Thursday, June 2, 2016

മാനത്തു കണ്ണി



ആകാശമേ കേള്‍ക്കയെന്നു നീ
ഭൂമിയേ ചെവി തരില്ലെന്നു ഞാന്‍
--------------------------------------------------------
നീ പിണങ്ങി പിണങ്ങി
കറുപ്പിച്ച ഒരു രാത്രിയില്‍
കയറേണി പോലൊരു
കിനാവിന്റ കൈപിടിച്ചു
ഞാനാകാശത്തിലേക്കു
കയറിച്ചെല്ലും
നിന്റെ ജനാലക്കു നേരെ
ഒരമ്പിളിമാമനെ ചിരിയില്‍
മുക്കി വരയ്ക്കും
ആലിപ്പഴങ്ങള്‍ കിലുങ്ങും
മരം കുലക്കി
നിന്റെ മുറ്റം നിറയ്ക്കും
നക്ഷത്രക്കുട്ടന്‍മാരെ
മിന്നിമിന്നിച്ച് നിന്റെ
ഉറക്കം കെടുത്തും
ഇടിമിന്നലുകള്‍
ഇറുകെപ്പുണരുന്ന കണ്ട്
നിനക്കിക്കിളിയാകും
ഇടിമുഴക്കി നിന്റെ
പറമ്പതിരുകളില്‍
കുട വിടരുന്ന പോലെ
കൂണുകള്‍ കിളുപ്പിക്കും
കൈയെത്തും ദൂരെ
നീലം മുക്കി
നീ അലക്കി വിരിച്ച
ആകാശത്തുണ്ടുകളില്‍
മഴ കുലുക്കിയൊഴിക്കും
മഴവില്ലു പൊട്ടിച്ച്
നിന്റെ കൈത്തണ്ടപ്പാകത്തില്‍
കുപ്പിവളകള്‍ പണിയും
മഴ, മഞ്ഞ്, നിലാവ്,
വെയില്‍ പാത്രങ്ങളെല്ലാം
നിന്റെ പുരപ്പുറത്തേക്കു
ചെരിച്ചു പിടിക്കും
വേലിക്കപ്പുറം തോട്ടില്‍
മാനത്തുകണ്ണികള്‍
കലപില കൂട്ടും
പരല്‍മീന്‍ നീന്തും
പാതിരാപ്പാടത്ത്
മിന്നാമിനുങ്ങുകളുടെ
നിലാക്കൂട്ടം വെയില്‍ വിരിക്കും
കുറ്റിയും കൊളുത്തും വിട്ടു
നിന്റെ ജനല്‍വാതിലുകള്‍
കെട്ടുപൊട്ടിച്ചു കാറ്റിനൊപ്പം
പോകുമെന്നൊരു നേരം
പുതപ്പു കുടഞ്ഞെറിഞ്ഞ്
ആകാശമേ കേള്‍ക്കയെന്ന്
നീയാര്‍ത്തു വിളിക്കും
ഭൂമിയേ ചെവി തരില്ലെന്ന്
ഞാന്‍ കണ്ണടച്ചു കാട്ടും.
പിന്നെയും പിന്നെയും
മേലോട്ടു മേലോട്ടു
കയറിപ്പോകുന്ന പോലെ
നിനക്കു തോന്നും
പിന്നെപ്പിന്നെ പിണക്കം
പെയ്തു തോരുമെന്ന നേരം
നീ കണ്ണു തിരുമ്മുമ്പോള്‍
കട്ടില്‍ തലക്കല്‍
എന്തൊരാകാശമെന്ന മട്ടില്‍
തലയും തുവര്‍ത്തി
ഞാന്‍ നില്‍ക്കും
നിന്റെ കാല്‍ച്ചുവട്ടില്‍
ചൂരല്‍ കുട്ടകള്‍ നിറയെ
ആലിപ്പഴങ്ങളിലിട്ടു വെച്ച
ഒരു നൂറുമ്മകളും.



