Saturday, October 10, 2009

ഹമേം തുംസെ പ്യാര്‍ കിത്ന...


സാഗരം എത്ര ചാരെയാണ്, എന്നിട്ടും എത്ര തവണ കേട്ടാലും ആ ഗാനങ്ങള്‍ പിനെയും മനസ്സില്‍ വല്ലാത്ത ദാഹം ഉണ്ടാക്കുന്നു. കിഷോര്‍ദായുടെ പട്ട്ടുകള്‍ അങ്ങനെയാണ് എത്ര കേട്ടാലും മതി വരില്ല. എത്ര തവണ ആ വരികള്‍ ഒഴുകി എത്തിയാലും അറിയാതെ നമ്മള്‍ മൂളിപ്പോവും ഫിര്‍ ഭി മേരാ മന്‍ പ്യാസ...വേര്‍പാടിന് 22 വര്ഷം പൂര്‍ത്തിയാവുമ്പോള്‍ നാം പിന്നെയും പിന്നെയും അറിയാതെ മൂളുന്നു ഹമേം തുംസെ പ്യാര്‍ കിത്ന...


Thursday, October 1, 2009

ഹൃദയരാഗം


കഭി കഭി മേരെ ദില്‍ മേ ...

അതെ, ഒരിക്കല്‍ മാത്രം കേട്ടാല്‍ മതി. പിന്നെ ഹൃദയത്തില്‍ നിന്ന് ഇടയ്ക്കിടെ കേള്‍ക്കാം ആ വാനംബ്ബാടിയുടെ പാട്ടുകള്‍. ആര് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാ രംഗത്ത് പടി വളര്‍ന്ന ആ വാനംബ്ബാടിയുടെ പേര് ലത്‌ മങ്കേഷ്കര്‍. 80 വയസു കഴിഞ്ഞിട്ടും ഇന്നും ഭാരതത്തിനു മാത്രം സ്വന്തമായ ആ സ്വരമാധുരി കാതുകളിളുടെ ഹൃദയത്തിലെക്കൊഴുകിയെതുന്നു. മുല്ല വള്ളിയും തേന്മാവും പോലെ ലതാജിയും സംഗീതവും ആര് പതിറ്റാണ്ടുകളായി പുണര്‍ന്നു നില്‍ക്കുന്നു. ഇന്ത്യന്‍ സിനിമാ സംഗീതത്തിനു ഇത്രയേറെ സംഭാവന നല്‍കിയ മറ്റൊരു പ്രതിഭ വേറെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെയാണ് ഭാരത സബ്ദത്ത്തെ തേടി പരമോന്നത ബഹുമതിയായ ഭാരതരത്നം എത്തിയതും. അത്ഭുതത്തോടെ നോക്കി നിന്നവരും ആരാധകരും ഇത് വരെയുള്ള ലതായുഗത്തില്‍ നിറഞ്ഞു നിന്നിരുന്നു. ലതാജിയുടെ ഒരു വരിയെങ്കിലും മൂളാത്തവരില്ല . അത് കൊണ്ട് തന്നെയാണ് ടൈം മാഗസിന്‍ അവരെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് ഒരിക്കല്‍ വിശേഷ്പ്പിച്ചത്. ലോകമെങ്ങുമുള്ള ആരാധകര് ഭാരതത്തിന്റെ വാനംബാടിക്കു പിറന്നാള്‍ ആശംസ നേരുമ്പോള്‍ അവര്‍ മുംബയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളില്‍ ഒതുങ്ങിക്കൂടി. 1942 ലാണ് ലതാജി ആദ്യമായി പിന്നണി പാടുന്നത്. ആപ്കി സെ മേം ആയിരുന്നു ആദ്യ ചിത്രം. 1950 ഓടെ അനില്‍ ബിശ്വാസ്,ശങ്കര്‍ ജയ്കിഷാന്‍, സലില്‍ ചൌധരി, എസ്.ഡി. ബര്‍മന്‍ തുടങ്ങിയവരുടെ സംഗീതത്തില്‍ ലതാജി നിരവധി ഹിറ്റുകള്‍ക്ക് ജീവന്‍ നല്‍കി. ഓസ്കാര്‍ ജേതാവ് എ.ആര്‍. രഹ്മാനു വേണ്ടിയും ലതാജി ഹിറ്റ് പാട്ടുകള്‍ പടി. ഹേമന്ദ് കുമാറിന്റെ സംഗീതത്തില്‍ കഹി ദീപ ചലേ ആയെ എന്ന ഗാനം ലതാജിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്‌ നേടിക്കൊടുത്തു. ജീവസുറ്റ ആ ശബ്ദധാരയ്ക്ക് പുറമേ ചില മറാത്തി ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനവും ലതാജി നിര്‍വഹിച്ചു. ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. പദ്മഭൂഷന്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഈ അനുഗ്രഹീത ഗായികയെ തേടിയെത്തിയിട്ടുണ്ട്.


