Monday, November 22, 2010

ഇപ്പോള്‍ പരിധിക്ക് പുറത്താണ്


എന്റെ ഇടുതു കൈയിലെ
ചെറുവിരലില്‍ എപ്പോള്‍
വേണേലും ഊരിപ്പോകാന്‍
പാകത്തിന് കിടപ്പുണ്ട്.
ഇനിയും മടങ്ങാതെ
ചുറ്റിവരിഞ്ഞ ഒരു സ്പര്‍ശം.

മോതിര വിരലിനെ സ്‌നേഹം
കൊണ്ട് ശ്വാസം മുട്ടിച്ച
ഒരുച്ച നേരത്താണ്
താഴത്തും തലയിലും
വയ്ക്കാതെ
ചെറു വിരലിലേക്കു മാറ്റിയത്.
കുളിമുറിയില്‍ സോപ്പുപതയുടെ
നീറ്റലില്‍ കണ്ണു
തിരുമ്മിയടക്കുമ്പോള്‍
ആകെ അങ്കലാപ്പാണ്.
വഴുതിയിറങ്ങി
പറയാതെ പോയാലോ.

നീലപ്പുതപ്പിനടിയില്‍
ഉറക്കത്തിനിടയില്‍ ഇടക്കിടെ
ഞെട്ടിയുണര്‍ന്ന് തപ്പി നോക്കാറുണ്ട്.
പേടി സ്വപ്നങ്ങള്‍ കണ്ട്
ശ്വാസം മുട്ടി മരിച്ചാലോ.

ഇന്നലെ ഒരു വന്‍മല മടിയില്‍
കിടത്തിയുറക്കാന്‍ വിളിച്ചപ്പോഴും.
കാട് കനിവുണ്ണാന്‍ തണലിലിരുത്തയപ്പോഴും
പിന്നെ, വിഷം കുടിച്ച് മയങ്ങി
മടങ്ങുമ്പോഴും മുറുകെ പിടിച്ചിരുന്നു.
എന്റെ ഇടതു കൈയിലെചെറുവിരലില്‍
ഇപ്പോഴുംചുറ്റി വളഞ്ഞ് കിടപ്പുണ്ട്.
വിട പറയാന്‍ മടിച്ച്
ഒരു സ്‌നേഹ സ്പര്‍ശം.

2 comments:

വനിത വിനോദ് said...

നിന്നെ ചുറ്റിവരിഞ്ഞുകിടക്കുന്ന
ആ സ്‌നേഹസ്പര്‍ശത്തിന്റെ
ഗന്ധം എന്താണ്?
നീയൊന്നു സൂക്ഷിച്ചുനോക്കു..
ആ വളയത്തിനുചുറ്റും
ചെളിയുടെ ഗന്ധം
നിനക്കനുഭവപ്പെടുന്നില്ലേ?
വികാരതരളിതയായി നില്‍ക്കുന്ന
കാമുകിയുടെ ഗന്ധമാണോ
ഇപ്പോഴും അതിനുള്ളത്?
ആ സ്‌നേഹസ്പര്‍ശം ഇനിയും
നിനക്കുവേണ്ടി
ആരാധനാമുറി തുറക്കുമെന്ന്
തോന്നുന്നുണ്ടോ?
വരണ്ടുവിണ്ടുകീറി
പുഴുവരിക്കുന്ന ചുണ്ടില്‍നിന്നും
ഉതിര്‍ന്നുവീഴുന്നതാണോ സ്‌നേഹം?

ചിലപ്പോള്‍ കവിതകള്‍ എന്നെ വീര്‍പ്പുമുട്ടിക്കുന്നു. എഴുതാനറിയില്ല. എങ്കിലും താങ്കളുടെ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ നിന്നും ഉതിര്‍ന്നുവീണ മറുപടി ഇതു മാത്രമാണ്.

Mahendar said...

നല്ല കവിതകള്‍..എഴുത്ത്..
ഭാവുകങ്ങള്‍.