരച്ചിലിനെ
അഴിച്ചെടുത്താല്‍
എന്റെ വിരലുകള്‍ 
വിറച്ചു പോകുമായിരിക്കും.

മരിച്ച വീടുകളിലെ 
പാട്ടുകാരി, 
നിനക്കിഷ്ടമല്ലാതിരുന്ന
പൂ റീത്തുകളിലെ
വാടാമല്ലിയും ജമന്തിയും
മഴ പെയ്യുമ്പോള്‍ 
വയലുകളിലേക്കെന്ന പോലെ
വിത്തുകളെറിയും
വെയില്‍ നിന്റെ കുഴിമാടത്തില്‍
കണ്ണുനീരുണക്കും
മഞ്ഞില്‍ മറയിലകള്‍
ഉറഞ്ഞുറഞ്ഞു പോകും
നിന്റെ നെറ്റിയില്‍
എന്റെയന്ത്യ ചുംബനത്തെ
ചിതലുകള്‍ പലതായി പിളര്‍ക്കും
നിന്റെ വെളുത്ത സാരിയില്‍
മണ്ണു കൊണ്ടവര്‍
മറവിയെന്നെഴുതിച്ചേര്‍ക്കും.

കാണാതെ പഠിച്ച 
വിലാപഗീതങ്ങളില്‍
നീയെത്ര കണ്ണീരൊഴുക്കി.
കയ്പു കുടിച്ച് 
ചിരിക്കോണിലെത്ര
കരച്ചിലിലുപ്പു വാറ്റി.
എന്നിട്ടും ആര്‍ദ്രമായി 
പാടിയതിലൊന്നു പോലും 
കണ്ണീരില്‍ നനയാതെ
വഴിപാട് വിലാപങ്ങളില്‍
മരവിച്ചു പോയല്ലോ.

നിന്റെ നെഞ്ചില്‍
തിരികെട്ടു നില്‍ക്കും
തേങ്ങലുകളെ നനച്ചിട്ടു
വെക്കുവാന്‍ ഇനിയെത്ര 
ഉമ്മകള്‍ പെയ്യണം
നീ പോകും ദിവസം
മരിച്ചടക്കു കഴിഞ്ഞ്
മഴപെയ്യുന്ന വീടിന്റെ
മുറ്റത്തിരുക്കുന്നു ഞാന്‍.
വെയില്‍ക്കീറു പോലെ
വെളുത്ത സാരി
തലയിലേക്കിട്ടു പാടുന്ന
നിന്നെ നോക്കി
നനഞ്ഞ ഈയല്‍ച്ചിറക്
ചൂടിയവളെന്നു
വിളിച്ചതോര്‍ക്കും.

നാളെ മഴ 
തോരുമായിരിക്കും
നീ നനച്ച
ചെമ്പരത്തി മൗനം
മുറിഞ്ഞ് പൂക്കും
നിന്റെയാടുകള്‍ക്ക്
പുല്ലരിഞ്ഞു കൊടുക്കണം
സന്ധ്യക്കു നിനക്കൊരു
മെഴുതിരി കൊളുത്തണം
പതിവായി നീ വരാറുള്ള 
വഴികളിലേക്കു വെറുതെ 
ടോര്‍ച്ചടിച്ചു നോക്കണം
അത്താഴം കഴിഞ്ഞ് 
ആകാശവാണി കേട്ട്
നിലാവ് കണ്ടു നമ്മളിരുന്ന
ഒറ്റയുമ്മറപ്പടിയില്‍
ഉറക്കം തൂങ്ങണം.