Saturday, September 26, 2009

ഓര്‍മകളുടെ പട്ടുറുമാല്‍ പോലെ സ്മിത


മദ്രാസ്,

മനസു നിറയെ സിനിമ മോഹങ്ങളുമായി നടന്നിരുന്നവരുടെ സ്വപ്ന തീരം. സിനിമയ്ക്കകതും പുറത്തും ഒരുപാടു ജീവിതങ്ങള്‍ പച്ച പിടിച്ചതിന്റെയും പായല്‍ പുതഞ്ഞു പോയതിന്റെയും കഥ പറയും ഈ നഗരം. ആ കഥകളില്‍ ഒരു സെപ്റ്റംബര്‍ ഇരുപത്തിമൂന്നുണ്ടായിരുന്നു. ഒമ്പതാം വയസില്‍ മനസ് നിറയെ സിനിന്മ മോഹങ്ങളുമായി മദ്രാസില്‍ വണ്ടിയിറങ്ങി പത്തൊമ്പത് വര്‍ഷം തെന്നിന്ത്യന്‍ സിനിമയെ കുളിരണിയിച്ചു പതിമൂന്നു വര്‍ഷം മുന്‍പ് മരിച്ചു പോയ ഒരു നടി തന്റെ ആത്മഹത്യാ കുറിപ്പില്‍ എങ്കിലും എന്റെ ദൈവമേ നീ എന്നെ എന്തിനു സൃഷ്ടിച്ചു എന്നെഴുതിയ ദിവസം. ബന്ധുവിനോടൊപ്പം ആണ് മദ്രാസില്‍ വണ്ടിയിറങ്ങിയ വിജയലക്ഷ്മി എന്ന ആ പെണ്‍കുട്ടിയെ തെന്നിന്ത്യ മുഴുവന്‍ അറിയും. അവളുടെ ഒരു പുഞ്ചിരി കൊണ്ടും കണ്ണുകളിലെ നക്ഷത്ര തിളക്കം കൊണ്ടും സ്ത്രം ഒരു സിനിമ വിജയിച്ചിരുന്ന കാലം. ആ മന്ദസ്മിത്തിനുടമ മറ്റാരുമല്ല തമിഴിലെയും മലയാളത്തിലെയും പ്രേക്ഷകരെ ഒരു കാലത്ത് വെള്ളിത്തിരയ്ക്ക് മുന്നില്‍ ത്രസിപ്പിച്ചിരുത്തിയ സില്‍ക്ക് സ്മിത തന്നെ. ഒമ്പതാം വയസില്‍ മ്ദ്രസിലെത്തിയ വിജയലക്ഷ്മി പിന്നീട് സ്മിതയായി. 1979 ല്‍ വണ്ടിച്ചക്രം എന്ന സിനിമയില്‍ ബാര്‍ നര്‍ത്തകിയുടെ വേഷത്തിലെത്തിയ ശേഷമാണ് സ്മിത സില്‍ക്ക് സ്മിതയാവുന്നത്‌. വണ്ടിച്ചക്രത്തിനു ശേഷം പിന്നീടങ്ങോട്ട് സിനിമകളുടെ ഘോഷയാത്ര തന്നെയായിരുന്നു.മൂന്നാം പിറ്യ്, മൂന്ട്രുമുഖം, കോഴി കൂവുത്, തുടങ്ങി ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് പുറമേ മലയാളത്തിലും തമിഴിലും സ്മിതയെ തേടി നിരവധി അവസരങ്ങള്‍ എത്തി. മമ്മൂട്ടിയോടൊപ്പം അധര്‍വത്തിലും മോഹന്‍ലാലിനൊപ്പം സ്ഫടികത്തിലും സ്മിത ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റു നദികളില്‍ നിന്നും സ്മിതയെ വേറിട്ട്‌ നിര്‍ത്തിയിരുന്നത് മാദകത്വം തുളുമ്പുന്ന കണ്ണുകളായിരുന്നു. കേലവും സിനിമയും ഇന്നത്തെ പോലെയായിരുന്നില്ല. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത സധനങ്ങളുടെ പട്ടികയില്‍ സ്മിതയും അവളുടെ സിനിമകളും ഒന്നാമതായി. ഒളിഞ്ഞും മറഞ്ഞും അന്ന് കണ്ട കാഴ്ചകള്‍ ഇന്നും ഒരു തലമുറയെ കുളിരണിയിപ്പിക്കുന്നുണ്ടാവണം. പാട്ടും നൃത്തവുമായി മുന്നുറിലധികം സിനിമകളില്‍ വേഷമിട്ട സ്മിതയുടെ മലയാളത്തിലെ ശ്രദ്ധേയമായ വേഷങ്ങളിലോന്നയിരുന്നു തുളസിദാസ്‌ സംവിധാനം ചെയ്ത ലയനത്തിലെത്. വേര്‍പാടിന്റെ പതിമുന്നു വര്‍ഷം തികയുമ്പോള്‍ മലയാളം സ്മിതയെ ഓര്‍മിക്കുന്നത്‌ നിരവധി സിനികളില്‍ അവര്‍ ചെയ്ത ക്യാരക്ടര്‍ വേഷങ്ങളുടെ പെരിലയിരിക്കില്ലെന്നു ഉറപ്പിക്കാം. ഇത്തിരി ഉടുപ്പില്‍ സി ക്ലാസ് തിയേറ്ററില്‍ അവള്‍ നിറഞ്ഞാടിയ ഗ്ലാമര്‍ വേഷങ്ങളുടെ ഒര്മാകലയിരിക്കും അയ വെട്ടുന്നത്. ഈ കാണുന്നതൊന്നും ഒരു കാഴ്ചയല്ല. ഒളിഞ്ഞും മറഞ്ഞും ചെറിയ വിടവിലൂടെ നോക്കിയപ്പോള്‍ കണ്ടതാണ് കാഴ്ചകള്‍ എന്ന് പോയ കാലങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടെയിരികുന്നു. സില്‍ക്കിന്റെ ഓര്‍മകളും അത് പോലെ തന്നെ. ഒടുവില്‍ ആര്‍ക്കും ഒരു വിസദീകരണവും നല്കാതെ ഇരുട്ട് കൊണ്ടൊരു കത്തെഴുതി ആരോടും ഒന്നും പറയാതെ അവള്‍ പോയി. എന്നിട്ടും ഇപ്പോഴും ഉണ്ട് ആ ഓര്‍മകള്‍ക്ക് പട്ടിന്റെ തിളക്കം.


Saturday, October 4, 2008

ഗുല്‍മോഹര്‍ പൂക്കുമ്പോള്‍


പൂക്കുന്ന കാലത്ത്‌ ഇലകളെ മറയ്‌ക്കുന്ന ചുവപ്പാണ്‌ ഗുല്‍മോഹറിന്‌, പച്ചയുടെ കാഴ്‌ചകളെ മറയ്‌ക്കുന്ന തീഷ്‌ണമായ ചുവപ്പ്‌. ഗുല്‍മോഹര്‍ ഓര്‍മയിലെ പൂക്കാലമാണ്‌, കാത്തിരിപ്പിന്റെ നിഴലാണ്‌. അഭിനിവേശത്തിന്റെ ചുവപ്പാണ്‌. എങ്കിലും ഇല പൊഴിയും കാലം ഉണങ്ങിയ ചില്ലകള്‍ മാത്രമാകുന്നു.

