Thursday, November 12, 2015






എന്ന
ഒറ്റക്ഷരം
മതിയെനിക്ക്.
ഒന്നു
നീട്ടി വിളിച്ചാല്‍
തുമ്പിയും നീട്ടി
കാടിറങ്ങി വരുന്ന
കൊമ്പനാകും.

എന്നു മാത്രം
മതിയെനിക്ക്
ഒത്തിരി നീട്ടാതെ
ഒന്നുമറിയില്ലെന്നു
നിന്നോടു പറയാന്‍

എന്നു കൂടി
വേണമെനിക്ക്
ഒന്നുമറിഞ്ഞില്ലെന്നു
നീ പറയുമ്പോള്‍
ആഴത്തില്‍
നിലവിളിക്കാന്‍

എന്നൊന്നില്ലെങ്കില്‍
ആരെന്ന ചോദ്യത്തിന്
അവസാനമെന്ന
ഉത്തരമെങ്ങനെയാകും.


Wednesday, October 21, 2015

ഗസല്‍, മുനയുള്ള ഒരു മൂര്‍ച്ഛയല്ല


പാടുക സാഹിബ് 
അകലങ്ങളിലേക്കെത്ര
പ്രകാശവര്‍ഷങ്ങളുണ്ടാകിലും.
വിലക്കുകള്‍ പൊത്തിയ
കാതുകളെങ്കിലും 
അലിയും ഞാനോര്‍മകളില്‍
ഇലമറക്കിപ്പുറം
മരം പെയ്യുന്ന നേരങ്ങൡ

വിലക്കിന്റെ വേലികെട്ടിയ
കൂടാരങ്ങള്‍ക്കു മീതെ
ഒരു തുണ്ടു മേഘം 
തോരാതെ പെയ്യുന്നു,
ഗുലാം അലി പാടുന്നു.
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍

ഇന്നലെകളില്‍ 
അതിരുകളില്ലാതിരിക്കെ
അലിഞ്ഞു പോയൊരീണങ്ങളില്‍
ഓര്‍ത്തു വെയ്ക്കുന്നു
മധുരിത ഗാനങ്ങളെല്ലാം

ഒരു ഗാനം പോലും
ഓര്‍മയില്‍ സൂക്ഷിക്കാനാവാത്ത
പകലുകള്‍ മരുഭൂമികള്‍ക്കു 
വഴിമാറുന്നു
മുള്‍ച്ചെടികള്‍ പോലും
പൂക്കാന്‍ മറക്കുന്നു
മണല്‍ക്കാറ്റ് കണ്ണു പൊത്തുന്നു

കനവുകളില്‍ കരിമഷിയെഴുതുന്നു
ഉടലുറഞ്ഞ രൂപങ്ങള്‍
ഉലയില്‍ വെന്ത കണ്ണുകള്‍ 
ഉടവാളേന്തിയ കൈകള്‍
കരിന്തേളുകള്‍ കരിങ്കാള സര്‍പ്പങ്ങള്‍
കറുത്ത ചക്രവാളങ്ങനെയെല്ലാമെല്ലാം
ജീവനൊഴികെ മറ്റെന്തും
വരച്ചു ചേര്‍ക്കുവാനൊക്കുന്നു
ഒറ്റവാക്കിലും മുനയിലുമൊതുക്കുന്നു
ഒടുവില്‍ ഒരു കറുത്ത ഭൂപടത്തില്‍
പുല്ലു തിന്നുന്ന പശു.

കേഴുന്ന കാലം വരും
പാടുക സാഹിബ്
വിലക്കിന്റെ വള്ളികളില്‍
ആ പുഷ്പരാഗങ്ങള്‍
ഒരു പൂക്കാലം കൂടി നിറയ്ക്കട്ടെ. 