Wednesday, June 8, 2016

ഓ... ലോര്‍ക, എന്റെ പ്രീയനേ


രഥവേഗങ്ങളുടെ കൂട്ടുകാരാ
നിന്റെ സ്വേദ ഗന്ധം പിടിച്ചു
ഞാനിന്നു ഗ്രാനഡായിലെ
വിമാനത്താവളത്തിലേക്കൊരു
പച്ചപ്പുല്‍ച്ചാടിയായി
ചിറകില്ലാതെ തെന്നി വീഴും.
നിന്നെക്കുറിച്ചുള്ള
ഓര്‍മകള്‍ക്കു മീതെ
ഒരു കപ്പൂച്ചിനോയുടെ
കൊടുങ്കാറ്റുകള്‍ ഊതിപ്പറപ്പിക്കും
പഌസാ ഡി സാന്റാനയിലെ
പ്രതിമയില്‍ നിന്നുയിര്‍ക്കൊണ്ടു
നിരത്തിലേക്കു നീയിറങ്ങി വരും.
ഒരു തുള്ളി മുതലെയെന്ന്
പല്ലിക്കു വിളിപ്പേരെഴുതിയ
വിരലുകളില്‍ ഞാന്‍
കൊതിച്ചു ചുംബിക്കും.
പുലരുന്നതിനു മുന്‍പേ നമ്മള്‍
കരിംപച്ച രാത്രികളിലേക്കു
തുളച്ചു കയറിയ
നാട്ടുപാട്ടിന്റെ കൂടെപ്പോകും
അന്ധന്റെ വിരല്‍ തൊട്ട
ശരമെന്നു പുലരും വരേക്കും
നനഞ്ഞു പാടും.
നിഴലിനെ മുറിച്ചീ
പഴങ്ങളില്ലാത്ത
ദുരിതകാലങ്ങളില്‍ നിന്നു
മോചനം തരണേയെന്ന്
ഒറ്റക്കായ ഓറഞ്ചു മരം
മരംവെട്ടുകാരനോടു
കേഴുന്ന കവിത കേള്‍ക്കും
അപ്പൂപ്പന്‍താടികള്‍ ഇലകളും
ഉറുമ്പുകള്‍ തത്തകളുമാകുന്ന
കിനാക്കള്‍ കാണും
പ്രക്കോഷ്യയെന്ന
ജിപ്‌സിയുടെ പാവാട പൊക്കി
നിന്റെ പുരാതന വിരലുകള്‍
ഗര്‍ഭഗേഹത്തിനരികെ
നീല റോസാപ്പൂവ്
വിരിയിക്കുന്നതു കാണും
വിശുദ്ധ ക്രിസ്റ്റഫര്‍
വിയര്‍ത്തു നമ്മെ നോക്കും.
ഉപ്പുവെള്ളത്തിലിട്ട
റോസാദളള്‍ക്കൊപ്പം
നഗ്നരാത്രികളില്‍ ലോലിതയുടെ
നീരാട്ടു കണ്ടു നില്‍ക്കും.
പിന്നെ, എനിക്കു മാത്രം
കാണാവുന്ന വിധത്തില്‍
നിന്റെ കുപ്പായക്കുടുക്കുകള്‍
തുറന്നു കാണിക്കും
ദാലിയെന്ന
തൂവല്‍ സ്പര്‍ശത്തെ,
നിന്നഗാധ പ്രണയത്തെ.
മരണകാരണമാകാത്ത
രണ്ടു വെടിയുണ്ടകള്‍
വരച്ച വേദനകള്‍ കാണും.
ദാലിക്കു നീയെഴുതിയ
സങ്കീര്‍ത്തനങ്ങളില്‍
ഉയരങ്ങളിലൊരു
പനിനീര്‍ത്തോട്ടവും
അടച്ചു പൂട്ടിയ
ഗന്ധശാലയും കാണും
നിലാവട്ടം കൈയിലേന്തിയ
പ്രുഡന്‍സിലെ കറുത്ത
ശില്‍പത്തെ നോക്കി
കരഞ്ഞു കണ്ണീരു തോരും
ഓര്‍മകളുടെ ഘടികാരങ്ങളില്‍
നീല ഞരമ്പുകളില്‍
വലിഞ്ഞു വലിഞ്ഞ്
സെക്കന്റ് സൂചികള്‍ തേങ്ങും
ഒടുവില്‍ നീയൊരു ഗിറ്റാറിനാല്‍
ഹൃദയത്തിനഞ്ചു വാളുകൊണ്ട്
കൊടിയ മുറിവുകളേറ്റു
പോയെന്നു വിലപിക്കും
ഒരേ ചുരുട്ടിലാഞ്ഞു വലിച്ചു
നമ്മള്‍ മാറിമാറി പുക തുപ്പും
ഓരോ കവിള്‍ പറങ്കി വാറ്റില്‍
എരിഞ്ഞു നെഞ്ച് നീറ്റും
ചീവിടുകളുടെ ഗ്രാമത്തിലേക്കു
ചേക്കേറുവാനായി
കൈവീശി വിടപറയവേ
ഒഴിഞ്ഞ വയലുകള്‍ക്കും
ഇടിഞ്ഞ മലനിരകള്‍ക്കും
മണല്‍ക്കാറ്റു മൂടിയ
വഴിച്ചാലുകള്‍ക്കുമപ്പുറം
പ്രീയനേ, എന്റെ ലോര്‍ക
പോപഌര്‍ മരങ്ങള്‍ക്കിടയിലൂടെ
നിഴലുപോലെ നിന്റെ
കുയില്‍പ്പാട്ട് മാത്രം പിന്നില്‍.
-------------------------------------------------------------------------------------------------
* നിനക്കും നിന്റെ ഒരുതുള്ളി മുതലയ്ക്കും (one drop of crocodile)
--------------------------------------------------------------------------------------------------
* ആധാരം.. ലോര്‍ക്കയുടെ  * The Old Lizard, * Ode To Salvador Dali, * The Song Of The Barren Orange Tree, * The Guitar-La Guitarra എന്നീ കവിതകള്‍. * When Federico García Lorca was executed by Spanish Fascists in 1936, one of the men on the death squad reportedly said that he had 'fired two bullets into his ass for being a queer.' Little is mentioned about Lorca's sexuality beyond his romanticized love for Salvador Dalí. (Apparently, Lorca was 'obsessed' with him; Dalí didn't like to be touched.)





