Friday, November 8, 2013

ചില നേരങ്ങളെ അലക്കി വെളുപ്പിക്കാവുന്നതേയുളളൂ

നീ ഉടലിനെ ഉയിര്‍പ്പിച്ച് ഉടയാടകളില്‍
കയറിയിറങ്ങിയപ്പോയ നാള്‍ മുതല്‍
എന്നൊടൊപ്പം ഉണരാതുറങ്ങിയ നിന്റെ
ചുളിവുകളില്‍ ചൂണ്ട് വിരലിലെ കൂര്‍ത്ത
നഖം കൊണ്ട് ഞാന്‍ മറവി എന്ന വാക്ക്
ആവര്‍ത്തിച്ചെഴുതുകയായിരുന്നു.

നിഴലുകളില്‍ ചോര പൊടിയില്ലെന്ന്
ഒരുപാടറിഞ്ഞിരുന്നിട്ടും
നിന്നെക്കുറിച്ച് ഞാന്‍ ഉള്ളില്‍
വരഞ്ഞ് പൂമാലിയിട്ടിരുന്ന
ഒരു പുഞ്ചിരിയുടെ ഇടത്തേക്കോണില്‍
ഒരു തുള്ളി ചോര പൊടിഞ്ഞു.


പച്ചയായ പുല്‍പ്പരപ്പിനപ്പുറം
നിന്നില്‍നിന്നടര്‍ന്നു പോയ
പ്രണയസന്ദേശങ്ങളെല്ലാം
ആര്‍ത്തിരമ്പുന്ന ഗാലറിയില്‍
നിന്നെന്ന പോലെ കൈകളാഞ്ഞു വീശി
ആരവങ്ങളുടെ കുട ചൂടി നിന്നു.

ഇഷ്ടനായകാ കൊച്ചുകള്ളനായി
നഷ്ടമാക്കിന്നോ നിന്‍ വിചാരം.
നിനക്ക് മുന്നേയെന്ന കള്ളച്ചിരിയും
കാത്തുവച്ചുവെന്നുരഞ്ഞത്
കള്ളമെന്നുറക്കെയൊരൊച്ചയും
തൊണ്ടയില്‍ കുടുങ്ങി മരിക്കുന്നല്ലോ.

പ്രണയച്ചുവട്ടിലുറങ്ങിയതും
ചൂടേറ്റ് തുടുത്തതും ചുരന്നതും
നിന്നിലലിഞ്ഞോയെന്ന സന്ദേഹവും
എനിക്കിപ്പോള്‍ മുതല്‍
അലക്കിവെളുപ്പിച്ചെടുക്കാനുള്ള
ഒരു കറുത്ത കറമാത്രമാണ്.


Wednesday, October 30, 2013

കടല്‍പ്പാലം ഒരു തിരിച്ചുവരവല്ല

അപ്പോള്‍ മുതല്‍ കണ്ണാടിയില്‍
കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ
മുഖമായിരുന്നെനിക്ക്.

കാറ്റ് പിണങ്ങിയ പായ്മരങ്ങളും
ദിക്ക് തെറ്റിയ ദിശാസൂചികളും
കരയിലേക്കുള്ള ഭൂപടങ്ങളില്‍
പലകുറി തിരുത്തി വരഞ്ഞു.

വഴിക്കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ്
നീ വിരല്‍ച്ചൂണ്ടിക്കാണിച്ചു തന്ന
വിളക്ക് അന്നൊരുവട്ടം പോലും
ആകാശമുറ്റത്തേക്കിറങ്ങിയില്ല.

അത്രമേല്‍ നിനവുകള്‍ കൂട്ടിത്തുന്നിയ
പൊന്‍വല വീശിയല്ലേ നിനക്കായി
ഞാനാഴിയാഴങ്ങളില്‍ തിരഞ്ഞത്.

നിന്റെ മിഴിക്കോണുകളില്‍
തീരത്തോടെന്ന പോലെയും
കൊലുസിട്ട് കണങ്കാലുകളില്‍
ഇക്കിളിപോലെയും
പഞ്ചാരക്കവിളില്‍ പെരുവിരലെന്റെ
പേരെഴുതും നേരമൊരു കള്ളിത്തിര
വന്ന് മായ്ച്ചു പോകുന്നതും
കനിവില്‍ക്കണ്ടത്രനാള്‍
കാത്തിരുന്നല്ലേ കരയോടണഞ്ഞത്.

