Sunday, March 31, 2013

നിതാഖത്ത് * നീ പണ്ടായിരുന്നെങ്കില്‍....




നിതാഖത്ത്,
ഇക്കുറിയെങ്കിലും
നീ കുഞ്ഞാമിനയുടെ
ഉപ്പയെ
കാട്ടിക്കൊടുക്കുമോ.
ഉമ്മച്ചിയുടെ
നിറകണ്ണുകളില്‍
വിറയ്ക്കുന്ന
കൈകളിലെ എഴുത്തിലെ
വരികള്‍ക്കിടയില്‍
ശ്വാസം മുട്ടുന്ന ഉപ്പയെ
അവള്‍ കിനാവിലെ
കണ്ടിട്ടുള്ളൂ.
ഉമ്മൂമ്മ കരളുരുകി
പറഞ്ഞതു തന്നെ
പിന്നെയും പിന്നെയും
പറഞ്ഞ് പറഞ്ഞ്
മുകളിലേക്കിരന്ന്
കണ്ണു തുടയ്ക്കുമ്പോള്‍
കുഞ്ഞാമിനയുടെ
മനസില്‍ ഉപ്പ
ഒരു വിശ്വാസം
മാത്രമായി.
നിക്കാഹ് വീടുകളില്‍
അമ്മായിമാരുടെ മൂക്കത്തെ
കഷ്ടം വെക്കലായി
അവള്‍ക്കുപ്പ.
പള്ളിക്കൂട വഴിയില്‍
അമ്പിളിക്കൂട്ടുകാരിയോട്
കിന്നാരം പറഞ്ഞപ്പോ
പാവക്കവിളത്തെ
ഉമ്മകളായിരുന്നു ഉപ്പ.

നിതാഖത്ത്,
ഒത്തിരി കരഞ്ഞിട്ടും
സുല്‍ഫത്തിന്
ഉപ്പിലിടാത്ത
ഈന്തപ്പഴമായിരുന്നു
കുഞ്ഞാമിനയുടെ ഉപ്പ.
കുപ്പിവളകിലുക്കങ്ങള്‍ക്ക്
തലയണയില്‍ മുഖമമര്‍ത്തി
ഒച്ചയില്ലാതെ കരഞ്ഞ
രാവുകളില്‍
നിലാവത്തുദിച്ച പുതിയാപ്‌ള.
അത്തറമണക്കുന്ന
കാറ്റുവീശുമ്പോഴെല്ലാം
ജനാലകള്‍ മലര്‍ക്കെ
തുറന്നിട്ട്
ആദ്യ സ്പര്‍ശങ്ങളെ
നെഞ്ചോട് ചേര്‍ത്ത
പുന്നാര ബീവി.
അടുക്കള കോലായില്‍
അമ്മായിടെ മോന്റെ
അര്‍ഥം വച്ച നോട്ടങ്ങള്‍ക്ക്
നേരെ ഷെഹര്‍സാദിന്റെ
ഉടവാളെടുത്ത്
കണ്ണില്‍ തീപ്പൊരി
ചിതറിച്ചവള്‍
കുഞ്ഞാമിനയുടെ
കുഞ്ഞുടുപ്പുകള്‍
പാകമാകാതെ വരുമ്പോള്‍
മാത്രം നെടുവീര്‍പ്പുകള്‍
മറന്ന് ദുവാ ഇരന്നു

നിതാഖത്ത്,
ഇപ്പോള്‍
കുഞ്ഞാമിനയുടെ ഉപ്പ
മണല്‍ക്കുന്നുകള്‍ക്കിടയില്‍
ഉദിച്ച ആയിരം
പെരുമീനുകളുടെ നടുവിലാണ്.
ഒട്ടകച്ചൂരു മറന്ന്
ജന്നത്തുല്‍ ഫിര്‍ദൗസ്
മണക്കുന്ന പിന്‍കഴുത്തിലേക്ക്
മടങ്ങാനൊരുങ്ങി
പെട്ടികളടുക്കുകയാണ്.
മൊഞ്ചുള്ള പാവക്കുട്ടിയെ
നെഞ്ചോടു ചേര്‍ത്ത്
ഉമ്മവയ്ക്കുന്നുണ്ട്.
ഉമ്മയ്ക്കുള്ള കമ്പിളിയില്‍
നിറകണ്ണ് തുടയ്ക്കുന്നുണ്ട്
അവൂക്കറിനുള്ള
റിക്കാഡ് പെട്ടി
ഉണ്ടെന്നുറപ്പിക്കുന്നുണ്ട്.
കല്ലായിപ്പുഴയില്‍
മുങ്ങാംകുഴിയിട്ട്
മണലുവാരിയതും
മോന്തിക്ക് മീങ്കൂട്ടാന്‍
കൂട്ടിയതും, കെട്ടിപ്പിടിച്ചതും
ഒട്ടിക്കിടന്നതുമെല്ലാം
ഉള്ളില്‍ നിറയ്ക്കുന്നുണ്ട്
നിന്നെ നോക്കിച്ചിരിക്കുന്നുമുണ്ട്.