Friday, June 3, 2016

ആ കറുത്ത കരിമണ്ണുപാടം



ഒന്നിനുമല്ല,
മരിക്കുന്നതിനു മുന്‍പ്
ഒരെണ്ണം കൈപ്പറ്റി
ചില്ലിട്ടു വെക്കാന്‍
വേണ്ടി മാത്രം.
സാര്‍, ഒരു ജനന
സര്‍ട്ടിഫിക്കറ്റ് വേണം.

ഇനിയും മരിച്ചില്ലേ
എന്ന ചോദ്യം പോലെ
മേശകള്‍ക്കു പിന്നില്‍
മൂന്നു തലകള്‍
ഒരുമിച്ചുയര്‍ന്ന്
ഇതെന്തെന്ന മട്ടില്‍
തുറിച്ചു നോക്കുന്നു

ചോദ്യത്തില്‍ ഒന്നാമന്‍
തുടങ്ങുന്നു, പേരെന്താ
വളരെ പതുക്കെ
ബര്‍ണാഡ് ഷായെന്നു
കേള്‍ക്കുന്നു.
ങേ, എന്ന മട്ടില്‍ രണ്ടാമന്‍
അപ്പന്റെ പേരെന്താ
എബ്രഹാം ലിങ്കണെന്നു
ഇച്ചിരെ കൂടെ ഒച്ചയില്‍
ഇതെന്താണെന്ന മട്ടില്‍ മൂന്നാമന്‍
അപ്പാപ്പന്റെ പേരെന്താ
രബീന്ദ്ര നാഥെന്നു
പിന്നെയുമുച്ചത്തില്‍.
പിന്നെ ഉയരുമൊച്ചകളില്‍
അലിയും, അക്ബറും ഔസേപ്പും
അലക്‌സാണ്ടറും നെപ്പോളിയനും
അശോകനും ബുദ്ധനും
കടന്നു പോകുന്നു.