എന്നിട്ടുമെന്തേ പെണ്ണേ ഇപ്പോള്‍
ഞാന്‍ നിന്റെ കണ്ണിലൊളിപ്പിച്ച
കടലിത്രയ്ക്ക് തുളുമ്പാന്‍.
അത്രമേല്‍ അലതല്ലിയെന്നോ
അഴലിനാഴങ്ങള്‍ അലയാഴി പോലെ.


Thursday, October 24, 2013

ഹൈക്കു കവിതകൾ

(1) ഒരോടക്കുഴല്‍ കൂട്ട് വെട്ടുന്നു
-------------------------------------

നിന്നധരത്തോട് ചേരുമ്പോള്‍ മാത്രം
എന്തേ കണ്ണാ, മുളങ്കാടുലഞ്ഞ പോലെ
പതിനാറായിരത്തെട്ട് രാഗങ്ങള്‍.

(2) വേനല്‍
------------

കാത്തിരുന്നേറെക്കഴിഞ്ഞിട്ടും
നിന്റെ കുടത്തില്‍ നിറയ്ക്കാന്‍
ഈ പുഴയ്‌ക്കൊരു തേങ്ങലേയുള്ളൂ.

(3) കാറ്റേ കാറ്റേ
---------------------

ഒരൊറ്റക്കമ്പി നമുക്കിടയില്‍
വലിഞ്ഞു മുറുകിയിട്ടും
മീട്ടുവാന്‍ മറന്നില്ലേ, ഗായത്രിവീണ.

(4) പിന്നില്‍
---------------

കാണാതെ പോയെന്നോ,
ഞാനൊരുപാട് പെയ്തിരുന്നു
നീ ചൂടിയ ചേമ്പിലമുകളില്‍.

(5) കല്ലുപെന്‍സിലെഴുതുന്നു
--------------------------------

മാഞ്ഞു പോയതൊരു
മഴയായിരുന്നെന്ന്
മഷിത്തണ്ടിന്റെ വിലാപം.

(6) പൂവിളി
-----------

തെച്ചിയും ചെമ്പകവും
ഓര്‍മകളുടെ ഫ്രെയിമില്‍
മുറ്റത്ത് ഒറ്റയ്‌ക്കൊരു തുമ്പ

(7) ഏദന്‍ താഴ്‌വരയില്‍
-----------------------

ഹവ്വാ, വിലക്കിന്റെ വള്ളി പൊട്ടിയ
നിമിഷത്തിലോ നിന്റെ ചുണ്ടില്‍
ആപ്പിള്‍ മധുരം ചുരത്തിയത്

(8) മീന്‍കാരി
----------

പെണ്ണേ, മുക്കുത്തിയില്‍ തട്ടി
നിന്റെ കണ്ണിലേക്ക്
കാല്‍ തെറ്റി വീണതോ കടല്‍

(9) മുല്ലപ്പൂങ്കല്ല്
--------------

ഇത്രനാള്‍ പഞ്ചാര മണലിന്‍
നെഞ്ചിലുറങ്ങിയിട്ടും
കടലേ നിനക്കിത്ര കയ്‌പ്പോ

(10) കണ്ണാടിയില്‍
---------------------

അത്രമേല്‍ നാണിച്ചിട്ടോ
ഗുല്‍മോഹര്‍,
നിനക്കിത്ര ചുവപ്പ്

(11) കുടയോട്
------------------

മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടല്‍ നനയാന്‍
നീ തന്നെ പെയ്യണം

(12) തിര
------------------------

കടലേ, കരിങ്കല്‍ച്ചുമരില്‍ നിന്റെ
രൗദ്രഭാവം പോലല്ല, ആര്‍ദ്രം അഗാധ
മാണമ്മ തന്‍ കണ്ണിലെ വേലിയേറ്റം.

(13) കൊച്ചിയില്‍
---------------------------

റാഫിയും സൈഗളും താളം പിടിക്കുമ്പോള്‍
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.

(14) ആമേന്‍
------------------

ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.

(15) പൂങ്കിനാവ്
-----------------------

വെയില്‍ ഉണക്കിയെടുത്ത അമ്മയുടെ നീലസാരിയില്‍
ഞാന്‍ കണ്ടത്രയുമുണ്ടോ, നീ നട്ടുനനച്ചതില്‍
പൂവിരിഞ്ഞതും പൂമ്പാറ്റ വന്നതും.