വിപ്ലവകാരിയുടെ വര്‍ത്തമാനകാലത്തില്‍ നിന്നാണ്‌ ഗുല്‍മോഹറിന്റെ തുടക്കം. ഭൂതകാലത്തില്‍ ഗുല്‍മോഹറെന്ന പേര്‌ മറയാക്കിയ ഇന്ദുചൂഡന്‍ ഇന്ന്‌്‌ ഭര്‍ത്താവും രണ്ടു കുട്ടികളുടെ പിതാവും സ്‌കൂള്‍ അദ്ധ്യാപകനുമാണ്‌. ഇന്നയാളുടെ മുടിയിഴകളിലും മീശരോമങ്ങളിലും നര വീണു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, പക്ഷെ മനസ്‌ ഇപ്പോഴും പഴയ സംഘം ചേരലുകളുടെ ചേരത്തിളപ്പില്‍ നിന്നും പിടി വിട്ടിട്ടില്ലെന്ന്‌ തിരിച്ചറിയാന്‍ കഴിയുന്നത്‌ അയാളുടെ ഇടപെടലുകളില്‍ നിന്നാണ്‌. വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സഹചാരിയായിരുന്ന ചങ്ങാതിയുടെ അവിചാരിത സന്ദര്‍ശനത്തില്‍ നിന്നാണ്‌ ഇന്ദുചൂഡന്‍ പഴയകാലത്തേക്കു മടങ്ങുന്നത്‌. ഓര്‍മകളിലൂടെയുള്ള ആ സഞ്ചാരത്തിലൂടെയാണ്‌ ഗുല്‍മോഹര്‍ എന്ന സിനിമയുടെ ആഖ്യാനം തുടരുന്നത്‌. തുടക്കത്തില്‍ നല്ലൊരു പിതാവും അലിവും സ്‌നേഹവുമുള്ള അധ്യാപകനുമായി കാണുന്ന ഇന്ദുചൂഡന്റെ ഭൂതകാലത്തിലേക്കുള്ള ഭാവമാറ്റത്തിലാണ്‌ ഗുല്‍മോഹര്‍ എന്ന സിനിമ. ഈ ഭാവമാറ്റത്തിലാണ്‌ നെഞ്ചുവിരിച്ച്‌ കനലിലൂടെ നടന്നിരുന്ന ഒരു ഭൂതകാലം അയാള്‍ക്കുണ്ടായിരുന്നെന്ന്‌ നാം മനസിലാക്കുന്നത്‌.

വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്തിരുന്ന്‌ ആ ഇടിമുഴക്കങ്ങളെ ഞെട്ടലില്ലാതെ ശ്രവിക്കാന്‍ കഴിയുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘം ചേരലും ഈ ഭൂതകാലത്തിലുണ്ട്‌. അനീതിയ്‌ക്കും അസമത്വത്തിനും എതിരായുള്ള അവരുടെ തുറന്ന ഇടപെടലുകളും ഗുല്‍മോഹറിലുണ്ട്‌. ഒരു കോളജ്‌ അധ്യാപകനായ ഇന്ദുചൂഡനും ഈ ഇടപെടലുകളില്‍ നേതൃത്വം വഹിക്കുകയും ശക്തമായ സന്നിധ്യമായിത്തീരുകയും ചെയ്യുന്നു. പ്രസ്ഥാനത്തിന്റെ നിര്‍ദേശപ്രകാരം വളരെ പ്രധാനപ്പെട്ടൊരു ദൗത്യത്തിനായി ആദിവാസി ഊരിലേക്കു എത്തിച്ചേരുമ്പോളാണ്‌ ഇന്ദുചൂഡന്‍ ഗുല്‍മോഹര്‍ എന്നപേരു സ്വീകരിക്കുന്നത്‌, ഒളിപ്പോരാളികളുടെ തന്ത്രം. മറ്റ്‌ സംഘാങ്ങള്‍ക്കും ഇതുപോലെ വിചിത്രമായ പേരുകളുണ്ട്‌.

ആദിവാസികളെ അടിച്ചമര്‍ത്തി ചൂഷണംചെയ്‌ത്‌ അവരുടെ സ്‌ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ചാക്കോമുതലാളിയെന്ന വര്‍ഗശത്രുവിനെ നേരിടാനാണ്‌ ഇന്ദുചൂഡനും സംഘവും ഇവിടെയെത്തുന്നത്‌. പക്ഷെ അവരുടെ ലക്ഷ്യം പിഴച്ചു പോകുന്നു, ആസൂത്രിതമായ നീക്കങ്ങളെങ്കിലും അവര്‍ വകവരുത്തുന്നത്‌ ശത്രുവിനു പകരം മറ്റൊരാളെയാണ്‌. എഴുപതുകളില്‍ സജീവമായിരുന്ന നക്‌സല്‍ പ്രസ്ഥാനം പില്‍ക്കാലത്ത്‌ എങ്ങനെ തകര്‍ച്ചയുടെ വക്കിലേക്കു നീങ്ങി എന്നതിനു ഒരു സൂചനയായി ഈ സംഭവത്തെ വിലയിരുത്താം. നക്‌സലിസം എന്നു കേള്‍ക്കുമ്പോള്‍ ഇന്ന്‌ മനസില്‍ സ്വാഭാവികമായുണ്ടാകുന്ന എല്ലാ കാല്‍പനീക പരിവേഷങ്ങളും ഗുല്‍മോഹറിന്റെ കഥയിലുണ്ട്‌. ഋതുഭേദങ്ങളറിയാതെ പൂത്ത ഗുല്‍മോഹറിനു താഴെ കാത്തിരിക്കുന്ന പാവം പെണ്‍കുട്ടി ആ കാല്‍പനീകത്വത്തിന്റെ ഭാഗമാണ്‌. വളരെ ശക്തവും ആശയങ്ങളും സൗമ്യമായ അവതരണവും ഗുല്‍മോഹറിന്റെ തിരക്കഥയില്‍ ഒരു പോലെ കാണുവാന്‍ കഴിയും. ഒപ്പം ഒരു വിപ്ലവകാരിയുടെ ജീവിതത്തിലെ ചുവടുമാറ്റങ്ങളും. ഈ ചുവടുമാറ്റങ്ങളെയും പരിമിതികളെയും തിരക്കഥയുടെ പോരായ്‌്‌മ എന്നു വിലയിരുത്താനാവില്ലെങ്കില്‍ കൂടി ചില അപൂര്‍ണതകളുണ്ടെന്നെങ്കിലും പറയാതെ വയ്യ.

