
Friday, November 26, 2010
ഉള്ളില്‍
Monday, November 22, 2010
ഇപ്പോള്‍ പരിധിക്ക് പുറത്താണ്

എന്റെ ഇടുതു കൈയിലെ
ചെറുവിരലില്‍ എപ്പോള്‍
വേണേലും ഊരിപ്പോകാന്‍
പാകത്തിന് കിടപ്പുണ്ട്.
ഇനിയും മടങ്ങാതെ
ചുറ്റിവരിഞ്ഞ ഒരു സ്പര്‍ശം.
മോതിര വിരലിനെ സ്‌നേഹം
കൊണ്ട് ശ്വാസം മുട്ടിച്ച
ഒരുച്ച നേരത്താണ്
താഴത്തും തലയിലും
വയ്ക്കാതെ
ചെറു വിരലിലേക്കു മാറ്റിയത്.
കുളിമുറിയില്‍ സോപ്പുപതയുടെ
നീറ്റലില്‍ കണ്ണു
തിരുമ്മിയടക്കുമ്പോള്‍
ആകെ അങ്കലാപ്പാണ്.
വഴുതിയിറങ്ങി
പറയാതെ പോയാലോ.
നീലപ്പുതപ്പിനടിയില്‍
ഉറക്കത്തിനിടയില്‍ ഇടക്കിടെ
ഞെട്ടിയുണര്‍ന്ന് തപ്പി നോക്കാറുണ്ട്.
പേടി സ്വപ്നങ്ങള്‍ കണ്ട്
ശ്വാസം മുട്ടി മരിച്ചാലോ.
ഇന്നലെ ഒരു വന്‍മല മടിയില്‍
കിടത്തിയുറക്കാന്‍ വിളിച്ചപ്പോഴും.
കാട് കനിവുണ്ണാന്‍ തണലിലിരുത്തയപ്പോഴും
പിന്നെ, വിഷം കുടിച്ച് മയങ്ങി
മടങ്ങുമ്പോഴും മുറുകെ പിടിച്ചിരുന്നു.
എന്റെ ഇടതു കൈയിലെചെറുവിരലില്‍
ഇപ്പോഴുംചുറ്റി വളഞ്ഞ് കിടപ്പുണ്ട്.
വിട പറയാന്‍ മടിച്ച്
ഒരു സ്‌നേഹ സ്പര്‍ശം.
വാക്ക് ഒരു മരം

കുടയില്ലാക്കാലം
ഇലകള്‍ നിവര്‍ത്തിയ
പുള്ളിക്കുട.
ഇലയില്ലാക്കാലം
വെറുമൊരു കാഴ്ച.
ചിലപ്പോഴൊക്കെ
കരിയിലകള്‍ പുതപ്പിച്ച
കടലാസ് പൂക്കളേക്കാള്‍
കനം കുറഞ്ഞ ഒരോര്‍മ
കാറ്റു വീശാത്ത നേരങ്ങളില്‍
ഒരു പഴുത്ത ഇല പൊഴിഞ്ഞു
താഴെയെത്തുന്ന നേരം കൊണ്ട്
ചില്ലകള്‍ ഒരു കഥ പറയും.
ഒരു രാത്രി രണ്ടു നിഴലുകള്‍
ആലിംഗനത്തില്‍ നിന്നുണര്‍ന്നു
വഴി പിരിഞ്ഞു പോയ കഥ.
അങ്ങനെയങ്ങനെ
പറഞ്ഞു പറഞ്ഞ് ഒടുവില്‍
നിന്റെ വാക്കിന്റെ തുമ്പില്‍
ഒരു തൂങ്ങി മരണം.
Thursday, November 18, 2010
കുപ്പിവെള്ളം

ഒരിക്കല്‍ മാത്രം പുഴ
പുറകോട്ടൊഴുകും
വക്കു പൊട്ടിയതും
മുനയൊടിഞ്ഞതും
ചുക്കിച്ചുളിഞ്ഞതും
കെട്ടു വിട്ടതും
കൂടെപ്പോരും
കൈതക്കാട്ടിലെ
ഒളിഞ്ഞുനോട്ടവും
നീര്‍ക്കോലിപ്പേടിയും
മുങ്ങാംകുഴിക്കു മുന്നെ
ഒഴുകിയെത്തും.
മലവെള്ളപ്പാച്ചിലില്‍
അഴിഞ്ഞ മൂട് കീറിയ
ഒരു നിക്കറും
കയ്യിലൊതുങ്ങാതെ
കളിച്ചു ചാടിയ
അഞ്ഞൂറ്റൊന്നൂ സോപ്പും
കല്ലിലുടക്കി നിക്കും
കരയുന്ന കണ്ണു കാണാന്‍
വലിച്ചെറിഞ്ഞ
കണ്‍മഷിക്കുപ്പിയും വരും
ഈറന്‍ കുതിര്‍ന്ന
സില്‍ക്കിന്റെ പോസ്റ്റര്‍
നാലായി മടക്കിയത്
അര്‌യ്‌ക്കൊപ്പം വെള്ളത്തില്‍
നിവര്‍ന്നു നിക്കും
പണ്ട് പാലത്തിനടിയില്‍
വെച്ച് മീശവിറപ്പിച്ച വാള
കെട്ടു പൊട്ടിച്ചോണ്ടു പോയ
ചൂണ്ടയും വരും.
ഓടിക്കോ ഒരു പുഴ
പുറകോട്ട് വരുന്നുണ്ട്
കണ്ണുതുറിച്ചതും
തലയറ്റതും
വയറു വീര്‍ത്തതും
കാലില്‍ പിടിച്ചു വലിക്കും
Thursday, November 4, 2010
ആമേന്‍

ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു.
ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകള്‍
കുഴിമാടങ്ങളില്‍ ജമന്തിയും
ആസ്ട്രയും വാടാമല്ലിയും
കൊണ്ടു കനം വെപ്പിച്ചു.
വില കൊടുത്തു വാങ്ങിയ ഒരു ട്യൂബ് റോസ്
ഒപ്പീസിനു മുന്നേ വാടി.
പിന്നെയും ഓര്‍മകള്‍
ചന്ദനത്തിരിയായി പുകഞ്ഞും
മെഴുതിരിയായി എരിഞ്ഞും
ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.
നെറ്റിയിലൊരു കുരിശ്
തിടുക്കത്തിലൊരു തുള്ളി കണ്ണീര്‍
ഉരുകിയ മെഴുകുതുള്ളി വിരല്‍തുമ്പില്‍
വീണിട്ടും അതിനായി പാടു പെട്ടു.
ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമായിരുന്നു.
ആദ്യമൊക്കെ എപ്പോഴുമുണ്ടായിരുന്നു
പിന്നെ ഇടക്കൊക്കെയായി
ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലും.
നേരമില്ലാത്ത നേരത്താണെങ്കില്‍
വന്ന കാലെ നിക്കും, പിന്നെ തിരിഞ്ഞു നടക്കും
ഇന്ന് മരിച്ചവരുടെ ഓര്‍മദിവസമാണ്
പെട്ടി നന്നായടക്കണമെന്ന്
പലവട്ടം ആരോ പറഞ്ഞതാണ്
സാരമില്ല ഇനി അടുത്ത വര്‍ഷമല്ലേ വരൂ.
Thursday, September 16, 2010
'കരച്ചില്‍ ഒരു ചെടിയാണ്'