അവരാകെയുലഞ്ഞ്
കസേരകളില്‍
താനേ കുടഞ്ഞിരിക്കുന്നു
ആ അപ്പാപ്പന്റെ അപ്പന്‍
ആ അപ്പന്റെ അപ്പാപ്പന്‍
അങ്ങനെ ചോദിച്ചു ചോദിച്ച്
പേരില്ലാതാകുന്ന ഒരിടം വരെ
കൊണ്ടു ചെന്നെത്തിച്ച്
വംശാവലികളിലെത്ര തിരഞ്ഞിട്ടും
ഒരു കണ്ടനെയോ കോരനെയോ
ചാമനെയോ ചോതിയേയോ
കാണാനില്ലെന്നു കണ്ട്
തളര്‍ന്നു പിന്നെയും
കസേരകളിലേക്കമരുന്നു

അടിമുടി നോക്കുന്നു
പഠിപ്പിന്റെ അളവെടുക്കുന്നു
അതെന്തിനിത്രയുമെന്ന്
ആശങ്കപ്പെടുന്നു
തൊലിനിറം കറുപ്പു
തന്നെയല്ലേയെന്നു
കണ്ണുകളാഴ്ത്തി നോക്കുന്നു
കാലിലെ ചെരുപ്പില്‍ നോക്കുന്നു
കാല്‍ശറായി നോക്കുന്നു
കുപ്പായം നോക്കുന്നു
മുള്ളു കൊണ്ടെന്നു പോലെ
കണ്ണില്‍ കണ്ണില്‍ നോക്കുന്നു

ഒന്നാമന്‍ എഴുതുന്നു
രണ്ടാമന്‍ നോക്കുന്നു
മൂന്നാമന്‍ ശെരിവെക്കുന്നു
വെച്ചു നീട്ടുന്നു
കറുപ്പില്‍ വെളുപ്പോ
വെളിപ്പില്‍ കറുപ്പോ
എന്നു തിരിച്ചറിയാത്ത വിധം
ഇതില്‍ ജനിച്ചു ഇതില്‍
മരിച്ചാല്‍ മതിയെന്നൊരെണ്ണം
ഒരുജാതി സര്‍ട്ടിഫിക്കറ്റ്.

ഇതൊക്കെയിപ്പോഴും
ഇങ്ങനെയെന്നു കരുതി
തിരികെയിറങ്ങുമ്പോള്‍
ആ മൂന്നുപേരുടെയും
അമ്മയൊന്നായിരിക്കും
എന്നു വെറുതെയോര്‍ക്കുന്നു
അവര്‍ കുടിച്ച
മുലപ്പാലോര്‍ക്കുന്നു
അതിനെന്തു
കയ്പായിരിക്കുമെന്നോര്‍ക്കുന്നു
നാവിന്‍ തുമ്പിലെ
കട്ടക്കയ്പിനെ നന്നാറിയിട്ട
നാരങ്ങാ സര്‍ബത്തിലിട്ടു വെക്കുന്നു.

അപ്പോള്‍ കറുത്ത നട്ടുച്ച
പിന്നെയും വെയില്‍ പെയ്യിക്കുന്നു
ഇതെന്തു ലോകമെന്നോര്‍ത്തു
കറുത്ത കരിമ്പിന്‍ പാടം
മുറിച്ചു കടക്കവേ
കുടിച്ച മുലപ്പാലിന്റെ
മധുരം മണക്കുന്നു
കേട്ടു മറന്നൊരു താരാട്ട്
കാരിരുമ്പിലകളില്‍
താളം പിടിക്കുന്നു
പണ്ടെങ്ങോ കാല്‍ നനച്ച
ചേറിന്റെ ചൂര് കാറ്റ്
മൂക്കിന്‍ തുമ്പിലെത്തിക്കുന്നു
അപ്പന്റെ വിയര്‍പ്പുപ്പ്
നാവിലിറ്റിക്കുന്നു
അപ്പാപ്പന്റെ മുറുക്കാന്‍
വരമ്പത്തു പൂക്കളം വരയ്ക്കുന്നു

ആ കറുത്ത കരിമണ്ണുപാടം
വെയില്‍ വിരിച്ച് കാറ്റിനൊപ്പം
ആര്‍ത്തു പാടുന്നു
നീ പിറന്നതല്ലേ,
പിറന്നാളുണ്ടതല്ലേ
പിന്നെന്തിനാണാ
പുല്ലു വിലയില്ലാത്ത
കടലാസു ചീട്ടെന്ന്.