പൊതു സമൂഹമോ പുതു തലമുറയോ മറന്നു തുടങ്ങിയ ഒര പ്രസ്ഥാനത്തെയോ പ്രവര്‍ത്തനങ്ങളെയോ ബോധമണ്ഡലത്തിലേക്കെത്തിക്കുന്നു എന്നതു തന്നെ ഗുല്‍മോഹറിന്റെ നേട്ടമായി കാണവുന്നതാണ്‌. പക്ഷെ വിപ്ലവം കാലഹരണപ്പെടാനുള്ള കാരണങ്ങളും വിപ്ലകാരിയുടെ പശ്ചാത്താപങ്ങളും കടന്നു വരുന്നത്‌ തിരക്കഥയില്‍ ബോധപൂര്‍വമായി സംഭവിച്ചതാണെന്നു പറയാന്‍ വയ്യ. ഇതില്‍ ഞാന്‍ പെട്ടു പോയതല്ല, ഇതെന്റെ തീരുമാനമായിരുന്നു എന്നു പ്രസ്ഥാനത്തിലേക്കുള്ള കടന്നു വരവിനെക്കുറിച്ച്‌ പോലീസുദ്യോഗസ്ഥനോടു ദാര്‍ഷ്‌ഠ്യത്തോടെ പറയുന്ന ഇന്ദുചൂഡന്‌ ജയില്‍ ജീവിതം ഏകാന്തതയുടെയും പാപബോധത്തിന്റെയുമായിത്തീരുന്നു. അനുഭവങ്ങളുടെ ഉലയില്‍ സ്വയം ഉരുകി പാകപ്പെട്ട ആ വിപ്ലകാരിയ്‌ക്ക്‌ ഒടുവില്‍ ആശ്വാസത്തോടെ ശിഷ്ട ജീവിതത്തിലേക്കു കടക്കുവാന്‍ തുണയാകുന്നത്‌ ഒര വിധവയുടെ പൊയ്‌ക്കോളൂ കര്‍ത്താവ്‌ നിങ്ങളെ രക്ഷിക്കും എന്ന വാക്കുകളാണ്‌. അതു പോലെ തന്നെ വിപ്ലവംപോലെ പ്രണയം തീവ്രമാക്കാന്‍ കഴിയാത്ത ഒരു നായകനെ സിനിമയെന്ന മാധ്യമത്തില്‍ തീര്‍ത്തും നിര്‍വികാരതയോടെയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. നിങ്ങളുടെ അസാന്നിധ്യം എന്റെ കുടുംബജീവിതം ഭദ്രമാക്കും എന്നൊരാള്‍ പറയുന്നിടത്ത്‌ ഇന്ദചൂഡന്‍ എന്ന കാമുകന്റെ പ്രതീക്ഷകളും കാത്തിരിപ്പുകളും ഇല്ലതാവുന്നു. ഒപ്പം സഹവാസം കൊണ്ടു കാമുകയായിത്തീര്‍ന്ന ഒരു പെണ്‍കുട്ടികളുടെ വികാരങ്ങളും നെടുവീര്‍പ്പുകളും തിരശീലയ്‌ക്കു പിന്നിലാവുന്നു. ഇനിയും സാധാരണക്കാരനായ പ്രേക്ഷകനു മുന്നില്‍ ഗുല്‍മോഹറില്‍ ഒരുപാടു ചോദ്യചിഹ്നങ്ങളുണ്ട്‌. ഇന്ദുചൂഡന്റെ കുടുംബജീവിതത്തിലേക്കുള്ള ചുവടുമാറ്റം എങ്ങിനെ എവിടെ തുടങ്ങുന്നു എന്ന ദൃശ്യങ്ങളുടെയോ സൂചനകളുടെയോ അഭാവം മറ്റൊരു സ്‌ത്രീകഥാപാത്രത്തെ ചിത്രത്തില്‍ തമസ്‌കരിക്കുന്നു. സാമൂഹിക ജീവിതത്തില്‍ വീണ്ടും സ്വാസ്ഥ്യം കെടുമ്പോള്‍ അയാള്‍ വീണ്ടും പഴയ ഗുല്‍മോഹറിലേക്കു പരകായപ്രവേശം നടത്തുന്നു. ഇവിടെ സ്വാഭാവികത എന്നു പറയാവുന്നത്‌ ഗുല്‍മോഹര്‍ രണ്ടാം വിപ്ലവത്തിന്‌ അല്ലെങ്കില്‍ ഉന്‍മൂലനത്തിനിറങ്ങുമ്പോള്‍ അത്‌ ഇന്ന്‌ നിത്യം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന തിന്‍മകള്‍ക്കും അനീതികള്‍ക്കും എതിരായാണെന്നുള്ളതാണ്‌. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഗുല്‍മോഹര്‍ ഒരു വിജയം തന്നെയാണ്‌. തിരക്കഥാകൃത്ത്‌, സംവിധായകന്‍ എന്ന നിലയില്‍ നിന്നും നടനിലേക്ക്‌ ഒട്ടും ദൂരമില്ലെന്ന്‌ രഞ്‌ജിത്‌ തെളിയിച്ചു കഴിഞ്ഞു. ഗുല്‍മോഹര്‍ എന്ന കഥാപാത്രത്തിനാവശ്യമുള്ളതെല്ലാം ഈ നടന്റെ എടുപ്പിലും നടപ്പിലും ശബ്ദത്തില്‍ പോലുമുണ്ട്‌. ഏതാനും സീനുകളില്‍ വന്ന മീര വാസുദേവ്‌ ചാക്കോമുതലാളിയായി വേഷമിട്ട രാജാമണി, കിരിയാത്തനായി വേഷമിട്ട ഐ.എം വിജയന്‍ എന്നിവരും കഥാപാത്രങ്ങള്‍ക്കനുയോജ്യര്‍ തന്നെ. ഇടവേളയ്‌ക്കു ശേഷമുള്ള സംഗീത സംവിധായകന്‍ ജോണ്‍സന്റെ തിരിച്ചു വരവു കൂടിയാണ്‌ ഗുല്‍മോഹര്‍.

തിരക്കഥയും സംവിധാനവും സ്വപ്‌നം കാണുന്ന മലയാളി പെണ്‍ക്കുട്ടികള്‍ക്ക്‌ മാതൃകയായി മാറിയ ദീദി ദാമോദരന്‍ പ്രശസ്‌ത തിരക്കഥാകൃത്ത്‌ ടി. ദാമോദരന്റെ മകളാണ്‌. ഗുല്‍മോഹറിനു തിരക്കഥയെഴുത്തിയാണ്‌ ദീദി തന്റെ സിനിമാ ജീവിതത്തിനു തുടക്കമിടുന്നത്‌. ഒരു സ്‌ത്രീ എഴുത്തുന്ന ആദ്യ തിരക്കഥ എന്ന നിലയില്‍ഏറെ ചര്‍ച്ച ചെയപ്പെട്ട ചിത്രമാണ്‌ ഗുല്‍ മോഹര്‍. ദീദിയുടെ ആദ്യ തിരക്കഥ തന്നെ വിപ്ലവത്തിന്റെ കഥയുമായിട്ടാണ്‌ വന്നത്‌. മികച്ച തിരക്കഥയുടെ അഭാവം അനുഭവിക്കുന്ന മലയാള സിനിമയില്‍ ദീദിയുടെ വരവ്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ വേദിയായേക്കും.