"ദേ അവനൊരു കവിതയെഴുതിയെന്ന്." ആരോ ട്രെയിനിനു മുന്നില്‍ ചാടിയെന്നു പറയുന്ന പോലെ ഒരന്ധാളിപ്പ്! പക്ഷെ ഇതങ്ങനെയല്ല. അവര്‍ മൂന്ന് പേരുണ്ട്, വാക്കിന്റെ ചില്ലയില്‍ കവിതയുടെ നാരു കൊണ്ട് കൂടു കൂട്ടിയ മൂന്നു കൂട്ടുകാര്‍. അവരുടെ ഒറ്റപ്പുസ്തകം 'കരച്ചില്‍ ഒരു ചെടിയാണ്' ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് തലയോലപ്പറമ്പ് യു.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത കവിയും നിരൂപകനും അദ്ധ്യാപകനുമായ മനോജ് കുറൂര്‍ നോവലിസ്റ്റ് അന്‍വര്‍ അബ്ദുള്ളയ്ക്ക് നല്‍കിയാണ് മൂന്ന് കവികളുടെ ഒറ്റ സമാഹാരം പുറത്തിറക്കിയത്. അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ നൂറ്റമ്പതിലധികം അളുകള്‍ ഇരുന്നും നിന്നും കണ്ട ഒരു പുസ്ത പ്രകാശനച്ചടങ്ങ്. തലയോലപ്പറമ്പ് പോലെ ഒരു സ്ഥലത്ത് ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന് ഇത്രയും ആളുകളെ കണ്ടതിന്റെ അത്ഭുതം ചടങ്ങിനെത്തിയ വിശ്ഷ്ടാതിഥികളും മറച്ചു വെച്ചില്ല. ഉദ്ഘാടനം മുതല്‍ നന്ദിപ്രകാശനം വരെ എല്ലാവരും കാത്തു നിന്നു. ഒരിക്കല്‍ കൂടി യുവകവികളെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും മടങ്ങി. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ സഹപാഠികളാണ് ജയകുമാര്‍ കെ. പവിത്രനും സിബു സി.എമ്മും ടി സാജുവും. വര്‍ഷങ്ങള്‍ക്കു കലാലയത്തില്‍ നിന്ന് പിരിയാന്‍ നേരം ഓര്‍മക്കുറിപ്പില്‍ അവരും പതിവു തെറ്റിക്കാതെ ആത്മനൊമ്പരത്തിന്റെ വരികളെഴുതി അടിയൊലൊപ്പിട്ട് പിരിഞ്ഞു. നാളേറെക്കഴിഞ്ഞിട്ടും അതിലെ താളുകളില്‍ നിറം മങ്ങാതെ അക്ഷരങ്ങള്‍ മായാതെ നിന്നു. അവര്‍ക്കിടയില്‍ കവിതയുടെ നൂലിഴകളുണ്ടായിരുന്നു. വീണ്ടും ഒരുമിക്കുമ്പോള്‍ ഒറ്റക്കെട്ടാകാന്‍. അങ്ങനെയാണ് മൂന്നു യുവകവികളുടെ ഒറ്റപ്പുസ്തകം പിറക്കുന്നത്. ആലോചകളും ആശങ്കകളുമായി കാലം കടന്നു പോകാന്‍ കാത്തിരുന്നില്ല. മനോജ് മുളവുകാടെന്ന യുവ പ്രസാധകന്‍ അവരുടെ കവിതയെ അച്ചടിച്ചു പുസ്തമാക്കി. മൂന്നു പേരുടെ സ്വപ്നം ഒരു മരമായപ്പോള്‍ അവരതിന് കരച്ചില്‍ ഒരു ചെടിയെന്ന് പേരിട്ടു. കെട്ടിലും മട്ടിലും പുതുമയും വ്യത്യസ്തതയുമുള്ള ഒരു കവിതാ സമാഹാരം. ഉള്ളടക്കവും ഗംഭീരമെന്ന് അവതാരികയെഴുെതിയ പ്രശസ്ത കവി എസ്. ജോസഫ്.തലയോലപ്പറമ്പ് സ്വദേശിയാണ് സിബു. പാരലല്‍ കോളജ് അദ്ധ്യാപനത്തിനും ഏറെ നാളത്തെ പി.എസ്.സി പരീക്ഷണങ്ങള്‍ക്കും ശേഷം ഇപ്പോള്‍ മാഞ്ഞൂര്‍ പഞ്ചായത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍. കോതനെല്ലൂര്‍ സ്വദേശിയാണ് സാജു. എം.ജിയൂണിവേഴ്സിറ്റി സ്കൂള്‍ ലെറ്റേര്‍സില്‍ എം.ഫിലിനു ശേഷം ഇപ്പോള്‍ ബി.എഡ് ചെയ്യുന്നു. വടയാര്‍ തുറുവേലിക്കുന്ന് സ്വദേശിയായ ജയകുമാര്‍ ഇപ്പോള്‍ പി.എസ്.സി പരീക്ഷണങ്ങളോടൊപ്പം പെയിന്റിംഗ് തൊഴിലാളിയാണ്. ഡി.ബി കോളജിലെ പഠനകാലത്ത് മൂവരും കവിതയിലും നാടകത്തില്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു. ജയകുമാര്‍ എം.ജി യൂണിവേഴ്സിറ്റി നാടകോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാജു യൂണിവേഴ്സിറ്റി തലത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മൂവരുടെയും കവിതകള്‍ മൂന്നു ഭാഗങ്ങളിലായാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രനാളും നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെ നനവും മണവുമുള്ള ജീവിതഗന്ധിയായ കവിതകള്‍. ഒറ്റപ്പുസ്തകത്തിനുള്ളിലും ഈ കവികള്‍ വ്യത്യസ്ത ശൈലികള്‍ കൊണ്ട് വേറിട്ടു നില്‍ക്കുന്നു. കൊത്തങ്കല്ലുകളില്‍ നിന്ന് ഇറങ്ങി റേഷന്‍ കടയിലേക്കു പോയ ഒരുത്തി സാജുവിന്റെയും ഓട്ടോ ഒരു ഷെല്‍ഫും കുഞ്ഞുങ്ങള്‍ കുത്തി നിറച്ച പുസ്തകങ്ങളാവുന്ന സിബുവിന്റെയും പ്രണയത്തെക്കുറിച്ചു ചോദിച്ചാല്‍ ഉത്തരമില്ലാത്ത ഗൂഗിള്‍ ജയകുമാറിന്റെയും നിരീക്ഷണങ്ങളുടെയും അവതരണത്തിന്റെയും വ്യത്യസ്തതകലെ ചൂണ്ടിക്കാട്ടുന്നു. പ്രകാശനം കഴിഞ്ഞിട്ടും അവര്‍ മൂവരും ഈ പുസ്തകത്തെക്കുറിച്ച് ഗൌരവമായ ചര്‍ച്ചയിലാണ്. കവിതയുടെ വിപണനസാധ്യതയെക്കുറിച്ചോ വിമര്‍ശന ശരങ്ങളുടെ മൂര്‍ച്ചയെക്കുറിച്ചോ അല്ല, സ്വപ്നങ്ങള്‍ അച്ചടിമഷി പുരളാന്‍കടം വാങ്ങിയ കാശ് മടക്കി നല്‍കുന്നതിനെക്കുറിച്ച്.
Subscribe to:
Posts (Atom)