നിതാഖത്ത്,
കുഞ്ഞാമിനക്കൊരുപാട്
നന്ദിയുണ്ട്.
ഉപ്പവിരലില്‍ തൂങ്ങി
ഉമ്മച്ചിരിയില്‍ കുതിര്‍ന്ന്
ഓത്തുപള്ളിയിലേക്കോടുമ്പം
അവള്‍
കൈ വീശിക്കാണിക്കുന്നത്

നിന്നെത്തന്നെയാണ്.


Monday, March 4, 2013

പാവകളുടെ ആശുപത്രി





പണ്ട്,
പനിക്ക് മരുന്നു തന്നപ്പോള്‍
കയ്ച്ചിട്ടിറക്കാതെ
തുപ്പിയതിന്
ഒരു രാത്രിമുഴുവന്‍
നിന്നോട്
പിണങ്ങിക്കിടന്നിട്ടുണ്ട്.

പിന്നെയും പിണങ്ങി,
ഉടുപ്പിടീക്കുമ്പം
കൈ പൊക്കാഞ്ഞിട്ട്
ഉണ്ണാനൊപ്പമിരുത്തുമ്പം
കാലു വളയ്ക്കാതെ
നീണ്ട് നിവര്‍ന്ന് കിടന്നിട്ട്
കൂടെക്കിടക്കുമ്പോള്‍
കെട്ടിപ്പിടിക്കാഞ്ഞിട്ട്
അമ്മൂമ്മക്കഥ കേട്ട്
തലയാട്ടാതിരുന്നിട്ട്
കണ്ണന്‍ ചിരട്ടയിലെ
മണ്ണപ്പം തിന്നാഞ്ഞിട്ട്
കണ്ണുപൊത്തിക്കളിക്ക്
അലമാരയിലൊളിക്കാഞ്ഞിട്ട്
കൂട്ട് വെട്ടിന് മറിച്ചു വെട്ടാഞ്ഞിട്ട്
കൂട്ടു കൂടുമ്പം
കുലുങ്ങിച്ചിരിക്കാഞ്ഞിട്ട്

എന്നിട്ടും
ഉണ്ണിപ്പിറന്നാളിന്
കൂട്ടമായി കിട്ടിയ
ഉമ്മകളിലൊരെണ്ണം
ആരും കാണാതെ
ചുണ്ടത്ത് തന്നതല്ലേ.
പിന്നെ ഒട്ടു വളര്‍ന്നപ്പോ
ഒപ്പം വളരാതിരുന്നിട്ടല്ലേ
പെട്ടന്നങ്ങ് മറന്നു കളഞ്ഞത്.

ഇപ്പോഴീ വരാന്തയില്‍
ഉഷ്ണരാത്രികളിലെ
ഓര്‍മകളില്‍
നീയെന്റെ ആദ്യത്തെ
ഉമ്മക്കവിള്‍
കിതയ്ക്കാത്ത,
വിയര്‍ക്കാത്ത പെണ്ണുടല്‍.
അവസാന പുകയെക്കാള്‍
മധുരിച്ച ആദ്യ ചുംബനം
നിന്റെ പൂക്കളുടപ്പ് പൊക്കിയല്ലേ
എന്റെ ആദ്യത്തെ നാണം.

ഒരിക്കല്‍ മാത്രം
നിന്റെ നീണ്ട മൗനങ്ങളുടെ
ആഴത്തിലേക്ക്
പൊക്കിള്‍കൊടിയോളം വണ്ണമുള്ള
ഒരു വൈക്കോല്‍ത്തുരുമ്പ്
തിരിച്ചു വിളിച്ചിരുന്നു
പിണക്കങ്ങളുടെ
പെരുക്കപ്പട്ടികയ്ക്കും
പ്‌ളാവിലപ്പാത്രത്തില്‍
പാല്‍ കുറുക്കാനും.