Sunday, September 21, 2008

മൂന്നു നിഴലുകള്‍ നിലാവ്‌ കാണുന്നു


നിലാവിനെക്കുറിച്ച്‌ ഒരു സ്വകാര്യം

നിലാവ്‌ വെറുമൊരു വെളിച്ചമല്ല

നിലാവ്‌ ഒരിരുളുമല്ല

അതിനു നിറമില്ലാത്ത നിറമാണ്‌.

നിലാവെന്നാല്‍ ഇരുളും വെളിച്ചവും ഇണചേരുന്നതുമല്ല.

അത്‌

ഇഷ്ടമുള്ള ആരെയോ

നിറമുള്ള ഉടുപ്പുകളെല്ലാം

തനിയെയഴിച്ചുവെച്ച പാടെ

ആദ്യമായി കാണുന്നതു പോലെയാണ്‌.

ഭൂതലത്തിന്നക്കരെ നിന്നും വരുന്ന

(സത്യത്തിന്റെ) ആ കാഴ്‌ച

കാണുന്നയാളെ ഒരു നിമിഷം

അങ്ങേലോകത്തേയ്‌ക്ക്‌

കെട്ടിയെടുക്കുന്നു.

അതുകൊണ്ട്‌

നിലാവ്‌

അക്കരയ്‌ക്കുള്ള

ഒരു പാലമാകുന്നു.

- കെ.പി ജയകുമാര്‍


മൂന്നു നിഴലുകള്‍ നിലാവ്‌ കാണുന്നു

നിലാവിനെക്കുറിച്ച്‌ തമ്മില്‍ തമ്മില്‍ പണ്ടൊക്കെ ഒരുപാട്‌ പറഞ്ഞിരുന്നു. പറഞ്ഞതൊക്കെയും നിലാവത്തിരുന്നിരുന്നായതു കൊണ്ട്‌ ഓര്‍മകളുടെ പാല്‍ വെളിച്ചത്തിനു മുകളില്‍ ഇനിയും മറവിയുടെ പാട കെട്ടിയിട്ടില്ല. എത്ര തന്നെ പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങള്‍ ഇടക്കെപ്പോഴൊക്കെയോ മുറിഞ്ഞു പോയിരുന്നുവെന്നു മാത്രം. എങ്കിലും തമ്മില്‍ കാണുമ്പോഴൊക്കെ ഇന്നു വരെ ആര്‍ക്കും ഉഷ്‌ണമുണ്ടാക്കാത്ത നിലാവെളിച്ചത്തിലിരുന്ന്‌ മതിയാവോളം പറഞ്ഞിരുന്നു. നിലാവില്‍ നിഴലുകള്‍ ചാഞ്ഞോ ചരിഞ്ഞോ എന്ന്‌ ആ കു്‌ന്നിന്‍ പുറത്തു നിന്നുള്ള മടക്കയാത്രയില്‍ പല വട്ടം തിരിഞ്ഞു നോക്കിയത്‌ പരസ്‌പരം അറിയിക്കാതെയായിരുന്നു. പക്ഷെ ഓരോ തിരിഞ്ഞു നോട്ടവും പരസ്‌പരം അറിയുന്നുമുണ്ടായിരുന്നു, അല്ലെങ്കില്‍ നിലാവറിയിച്ചു കൊണ്ടിരുന്നു. നിലാവിന്‌ സുഖമുള്ള ചൂടുണ്ടായത്‌ വാക്കിലും നോക്കിലും തീഷ്‌ണതയുള്ള അവന്റെ വരവുണ്ടാകുമ്പോള്‍ മാത്രം. അല്ലാത്തപ്പോള്‍ നിലാവ്‌ തിരകളില്ലാതെ ഇടക്കിടെ കരയിലേക്കിഴഞ്ഞെത്തുന്ന കടല്‍ പോലെ. വാക്കുകള്‍ ഇപ്പോള്‍ നോട്ടങ്ങള്‍ മാത്രമാണ്‌, നിലാവ്‌ കണ്ണിലും. വീണ്ടും നിലാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പറയാനുള്ളതെല്ലാം ബാക്കി വച്ചിരിക്കുന്നതിന്റെ വേദനയാണ്‌. ഇല്ല വാക്കുകള്‍ തിരിച്ചു വരിക തന്നെ ചെയ്യും, നിലാവില്‍ നിഴല്‍ കാണാന്‍ ഇനിയും കൈകള്‍ കോര്‍ത്തു പിടിച്ച്‌ ആ കുന്നുകള്‍ കയറണം, എന്നിട്ട്‌ പരസ്‌പരം പറയാതെ പിന്നിലേക്ക്‌ കള്ള നോട്ടം നോക്കണം, നിലാവില്‍ നിഴല്‍ കാണാന്‍. നിലാവിനെക്കുറിച്ച്‌ ഒരു സ്വകാര്യം പാല്‍വെളിച്ചത്തില്‍ കാച്ചിക്കുറിക്കിയെടുത്തു തന്നത്‌ പ്രീയപ്പെട്ട ജയനാണ്‌. ഒരു പക്ഷെ കുന്നിറങ്ങുമ്പോള്‍ ഞങ്ങളറിയാതെ നിഴല്‍ കാണാന്‍ തിരിഞ്ഞു നോക്കിയ അവനോടു നിലാവും പറഞ്ഞ സ്വകാര്യമായിരിക്കുമത്‌. ഇപ്പോള്‍ നിലാവിന്റെ നോട്ടം അവനെയാണല്ലോ ഏല്‍പിച്ചിരിക്കുന്നത്‌. അതു കൊണ്ടു തന്നെ ഞങ്ങള്‍ക്കുള്ളതു കൂടി അവനോടാണെന്നാണ്‌ പാതിയടച്ച ജാലകവിടവില്‍ കണ്ടപ്പോഴും നിലാവ്‌ മന്ത്രിച്ചത്‌. പിന്നെയുമെന്തോ പറയാന്‍ തുടങ്ങിയപ്പോഴാവണം ചീവീടുകള്‍ ജൈവ സിംഫണി തുടങ്ങിയത്‌.