Wednesday, May 25, 2016

മരണക്കിണര്‍




കുലുങ്ങുന്ന
ഒരു മരണക്കിണറിന്റെ
വക്കില്‍ അയാളുടെ
പിന്‍സീറ്റിലെന്ന പോലെ
നീയെന്നെ
മുറുകെപ്പിടിച്ചിരിക്കുന്നു
കണ്ണുകളടച്ചു
രഥവേഗങ്ങളുടെ
കൂടെപ്പോകുന്നു.
കുലുങ്ങുന്ന കൂടാരത്തില്‍
ട്രപ്പീസൂഞ്ഞാലിന്റെ
തുമ്പത്താണെന്റെ നെഞ്ചിടിപ്പ്
ആകാശ ഊഞ്ഞാലിനു
താഴെ മനസിലൊരു
വലവിരിക്കുന്നു
ഓരോ കത്തിയേറിനുമൊപ്പം
കരുതലവളുടെ കഴുത്തോളും
ചെന്നു തിരിച്ചു പോരുന്നു
വലിച്ചുകെട്ടിയ ഞാണില്‍
കണ്ണുകളവളുടെ കാലിനൊപ്പം
നടന്നു പോകുന്നു
കിതച്ച് കിതച്ചു തളര്‍ന്ന
കൂടാരത്തില്‍ നിന്നും
മടങ്ങാനൊരുങ്ങവേ
നിനക്കു ഞാന്‍ പറഞ്ഞു
തരുന്ന കഥകളില്‍
തീവളയത്തിനുള്ളിലെ കടുവ
ഗാലറി വിറപ്പിച്ച സിംഹഗര്‍ജനം
കുതിരകളുടെ നൃത്തം
കരടികളുടെ കാല്‍ശറായി
ആന കളിച്ച ഫുട്‌ബോള്‍
പെരുമ്പാമ്പുകളുടെ
ഘോഷയാത്ര
കരയുന്ന തത്തയും
ഞാനെന്ന കോമാളിയും

* പണ്ടത്തെ ജെമിനി സര്‍ക്കസിലെ ഓള്‍റൗണ്ടര്‍ ശോഭേച്ചിക്ക്‌



Friday, April 1, 2016

അനന്തരം അടുക്കളയില്‍


അടുക്കി വെക്കാത്ത
ചില പുസ്തകങ്ങള്‍
ചിതറിക്കിടപ്പുണ്ട്
ചിതലരിക്കാതെ
ഓര്‍മയിലെ
അടുക്കളയലമാരയില്‍

ഒരു സമാഹാരത്തിലുമില്ലാതെ
ഒറ്റയ്ക്ക് ഓരം ചേര്‍ന്നു
കത്തിയ അടുപ്പുകളില്‍
എരിഞ്ഞതും പുളിച്ചതുമായി
ചില കവിതകളുമുണ്ടോര്‍മയില്‍

അതില്‍ മാത്രമാണ്
പുഴയറുതികളില്‍
പണ്ടു പണ്ട് ഒരു കടലെന്ന്
ഉപ്പുകുറുകിയ ഉഷ്ണത്തില്‍
ഉണക്കമീനുകള്‍
ഗദ്ഗദപ്പെടുന്നത്.
മഴയറുതികളില്‍
ഉള്ളിയും മുളകും
ഉപമയാകുന്നതും
വരണ്ടറുതികളില്‍
ചക്കക്കുരുവും മാങ്ങയും
അലങ്കാരമാകുന്നതും
ആ കവിതകളിലാണ്

ഒരു വാഴക്കൂമ്പും
താള് തകര തഴുതാമയും
കടം കൊണ്ട മോരും
കാച്ചിലും കാന്താരിയും
കടുകു പൊട്ടിച്ചാഘോഷിക്കാതെ
പ്രകാശിപ്പിച്ചതും
അവിടെ മാത്രമാണ്

ഒന്നും തൊട്ടു
നാവില്‍ വെക്കാതെ
എത്ര തുള്ളി കണ്ണീരെന്ന
കണക്കില്‍
ഉപ്പറിയുന്ന ഒരമ്മയും
അടുക്കളയിലയില്‍
മാത്രം എഴുതി വെച്ചിട്ടുള്ള
കവിതയാണ്.



Saturday, December 5, 2015

ജന്‍പഥ്



കിതപ്പുകള്‍ എന്തെന്ന്
അറിഞ്ഞിട്ടേയില്ലാത്ത
ഒരു പുതപ്പിനുള്ളില്‍
തണുത്തുറങ്ങുന്നു
മറ്റൊരു ഡല്‍ഹി

പാരതന്ത്ര്യത്തിലും
വിറച്ചിട്ടില്ല ചെങ്കോട്ട,
പാര്‍ലമെന്റിലുമുണ്ട്
താഴിട്ട വാതിലുകള്‍
സമരം കത്തിയ
തീ കാഞ്ഞ്
സമയം കളയുന്നു
ജന്ദര്‍മന്ദര്‍

ഇതിനും
അപ്പുറത്തെവിടെയോ
പണ്ടു പാതിരാവില്‍
പാരതന്ത്ര്യം പകല്‍വെളിച്ചം
മറന്ന സ്മരണയുണ്ട്
പ്രണയം പുതയ്ക്കും
കുടീരമുണ്ട്
അടക്കം പറയും
അന്തപ്പുരങ്ങളുണ്ട്
യുദ്ധം മറന്ന
കൊട്ടാരമുറ്റങ്ങളില്‍
കല്യാണ രാവിനു
കാവല്‍ നില്‍ക്കും
കുതിരയുണ്ട്

ഇവിടെയല്ലോ
പ്രാണന്‍
വെടിഞ്ഞൊരു യമുന
ശോകം കറുത്ത്
കരഞ്ഞൊഴുകുന്നു

മരിച്ചു പോകാനും
മതിയായിരിക്കുമ്പോഴാണ്
കുതിച്ചും കിതച്ചും
കരിമ്പുക തുപ്പിയ
പഴഞ്ചന്‍ വണ്ടികള്‍
കൂരകളായി മാറുന്നത്