ഇന്ന്
ഓര്‍മകളുടെ ചുവരില്‍
നീ വെറുമൊരു
സങ്കട സ്റ്റാറ്റസ്.





Thursday, April 14, 2011

പൂട്ടിയ മുറിയില്‍ താക്കോല്‍ തിരയുമ്പോള്‍


ഒറ്റയ്ക്കാണെന്ന് ആരാ പറഞ്ഞെ ?
ഉള്ളില്‍ പാളം തെറ്റിയ
ഒരു തീവണ്ടിയും
ശ്വാസം മുട്ടിമരിച്ച
സ്വപ്‌നങ്ങളുമില്ലേ
പിന്നെ പാറയിലിടിച്ചു
മുങ്ങിയ ഒരുകപ്പലും
മുങ്ങി മരിച്ച
ഓര്‍മകളുമില്ലേ
നടക്കാനിറങ്ങിയ
ഒരു മരണവും
ഞെട്ടിയുണര്‍ന്ന ഉറക്കവും
തിരിച്ചു വരില്ലേ
പനിച്ചൂടും നടക്കാക്കിനാവും
ഇലയില്‍ വീണ മുള്ളും
ഇടറിയ പാട്ടും
പൊട്ടിയ മഴവില്ലും
ഒരു വിളിപ്പാടകലെയുണ്ട്
ഒന്നു വിളിച്ചാലോടിയെത്തും.
നിരതെറ്റിയ പല്ലും
നിലവിളി പോലത്തെ
ചിരിയുമുള്ള ആ ഒറ്റക്കണ്ണി
കഞ്ഞിയും കറിയും കളിച്ചു വരും
പിന്നെയും ബാക്കിയുണ്ടല്ലോ
മുണ്ടു മുറുക്കിയുടുത്ത
ഒരു പാട് കിനാവുകള്‍
ഇനിയും പറയല്ലേ
ഒറ്റക്കാണെന്ന്.

വസന്തം നിന്റെ ചുണ്ടില്‍ ചെയ്യുന്നത്‌


പലവട്ടം ഞാന്‍ പറഞ്ഞിട്ടില്ലേ
നിന്റെ പുഞ്ചിരിയില്‍
ഒരു പൂ വിരിയുമെന്ന്
നിന്റെ പൊട്ടിച്ചിരിയില്‍
ഒരു പൂമഴയുണ്ടെന്ന്
നിനക്കുമുണ്ടൊരു പൂക്കാലമെന്ന്
നീയെനിക്കൊരു പൂമരമെന്ന്
നിനക്ക് ഞാനൊരു ഗന്ധര്‍വ്വനെന്ന്.