Wednesday, September 17, 2008

ചില സ്വപ്‌ന വിചാരങ്ങള്‍


എന്നും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു കൂട്ടുകാര്‍. അതും ചുമ്മാ ഉറക്കത്തിനിടയ്‌ക്കു ആരും ക്ഷണിയ്‌ക്കാതെ വലിഞ്ഞു കയറി വരുന്ന സ്വപ്‌നങ്ങളായിരുന്നില്ല. മലയാളത്തില്‍ മേനോനെപ്പോലെയോ തമിഴില്‍ കമലഹാസനെപ്പോലെയോ തന്റെ സ്വപ്‌നങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ സാറ ആരുടെയും അനുവാദത്തിനു കാത്തു നില്‍ക്കാതെ ഒറ്റയ്‌ക്കങ്ങു നിര്‍വഹിച്ചു. സാറയുടെ വിളി കേള്‍ക്കാതെ ഒരിക്കല്‍ പോലും ഒരു സ്വപ്‌നം പോലും അവളെ തേടി വന്നിരുന്നില്ല. എന്നിട്ടും അവളുടെ ദുഖത്തിനു പറഞ്ഞാല്‍ മനസിലാവാത്ത രണ്ടു കാരണങ്ങളുണ്ടായിരുന്നു. രണ്ടു പേര്‍ മാത്രം എത്ര വിളിച്ചിട്ടും ഒരിക്കല്‍ പോലും അവളുടെ സ്വപ്‌നത്തിലേക്കു കടന്നു വന്നില്ല, കടലിനെയും സ്വന്തം നിഴലിനെയും സ്വപ്‌്‌നത്തില്‍ കാണുകയെന്നത്‌ എത്ര ശ്രമിച്ചിട്ടും സാറയ്‌ക്കു കഴിഞ്ഞിരുന്നില്ല. കടലാസു പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന ഇട വഴികളില്‍ പല വട്ടം തിരിഞ്ഞു നോക്കിയിട്ടും ഒരേയൊരു തവണ മാത്രം അതും അവ്യക്തമായാണ്‌ സാറ തന്റെ നിഴലിനെ കണ്ടത്‌. എത്ര വട്ടം വിളിച്ചിട്ടും പലതും പറഞ്ഞ്‌ പ്രലോഭിപ്പിച്ചെങ്കിലും സാറയുടെ സ്വപ്‌നത്തിലേക്കു കൂട്ടു വരാന്‍ നിഴല്‍ കൂട്ടാക്കിയില്ല. കടലാവട്ടെ വേലിയിറക്കമെന്ന പോലെ അവളെ എന്നും കളിപ്പിച്ചിരുന്നു. പണ്ടു പള്ളിക്കൂടത്തില്‍ നിന്നും ടൂറു പോയപ്പോള്‍ കണ്ട ശംഖു മുഖത്തിന്റെ നേരിയൊരോര്‍മയുണ്ടായിട്ടും തിരകളും അവളെ തിരിഞ്ഞു നോക്കാന്‍ തയാറായില്ല. എത്ര തവണ പകല്‍ സമയങ്ങളില്‍ ഇവരെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നതാണ്‌. എന്നിട്ടും ഇവറ്റയൊന്നു തിരിഞ്ഞു നോക്കുന്നില്ലല്ലോ. ഇനിയെന്തു പറഞ്ഞിട്ടെന്താ വരുമ്പോള്‍ കാണാം അത്ര തന്നെ. സ്വ്‌പ്‌നങ്ങള്‍ കഴിഞ്ഞാല്‍ സാറ അല്‍പമെങ്കിലും അടുപ്പിക്കുന്നത്‌ ഹരിദ്വാറില്‍ നിന്നും മടങ്ങാന്‍ കൂട്ടാക്കാത്ത രമേശ്‌ പണിക്കരെയും ആയുസിന്റെ പുസ്‌തകത്തില്‍ കാപ്പിച്ചെടികള്‍ക്കിടയിലൂടെ നടക്കുന്ന യോഹന്നാനെയുമാണ്‌. അവരോടും പറഞ്ഞു കടലും നിഴലും പിണങ്ങി നടക്കുന്ന കഥ. പക്ഷെ മുകുന്ദനോടും ബാലകൃഷണനോടും ചോദിയ്‌ക്കാതെ അവളെ സഹായിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ്‌ ഇരുവരും തെന്നിമാറിക്കളഞ്ഞു. ചുമ്മാ പട്ടയും കഞ്ചാവു മടിച്ചിരിക്കുന്ന അവന്‍മാരോടു പറഞ്ഞ തന്നെ പറഞ്ഞാല്‍ മതിയല്ലോ എന്നോര്‍ത്തു കൊണ്ടവള്‍ സ്വയം ആശ്വസിച്ചു. ആയുസിന്റെ പുസ്‌തകം ഒരിക്കല്‍ കൂടി വായിച്ച്‌ യോഹന്നാനെ കാപ്പിച്ചെടികള്‍ക്കിടയില്‍ അലയാന്‍ വിട്ടിട്ടാണ്‌ അ്‌ന്നും സാറ ഉറങ്ങാന്‍ കിടന്നത്‌. മയക്കം ഉറക്കത്തിലേക്കു തെന്നി വീണ നേരം തന്നെ ഒരു തിരയിളക്കവും നിഴലനക്കവും അവളുടെയുള്ളില്‍ മിന്നി. കണ്ണു തുറന്നാല്‍ കടലും നിഴലും വീണ്ടും പിണങ്ങിയാലെ എന്നോര്‍ത്തവള്‍ കുറച്ചു നേരം ഇമകള്‍ ഇറുക്കിയച്ചു തന്നെ കിടന്നു. എങ്കിലും കാഴ്‌ചയില്‍ എല്ലാവര്‍ക്കുമുണ്ടാകാറുള്ള അത്യാഗ്രഹം ജന്‍മസിദ്ധമായി അവള്‍ക്കും ഉണ്ടായിരുന്നെന്നു തന്നെ വേണം കരുതാന്‍. കടലിനെയും നിഴലിനെയും ഒന്നു വെളിച്ചത്തില്‍ കാണണമെന്നു തോന്നിയതു കൊണ്ടാവണം അവളുടെ കൈകള്‍ അറിയാതെ മേശപ്പുറത്തെ ടേബിള്‍ ലാമ്പിലേക്കു നീണ്ടു. വെളിച്ചം വീണ നിമിഷം രണ്ടു വിരലുകള്‍ വീര്‍ത്ത കവിളില്‍ തട്ടി കൂട്ടു വെട്ടിയ ശബ്ദമാണു കേട്ടത്‌. കഷ്ടം അവര്‍ പിന്നെയും പിണങ്ങി.മനസു കലങ്ങിയ സാറ അന്നാദ്യമായി കഴുത്തില്‍ കിടന്ന കൊന്ത ഊരി കട്ടില്‍ തലയ്‌ക്കല്‍ വച്ചു. എന്നിട്ട്‌ കാപ്പിത്തോട്ടത്തില്‍ അലയാന്‍ പോയ യോഹന്നാനെ വിളിച്ചു കൊണ്ടു വന്നു. പിന്നെയൊരു കഥയ്‌ക്കും തിരക്കഥയ്‌ക്കും അധികം നേരം വേണ്ടി വ്‌ന്നില്ല, സംഭാഷണം ചില ശബ്ദങ്ങളില്‍ മാത്രം ഒതുങ്ങിയതു കൊണ്ട്‌ എഴുതി വയ്‌ക്കേണ്ടി വന്നില്ല. സംവിധാനം മാത്രം അന്നാദ്യമായി സാറ മറ്റൊരാളുമായി പങ്കു വച്ചു.