Friday, October 18, 2013

വര

വളഞ്ഞിട്ടാവണം
പുഴപോലെ.
മഴവില്ല് പോലെ
മായാതിരിക്കണം.
മഴയെ
കുടത്തിനുള്ളില്‍
വരയ്‌ക്കണം.
പണ്ട് വിഴുങ്ങിയ
ചോപ്പ് ഗുളിക
പനിയായി
വരയ്‌ക്കണം.
പേടിച്ചതെല്ലാം
മൂങ്ങയുടെ
മുഖം പോലെ.
ഓര്‍മ്മകള്‍
മുത്തശ്ശിയുടെ
ചിരിപോലെ.
കടല്‍
അമ്മയുടെ
കണ്ണുപോലെ.
ആനയെ
വാലില്‍
തുടങ്ങണം.
അമ്പിളി
പാതിയില്‍
നിര്‍ത്തണം.
രാത്രികളെ
നേരം
വെളുപ്പിക്കണം.
വര
നേരെയെങ്കില്‍
ശരിയാകുന്നത്
തിരുത്തി
വരയ്‌ക്കണം.


Monday, September 30, 2013

കടലിന്റെ കിനാവ് കാറ്റിനോട്

വെള്ളിയാഴ്ച, ഉച്ചവെയില്‍
കൂട്ട് വെട്ടുന്ന നേരം
കൊച്ചീക്കടലിന്റെ അങ്ങേയറ്റം
നാണം കൊണ്ട് ചുവന്ന് തുടുക്കും.
ഒരൊറ്റത്തോര്‍ത്തു പോലുമുടുക്കാതെ
സൂര്യന്‍ കടലിലേക്കെടുത്തു
ചാടാനൊരുങ്ങി നിക്കണ്.

പഞ്ചാരമണപ്പുറത്ത്
പട്ടങ്ങളാകാശത്തേക്ക്
കെട്ടുപൊട്ടിച്ചോടാന്‍
നൂലറ്റങ്ങളുടെ തുഞ്ചത്ത്
മദംപൊട്ടി നില്‍ക്കുന്നു.

പറന്നു പൊങ്ങിയ പട്ടങ്ങള്‍ക്ക്
താഴെ നങ്കൂരമിട്ടു പല നാടുകള്‍.
പട്ടം വെട്ടിത്തുന്നിയ പോലൊരു
പാവാടയിട്ട മുസരിപ്പെണ്ണ്.
പടക്കപ്പലിന്‍ നായകന്റെ
തലപ്പാവഴിഞ്ഞുലഞ്ഞ പോലെ
പഞ്ചാബി സാല്‍വാര്‍.
മുക്കാല്‍ കാലുറയിലൊരു ചീനക്കാരി
ചുണ്ടില്‍ തേനുള്ള പരന്ത്രീസ്
കാളപ്പോരിന്റെ കരുത്തുള്ള പറങ്കി
അരക്കെട്ടിലിത്തിരി നിക്കറിലമേരിക്കന്‍.
പര്‍ദകളും പരിവാരങ്ങളുമുണ്ട്
വാരിച്ചുറ്റിയ സാരിക്കോലങ്ങളുണ്ട്.
തോവാളയൊന്നാകെ തലയില്‍ ചൂടി
തമിഴ് പേശും തലൈവികളുണ്ട്.
കെട്ടഴിഞ്ഞ മട്ടാഞ്ചേരിയും
മൊഞ്ചത്തി മഞ്ചേരിയും
കൊഞ്ചിക്കുഴയുന്നു.

കാറ്റ് പിടിക്കുന്ന മരച്ചോട്ടിലെ
ചാരുബെഞ്ചിനപ്പുറം
റാഫിയും സൈഗളും താളം പിടിക്കുന്നു.
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.
പുറംകടലില്‍ കപ്പല്‍ കൂവുന്നുണ്ട്,
കരയില്‍ കപ്പലണ്ടിക്കാരനും.
കടല്‍ കണ്ട് നടക്കുമ്പോ കടിച്ച്
കണ്ണടയ്ക്കാന്‍ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും.

കടലിനക്കരെ ഒരുത്തി ചോപ്പുടുപ്പ് മാറ്റി
രാവാടയുടുക്കാനൊരുങ്ങിത്തുടങ്ങി.
പട്ടം വില്‍ക്കുന്ന കുട്ടി
പള്ളിക്കൂടം കഴിഞ്ഞ് വന്നിട്ടേയുള്ളൂ.
ഇന്നു വരേക്കും പറന്നിട്ടില്ലൊരു
പട്ടം പോലും അവന്റെ ആശകള്‍ക്ക് മീതെ.
കരയില്‍ കാറ്റ് തന്നെ തുണയ്ക്കണം പക്ഷേ,
കട്ടമരത്തിലേറി ഉപ്പ പുറംകടലിലാണ്.
ഉമ്മയുടെ കണ്ണിലെന്നും
കടല്‍ വേലിയിറങ്ങുന്നുണ്ട്
പട്ടം വില്‍ക്കുന്ന കുട്ടി
കാറ്റിനോടെന്ത് പ്രാര്‍ഥിക്കും.

