Friday, October 23, 2009

കടലാസ് പൂവിന്റെ വസന്തം


അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡല്‍ഹിയിലെ റീഗല്‍ സിനിമാ ഹാളില്‍ ഒരു സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദായിരുന്നു മുഖ്യാതിഥി. സിനിമ തുടങ്ങി ഏറെക്കഴിയും മുമ്പേ അദ്ദേഹം ഹാളിനു പുറത്തേക്ക് നടന്നു. പ്രേക്ഷകരുടെ ഇടയില്‍ നിന്നും നിലയ്ക്കാതെ കൂക്കിവിളികള്‍. തിരശ്ശീലയ്ക്കു നേരെ കൂര്‍ത്ത കല്ലുകളും ചെരിപ്പുകളും ചീറിപ്പാഞ്ഞു. തിരസ്കരണത്തിന്റെ മുള്ളുകള്‍ സംവിധായകന്‍ ഗുരുദത്തിന്റെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. കാഗസ് കെ ഫൂല്‍ എന്ന കാലം തെറ്റി വിരിഞ്ഞ കടലാസു പൂവിനെ അമ്പതുകളിലെ സിനിമാ പ്രേക്ഷകര്‍ ഇങ്ങനെയായിരുന്നു സ്വീകരിച്ചത്. പിന്നീട് അതിന്റെ പരിമളം പരന്നു തുടങ്ങിയപ്പോഴേക്കും നട്ടു നനച്ചു വളര്‍ത്തിയവന്‍ നീണ്ട നിദ്രയ്ക്കു കീഴടങ്ങി. ഗുരുദത്തിന്റെ കാഗസ് കെ ഫൂല്‍ എന്ന ലോകോത്തര ക്ളാസിക്കിന് ഈ ഒക്ടോബറില്‍ അമ്പതു വയസു തികഞ്ഞിരിക്കുന്നു. 1959 ല്‍ ഇറങ്ങിയ കാഗസ് കെ ഫൂലിനെ പ്രേക്ഷകര്‍ നിര്‍ദാക്ഷണ്യം തിരസ്കരിച്ചു. കാലനുസൃതമല്ലാത്ത പ്രമേയവുമായി അമ്പതുകളുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു മുന്നില്‍ അന്നത്തെ പ്രേക്ഷകര്‍ കണ്ണടച്ചു. പ്യാസ എന്ന ചിത്രം വിജയിച്ചതിന്റെ ചുവടു പിടിച്ചാണ് ഗുരുദത്ത് കാഗസ് കെ ഫൂല്‍ ഒരുക്കുന്നത്. അമ്പതുകളുടെ ഒടുവില്‍ വരണ്ട മണ്ണില്‍ വീണു കരിഞ്ഞു പോയെങ്കിലും എണ്‍പതുകളുടെ വസന്തത്തില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തു തളിര്‍ക്കുന്നത് കാണാന്‍ ഗുരുദത്ത് ജീവിതം ബാക്കി വെച്ചില്ല. തന്റെ കടലാസു പുഷ്പം കരിഞ്ഞു വീണ ഒക്ടോബര്‍ മാസം കിടപ്പു മുറിയില്‍ മദ്യത്തില്‍ അമിതമായി ഉറക്കഗുളികകള്‍ കലര്‍ത്തി മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. 