Friday, March 7, 2014

നിന്നു പെയ്യുന്നു, ഉടല്‍സമേതം ഒരു പാട്ട്



അത്രയ്‌ക്കൊന്നും കറുക്കാതിരുന്നിട്ടും
നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു.
പൊടുന്നനെയാണ് സ്വപ്‌നത്തില്‍ വന്ന്
പഴയൊരു മര്‍ഫി റേഡിയോ 
പാടാന്‍ തുടങ്ങിയത്.

നിലാവ് തോറ്റു പോകുന്നൊരു പാട്ട്
ഒരു വാക്കു പോലും ചോദിക്കാതെ
കൂടെക്കേറി കിടന്നു.
രാഗങ്ങള്‍ കൊണ്ടു പൂണ്ടടക്കം പിടിക്കുന്നു
ജലതരംഗം പോലെ ഉടലാകെ നനയുന്നു
വലിഞ്ഞു മുറുകിയ ദൊതാരയില്‍ 
വിരലുകളോടുന്നു.
ഇണങ്ങിയൊരു തംബുരു പോലെ
തോളോടു ചേര്‍ത്തു വയ്ക്കുന്നു.
മുടിയഴികളില്‍ ശ്രുതി ചേര്‍ക്കുന്നു.
ഇടം ചെവിയുടെ പിന്നില്‍ തുടങ്ങി
മറുചെവി കടക്കുന്നൊരു പുല്ലാങ്കുഴല്‍ കാറ്റ്.
തിമിര്‍ത്തു പെയ്യുന്നു മേഘമല്‍ഹാര്‍
ചുട്ടു പൊള്ളുന്നു ദീപക് രാഗത്തില്‍.

വിളംബിത കാലത്തില്‍ ചായ തിളക്കുന്നു
അപ്പോഴടക്കളയിലെ കറന്റടുപ്പില്‍.
ഉച്ചത്തിലുച്ചത്തില്‍ മൂളിയിട്ടും
കുളിമുറി വിട്ടു പുറത്തിറങ്ങാന്‍ മടിച്ചൊരു 
പാട്ട് ഈറനുടുത്തു നില്‍ക്കുന്നു.
ഉണാരാം എന്നൊരു വാക്കില്‍ നിന്നു
പോകുന്നു സ്വപ്‌നത്തില്‍ വന്ന റേഡിയോ.
കൂടെക്കിടന്ന പാട്ട് ഒന്നു കൈവീശിപ്പോലും 
കാണിക്കാതെ എഴുന്നേറ്റു കൂടെപ്പോയി.

കിടക്കവിരിയില്‍ ഇപ്പോഴും കാണാം
അത്രമേല്‍ മധുരിച്ചൊരു പാട്ടിന്റെ
വരികള്‍ ചുളിവുകളായി.



കാലാ പാനി




കൂട്ടം തെറ്റി
പുറപ്പെട്ടു വന്നൊരു കൂവല്‍
ചെവിയുടെ തൊട്ടുപിന്നാമ്പുറം വരെ
വന്നിട്ടു തിരിച്ചു പോകുന്നു.
അഭ്യാസിയെപ്പോലെ
മണല്‍ക്കാറ്റിന്റെ പൂഴിക്കടകന്‍.
മരുഭൂമികള്‍ ഉണ്ടാക്കിയത്
കണ്ടു നടക്കുന്നു
ദിക്കും ദിശാസൂചികളുമില്ലാതെ.

ഉറവകള്‍ തേടി ഉള്‍വലിഞ്ഞ
കിണറുകളുടെ മേലായിരിക്കുമോ
മീസാന്‍ കല്ലുകള്‍ പോലെ
ഈ മുള്‍ച്ചെടികള്‍.

ചക്രവാളത്തോളം പോയൊരാ
കടല്‍കുടിച്ചിട്ടും ഉഷ്‌ണേന
ശാന്തികിട്ടാത്ത മണലാഴിമേല്‍
കപ്പലുകള്‍ നടന്നു തീര്‍ക്കുന്നു
ജലമുറഞ്ഞൊരോര്‍മകള്‍
മുതുകില്‍ മാറാപ്പുമായി.