Wednesday, September 10, 2008

പേടിക്കേണ്ട!


ഒരു മാറ്റത്തിനായി മൂന്നു വട്ടം കോഴി കൂവുന്നതു വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല, കണ്ണടച്ചു തുറക്കുന്ന നേരം മതി. പുലര്‍ച്ചയായെന്നു കരുതി നാളെ ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ തുറക്കുന്നത്‌ ഘോരാന്ധകാരത്തിലേയിരിക്കുമെന്ന പേടിച്ച നാളുകള്‍ക്ക്‌ അന്ത്യമായി. ശാന്തസമുദ്രങ്ങളുടെ അടിത്തട്ടില്‍ വിശ്രമിക്കുന്ന സുനാമി പോലെ പ്രപഞ്ചത്തെ വിഴുങ്ങും എന്ന പ്രചാരണങ്ങള്‍ക്കും അന്ത്യമായി. ആലിസിന്റെ അത്ഭുത ലോകത്തു നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശ്വസിപ്പിക്കുന്നവയാണ്‌. ജനീവയിലെ പരീക്ഷണശാലയില്‍ നടക്കുന്ന കണികാ പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടം വിജയിച്ചതോടെ എല്ലാ ആശങ്കകള്‍ക്കും വിരാമമായി. തുടക്കം മുതലെ ആശങ്കയും അത്ഭുതവും നിറഞ്ഞതായിരുന്നു കണികാ പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും. മനുഷ്യ നിര്‍മിത തമോ ഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമോ അതോ ശാസ്‌ത്ര ലോകത്തിന്റെ പുതിയൊരു വഴിത്തിരിവായി മാറുമോ എന്ന സംശയങ്ങള്‍ക്ക്‌ പൂര്‍ണമായി ഉത്തരം കണ്ടെത്തിയിട്ടില്ലെങ്കിലും ആശ്വസിക്കാന്‍ വഴിയുണ്ട്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായ ശാസ്‌ത്രലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷത്തിനാണ്‌ സെപ്‌റ്റംബര്‍ പത്തിന്‌ ഇന്ത്യന്‍സമയം 1.20ന്‌്‌ തുടക്കം കുറിച്ചത്‌. ലാകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചതോടെ ലോകമെങ്ങുമുള്ള ശാസ്‌ത്രകുതുകികള്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ ഓരോ നിമിഷത്തെയും വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു. പ്രപഞ്ചോത്‌പത്തിയെക്കുറിച്ച്‌ പഠിക്കാന്‍ ആറ്റങ്ങള്‍ ഉള്‍പ്പടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളുടെ സൃഷ്ടി മനസിലാക്കാന്‍ നടത്തുന്ന പരീക്ഷണം പക്ഷെ ഭൂമിയുടെ തന്നെ നാശത്തിനു വഴി വെയ്‌ക്കുമോ എന്നായിരുന്നു നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്ക. ഇത്‌ ഉണ്ടാക്കിയേക്കാവുന്ന തമോഗര്‍ത്തങ്ങള്‍ ഒരുപക്ഷെ ഭൂമിയെത്തന്നെ വിഴുങ്ങിയേക്കാം. അങ്ങനെ ഒരു ഭയത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ ശാസ്‌ത്രഞ്‌ജര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മഹാനാശത്തിലേക്കുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനുമാവില്ലന്നായിരുന്നു ഒരു വിഭാഗം വാദിച്ചിരുന്നത്‌.മള്‍ട്ടി മില്യണ്‍ ഡോളര്‍ ലാര്‍ജോ ഹാഡ്രോണ്‍ കൊളൈഡര്‍ തുറക്കാന്‍ പോകുന്നത്‌ ഗവേഷണത്തിന്റെ പുതിയൊരു ലോകമാണ്‌. ഇതു വരെയുള്ള നിര്‍വചനങ്ങളും സമവാക്യങ്ങളും മാറിമറിഞ്ഞേക്കാം. പുതിയ കണ്ടു പിടുത്തങ്ങളുടെ ഒു പടിവാതിലുമായേക്കാം ഈ പരീക്ഷണം. പരീക്ഷണം പ്രധാനമായും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രപഞ്ചത്തിലുള്ള മനുഷ്യനു അഞ്‌ജാതമായ കിരണങ്ങളെക്കുറിച്ചാണ്‌. ആല്‍ഫാ, ബീറ്റ, ഗാമ, എക്‌സ്‌റേ, കോസ്‌മിക്‌ എന്നീ കിരണങ്ങളെക്കുറിച്ചേ സാധാരണയായി നമുക്കറിവുള്ളൂ. മറ്റെന്തെല്ലാം കിരണങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്‌, ഈ പരീക്ഷണ സമയത്ത്‌ വിനാശകരമായ ഏതെങ്കിലും കിരണങ്ങള്‍ പരീക്ഷണശാലയില്‍ നിന്ന്‌ വെളിയില്‍ വന്നാല്‍ ലോകത്തിന്‌ ഭയക്കാന്‍ മാത്രം ഒന്നും സംഭവിക്കാനില്ലന്ന്‌ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ശാത്രജ്ഞര്‍ ആവര്‍ത്തിച്ചു പറയുന്നത്‌. പരീക്ഷണഫലമായി ബ്ലാക്ക്‌ഹോള്‍ രൂപം കൊള്ളും എന്നാണ്‌ പറയുന്നത്‌. പക്ഷെ ഈ തമോഗര്‍ത്തങ്ങള്‍ വളരെ ചെറുതും ഊര്‍ജം കുറഞ്ഞതുമായിരിക്കുമെന്നും ഭൂമിക്കടിയില്‍ നിന്നും