1984ല്‍ ജപ്പാനിലും ഫ്രന്‍സിലും വീണ്ടും റിലീസായ ചിത്രം കാണാന്‍ സിനിമാ പ്രേമികള്‍ ഇടിച്ചു കയറി. ലോകോത്തര ക്ളാസിക്കുകള്‍ സിനിമാ ലോകത്തിനു സമ്മാനിച്ച മഹാരഥന്‍മാരുടെ പട്ടികയിലേക്ക് ഗുരുദത്തും നടന്നു കയറി. കാഗസ് കെ ഫൂല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. ഫ്ളാഷ്ബാക്കില്‍ കഥപറയുന്ന കാഗസ് കെ ഫൂല്‍ സുരേഷ് സിന്‍ഹയെന്ന സിനിമാ സംവിധായകന്റെ കഥയാണ്. ഭാര്യ ബീന ധനികരായ വീട്ടുകാര്‍ സിനിമാ ജീവിതത്തെ സമൂഹത്തില്‍ തീരെ വിലമതിക്കാനാവാത്ത ഒന്നായാണ് കണ്ടിരുന്നത്. തന്റെ മകള്‍ പമ്മിയെ ഒരു ബോര്‍ഡിംഗ് സ്കൂളിലയക്കാനുള്ള നീക്കത്തെ സുരേഷ് ശക്തമായെതിര്‍ക്കുന്നു. അതോടെ അയാളുടെ കൂടുംബാന്തരീക്ഷം കൂടുതല്‍ കാലുഷ്യമാകുന്നു. മഴയുള്ളൊരു രാത്രിയിലാണ് സുരേഷ് ശാന്തിയുമായി കണ്ടുമുട്ടുന്നത്. അയാള്‍ തന്റെ കോട്ട് അവള്‍ക്ക് നല്‍കുന്നു. പിന്നീട് ഈ കോട്ട് മടക്കി നല്‍കാനായി സിനിമാ സ്റ്റുഡിയോയിലെത്തുന്ന ശാന്തി അപ്രതീക്ഷതമായി ക്യാമറയില്‍ പതിയുന്നു. സുരേഷിലെ സംവിധായകന്‍ അവളുടെ ചലനങ്ങളില്‍ ഒര നല്ല നടിയെ തിരിച്ചറിയുന്നു. തന്റെ ദേവദാസ് സിനിമയില്‍ പാരോ എന്ന കഥാപാത്രമായി അവളെ തിരഞ്ഞെടുക്കുന്നു. ക്രമേണ നടയെന്ന നിലയില്‍ ശാന്തി പേരെടുക്കുകയും സുരേഷുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. എന്നാല്‍ സുരേഷിന്റെ മകള്‍ പമ്മി ശാന്തിയോട് തന്റ അച്ഛന്റെ ജീവിതത്തില്‍ നിന്ന് വഴിമാറമെന്നാവശ്യപ്പെടുന്നു. തന്റെ കരിയര്‍ ഉപേക്ഷിക്കുന്ന ശാന്തി ദൂരെയൊരു ഗ്രാമത്തില്‍ ഒരു സ്കൂള്‍ ടീച്ചറുടെ ജോലി നേടി പോകുന്നു. ശാന്തിയുടെ വേര്‍പാട് സുരേഷിനെ മദ്യപാനിയാക്കി മാറ്റി. എന്നാല്‍ മുന്‍പ് ഏര്‍പ്പെട്ടിരുന്ന ചില കരാറുകള്‍ മൂലം ശാന്തി സിനിമയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാവുന്നു. ശന്തി സിനിമയില്‍ വീണ്ടും സജീവമാവുമ്പോഴേക്കും സുരേഷ് അവളില്‍ നിന്നും സിനിമയില്‍ നിന്നും ഏറെ ദൂരം പോയിരുന്നു. ചിത്രത്തിന്റെ അവസാന സീനില്‍ സുരേഷ് സിന്‍ഹ തന്റെ കഴിഞ്ഞുപോയ നല്ല കാലങ്ങളെയോര്‍ത്ത് ആളൊഴിഞ്ഞ സ്റ്റുഡിയോയില്‍ സംവിധായകന്റെ കസേരയിലിരുന്നു മരിക്കുന്നു. ചിത്രത്തില്‍ സുരേഷ് സിന്‍ഹയായി ഗുരുദത്തും ശാന്തിയായി വഹീദാ റഹ്മാനും വേഷമിടുന്നു. ബേബി നാസ്, മഹമ്മൂദ്, ജോണിവാക്കര്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിച്ചു. ഇത്തരമൊരു കഥയെ സ്വീകരിക്കാന്‍ അമ്പതുകളുടെ ഒടുവിലുണ്ടായിരുന്നു പ്രേക്ഷകമനസുകള്‍ പാകപ്പെട്ടിരുന്നില്ലെന്നു തന്നെ പറയാം. വിനോദമെന്ന സിനിമയുടെ അത്ഭുതങ്ങള്‍ അറിഞ്ഞു തീരുന്നതിനും മുന്നെ ഗഹനമായൊരു ഇതിവൃത്തമോര്‍ത്തു തലപുകയ്ക്കാന്‍ അന്നത്തെ പ്രേക്ഷകനു കഴിയുമായിരുന്നില്ല. ലളിതമായ കഥാപശ്ചാത്തലങ്ങളില്‍ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെയൊപ്പം കഥാചലനം മന്ദഗതിയിലായ കാഗസ് കെ ഫൂലിന് പിടിച്ചു നില്‍ക്കാനായില്ല. വിനോദത്തിനു വേണ്ടി സിനിമയുടെ സ്വഭാവിക സമവാക്യം തികയ്ക്കാന്‍ ഇടയ്ക്കിടെ തിരുകിക്കയറ്റിയ ഹാസ്യരംങ്ങള്‍ വേണ്ട വിധം ഏറ്റുമില്ല. കാഗസ് കെ ഫൂല്‍ മുറിവുകള്‍ നിറഞ്ഞതാണെന്നും വളരെ മന്ദഗതിയിലുള്ളതും പ്രേക്ഷകന്റെ തലയ്ക്കുമുകളിലൂടെ പോകുന്നതുമായ ചിത്രമാണെന്ന് ഒരു അഭിമുഖത്തില്‍ ഗുരുദത്ത് തുറന്ന് സമ്മതിച്ചിരുന്നു. പക്ഷെ ഗുരുദത്ത് പ്രതീക്ഷിച്ച പ്രേക്ഷകന്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എണ്‍പതുകളില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തപ്പോള്‍ അത് മികച്ച് പത്ത് ഹിന്ദി സിനിമകളുടെ ശാഖയില്‍ പരിമളം പടര്‍ത്തി വേറിട്ടു നിന്നു. ചിത്രത്തില്‍ കെയ്ഫി അസ്മിയുടെ വരികള്‍ക്ക് ജീവന്‍ പകര്‍ന്നത് എസ്.ഡി ബര്‍മനാണ്. വി.കെ മൂര്‍ത്തിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ഒരു പാട്ടു സീനില്‍ രണ്ട് ചെറിയ കണ്ണാടികളുുപയോഗിച്ചാണ് അദ്ദേഹം സൂര്യപ്രാകാശത്തിന്റെ വലിയൊരു സാന്നിധ്യം ദൃശ്യമാക്കിയത്. ഈ സീന്‍ അദ്ദേഹത്തിന് 1959ലെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. കാഗസ് കെ ഫൂല്‍ ഗുരുദത്തിന്റെ ആത്മകഥാംശമുള്ള സിനിമയാണെന്ന് പലരും പറഞ്ഞിരുന്നു. ഈ സിനിമയെടുക്കുന്ന കാലത്താണ് ഭാര്യാ ഗീതാദത്തുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ ഉലച്ചില്‍ വീഴുന്നതും നടി വഹാദാ റഹ്മാനുമായി അടുപ്പത്തിലാവുന്നതും. ചിത്രത്തിലെ നായകന്റെ ഏകാന്തതയിലുള്ള അന്ത്യത്തിനും ഗുരുദത്തിന്റെ മരണത്തിനും ഏറെ സാമ്യതകളുമുണ്ടായിരുന്നു. എന്നാല്‍ കാഗസ് കെ ഫൂല്‍ ഗുരുദത്ത് ഗുരുതുല്യനായി കണ്ടിരുന്ന ഗ്യാന്‍ മുഖര്‍ജിയുടെ കഥയാണെന്നും. ഗുരുദത്തിന്റെ പ്യാസ് എന്ന ചിത്രം സമര്‍പ്പിച്ചിരിക്കുന്നതും ഗ്യാന്‍ മുഖര്‍ജിയ്ക്കാണ്.