ഭൂപടങ്ങളുടെ അതിരുകളില്‍
നിന്നടര്‍ന്നു പോയെന്നൊരാ
തോന്നലിന്റെ നടുവില്‍
അക്ഷാംശ രേഖയില്‍
കാല്‍തട്ടി വീണിട്ടോ
മുഖം കുനിച്ചിരിക്കുന്നൊരുവന്‍
അടയാളങ്ങളില്‍ നിന്നിറങ്ങി
വന്നപോലെ.

അല്ല, ഇതടുക്കുന്തോറുമകലുന്ന
മറ്റൊരു മായാമരീചികയല്ല.
അത്രമേലടുത്താണ്,
ഒരുവന്‍ വിറയ്ക്കുന്ന കൈകളില്‍
പിടയ്ക്കുന്നൊരു ഹൃദയമെടുത്തു
തിന്നുന്നു, നിലവിളി കൊണ്ട്.

അറിയാതെയാണ്,
ഞെട്ടു പൊട്ടി വീണു പോകുന്നു
ഒരു ചോദ്യം.

എങ്ങനെയുണ്ട് ചങ്ങാതി ?

തേങ്ങലായിരുന്നിട്ടും
വെയില്‍ കൊണ്ടെഴുതിയ
പോലിരുന്നു മറുപടി.

ഒരുപാടു കാലം
സ്വന്തമായിരുന്നു.
എന്നിട്ടും കയ്പാണു മിത്രമേ,
കൊടും കയ്പ് !



Wednesday, November 13, 2013

കൗ ബോയ്‌സ് ഫോര്‍ എയ്ഞ്ചല്‍സ്

സിംഗപ്പൂരുകാരി ചരക്ക് കപ്പല്‍
ക്യൂന്‍ വെര്‍ജീനിയ
മറൈന്‍ഡ്രൈവില്‍ മേഞ്ഞ് നടന്ന
രണ്ട് ഒട്ടകങ്ങളെ നോക്കി
ഉച്ചത്തിലൊന്നു കൂവി.
മഴവില്‍പാലത്തിന് താഴെ
നേരമന്നേരം സന്ധ്യയോടൊപ്പം
ചുവന്നു തുടുത്തു.

ഈന്തപ്പഴം മണക്കുന്ന
വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍
കായല്‍ കണ്ടിരിക്കുമ്പോഴാണ്
നോറയെത്തേടി തൃഷ്ണകള്‍
പെണ്ണുടുപ്പുകളിലേറി വരുന്നത്.

അവള്‍ നോറാ ലൂക്ക,
വിനിമയം ഡോളര്‍നിരക്കില്‍ മാത്രം.
ഉദ്ദിഷ്ടമോഹങ്ങളുടെ ഉത്തമോപകാരി.
അംഗനമാര്‍ക്ക് സ്വയംവരിക്കാം
വേണമെന്ന ഒറ്റവാക്കിന് മുന്നില്‍
അടിമകളെപ്പോലെ നിരന്ന് നില്‍ക്കും
നോറയുടെ ആണുടലുകള്‍.