Thursday, April 7, 2011

കണ്ണാടി നന്നായാല്‍


എന്നും രാവിലെ പല്ലു തേക്കുമ്പം
മനം മറിഞ്ഞ് മഞ്ഞവെള്ളം കക്കുമ്പം
വിചാരിക്കും ഇനിയില്ല, നിര്‍ത്തിയേക്കാമെന്ന്.
പിന്നെ കുളികഴിഞ്ഞ് തല തുവര്‍ത്തുമ്പോള്‍
കലങ്ങിയ കണ്ണു തിരുമ്മി
ഒന്നൂടൊറപ്പിക്കും, ഇനി തീരേയില്ല.
എട്ടു മണിക്കു തുടങ്ങും തലവേദ,
ഒരു ചെറുതടിച്ചാല്‍ ശരിയാകുമെന്ന
തോന്നലിനെ ഉപ്പുസോഡയില്‍ മുക്കിക്കൊല്ലും.
റെയില്‍വേസ്്‌റ്റേഷനു പിന്നിലെ ചായക്കടയില്‍
ചമ്മന്തിയില്‍ കുളിച്ച ഇഡലികളില്‍ നോക്കി
അലയൊടുങ്ങിയപ്പോയ വിശപ്പിനെ
തിരിയെ വിളിച്ചു മടുക്കുമ്പോള്‍
പിന്നെയും ഉറപ്പിക്കും ഇനി ഒരിക്കലുമില്ല.
പത്തു മണിക്കു പണി തുടങ്ങി
അടഹാസവും അട്ടിമറിക്കലും
തെറിവിളിയും തോറ്റം പാട്ടും
ഇതിനെക്കെ ഇടക്കൂടെ
വീട്ടീന്നുള്ള വിളി, അവളുടെ വിളി,
മരിച്ചറിയിപ്പ്്, കല്യാണം വിളി
അങ്ങനെയങ്ങനെ മോളീന്നു മാത്രം
വിളിവരാതെ മണിയഞ്ചടിക്കുമ്പോഴേക്കും
ഉള്ളില്‍ അതിവേഗത്തില്‍ വന്ന
ഒരു തീവണ്ടി പാളം തെറ്റും
പിന്നെയാണ് ഉള്ളില്‍ നിന്നും ഒരു വിളി
ചേക്കേറുവാനായി സമയം തെറ്റാതെത്തുന്നത്
എന്നിട്ട് പതുക്കെ ഒരു ചോദ്യമുണ്ട്
അല്ലേലും വൈകിട്ടെന്തോന്നാ പരിപാടി ?
സിനിമ മടുപ്പാണ്, പാര്‍ക്കും കടപ്പുറവും
ഉപ്പുകാറ്റും പഞ്ചാരമണലും പായല്‍ പിടിച്ചു.
ചുമ്മാ നടപ്പ് ഇരുട്ടിലേക്കുള്ള ദൂരം കുറയ്ക്കും
ഒരു തുള്ളി മരണത്തിനാണേല്‍
ഈ മുടിഞ്ഞ ചൂടത്ത് തിരിഞ്ഞും
മറിഞ്ഞും കിടന്നു മടുക്കും
അങ്ങനെയങ്ങനെ കല്ലുകളിച്ചു കളിച്ച്്
ചൂടും തണുപ്പും പറഞ്ഞു പറഞ്ഞ്
ഒരു നീണ്ട നിരയുടെ പിന്നിലൊളിക്കും.
മനംപുരട്ടലും മഞ്ഞവെള്ളവും
കഴിഞ്ഞ് ഇനി നാളെ രാവിലെ
കലങ്ങിയ കണ്ണുമായി
കണ്ണാടിയില്‍ നാണിച്ചു നിക്കണം.

Tuesday, February 1, 2011

മരുഭൂമിയിലെ രാത്രി


പകല്‍ പറയാന്‍ മറന്നതെല്ലാം
രാത്രിയുടെ മണല്‍ക്കാറ്റ് മൂടിപ്പോയി
ഓര്‍ത്തെടുക്കുവാനാഞ്ഞപ്പോഴൊക്കെ
ഒരു പാതിരാക്കോഴിയുടെ കൂവല്‍
കറുത്ത നിഴലായി അടയാളങ്ങളെ
മായ്ച്ചു കൊണ്ടിരുന്നു.
ദിക്കറിയാതലഞ്ഞവരുടെയെല്ലാം
ചെരിപ്പടികളില്‍ കണ്ണിയിളകിപ്പോയ
വാക്കുകള്‍ വക്കൊടിഞ്ഞ്
തേഞ്ഞു തേഞ്ഞില്ലാതായി.
ശേഷംതുരുമ്പിച്ച വാക്കിന്‍ കഷണങ്ങള്‍
തീര്‍ഥാടകരുടെ നഗ്‌നപാദങ്ങളില്‍
ഉണങ്ങാത്ത മുറിവായി.
ഒടുവില്‍ അവസാന വാക്ക്
കല്ലില്‍ തട്ടി മുള്ളിലുരഞ്ഞ്
മരുഭൂ വിഴുങ്ങിയ പുഴ തേടിയിറങ്ങി

Wednesday, January 26, 2011

മയില്‍പ്പീലിയെക്കുറിച്ച്


പുസ്തകത്താളിനുള്ളില്‍
മാസം തികഞ്ഞിരുന്ന നിന്നെ
എത്രനാള്‍ ഞാന്‍ കാത്തു വച്ചു.
ഒടുവില്‍
കൗതുകത്തിന് കടിഞ്ഞാണ്‍
പൊട്ടിയൊരുച്ച നേരം
പേറ്റുനോവ് കീറും മുമ്പേ
ഞാന്‍ തുറന്നു വിട്ട വെളിച്ചത്തില്‍
നിന്റെ കടിഞ്ഞൂല്‍ അലസിപ്പോയി.