Saturday, March 28, 2015

a city, a poeam and the foot ball




ഒരു ജെട്ടി, ഒരു മേനക

എന്റെ കൂട്ടുകാരീ,
നിന്റെ പിറന്നാള്‍ തലേന്നു
നക്ഷത്രങ്ങള്‍ നാണിച്ചു 
താഴേക്കു നോക്കുന്ന
ഒരു കൊച്ചു മൂക്കുത്തി
വാങ്ങിത്തരും ഞാന്‍
കൊലുസിന്റെ കിലുക്കമുള്ള
ജിമിക്കികള്‍ നിന്റെ
കാതുകളില്‍ ചിരിക്കുന്നതു
കേള്‍ക്കാന്‍ വേണ്ടി മാത്രം.
അന്നു വൈകുന്നേരം
ചിരിച്ചു പുഷ്പിച്ച
ഗുല്‍മോഹറുകള്‍ക്കു താഴെ
മറൈന്‍ ഡ്രൈവിലൂടെ
കപ്പലണ്ടി തിന്നു നടക്കും നമ്മള്‍
കാവ്യാ മാധവനു നിന്നേക്കാള്‍
പ്രായം തോന്നുമെന്നു കളി പറയും.
നിന്റെ തലയില്‍ നഫീസാ അലിയുടെ
വെള്ളിമുടികള്‍ പടിഞ്ഞാറു നോക്കി പറക്കും.
കൊച്ചിക്കായല്‍ കടന്നു നമ്മള്‍
ഫോര്‍ട്ടു കൊച്ചിക്കു
സന്ധ്യ കാണാന്‍ പോകും.
കടല്‍ കയറിയിറങ്ങുന്ന കരയില്‍
നിന്നു മാനത്തേക്കു ഒരു ചുവന്ന
പട്ടം പറത്തി വിടും.
ദൂരെ പൊട്ടു പോലെ കാണുന്ന
കപ്പലുകള്‍ക്കെല്ലാം
ടൈറ്റാനിക്കെന്നു പേരിടും.
തിരിച്ചു പോരുന്ന ബസിലിരിക്കുമ്പോള്‍
നീ ഒരു ജെട്ടി, ഞാനൊരു മേനക.*
വെണ്ടുരുത്തിപ്പാലം കടക്കുമ്പോള്‍
ചുംബന സമരത്തിന്റെ
പോസ്റ്റര്‍ ആടു തിന്നുന്നത്
ഞാന്‍ കാണിച്ചു തരും.
എന്റെ നില്‍പുസമരം
വിജയത്തിന്റെ വക്കിലത്തെുമ്പോള്‍
നീ അവളെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങും.
കേട്ടില്ലെന്നു വെച്ചാലും നീ
പിന്നെയും പിന്നെയും ചോദിക്കും.
അപ്പോഴാണു നക്ഷത്രങ്ങള്‍ നാണിക്കുമെന്നു
കരുതിയ മുക്കുത്തിയില്‍
എന്റെ ദ്വീപുകളുടെ ഭൂപടം കാണുന്നത്.
-----------------------------------------------------------------
* എറണാകുളത്തെ രണ്ട് ബസ്റ്റോപ്പുകള്‍ frown emoticon


Thursday, November 27, 2014

ആദം എന്ന മരംകൊത്തി ഏദനില്‍



1.
ആപ്പിള്‍,
നിനക്കുമൊരു
മരമാകാമെങ്കില്‍
ഏറ്റവും കുറഞ്ഞത്
ഒരാല്‍മരമെങ്കിലും
ആകുമായിരുന്നു
അമ്മ.
എത്ര കെട്ടിപ്പിടിച്ചാലും
കൈകളെത്താത്ത വണ്ണം
ഒത്തിരി കിളിക്കൂടുള്ള
എല്ലാത്തരം പൂവും കായുമുള്ള
ഒരു വന്‍മരം.
ഏതു ബുദ്ധനും
ബോധമേകുന്നൊരു
ബോധിവൃഷം.
എല്ലാ വേനലുകള്‍ക്കും
മീതെ ചായുന്ന
മഴക്കാട്.
2.
ഇതിപ്പോ
ഇങ്ങനെ
ജനലിനും
വാതിലിനും
പുറത്തേക്കു
വളരുമ്പം
വെട്ടി വെട്ടി
വേരുകള്‍ ചടച്ചു ചടച്ച്
ഒരുമാതിരി
ചട്ടിയില്‍ നട്ട പോലെ.
അടിമുടി
വിലക്കിന്റെ
വള്ളികള്‍.
3.
ചോന്നിരിക്കണ കണ്ടില്ലേ
ഏദനില്‍
നിന്നാണു പോലും
ഫൂ,
വിലക്കിന്റെ
ആദ്യ വാക്ക്
വീട്ടു മുറ്റത്തു
കിളുക്കാത്ത
കിട്ടാക്കനി.



Saturday, July 12, 2014

ഒരു ലെസ്.ബിയന്‍ കാട്



താക്കോലുകളെ
കൂട്ടത്തോടെ വരച്ചിട്ടാണ്
വാക്കുകള്‍ കൊണ്ടു 
ഹൃദയം തുറക്കുന്നത്.
വീടുകളുടെ
ചിത്രം മായ്ച്ചു കളഞ്ഞ്
മഴയെ വരക്കാന്‍
തുടങ്ങിയപ്പോഴേക്കും
നമുക്കുള്ളിലെ കാടുകള്‍
വേലികളില്ലാതെ വളരുന്നു.
മതിലുകളുടെ
തുടര്‍ച്ചയില്‍ നിന്ന്
നിന്റെ കണ്ണുകളെ
പച്ചമരങ്ങള്‍ക്കിടയിലേക്കു
കരഞ്ഞു തീരാന്‍
പറഞ്ഞയക്കുന്നു.
എന്റെ ചെവികള്‍
ചിന്നംവിളികളോടൊപ്പം
കിളിയൊച്ചകള്‍
തേടിപ്പോകുന്നു.
തിളച്ചു മറിഞ്ഞ
നീലച്ചായത്തില്‍
ഉടലുകളെ
കടലായി വരക്കുന്നു.
ഉടുപ്പുകള്‍
കൊടുങ്കാറ്റിനു
കൂട്ടു പോകുന്നു.
എന്റെ ആകാശം
നിന്റെ ഭൂമിയിലേക്കു
ഉമ്മകള്‍ പെയ്യിക്കുന്നു.
ജനാലകളും
വാതിലുകളുമില്ലാത്ത
തുറന്ന ഇടങ്ങളിലേക്ക
പറന്നിറങ്ങി
നിന്റെ പകലുകളും
എന്റെ രാവുകളും
ചുറ്റിവരിഞ്ഞു
പൊരുതുന്നു.