മുക്കാല്‍ കാലുറയില്‍ അരക്കെട്ടിന്
മീതേ വെണ്ണക്കല്ലിലെഴുതിയ
ഇറ്റാലിയന്‍ നീലക്കണ്ണന്‍.
കവിത തുളുമ്പും കരീബിയന്‍
കാളപ്പോരിന്റെ കരുത്തില്‍
രഥവേഗമറിയുന്ന എസ്പാനിയോള്‍
കരിമ്പിന്‍കാട്ടിലാനയാകും കാട്ടറബി
കാറ്റിന്റെ വേഗമുള്ള ചീനക്കാരന്‍
ജപ്പാന്‍ പറന്ന് വെട്ടും
ഏകാന്തതേ, നിനക്ക് പറ്റും കൊളംബിയന്‍.
പ്രണയം വഴിഞ്ഞൊഴുകും ലെബനന്‍
വോഡ്കയുടെ നീറ്റലില്‍ റഷ്യന്‍
ജിപ്‌സികളുടെ നിരാശ പേറും റൊമാനിയന്‍
അടിമയെപ്പോലെ ആഫ്രിക്കന്‍
സൂര്യനുദിക്കും വരെ വാഴും ബ്രട്ടീഷ്
കാവല്‍ക്കാരനെ പോലമേരിക്കന്‍
സങ്കടങ്ങള്‍ക്ക് കൂട്ട് നല്ലതിന്ത്യന്‍
പ്രകൃതിയോടിണങ്ങും ലങ്കന്‍
വികൃതികള്‍ക്ക് മെക്‌സിക്കന്‍.
കാട്ടിലേക്കൊരു കൂട്ടിന്
ഇലയുടുത്ത് വരും കൊലുമ്പന്‍.
കൈലാസത്തിലെത്തിക്കും നേപ്പാളി ഷെര്‍പ്പ.
കുടിയേറ്റത്തിന് ഫിലിെപ്പയ്ന്‍

ഇതിലൊന്നുമല്ല കാര്യം,
കണ്ടില്ലേ നോറയുടെ മധുരക്കനിയെ
ഇപ്പോള്‍ പറിച്ചെടുത്ത പോലൊരാപ്പിള്‍.
കണ്ടില്ലേ, നാണം കൊണ്ട് വിരല്‍
കടിക്കുന്ന പതിനാറുകാരന്‍.
കിതപ്പുകളൊടുങ്ങുമ്പോള്‍
നഖമുനയാല്‍ നിന്റെ ചെറിയ പിഴയെന്ന്
കിളുന്ത് മേനിയില്‍ പലവുരുവെഴുതാം.

ഇങ്ങനെയൊക്കെയാണേലും
പതിവുകാരിഷ്ടക്കാരോട് മാത്രം 
നോറയ്‌ക്കൊരടക്കം പറയാനുണ്ട്,
ഒളിപ്പോരിന് ബെസ്റ്റ് മലയാളി തന്നെ.


Friday, November 8, 2013

ചില നേരങ്ങളെ അലക്കി വെളുപ്പിക്കാവുന്നതേയുളളൂ

നീ ഉടലിനെ ഉയിര്‍പ്പിച്ച് ഉടയാടകളില്‍
കയറിയിറങ്ങിയപ്പോയ നാള്‍ മുതല്‍
എന്നൊടൊപ്പം ഉണരാതുറങ്ങിയ നിന്റെ
ചുളിവുകളില്‍ ചൂണ്ട് വിരലിലെ കൂര്‍ത്ത
നഖം കൊണ്ട് ഞാന്‍ മറവി എന്ന വാക്ക്
ആവര്‍ത്തിച്ചെഴുതുകയായിരുന്നു.

നിഴലുകളില്‍ ചോര പൊടിയില്ലെന്ന്
ഒരുപാടറിഞ്ഞിരുന്നിട്ടും
നിന്നെക്കുറിച്ച് ഞാന്‍ ഉള്ളില്‍
വരഞ്ഞ് പൂമാലിയിട്ടിരുന്ന
ഒരു പുഞ്ചിരിയുടെ ഇടത്തേക്കോണില്‍
ഒരു തുള്ളി ചോര പൊടിഞ്ഞു.


പച്ചയായ പുല്‍പ്പരപ്പിനപ്പുറം
നിന്നില്‍നിന്നടര്‍ന്നു പോയ
പ്രണയസന്ദേശങ്ങളെല്ലാം
ആര്‍ത്തിരമ്പുന്ന ഗാലറിയില്‍
നിന്നെന്ന പോലെ കൈകളാഞ്ഞു വീശി
ആരവങ്ങളുടെ കുട ചൂടി നിന്നു.