രക്ഷപെടുന്നതിനു മുന്‍പ്‌ അവ ആവിയായി പോകുമെന്നും ശാസ്‌ത്രഞജര്‍ ആശ്വസിപ്പിക്കുന്നു. തമോഗര്‍ത്തങ്ങള്‍ ഏതിനെയും അതിനകത്തേക്കു ആകര്‍ഷിക്കുന്ന ഒന്നാണ്‌. ഇങ്ങനെ ആകര്‍ഷിച്ച്‌ അകത്താക്കുമ്പോഴാണ്‌ ഇവ ആവിയായി മറയുന്നത്‌. ഇത്തരം അനേകം തമോഗര്‍ത്തങ്ങള്‍ പരീക്ഷണശാലയില്‍ തന്നെ കൂട്ടിയോജിച്ച്‌ വളരെ വലിയ ഒന്നായി മാറിയാല്‍ അല്ലെങ്കില്‍ ചെറിയ തമോഗര്‍ത്തങ്ങള്‍ വലുതായാല്‍ എന്തായിരിക്കും സംഭവിക്കുക. ഭൂമി മുഴുവനായും, പ്രപഞ്ചം തന്നെ ആ തമോ ഗര്‍ത്തത്തിലേക്കു ഉള്‍വലിഞ്ഞു പോകാം എന്നുമുള്ള ആശങ്കകളാണ്‌ പ്രചരിച്ചിരുന്നത്‌. എന്നാല്‍ അതീവ ജാഗ്രതയോടെയാണ്‌ പരീക്ഷണത്തിന്റെ പ്രാഥമീക ഘട്ടം നടന്നത്‌. കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ്‌ പ്രോട്ടോണുകളുടെ ആദ്യധാര കടത്തിവിട്ടത്‌. മുന്‍പറഞ്ഞതിലും വേഗത അല്‍പം കുറയ്‌ക്കുകയും ചെയ്‌തു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രോട്ടോണ്‍ ധാരകളുടെ ഘടികാരദിശയിലുള്ള യാത്ര പൂര്‍ത്തിയായി. അതിശക്തിയായ പ്രോട്ടോണ്‍ധാരയുടെ നിന്ത്രണം നഷ്‌ടമായേക്കാവുന്നതാണ്‌ ഏറ്റവും വലിയ അപകടം. പക്ഷെ ഇതിന്റെ പ്രത്യാഘാതം പരീക്ഷണം നടക്കുന്ന തുരങ്കത്തില്‍ തന്നെ ഒതുങ്ങുമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ ഉറപ്പു പറയുന്നത്‌. ഇരുപതു വര്‍ഷം നീണ്ടു നിന്നേക്കാവുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന്റെ തന്നെ ഫലം അറിയാന്‍ രണ്ടു വര്‍ഷം കാത്തിരിക്കണം. പ്രപഞ്ചത്തിന്റെ നാലു ശതമാനം മാത്രമെ നമുക്കു ദൃശ്യമായുള്ളൂ ബാക്കി നൊണ്ണൂറ്റിയാറു ശതമാനവും അജ്ഞാതമാണ്‌. ഈ പറഞ്ഞ മാറ്റങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലോ ഒരു പക്ഷെ അനേകം വര്‍ഷങ്ങള്‍ കൊണ്ടും സംഭവിക്കാം. സ്വിറ്റ്‌സര്‍ലന്റിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ അണുഗവേഷണ സംഘടന(സേണ്‍)യാണ്‌ കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള കണികാ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്‌. ഫ്രാന്‍സ്‌-സ്വിറ്റ്‌സര്‍ലന്റ്‌ അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച ലാര്‍ജ്‌ ഹാഡ്രോണ്‍ കോളിഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിന്റെ ടണലിലാണ്‌ പരീക്ഷണം നടത്തുക. ടണലിലൂടെ വിപരീത ദിശയില്‍ പ്രകാശവേഗത്തിനടുത്തു സഞ്ചരിക്കുന്ന പ്രോട്ടോണുകളെ പരസ്‌പരം കൂട്ടിയിടിപ്പിച്ച്‌ ചിതറിക്കുകയും അതില്‍ നിന്നു പുറത്തുവരുന്നത്‌ എന്താണെന്നു പഠിക്കുകയുമാണ്‌ പരീക്ഷണത്തില്‍ ചെയ്യുക.27 കിലോമീറ്റര്‍ ചുറ്റളവുള്ള, ഇന്നോളമുള്ളതില്‍ വച്ചേറ്റവും വലിയ ഈ യന്ത്രം 10 വര്‍ഷം കൊണ്ടാണ്‌ നിര്‍മിച്ചത്‌. വൃത്താകൃതിയില്‍ സ്ഥാപിച്ച ഈ കൂറ്റന്‍ ടണലിനുമാത്രം നാലു ബില്യണ്‍ ഡോളറാണ്‌ ചെലവായത്‌. 32 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ ശാസ്‌ത്രജ്ഞരും ഡസന്‍കണക്കിന്‌ ഗവേഷണസ്ഥാപനങ്ങളും ചേര്‍ന്നാണ്‌ പരീക്ഷണം നടത്തുന്നത്‌. ഇന്നുവരെ നടത്താത്ത ഉയര്‍ന്ന ഊര്‍ജനിലയി ല്‍ സെക്കന്റില്‍ 6,000 ലക്ഷം കൂട്ടിയിടിയാണ്‌ ടണലിനുള്ളില്‍ അരങ്ങേറുക. ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഊഷ്‌മാവ്‌ സൂര്യന്റെ അകക്കാമ്പിലേതിനേക്കാള്‍ ഒരുലക്ഷം മടങ്ങ്‌ കൂടുതലായിരിക്കും.പരീക്ഷണം ഭൂമിയുടെ പൂര്‍ണ നാശത്തിലേക്കായിരിക്കും നയിക്കുകയെന്ന്‌ ഒരുവിഭാഗം ശാസ്‌ത്രജ്ഞര്‍ പറയുന്നു. അത്യുന്നത ഊഷ്‌മാവിലും ഊര്‍ജത്തിലും നടക്കുന്ന കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുന്ന ഊര്‍ജ പ്രതിഫലനം വന്‍ വിനാശത്തിനു കാരണമാവുമെന്നും സുനാമി, ഭൂകമ്പം, പ്രളയം തുടങ്ങിയവയ്‌ക്കും കാലാവസ്ഥയുടെ തകിടംമറിച്ചിലിനും ഭൂമി സാക്ഷ്യം വഹി ക്കുമെന്നും ജര്‍മന്‍ രസതന്ത്രജ്ഞന്‍ ഓട്ടോ റസ്‌ലര്‍ പറയുന്നു.