അപ്പോള്‍ മാത്രം സീഗള്‍ ബാറില്‍ നിന്നും
നിലവെളിച്ചത്തിലേക്കിറങ്ങിയ ഒരു ഗസല്‍
അമരാവതിയുടെ വീഥിയളന്ന്
നാലുകാലില്‍ നീങ്ങുമ്പോളിങ്ങനെ പാടി.
ഇത്ര നാള്‍ പഞ്ചാരമണലിന്‍
നെഞ്ചിലുറങ്ങിയിട്ടും അത്രമേല്‍ സങ്കടം
കണ്ട് കണ്ടോ കടലേ നിനക്കിത്ര കണ്ണീരുപ്പ്.


Thursday, September 26, 2013

കല്ലലമാരയിലെ ചില്ലുഭരണികളില്‍

കടല്‍ കണ്ട്
കൈക്കുമ്പിളില്‍
കണ്ണീരു നിറച്ച്
കരയിലൊരു പിടി
കരിമണ്ണു കുഴച്ച്
കരിനിഴലാലൊരു
കുടപിടിച്ചു.

കണ്ടപ്പോഴൊരു
കറുത്ത കഥ പറഞ്ഞു.
കനലായെരിഞ്ഞതും
കടലായുറഞ്ഞതും
ഉപ്പിലുറച്ചതും
ഉലയില്‍ വെന്തതും
ഉടല്‍ പിരിഞ്ഞതും
ഉണരാന്‍ വൈകിയതും
ഉയിരറ്റു പോയതും.

തിരയിലലിഞ്ഞതും
തിരനോക്കി മറഞ്ഞതും
തിരിയെ വരില്ലെന്നുറപ്പിച്ചു.

ഹാ, കടലമ്മേ
കള്ളീ കണ്ടോ
ഇനി ഞാന്‍
വന്നു പോകുമ്പോള്‍
വലയിട്ടു കൊണ്ടു പോരും
നീ കട്ടെടുത്തിട്ട്
ഉപ്പിലിട്ടു
വച്ചതൊക്കെയും.



അക്കല്‍ദാമയില്‍ നിന്ന് ഒരു കുപ്പായം

കുഴപ്പങ്ങളുടെ
കൂടാരമാണ്
ഈ വെള്ള ഷര്‍ട്ട്.
ഒന്നേ ഇടാനൊക്കൂ
പെട്ടെന്ന് മുഷിയും.
ഉള്ളിലെ
വിയര്‍പ്പൊഴുക്കങ്ങള്‍
ഉളുപ്പില്ലാതെ പുറത്തേക്ക്
കാണിക്കും.

കൈയ്യില്ലാത്ത ബനിയന്‍
നാണമില്ലാതെ
നിഴല്‍പാടായി
ഒളിഞ്ഞു നോക്കും.
അലക്കി വെളുപ്പിച്ചാല്‍
എനിക്കും നിനക്കും
ഇടയിലൊരു
വിരല്‍പ്പാടകലമുണ്ടാക്കും.

പെണ്ണുടുപ്പുകളുടെ
അരികത്തായി
അയകളില്‍
ആടിയുലഞ്ഞതും
അഴിഞ്ഞാടിയതും
നിളയില്‍ നീരാടിയതും
നീലയില്‍ മുങ്ങിയതും
നൂലിഴകളിലൂടെ
തോര്‍ന്നു പോകും

ചെറിയൊരു മഴ മതി
പോക്കറ്റിലെ പൊട്ടിയ
വളകളും പണയച്ചീട്ടും
തെളിഞ്ഞു വരും.
ഈ വെള്ള ഷര്‍ട്ടിനൊരു
കുഴപ്പമുണ്ട്
ഒരുമ്മ പോലും
ഒളിച്ചു വയ്ക്കാനറിയില്ല.
കൂടെക്കിടന്നാല്‍
കെട്ടിപ്പിടിച്ചാല്‍
വീട്ടില്‍ ചെന്ന്
പറഞ്ഞു കൊടുക്കും.