ഇഷ്ടനായകാ കൊച്ചുകള്ളനായി
നഷ്ടമാക്കിന്നോ നിന്‍ വിചാരം.
നിനക്ക് മുന്നേയെന്ന കള്ളച്ചിരിയും
കാത്തുവച്ചുവെന്നുരഞ്ഞത്
കള്ളമെന്നുറക്കെയൊരൊച്ചയും
തൊണ്ടയില്‍ കുടുങ്ങി മരിക്കുന്നല്ലോ.

പ്രണയച്ചുവട്ടിലുറങ്ങിയതും
ചൂടേറ്റ് തുടുത്തതും ചുരന്നതും
നിന്നിലലിഞ്ഞോയെന്ന സന്ദേഹവും
എനിക്കിപ്പോള്‍ മുതല്‍
അലക്കിവെളുപ്പിച്ചെടുക്കാനുള്ള
ഒരു കറുത്ത കറമാത്രമാണ്.


Wednesday, October 30, 2013

കടല്‍പ്പാലം ഒരു തിരിച്ചുവരവല്ല

അപ്പോള്‍ മുതല്‍ കണ്ണാടിയില്‍
കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ
മുഖമായിരുന്നെനിക്ക്.

കാറ്റ് പിണങ്ങിയ പായ്മരങ്ങളും
ദിക്ക് തെറ്റിയ ദിശാസൂചികളും
കരയിലേക്കുള്ള ഭൂപടങ്ങളില്‍
പലകുറി തിരുത്തി വരഞ്ഞു.

വഴിക്കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ്
നീ വിരല്‍ച്ചൂണ്ടിക്കാണിച്ചു തന്ന
വിളക്ക് അന്നൊരുവട്ടം പോലും
ആകാശമുറ്റത്തേക്കിറങ്ങിയില്ല.

അത്രമേല്‍ നിനവുകള്‍ കൂട്ടിത്തുന്നിയ
പൊന്‍വല വീശിയല്ലേ നിനക്കായി
ഞാനാഴിയാഴങ്ങളില്‍ തിരഞ്ഞത്.

നിന്റെ മിഴിക്കോണുകളില്‍
തീരത്തോടെന്ന പോലെയും
കൊലുസിട്ട് കണങ്കാലുകളില്‍
ഇക്കിളിപോലെയും
പഞ്ചാരക്കവിളില്‍ പെരുവിരലെന്റെ
പേരെഴുതും നേരമൊരു കള്ളിത്തിര
വന്ന് മായ്ച്ചു പോകുന്നതും
കനിവില്‍ക്കണ്ടത്രനാള്‍
കാത്തിരുന്നല്ലേ കരയോടണഞ്ഞത്.

എന്നിട്ടുമെന്തേ പെണ്ണേ ഇപ്പോള്‍
ഞാന്‍ നിന്റെ കണ്ണിലൊളിപ്പിച്ച
കടലിത്രയ്ക്ക് തുളുമ്പാന്‍.
അത്രമേല്‍ അലതല്ലിയെന്നോ
അഴലിനാഴങ്ങള്‍ അലയാഴി പോലെ.


Thursday, October 24, 2013

ഹൈക്കു കവിതകൾ

(1) ഒരോടക്കുഴല്‍ കൂട്ട് വെട്ടുന്നു
-------------------------------------

നിന്നധരത്തോട് ചേരുമ്പോള്‍ മാത്രം
എന്തേ കണ്ണാ, മുളങ്കാടുലഞ്ഞ പോലെ
പതിനാറായിരത്തെട്ട് രാഗങ്ങള്‍.

(2) വേനല്‍
------------

കാത്തിരുന്നേറെക്കഴിഞ്ഞിട്ടും
നിന്റെ കുടത്തില്‍ നിറയ്ക്കാന്‍
ഈ പുഴയ്‌ക്കൊരു തേങ്ങലേയുള്ളൂ.

(3) കാറ്റേ കാറ്റേ
---------------------

ഒരൊറ്റക്കമ്പി നമുക്കിടയില്‍
വലിഞ്ഞു മുറുകിയിട്ടും
മീട്ടുവാന്‍ മറന്നില്ലേ, ഗായത്രിവീണ.