ആറടിക്കു മീതെ
അടുങ്ങിക്കിടക്കുമ്പോള്‍
റൊട്ടി, ദാല്‍, സബ്ജി
എന്ന താളത്തില്‍
ഹൃദയമിടിക്കുന്നു
ഒരു പുക പലതായി
പകുത്ത ചുണ്ടുകളില്‍
ചുംബനങ്ങള്‍
മരിച്ചിരിക്കുന്നു

അഭയാര്‍ഥികളുടെ
സ്വപ്‌നങ്ങളിലെന്നും
മുറ്റത്തു നില്‍ക്കുന്ന
ചെമ്മരിയാടുകളാണ്

ഉണര്‍ന്നു
പോകാതിരിക്കാനാണ്
ഗുലാം അലിയോട്
പാടരുതെന്നു പറഞ്ഞത്

സത്രവാതിലുകള്‍ക്കപ്പുറം
മൗനം പുതച്ചിരിക്കുന്നു
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍.



Thursday, November 12, 2015






എന്ന
ഒറ്റക്ഷരം
മതിയെനിക്ക്.
ഒന്നു
നീട്ടി വിളിച്ചാല്‍
തുമ്പിയും നീട്ടി
കാടിറങ്ങി വരുന്ന
കൊമ്പനാകും.

എന്നു മാത്രം
മതിയെനിക്ക്
ഒത്തിരി നീട്ടാതെ
ഒന്നുമറിയില്ലെന്നു
നിന്നോടു പറയാന്‍

എന്നു കൂടി
വേണമെനിക്ക്
ഒന്നുമറിഞ്ഞില്ലെന്നു
നീ പറയുമ്പോള്‍
ആഴത്തില്‍
നിലവിളിക്കാന്‍

എന്നൊന്നില്ലെങ്കില്‍
ആരെന്ന ചോദ്യത്തിന്
അവസാനമെന്ന
ഉത്തരമെങ്ങനെയാകും.


Wednesday, October 21, 2015

ഗസല്‍, മുനയുള്ള ഒരു മൂര്‍ച്ഛയല്ല


പാടുക സാഹിബ് 
അകലങ്ങളിലേക്കെത്ര
പ്രകാശവര്‍ഷങ്ങളുണ്ടാകിലും.
വിലക്കുകള്‍ പൊത്തിയ
കാതുകളെങ്കിലും 
അലിയും ഞാനോര്‍മകളില്‍
ഇലമറക്കിപ്പുറം
മരം പെയ്യുന്ന നേരങ്ങൡ

വിലക്കിന്റെ വേലികെട്ടിയ
കൂടാരങ്ങള്‍ക്കു മീതെ
ഒരു തുണ്ടു മേഘം 
തോരാതെ പെയ്യുന്നു,
ഗുലാം അലി പാടുന്നു.
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍

ഇന്നലെകളില്‍ 
അതിരുകളില്ലാതിരിക്കെ
അലിഞ്ഞു പോയൊരീണങ്ങളില്‍
ഓര്‍ത്തു വെയ്ക്കുന്നു
മധുരിത ഗാനങ്ങളെല്ലാം

ഒരു ഗാനം പോലും
ഓര്‍മയില്‍ സൂക്ഷിക്കാനാവാത്ത
പകലുകള്‍ മരുഭൂമികള്‍ക്കു 
വഴിമാറുന്നു
മുള്‍ച്ചെടികള്‍ പോലും
പൂക്കാന്‍ മറക്കുന്നു
മണല്‍ക്കാറ്റ് കണ്ണു പൊത്തുന്നു

കനവുകളില്‍ കരിമഷിയെഴുതുന്നു
ഉടലുറഞ്ഞ രൂപങ്ങള്‍
ഉലയില്‍ വെന്ത കണ്ണുകള്‍ 
ഉടവാളേന്തിയ കൈകള്‍
കരിന്തേളുകള്‍ കരിങ്കാള സര്‍പ്പങ്ങള്‍
കറുത്ത ചക്രവാളങ്ങനെയെല്ലാമെല്ലാം
ജീവനൊഴികെ മറ്റെന്തും
വരച്ചു ചേര്‍ക്കുവാനൊക്കുന്നു
ഒറ്റവാക്കിലും മുനയിലുമൊതുക്കുന്നു
ഒടുവില്‍ ഒരു കറുത്ത ഭൂപടത്തില്‍
പുല്ലു തിന്നുന്ന പശു.

കേഴുന്ന കാലം വരും
പാടുക സാഹിബ്
വിലക്കിന്റെ വള്ളികളില്‍
ആ പുഷ്പരാഗങ്ങള്‍
ഒരു പൂക്കാലം കൂടി നിറയ്ക്കട്ടെ.