Thursday, June 2, 2016

മാനത്തു കണ്ണി



ആകാശമേ കേള്‍ക്കയെന്നു നീ
ഭൂമിയേ ചെവി തരില്ലെന്നു ഞാന്‍
--------------------------------------------------------
നീ പിണങ്ങി പിണങ്ങി
കറുപ്പിച്ച ഒരു രാത്രിയില്‍
കയറേണി പോലൊരു
കിനാവിന്റ കൈപിടിച്ചു
ഞാനാകാശത്തിലേക്കു
കയറിച്ചെല്ലും
നിന്റെ ജനാലക്കു നേരെ
ഒരമ്പിളിമാമനെ ചിരിയില്‍
മുക്കി വരയ്ക്കും
ആലിപ്പഴങ്ങള്‍ കിലുങ്ങും
മരം കുലക്കി
നിന്റെ മുറ്റം നിറയ്ക്കും
നക്ഷത്രക്കുട്ടന്‍മാരെ
മിന്നിമിന്നിച്ച് നിന്റെ
ഉറക്കം കെടുത്തും
ഇടിമിന്നലുകള്‍
ഇറുകെപ്പുണരുന്ന കണ്ട്
നിനക്കിക്കിളിയാകും
ഇടിമുഴക്കി നിന്റെ
പറമ്പതിരുകളില്‍
കുട വിടരുന്ന പോലെ
കൂണുകള്‍ കിളുപ്പിക്കും
കൈയെത്തും ദൂരെ
നീലം മുക്കി
നീ അലക്കി വിരിച്ച
ആകാശത്തുണ്ടുകളില്‍
മഴ കുലുക്കിയൊഴിക്കും
മഴവില്ലു പൊട്ടിച്ച്
നിന്റെ കൈത്തണ്ടപ്പാകത്തില്‍
കുപ്പിവളകള്‍ പണിയും
മഴ, മഞ്ഞ്, നിലാവ്,
വെയില്‍ പാത്രങ്ങളെല്ലാം
നിന്റെ പുരപ്പുറത്തേക്കു
ചെരിച്ചു പിടിക്കും
വേലിക്കപ്പുറം തോട്ടില്‍
മാനത്തുകണ്ണികള്‍
കലപില കൂട്ടും
പരല്‍മീന്‍ നീന്തും
പാതിരാപ്പാടത്ത്
മിന്നാമിനുങ്ങുകളുടെ
നിലാക്കൂട്ടം വെയില്‍ വിരിക്കും
കുറ്റിയും കൊളുത്തും വിട്ടു
നിന്റെ ജനല്‍വാതിലുകള്‍
കെട്ടുപൊട്ടിച്ചു കാറ്റിനൊപ്പം
പോകുമെന്നൊരു നേരം
പുതപ്പു കുടഞ്ഞെറിഞ്ഞ്
ആകാശമേ കേള്‍ക്കയെന്ന്
നീയാര്‍ത്തു വിളിക്കും
ഭൂമിയേ ചെവി തരില്ലെന്ന്
ഞാന്‍ കണ്ണടച്ചു കാട്ടും.
പിന്നെയും പിന്നെയും
മേലോട്ടു മേലോട്ടു
കയറിപ്പോകുന്ന പോലെ
നിനക്കു തോന്നും
പിന്നെപ്പിന്നെ പിണക്കം
പെയ്തു തോരുമെന്ന നേരം
നീ കണ്ണു തിരുമ്മുമ്പോള്‍
കട്ടില്‍ തലക്കല്‍
എന്തൊരാകാശമെന്ന മട്ടില്‍
തലയും തുവര്‍ത്തി
ഞാന്‍ നില്‍ക്കും
നിന്റെ കാല്‍ച്ചുവട്ടില്‍
ചൂരല്‍ കുട്ടകള്‍ നിറയെ
ആലിപ്പഴങ്ങളിലിട്ടു വെച്ച
ഒരു നൂറുമ്മകളും.