(4) പിന്നില്‍
---------------

കാണാതെ പോയെന്നോ,
ഞാനൊരുപാട് പെയ്തിരുന്നു
നീ ചൂടിയ ചേമ്പിലമുകളില്‍.

(5) കല്ലുപെന്‍സിലെഴുതുന്നു
--------------------------------

മാഞ്ഞു പോയതൊരു
മഴയായിരുന്നെന്ന്
മഷിത്തണ്ടിന്റെ വിലാപം.

(6) പൂവിളി
-----------

തെച്ചിയും ചെമ്പകവും
ഓര്‍മകളുടെ ഫ്രെയിമില്‍
മുറ്റത്ത് ഒറ്റയ്‌ക്കൊരു തുമ്പ

(7) ഏദന്‍ താഴ്‌വരയില്‍
-----------------------

ഹവ്വാ, വിലക്കിന്റെ വള്ളി പൊട്ടിയ
നിമിഷത്തിലോ നിന്റെ ചുണ്ടില്‍
ആപ്പിള്‍ മധുരം ചുരത്തിയത്

(8) മീന്‍കാരി
----------

പെണ്ണേ, മുക്കുത്തിയില്‍ തട്ടി
നിന്റെ കണ്ണിലേക്ക്
കാല്‍ തെറ്റി വീണതോ കടല്‍

(9) മുല്ലപ്പൂങ്കല്ല്
--------------

ഇത്രനാള്‍ പഞ്ചാര മണലിന്‍
നെഞ്ചിലുറങ്ങിയിട്ടും
കടലേ നിനക്കിത്ര കയ്‌പ്പോ

(10) കണ്ണാടിയില്‍
---------------------

അത്രമേല്‍ നാണിച്ചിട്ടോ
ഗുല്‍മോഹര്‍,
നിനക്കിത്ര ചുവപ്പ്

(11) കുടയോട്
------------------

മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടല്‍ നനയാന്‍
നീ തന്നെ പെയ്യണം

(12) തിര
------------------------

കടലേ, കരിങ്കല്‍ച്ചുമരില്‍ നിന്റെ
രൗദ്രഭാവം പോലല്ല, ആര്‍ദ്രം അഗാധ
മാണമ്മ തന്‍ കണ്ണിലെ വേലിയേറ്റം.

(13) കൊച്ചിയില്‍
---------------------------

റാഫിയും സൈഗളും താളം പിടിക്കുമ്പോള്‍
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.

(14) ആമേന്‍
------------------

ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.

(15) പൂങ്കിനാവ്
-----------------------

വെയില്‍ ഉണക്കിയെടുത്ത അമ്മയുടെ നീലസാരിയില്‍
ഞാന്‍ കണ്ടത്രയുമുണ്ടോ, നീ നട്ടുനനച്ചതില്‍
പൂവിരിഞ്ഞതും പൂമ്പാറ്റ വന്നതും.


Friday, October 18, 2013

വര

വളഞ്ഞിട്ടാവണം
പുഴപോലെ.
മഴവില്ല് പോലെ
മായാതിരിക്കണം.
മഴയെ
കുടത്തിനുള്ളില്‍
വരയ്‌ക്കണം.
പണ്ട് വിഴുങ്ങിയ
ചോപ്പ് ഗുളിക
പനിയായി
വരയ്‌ക്കണം.
പേടിച്ചതെല്ലാം
മൂങ്ങയുടെ
മുഖം പോലെ.
ഓര്‍മ്മകള്‍
മുത്തശ്ശിയുടെ
ചിരിപോലെ.
കടല്‍
അമ്മയുടെ
കണ്ണുപോലെ.
ആനയെ
വാലില്‍
തുടങ്ങണം.
അമ്പിളി
പാതിയില്‍
നിര്‍ത്തണം.
രാത്രികളെ
നേരം
വെളുപ്പിക്കണം.
വര
നേരെയെങ്കില്‍
ശരിയാകുന്നത്
തിരുത്തി
വരയ്‌ക്കണം.