Wednesday, May 25, 2016

മരണക്കിണര്‍




കുലുങ്ങുന്ന
ഒരു മരണക്കിണറിന്റെ
വക്കില്‍ അയാളുടെ
പിന്‍സീറ്റിലെന്ന പോലെ
നീയെന്നെ
മുറുകെപ്പിടിച്ചിരിക്കുന്നു
കണ്ണുകളടച്ചു
രഥവേഗങ്ങളുടെ
കൂടെപ്പോകുന്നു.
കുലുങ്ങുന്ന കൂടാരത്തില്‍
ട്രപ്പീസൂഞ്ഞാലിന്റെ
തുമ്പത്താണെന്റെ നെഞ്ചിടിപ്പ്
ആകാശ ഊഞ്ഞാലിനു
താഴെ മനസിലൊരു
വലവിരിക്കുന്നു
ഓരോ കത്തിയേറിനുമൊപ്പം
കരുതലവളുടെ കഴുത്തോളും
ചെന്നു തിരിച്ചു പോരുന്നു
വലിച്ചുകെട്ടിയ ഞാണില്‍
കണ്ണുകളവളുടെ കാലിനൊപ്പം
നടന്നു പോകുന്നു
കിതച്ച് കിതച്ചു തളര്‍ന്ന
കൂടാരത്തില്‍ നിന്നും
മടങ്ങാനൊരുങ്ങവേ
നിനക്കു ഞാന്‍ പറഞ്ഞു
തരുന്ന കഥകളില്‍
തീവളയത്തിനുള്ളിലെ കടുവ
ഗാലറി വിറപ്പിച്ച സിംഹഗര്‍ജനം
കുതിരകളുടെ നൃത്തം
കരടികളുടെ കാല്‍ശറായി
ആന കളിച്ച ഫുട്‌ബോള്‍
പെരുമ്പാമ്പുകളുടെ
ഘോഷയാത്ര
കരയുന്ന തത്തയും
ഞാനെന്ന കോമാളിയും

* പണ്ടത്തെ ജെമിനി സര്‍ക്കസിലെ ഓള്‍റൗണ്ടര്‍ ശോഭേച്ചിക്ക്‌



Friday, April 1, 2016

അനന്തരം അടുക്കളയില്‍


അടുക്കി വെക്കാത്ത
ചില പുസ്തകങ്ങള്‍
ചിതറിക്കിടപ്പുണ്ട്
ചിതലരിക്കാതെ
ഓര്‍മയിലെ
അടുക്കളയലമാരയില്‍

ഒരു സമാഹാരത്തിലുമില്ലാതെ
ഒറ്റയ്ക്ക് ഓരം ചേര്‍ന്നു
കത്തിയ അടുപ്പുകളില്‍
എരിഞ്ഞതും പുളിച്ചതുമായി
ചില കവിതകളുമുണ്ടോര്‍മയില്‍

അതില്‍ മാത്രമാണ്
പുഴയറുതികളില്‍
പണ്ടു പണ്ട് ഒരു കടലെന്ന്
ഉപ്പുകുറുകിയ ഉഷ്ണത്തില്‍
ഉണക്കമീനുകള്‍
ഗദ്ഗദപ്പെടുന്നത്.
മഴയറുതികളില്‍
ഉള്ളിയും മുളകും
ഉപമയാകുന്നതും
വരണ്ടറുതികളില്‍
ചക്കക്കുരുവും മാങ്ങയും
അലങ്കാരമാകുന്നതും
ആ കവിതകളിലാണ്

ഒരു വാഴക്കൂമ്പും
താള് തകര തഴുതാമയും
കടം കൊണ്ട മോരും
കാച്ചിലും കാന്താരിയും
കടുകു പൊട്ടിച്ചാഘോഷിക്കാതെ
പ്രകാശിപ്പിച്ചതും
അവിടെ മാത്രമാണ്

ഒന്നും തൊട്ടു
നാവില്‍ വെക്കാതെ
എത്ര തുള്ളി കണ്ണീരെന്ന
കണക്കില്‍
ഉപ്പറിയുന്ന ഒരമ്മയും
അടുക്കളയിലയില്‍
മാത്രം എഴുതി വെച്ചിട്ടുള്ള
കവിതയാണ്.